അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/വിരാധവധം
ദൃശ്യരൂപം
(വിരാധവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
- ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
- ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
- വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
- വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
- ഭീമശാർദൂലസിംഹമഹിഷവരാഹാദി
- വാരണമൃഗവനഗോചരജന്തുക്കളും
- പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
- പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
- ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
- ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ
- ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ
- "കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
- നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
- സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
- നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
- വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
- വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ.
- എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ
- വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
- നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
- മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
- ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
- പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ
- "കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
- ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ
- നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
- വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
- കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
- മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ. 110
- കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ
- സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ."
- രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-
- നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ
- "രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ
- വാമലോചന സീതാദേവിയെന്നല്ലോ നാമം.
- ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ
- പുക്കിതു വനാന്തരം ജനകനിയോഗത്താൽ,
- രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
- ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." 120
- ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
- വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി
- ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ
- "ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
- ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
- തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചോൻ ഞാൻ.
- മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
- ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.
- നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
- ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130
- ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ
- തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ."
- ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-
- സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ
- പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ
- ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി-
- സത്വരം നക്തഞ്ചരനടുത്താനതുനേര-
- മസ്ര്തങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും
- ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-
- ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. 140
- രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
- ചിത്തകൌതുകത്തോടു പുണർന്നു വൈദേഹിയും.
- നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
- മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
- അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു
- ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ.
- സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
- സുന്ദരശരീരനായ് നിർമ്മലാംബരത്തോടും
- രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം 150
- രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
- ഇന്ദിരാരമണമിന്ദീവരദളശ്യാമ-
- മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
- സുന്ദരം സുകുമാരം സുകൃതിജനമനോ-
- മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
- വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
- നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ
- "ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!
- കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!
- ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ
- ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. 160
- നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
- ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
- സന്തതമിനിച്ചരണാംബുജയുഗം തവ
- ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
- വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
- പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം
- ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം
- നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.
- ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
- മുത്തമഭക്തന്മാർക്കു ഭൃത്യനായ് വരേണം ഞാൻ. 170
- നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ
- നമസ്തേ രാമായാത്മാരാമായ നമോ നമഃ.
- നമസ്തേ രാമായ സീതാഭിരാമായ നിത്യം
- നമസ്തേ രാമായ ലോകാഭിരാമായ നമഃ.
- ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
- ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.
- നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
- യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
- ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
- നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
- "മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
- ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും."
- രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ
- കാമലാഭേന പോയി നാകലോകവും പുക്കാൻ.
- ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
- ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.