അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ഖരവധം
ദൃശ്യരൂപം
(ഖരവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ചാപബാണങ്ങളേയുമെടുത്തു പരികര-
- മാഭോഗാനന്ദമുറപ്പിച്ചു സന്നദ്ധനായി. 900
- നില്‌ക്കുന്നനേരമാർത്തുവിളിച്ചു നക്തഞ്ചര-
- രൊക്കെ വന്നൊരുമിച്ചു ശസ്‌ത്രൗഘം പ്രയോഗിച്ചാർ.
- വൃക്ഷങ്ങൾ പാഷാണങ്ങളെന്നിവകൊണ്ടുമേറ്റം
- പ്രക്ഷേപിച്ചിതു വേഗാൽ പുഷ്‌കരനേത്രൻമെയ്‌മേൽ.
- തൽക്ഷണമവയെല്ലാമെയ്‌തു ഖണ്ഡിച്ചു രാമൻ
- രക്ഷോവീരന്മാരെയും സായകാവലി തൂകി
- നിഗ്രഹിച്ചതു നിശിതാഗ്രബാണങ്ങൾതന്നാ-
- ലഗ്രേ വന്നടുത്തൊരു രാക്ഷസപ്പടയെല്ലാം.
- ഉഗ്രനാം സേനാപതി ദൂഷണനതുനേര-
- മുഗ്രസന്നിഭനായ രാമനോടടുത്തിതു. 910
- തൂകിനാൻ ബാണഗണ,മവേറ്റ് രഘുവരൻ
- വേഗേന ശരങ്ങളാലെണ്മണിപ്രായമാക്കി.
- നാലു ബാണങ്ങളെയ്‌തു തുരഗം നാലിനെയും
- കാലവേശ്‌മനി ചേർത്തു സാരഥിയോടുംകൂടെ.
- ചാപവും മുറിച്ചു തൽകേതുവും കളഞ്ഞപ്പോൾ
- കോപേന തേരിൽനിന്നു ഭൂമിയിൽ ചാടിവീണാൻ.
- പിൽപാടു ശതഭാരായസനിർമ്മിതമായ
- കെൽപേറും പരിഘവും ധരിച്ചു വന്നാനവൻ.
- തൽബാഹുതന്നെച്ഛേദിച്ചീടിനാൻ ദാശരഥി
- തൽപരിഘത്താൽ പ്രഹരിച്ചിതു സീതാപതി. 920
- മസ്തകം പിളർന്നവനുർവിയിൽ വീണു സമ-
- വർത്തിപത്തനം പ്രവേശിച്ചിതു ദൂഷണനും.
- ദൂഷണൻ വീണനേരം വീരനാം ത്രിശിരസ്സും
- രോഷേണ മൂന്നുശരം കൊണ്ടു രാമനെയെയ്‌താൻ.
- മൂന്നും ഖണ്ഡിച്ചു രാമൻ മൂന്നുബാണങ്ങളെയ്‌താൻ
- മൂന്നുമെയ്‌തുടൻ മുറിച്ചീടിനാൻ ത്രിശിരസ്സും
- നൂറുബാണങ്ങളെയ്‌താനന്നേരം ദാശരഥി
- നൂറും ഖണ്ഡിച്ചു പുനരായിരംബാണമെയ്‌താൻ.
- അവയും മുറിച്ചവനയുതം ബാണമെയ്‌താ-
- നവനീപതിവീരനവയും നുറുക്കിനാൻ. 930
- അർദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
- ലുത്തമാംഗങ്ങൾ മൂന്നും മുറിച്ചു പന്താടിനാൻ.
- അന്നേരം ഖരനാദിത്യാഭതേടീടും രഥം-
- തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
- വന്നു രാഘവനോടു ബാണങ്ങൾ തൂകീടിനാ,-
- നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം.
- രാമബാണങ്ങൾകൊണ്ടും ഖരബാണങ്ങൾകൊണ്ടും
- ഭൂമിയുമാകാശവും കാണരുതാതെയായി.
- നിഷ്‌ഠുരതരമായ രാഘവശരാസനം
- പൊട്ടിച്ചാൻ മുഷ്‌ടിദേശേ ബാണമെയ്താശു ഖരൻ. 940
- ചട്ടയും നുറുക്കിനാൻ ദേഹവും ശരങ്ങൾകൊ-
- ണ്ടൊട്ടൊഴിയാതെ പിളർന്നീടിനാ,നതുനേരം
- താപസദേവാദികളായുളള സാധുക്കളും
- താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താർ.
