അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ശരഭംഗമന്ദിരപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ശരഭംഗമന്ദിരപ്രവേശം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


രാമലക്ഷ്മണന്മാരും ജാനകിതാനും പിന്നെ
ശ്രീമയമായ ശരഭംഗമന്ദിരം പുക്കാർ.
സാക്ഷാലീശ്വരനെ മാംസേക്ഷണങ്ങളെക്കൊണ്ടു
വീക്ഷ്യ താപസവരൻ പൂജിച്ചു ഭക്തിയോടെ.
കന്ദപക്വാദികളാലാതിഥ്യംചെയ്‌തു ചിത്താ-
നന്ദമുൾക്കൊണ്ടു ശരഭംഗനുമരുൾചെയ്‌തുഃ
"ഞാനനേകംനാളുണ്ടു പാർത്തിരിക്കുന്നിതത്ര
ജാനകിയോടും നിന്നെക്കാണ്മതിന്നാശയാലേ.
ആർജ്ജവബുദ്ധ്യാ ചിരം തപസാ ബഹുതര-
മാർജ്ജിച്ചേനല്ലോ പുണ്യമിന്നു ഞാനവയെല്ലാം
മർത്ത്യനായ്‌ പിറന്നോരു നിനക്കു തന്നീടിനേ-
നദ്യ ഞാൻ മോക്ഷത്തിനായുദ്യോഗം പൂണ്ടേനല്ലോ
നിന്നെയും കണ്ടു മമ പുണ്യവും നിങ്കലാക്കി-
യെന്നിയേ ദേഹത്യാഗംചെയ്യരുതെന്നുതന്നെ
ചിന്തിച്ചു ബഹുകാലം പാർത്തു ഞാനിരുന്നിതു
ബന്ധവുമറ്റു കൈവല്യത്തെയും പ്രാപിക്കുന്നേൻ."
യോഗീന്ദ്രനായ ശരഭംഗനാം തപോധനൻ
യോഗേശനായ രാമൻതൻപദം വണങ്ങിനാൻഃ
"ചിന്തിച്ചീടുന്നേനന്തസ്സന്തതം ചരാചര-
ജന്തുക്കളന്തർഭാഗേ വസന്തം ജഗന്നാഥം
ശ്രീരാമം ദുർവാദളശ്യാമള മംഭോജാക്ഷം
ചീരവാസസം ജടാമകുടം ധനുർദ്ധരം
സൌമിത്രിസേവ്യം ജനകാത്മജാസമന്വിതം
സൌമുഖ്യമനോഹരം കരുണാരത്നാകരം."
കുണ്‌ഠഭാവവും നീക്കി സീതയാ രഘുനാഥം
കണ്ടുകണ്ടിരിക്കവേ ദേഹവും ദഹിപ്പിച്ചു
ലോകേശപദം പ്രാപിച്ചീടിനാൻ തപോധന-
നാകാശമാർഗ്ഗേ വിമാനങ്ങളും നിറഞ്ഞുതേ.
നാകേശാദികൾ പുഷ്പവൃഷ്‌ടിയുംചെയ്തീടിനാർ
പാകശാസനൻ പദാംഭോജവും വണങ്ങിനാൻ.
മൈഥില്യാ സൌമിത്രിണാ താപസഗതി കണ്ടു
കൌസല്യാതനയനും കൌതുകമുണ്ടായ്‌വന്നു
തത്രൈവ കിഞ്ചിൽകാലം കഴിഞ്ഞോരനന്തരം
വൃത്രാരിമുഖ്യന്മാരുമൊക്കെപ്പോയ്‌ സ്വർഗ്ഗം പുക്കാർ.