അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വിച്ഛിന്നാഭിഷേകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


അന്നേരമാദിത്യനുമുദിച്ചീടിനാൻ
മന്നവൻ പള്ളിക്കുറുപ്പുണർന്നീലിന്നും
എന്തൊരുമൂലമതിനെന്നു മാനസേ
ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ
മന്ത്രിപ്രവരനാകുന്ന സുമന്ത്രരു-
മന്ത:പുരമകം പുക്കാനതിദൃതം
‘രാജീവമിത്രഗോത്രോൽഭൂത!ഭൂപതേ!
രാജരാജേന്ദ്രപ്രവര!ജയജയ!”
ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി-
ച്ചുത്ഥാനവും ചെയ്തു വന്ദിച്ചു നിന്നപ്പോൾ
എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു
പൃത്ഥ്വിയിൽത്തന്നെ കിടക്കും നരേന്ദ്രനെ
ചിത്താകുലതയാ കണ്ടു സുമന്ത്രരും
സത്വരം കൈകേയി തന്നോടു ചോദിച്ചാൻ:
ദേവനാരീസമേ!രാജപ്രിയതമേ!
ദേവി കൈകേയീ!!ജയജയ സന്തതം
ഭൂലോകപാലൻ പ്രകൃതി പകരുവാൻ
മൂലമെന്തോന്നു മഹാരാജവല്ലഭേ!‘
ചൊല്ലുകെന്നോടെന്നു കേട്ടു കൈകേയിയും
ചൊല്ലിനാളാശു സുമന്ത്രരോടന്നേരം:
‘ധാത്രീപതീന്ദ്രനു നിദ്രയുണ്ടായീല
രാത്രിയിലെന്നതു കാരണമാകയാൽ
സ്വസ്ഥനല്ലാതെ ചമഞ്ഞിതു തന്നുടെ
ചിത്തത്തിനസ്വതന്ത്രത്വം ഭവിയ്ക്കയാൽ
രാമ രാമേതി രാമേതി ജപിയ്ക്കയും
രാമനെത്തന്നെ മനസി ചിന്തിയ്ക്കയും
ഉദ്യല്പ്രജാഗര സേവയും ചെയ്കയാ-
ലത്യന്ത മാകുലനായിതു മന്നവൻ
രാമനെക്കാണാഞ്ഞു ദു:ഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ’
എന്നതു കേട്ടു സുമന്ത്രരും ചൊല്ലിനാൻ:
‘ചെന്നു കുമാരനെ ക്കൊണ്ടുവരാമല്ലോ?’
രാജവചനമനാകർണ്യ ഞാനിഹ
രാജീവലോചനേ പോകുന്നതെങ്ങിനെ?
എന്നതു കേട്ടു ഭൂപാലനും ചൊല്ലിനാൻ:
‘ചെന്നു നീ തന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനൻ തൻ മുഖം വൈകാതെ കാണണം’
എന്നതുകേട്ടു സുമന്ത്രരുഴറിപ്പോയ്-
ച്ചെന്നു കൌസല്യാസുതനോടു ചൊല്ലിനാൻ:
‘താതൻ ഭവാനെയുണ്ടല്ലോ വിളിയ്ക്കുന്നു
സാദരം വൈകാതെഴുന്നള്ളുക വേണം‘
മന്ത്രിപ്രവരവാക്യം കേട്ടു രാഘവൻ
മന്ദേതരമവൻ തന്നോടു കൂടവെ
