അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/കബന്ധഗതി
ദൃശ്യരൂപം
(കബന്ധഗതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- പിന്നെ ശ്രീരാമൻ സുമിത്രാത്മജനോടും കൂടി
- ഖിന്നനായ് വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
- അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാൽ
- സന്നധൈര്യേണ വനമാർഗ്ഗേ സഞ്ചരിക്കുമ്പോൾ
- രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
- തൽക്ഷണമേവം രാമചന്ദ്രനുമരുൾചെയ്‌താൻഃ
- "വക്ഷസി വദനവും യോജനബാഹുക്കളും
- ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
- ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
- ഭക്ഷിക്കുമിപ്പോളിവൻ നമ്മെയെന്നറിഞ്ഞാലും. 1730
- പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
- വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
- രക്ഷസ്സു പിടിച്ചുടൻ ഭക്ഷിക്കുംമുമ്പേ നമ്മെ
- രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാൽ.
- തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
- കൽപിതം ധാതാവിനാലെന്തെന്നാലതു വരും."
- രാഘവനേവം പറഞ്ഞീടിനോരനന്തര-
- മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താൻഃ
- "പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
- നോരോരോ കരം ഛേദിക്കേണം നാമിരുവരും." 1740
- തൽക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമൻ
- ലക്ഷ്‌മണൻ വാമകരം ഛേദിച്ചാനതുനേരം
- രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
- ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാൻ ഭയത്തോടെഃ
- "മത്ഭുജങ്ങളെച്ഛേദിച്ചീടുവാൻ ശക്തന്മാരാ-
- യിബ്‌ഭുവനത്തിലാരുമുണ്ടായീലിതിൻകീഴിൽ.
- അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
- സൽപുരുഷന്മാരെന്നു കൽപിച്ചീടുന്നേൻ ഞാനും.
- ഘോരകാനനപ്രദേശത്തിങ്കൽ വരുവാനും
- കാരണമെന്തു നിങ്ങൾ സത്യം ചൊല്ലുകവേണം." 1750
- ഇത്തരം കബന്ധവാക്യങ്ങൾ കേട്ടൊരു പുരു-
- ഷോത്തമൻ ചിരിച്ചുടനുത്തരമരുൾചെയ്‌തുഃ
- "കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
- ജ്യേഷ്‌ഠനന്ദനനഹം രാമനെന്നല്ലോ നാമം.
- സോദരനിവൻ മമ ലക്ഷ്‌മണനെന്നു നാമം
- സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
- പോയിതു ഞങ്ങൾ നായാട്ടിന്നതുനേരമതി-
- മായാവി നിശാചരൻ കട്ടുകൊണ്ടങ്ങുപോയാൻ.
- കാനനംതോറും ഞങ്ങൾ തിരഞ്ഞുനടക്കുമ്പോൾ
- കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
- പാണികൾകൊണ്ടു തവ വേഷ്‌ടിതന്മാരാകയാൽ
- പ്രാണരക്ഷാർത്ഥം ഛേദിച്ചീടിനേൻ കരങ്ങളും.
- ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാൻ?
- നേരോടെ പറകെ"ന്നു രാഘവൻ ചോദിച്ചപ്പോൾ
- സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാൻ കബന്ധനുംഃ
- "നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കിൽ
- ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
- മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്.
- ദിവ്യനായിരുപ്പോരു ഗന്ധർവനഹം രൂപ-
- യൗവനദർപ്പിതനായ് സഞ്ചരിച്ചീടുംകാലം 1770
- സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
- സുന്ദരനായോരു ഞാൻ ക്രീഡിച്ചുനടക്കുമ്പോൾ
- അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
- രുഷ്‌ടനായ്മഹാമുനി ശാപവും നല്‌കീടിനാൻ.
- ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാൻ
- തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‌കീടിനാൻ.
- സാക്ഷാൽ ശ്രീനാരായണൻ തന്തിരുവടിതന്നെ
- മോക്ഷദൻ ദശരഥപുത്രനായ് ത്രേതായുഗേ
- വന്നവതരിച്ചു നിൻ ബാഹുക്കളറുക്കുന്നാൾ
- വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 1780
- താപസശാപംകൊണ്ടു രാക്ഷസനായോരു ഞാൻ
- താപേന നടന്നീടുംകാലമങ്ങൊരുദിനം
- ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
- ശതകോടിയാൽ തലയറുത്തു ശതമഖൻ.
- വജ്രമേറ്റിട്ടും മമ വന്നീല മരണമ-
- തബ്‌ജസംഭവൻ മമ തന്നൊരു വരത്തിനാൽ.
- വദ്ധ്യനല്ലായ്‌കമൂലം വൃത്തിക്കു മഹേന്ദ്രനു-
- മുത്തമാംഗത്തെ മമ കുക്ഷിയിലാക്കീടിനാൻ.
- വക്ത്രപാദങ്ങൾ മമ കുക്ഷിയിലായശേഷം
- ഹസ്തയുഗ്മവുമൊരു യോജനായതങ്ങളായ്. 1790
- വർത്തിച്ചീടുന്നേനത്ര വൃത്തിക്കു ശക്രാജ്ഞയാ
- സത്വസഞ്ചയം മമ ഹസ്തമദ്ധ്യസ്ഥമായാൽ
- വക്ത്രേണ ഭക്ഷിച്ചു ഞാൻ വർത്തിച്ചേനിത്രനാളു-
- മുത്തമോത്തമ! രഘുനായക! ദയാനിധേ!
- വഹ്നിയും ജ്വലിപ്പിച്ചു ദേഹവും ദഹിപ്പിച്ചാൽ
- പിന്നെ ഞാൻ ഭാര്യാമാർഗ്ഗമൊക്കവെ ചൊല്ലീടുവൻ."
- മേദിനി കുഴിച്ചതിലിന്ധനങ്ങളുമിട്ടു
- വീതിഹോത്രനെ ജ്വലിപ്പിച്ചിതു സൗമിത്രിയും.
- തത്രൈവ കബന്ധദേഹം ദഹിപ്പിച്ചനേരം
- തദ്ദേഹത്തിങ്കൽനിന്നങ്ങുത്ഥിതനായ്‌ക്കാണായി 1800
- ദിവ്യവിഗ്രഹത്തോടും മന്മഥസമാനനായ്
- സർവഭൂഷണപരിഭൂഷിതനായന്നേരം
- രാമദേവനെ പ്രദക്ഷിണവുംചെയ്‌തു ഭക്ത്യാ
- ഭൂമിയിൽ സാഷ്‌ടാംഗമായ്‌വീണുടൻ നമസ്‌കാരം
- മൂന്നുരുചെയ്തു കൂപ്പിത്തൊഴുതുനിന്നു പിന്നെ
- മാന്യനാം ഗന്ധർവനുമാനന്ദവിവശനായ്
- കോൾമയിർക്കൊണ്ടു ഗദ്‌ഗദാക്ഷരവാണികളാം
- കോമളപദങ്ങളാൽ സ്തുതിച്ചുതുടങ്ങിനാൻഃ