- ജയിപ്പൂതാക രാമൻ ജയിപ്പൂതാകയെന്നു
- ഭയത്തോടമരരും താപസന്മാരും ചൊന്നാർ.
- തല്‌ക്കാലേ കുംഭോത്ഭവൻതന്നുടെ കയ്യിൽ മുന്നം
- ശക്രനാൽ നിക്ഷിപ്തമായിരുന്ന ശരാസനം
- തൃക്കയ്യിൽ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
- മുഖ്യവൈഷ്‌ണവചാപം കൈക്കൊണ്ടു നില്‌ക്കുന്നേരം 950
- ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്‌ണവതേജ-
- സ്സുൾക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോൾ.
- ഖണ്ഡിച്ചാൻ ഖരനുടെ ചാപവും കവചവും
- കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാൽ.
- സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
- ച്ചാദിനായകനടുത്തീടിന നേരത്തിങ്കൽ
- മറ്റൊരു തേരിൽ കരയേറിനാനാശു ഖരൻ
- തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോൾ.
- പിന്നെയും ഗദയുമായടുത്താനാശു ഖരൻ
- ഭിന്നമാക്കിനാൻ വിശിഖങ്ങളാലതും രാമൻ. 960
- ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
- ലേറിവന്നസ്ത്രപ്രയോഗം തുടങ്ങിനാൻ ഖരൻ.
- ഘോരമാമാഗ്നേയാസ്ത്രമെയ്‌തു രഘുവരൻ
- വാരുണാസ്ത്രേന തടുത്തീടിനാൻ ജിതശ്രമം.
- പിന്നെക്കൗബേരമസ്ത്രമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
- മന്നവൻ തടഞ്ഞതു കണ്ടു രാക്ഷസവീരൻ
- നൈര്യതമസ്ത്രം പ്രയോഗിച്ചിതു യുമ്യാസ്ത്രേണ
- വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോൾ
- വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
- ന്നായകൻ തടുത്തതു കണ്ടു രാക്ഷസവീരൻ 970
- ഗാന്ധർവ്വമയച്ചതു ഗൗഹ്യകമസ്ത്രംകൊണ്ടു
- ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
- ആസുരമസ്ത്രം പ്രയോഗിച്ചതു കണ്ടു രാമൻ
- ഭാസുരമായ ദൈവാസ്ത്രംകൊണ്ടു തടുക്കയാൽ
- തീക്ഷ്‌ണമാമൈഷീകാസ്ത്രമെയ്തതു രഘുപതി
- വൈഷ്ണവാസ്ത്രേണ കളഞ്ഞാശു മൂന്നമ്പുതന്നാൽ
- സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
- തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോൾ
- യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
- ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
- ഇന്ദ്രദൈവതമസ്ത്രമയച്ചോരളവു ചെ-
- ന്നിന്ദ്രാരിതലയറുത്തീടിനാൻ ജഗന്നാഥൻ.
- വീണിതു ലങ്കാനഗരോത്തരദ്വാരേ തല
- തൂണി പുക്കിതു വന്നു ബാണവുമതുനേരം.
- കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
- കുണ്‌ഠഭാവേന നിന്നു സംശയം തുടങ്ങിനാർ.
- ഖരദൂഷണത്രിശിരാക്കളാം നിശാചര-
- വരരും പതിന്നാലായിരവും മരിച്ചിതു
- നാഴിക മൂന്നേമുക്കാൽകൊണ്ടു രാഘവൻതന്നാ,-
- ലൂഴിയിൽ വീണാളല്ലോ രാവണഭഗിനിയും. 990
- മരിച്ച നിശാചരർ പതിനാലായിരവും
- ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
- ജ്ഞാനവും ലഭിച്ചിതു രാഘവൻപോക്കൽനിന്നു
- മാനസേ പുനരവരേവരുമതുനേരം
- രാമനെ പ്രദക്ഷിണംചെയ്‌തുടൻ നമസ്‌കരി-
- ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാർ പലതരംഃ
- "നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
- സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
- സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
- രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
- ത്വൽപാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
- മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
- മുൽപാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
- ഷിപ്പിച്ചു ഞങ്ങൾമുമ്പിൽ പ്രത്യക്ഷനായനേരം
- 'ഭേദവിഭ്രമം തീർത്തു സംസാരവൃക്ഷമൂല-
- ച്ഛേദനകുഠാരമായ് ഭവിക്ക ഭവാ'നിതി
- പ്രാർത്ഥിച്ചു ഞങ്ങൾ മഹാദേവനോടതുമൂല-
- മോർത്തരുൾചെയ്‌തു പരമേശ്വരനതുനേരം.