സൌമിത്രിയോടും കരേറി രഥോപരി
പ്രേമവിവശനാം താതൻ മരുവിടും
മന്ദിരേ ചെന്നു പിതാവിൻപദദ്വയം
വന്ദിച്ചുവീണു നമസ്കരിച്ചീടിനാൻ
രാമനെച്ചെന്നെടുത്താലിംഗനം ചെയ്‌വാൻ
ഭൂമിപനാശു സമുത്ഥായ സംഭ്രമാൽ
ബാഹുക്കൾ നീട്ടിയ നേരത്തു ദു:ഖേന
മോഹിച്ചു ഭൂമിയിൽ വീണിതു ഭൂപനും
രാമരാമേതി പറഞ്ഞു മോഹിച്ചൊരു
ഭൂമീപനെക്കണ്ടു വേഗേന രാഘവൻ
താതനെച്ചെന്നെടുത്താശ്ലേഷവും ചെയ്തു
സാദരം തന്റെ മടിയിൽ കിടത്തിനാൻ
നാരീജനങ്ങളതുകണ്ടനന്തര
മാരൂഢശോകാൽ വിലാപം തുടങ്ങിനാർ
രോദനം കേട്ടു വസിഷ്ഠമുനീന്ദ്രനും
ഖേദേന മന്ദിരം പുക്കിതു സത്വരം
ശ്രീരാമദേവനുംചോദിച്ചിതന്നേരം:
‘കാരണമെന്തോന്നു താതദു:ഖത്തിനു
നേരേ പറവിനറിഞ്ഞവരെ’ന്നതു-
നേരം പറഞ്ഞിതു കേകയപുത്രിയും
‘കാരണം പുത്രദു:ഖത്തിനു നീ തന്നെ
പാരിൽ സുഖം ദു:ഖമൂലമല്ലൊ നൃണാം
ചേതസി നീ നിരൂപിയ്ക്കിലെളുതിനി
താതനു ദു:ഖനിവൃത്തി വരുത്തുവാൻ
ഭർത്തൃദു:ഖാപശാന്തിയ്ക്കു കിഞ്ചിൽ ത്വയാ
കർത്തവ്യമായൊരു കർമ്മമെന്നായ് വരും
സത്യവാദിശ്രേഷ്ഠനായ പിതാവിനെ
സത്യപ്രതിജ്ഞനാക്കീടുക നീയതു
ചിത്തഹിതം നൃപതീന്ദ്രനു നിർണ്ണയം;
പുത്രരിൽ ജ്യേഷ്ഠനാകുന്നതു നീയല്ലൊ
രണ്ടു വരം മമ ദത്തമായിട്ടുണ്ടു
പണ്ടു നിൻ താതനാൽ സന്തുഷ്ട ചേതസാ
നിന്നാലെ സാദ്ധ്യമായുള്ളോന്നതു രണ്ടു-
മിന്നു തരേണമെന്നർത്ഥിയ്ക്കയും ചെയ്തേൻ
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ് വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ
പുന്നാമമാകും നരകത്തിൽനിന്നുടൻ
തന്നുടെ താതനെ താണനം ചെയ്കയാൽ
പുത്രനെന്നുള്ള ശബ്ദം വിധിച്ചു ശത-
പത്ര സമുത്ഭവനെന്നതറിക നീ‘
മാതൃവചന ശൂലാഭിഹതനായ
മേദിനീപാലകുമാരനാം രാമനും
എത്രയുമേറ്റം വ്യഥിതനായ് ചൊല്ലിനാൻ:
‘ഇത്രയെല്ലാം പറയേണമോ മാതാവേ!
താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാനുപേക്ഷിപ്പതതിനില്ല സംശയം
മാനസേ ഖേദമതിനില്ലെനിക്കേതും
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലറിക നീ മാതാവേ!
