അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/ജടായുസംഗമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ജടായുസംഗമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


ശ്രുത്വൈതൽ സ്തോത്രസാരമഗസ്ത്യ‍സുഭാഷിതം
തത്വാർത്ഥസമന്വിതം രാഘവൻ തിരുവടി
ബാണചാപാദികളും തത്രൈവ നിക്ഷേപിച്ചു
വീണുടൻ നമസ്‌കരിച്ചഗസ്ത്യ‍പാദാംബുജം
യാത്രയുമയപ്പിച്ചു സുമിത്രാത്മജനോടും
പ്രീത്യാ ജാനകിയോടുമെഴുന്നളളിടുന്നേരം,
അദ്രിശൃംഗാഭം തത്ര പദ്ധതിമദ്ധ്യേ കണ്ടു
പത്രിസത്തമനാകും വൃദ്ധനാം ജടായുഷം
എത്രയും വളർന്നൊരു വിസ്‌മയംപൂണ്ടു രാമൻ
ബദ്ധരോഷേണ സുമിത്രാത്മജനോടു ചൊന്നാൻഃ 560
"രക്ഷസാം പ്രവരനിക്കിടക്കുന്നതു മുനി-
ഭക്ഷകനിവനെ നീ കണ്ടതില്ലയോ സഖേ!
വില്ലിങ്ങു തന്നീടു നീ ഭീതിയുമുണ്ടാകൊല്ലാ
കൊല്ലുവേനിവനെ ഞാൻ വൈകാതെയിനിയിപ്പോൾ."
ലക്ഷ്‌മണൻതന്നോടിത്ഥം രാമൻ ചൊന്നതു കേട്ടു
പക്ഷിശ്രേഷ്‌ഠനും ഭയപീഡിതനായിച്ചൊന്നാൻഃ
"വദ്ധ്യനല്ലഹം തവ താതനു ചെറുപ്പത്തി-
ലെത്രയുമിഷ്‌ടനായ വയസ്യനറിഞ്ഞാലും.
നിന്തിരുവടിക്കും ഞാനിഷ്‌ടത്തെച്ചെയ്തീടുവൻ;
ഹന്തവ്യനല്ല ഭവഭക്തനാം ജടായു ഞാൻ." 570
എന്നിവ കേട്ടു ബഹുസ്നേഹമുൾക്കൊണ്ടു നാഥൻ
നന്നായാശ്ലേഷംചെയ്‌തു നൽകിനാനനുഗ്രഹംഃ
"എങ്കിൽ ഞാനിരിപ്പതിനടുത്തു വസിക്ക നീ
സങ്കടമിനിയൊന്നുകൊണ്ടുമേ നിനക്കില്ല.
ശങ്കിച്ചേനല്ലോ നിന്നെ ഞാനതു കഷ്‌ടം കഷ്‌ടം!
കിങ്കരപ്രവരനായ്‌ വാഴുക മേലിൽ ഭവാൻ."

പഞ്ചവടീപ്രവേശം[തിരുത്തുക]

എന്നരുൾചെയ്‌തു ചെന്നു പുക്കിതു പഞ്ചവടി-
തന്നിലാമ്മാറു സീതാലക്ഷ്‌മണസമേതനായ്‌.
പർണ്ണശാലയും തീർത്തു ലക്ഷ്‌മണൻ മനോജ്ഞമായ്‌
പർണ്ണപുഷ്പങ്ങൾകൊണ്ടു തൽപവുമുണ്ടാക്കിനാൻ. 580
ഉത്തമഗംഗാനദിക്കുത്തരതീരേ പുരു-
ഷോത്തമൻ വസിച്ചിതു ജാനകീദേവിയോടും.
കദളീപനസാമ്രാദ്യഖിലഫലവൃക്ഷാ-
വൃതകാനനേ ജനസംബാധവിവർജ്ജിതേ
നീരുജസ്ഥലേ വിനോദിപ്പിച്ചു ദേവിതന്നെ
ശ്രീരാമനയോദ്ധ്യയിൽ വാണതുപോലെ വാണാൻ.
ഫലമൂലാദികളും ലക്ഷ്‌മണനനുദിനം
പലവും കൊണ്ടുവന്നു കൊടുക്കും പ്രീതിയോടെ.
രാത്രിയിലുറങ്ങാതെ ചാപബാണവും ധരി-
ച്ചാസ്ഥയാ രക്ഷാർത്ഥമായ്‌ നിന്നീടും ഭക്തിയോടെ. 590
സീതയെ മദ്ധ്യേയാക്കി മൂവരും പ്രാതഃകാലേ
ഗൗതമിതന്നിൽ കുളിച്ചർഗ്‌ഘ്യവും കഴിച്ചുടൻ
പോരുമ്പോൾ സൗമിത്രി പാനീയവും കൊണ്ടുപോരും
വാരം വാരം പ്രീതിപൂണ്ടിങ്ങനെ വാഴുംകാലം.