- 'യാമിനീചരന്മാരായ് ജനിക്ക നിങ്ങളിനി
- രാമനായവതരിച്ചീടുവൻ ഞാനും ഭൂമൗ. 1010
- രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
- മോക്ഷവും തന്നീടുവനില്ല സംശയമേതും.'
- എന്നരുൾചെയ്‌തു പരമേശ്വരനതുമൂലം
- നിർണ്ണയം മഹാദേവനായതും രഘുപതി.
- ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
- മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
- എന്നവരപേക്ഷിച്ചനേരത്തു രഘുനാഥൻ
- മന്ദഹാസവും പൂണ്ടു സാനന്ദമരുൾചെയ്‌തുഃ
- "വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികൾ-
- ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
- ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങൾക്കും മീതേ
- സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
- ബാല്യകൗമാരാദികളാഗമാപായികളാം
- കാല്യാദിഭേദങ്ങൾക്കും സാക്ഷിയായ്മീതേ നില്‌ക്കും.
- പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
- പരമം ധ്യാനിക്കുമ്പോൾ കൈവല്യം വന്നുകൂടും."
- ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‌കി
- ദേവദേവേശൻ ജഗൽക്കാരണൻ ദാശരഥി.
- രാഘവൻ മൂന്നേമുക്കാൽ നാഴികകൊണ്ടു കൊന്നാൻ
- വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
- സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
- രാമചന്ദ്രനെ വീണു നമസ്‌കാരവും ചെയ്‌താൻ.
- ശസ്ത്രൗഘനികൃത്തമാം ഭർത്തൃവിഗ്രഹം കണ്ടു
- മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
- തൃക്കൈകൾകൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
- ളൊക്കവേ പുണ്ണുമതിൻ വടുവും വാച്ചീടിനാൾ.
- രക്ഷോവീരന്മാർ വീണുകിടക്കുന്നതു കണ്ടു
- ലക്ഷ്‌മണൻ നിജഹൃദി വിസ്‌മയം തേടീടിനാൻ.
- 'രാവണൻതന്റെ വരവുണ്ടിനിയിപ്പോ'ളെന്നു
- ദേവദേവനുമരുൾചെയ്‌തിരുന്നരുളിനാൻ. 1040
- പിന്നെ ലക്ഷ്‌മണൻതന്നെ വൈകാതെ നിയോഗിച്ചാൻഃ
- 'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
- യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കൾ
- സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
- താപസന്മാരോടറിയിച്ചു നീ വരികെ'ന്നു
- പാപനാശനനരുൾചെയ്‌തയച്ചോരുശേഷം,
- സുമിത്രാപുത്രൻ തപോധനന്മാരോടു ചൊന്നാ-
- നമിത്രാന്തകൻ ഖരൻ മരിച്ച വൃത്താന്തങ്ങൾ.
- ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
- മമർത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
- പലരുംകൂടി നിരൂപിച്ചു നിർമ്മിച്ചീടിനാർ
- പലലാശികൾമായ തട്ടായ്‌വാൻ മൂന്നുപേർക്കും
- അംഗുലീയവും ചൂഡാരത്നവും കവചവു-
- മംഗേ ചേർത്തീടുവാനായ്‌ക്കൊടുത്തുവിട്ടീടിനാർ.
- ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമൻ-
- തൃക്കാല്‌ക്കൽവച്ചു തൊഴുതീടിനാൻ ഭക്തിയോടെ.
- അംഗുലീയകമെടുത്തംബുജവിലോചന-
- നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
- മൈഥിലിതനിക്കു നല്‌കീടിനാൻ, കവചവും
- ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാൻ. 1060