ലക്ഷ്മണൻ തന്നെ ത്യജിക്കെന്നു ചൊൽകിലും
തൽക്ഷണം ഞാനുപേക്ഷിപ്പനറിക നീ
പാവകൻ തങ്കൽ പതിക്കേണമെങ്കിലു-
മേവം വിഷം കുടിക്കേണമെന്നാകിലും
താതൻ നിയോഗിക്കിലേതുമേ സംശയം
ചേതസി ചെറ്റില്ലെനിക്കെന്നറിക നീ
താതകാര്യമനാജ്ഞപ്തമെന്നാകിലും
മോദേന ചെയ്യുന്ന നന്ദനനുത്തമൻ
പിത്രാ നിയുക്തനായീട്ടു ചെയ്യുന്നവൻ
മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും
ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ-
കർത്തവ്യമല്ലെന്നു വച്ചടങ്ങുന്നവൻ
പിത്രോർമ്മലമെന്നുചൊല്ലുന്നു സജ്ജന-
മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ
ആകയാൽ താതനിയോഗമനുഷ്ഠിപ്പാ-
നാകുലമേതുമെനിയ്ക്കില്ല നിർണയം
സത്യം കരോമഹം, സത്യം കരോമഹം
സത്യം മയോക്തം മറിച്ചു രണ്ടായ് വരാ’
രാമപ്രതിജ്ഞ കേട്ടോരു കൈകേയിയും
രാമനോടാശു ചൊല്ലീടിനാലാദരാൽ:
‘താതൻ നിനക്കഭിഷേകാർത്ഥമായുട-
നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ
കൊണ്ടഭിഷേകം ഭരതനു ചെയ്യണം
രണ്ടാം വരം പിന്നെയുണ്ടൊന്നു വേണ്ടുന്നു
നീ പതിന്നാലു സംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം
നിന്നോടതു നിയോഗിപ്പാൻ മടിയുണ്ടു
മന്നവനിന്നതു ദു:ഖമാകുന്നതും’
എന്നതു കേട്ടു ശ്രീരാമനും ചൊല്ലിനാൻ:
ഇന്നതിനെന്തൊരു വൈഷമ്യമായതും?
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവൻ വനത്തിനു മാതാവേ!
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു
ചിന്തിച്ചു ദു:ഖിപ്പതിനെന്തു കാരണം?
രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യ ഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേതുമെളുതല്ലോ
സ്നേഹമെന്നെക്കുറിച്ചേറുമമ്മക്കുമീ-
ദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ
ആകാശഗംഗയെ പാതാളലോകത്തു
വേഗേന കൊണ്ടു ചെന്നാക്കി ഭഗീരഥൻ
തൃപ്തി വരുത്തി പിതൃക്കൾക്കു പൂരുവും
തൃപ്തനാക്കീടിനാൻ താതനു തന്നുടെ
യൌവനം നൽകിജ്ജരാനരയും വാങ്ങി
ദിവ്യന്മാരായവർ പിതൃപ്രസാദത്തിനാൽ
അല്പമായൊള്ളോരു കാര്യം നിരൂപിച്ചു
മല്പിതാ ദു:ഖിപ്പതിനില്ലവകാശം’
രാഘവ വാക്യമേവം കേട്ടു ഭൂപതി
ശോകേന നന്ദനൻ തന്നോടു ചൊല്ലിനാൻ:
‘സ്ത്രീജിതനായതികാമുകനായൊരു
രാജാധമനാകുമെന്നെയും വൈകാതെ
പാശേന ബന്ധിച്ചു രാജ്യം ഗ്രഹിയ്ക്ക നീ
ദോഷം നിനക്കതിനേതുമകപ്പെടാ
അല്ലായ്കിലെന്നോടു സത്യദോഷം പറ്റു-
മല്ലോ കുമാര! ഗുണാംബുധേ!രാഘവ!‘
പൃഥ്വീപതീന്ദ്രൻ ദശരഥനും പുന-
രിത്ഥം പറഞ്ഞു കരഞ്ഞു തുടങ്ങിനാൻ:
“ഹാ രാമ! ഹാ ജഗന്നാഥ!ഹാ ഹാ രാമ!
ഹാ രാമ! ഹാഹാ മമ പ്രാണ വല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ?
എന്നെപ്പിരിഞ്ഞു നീ ഘോരമഹാവനം
തന്നിൽ ഗമിയ്ക്കുന്നതെങ്ങനെ നന്ദന?
എന്നിത്തരം പലജാതി പറകയും
കണ്ണുനീരാലോല വാർത്തു കരകയും
നന്നായ് മുറുകെമുറുകെത്തഴുകയും
പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും
ഖിന്നനായോരു പിതാവിനെക്കണ്ടുടൻ
തന്നുടെ കയ്യാൽ കുളുർത്തജലം കൊണ്ടു
കണ്ണും മുഖവും തുടച്ചു രഘുത്തമൻ
ആശ്ലേഷനീതിവാഗ്വൈഭവാദ്യങ്ങളാ-
ലാശ്വസിപ്പിച്ചാൻ നയകോവിദൻ തദാ
‘എന്തിനെൻ താതൻ വൃഥൈവ ദു:ഖിയ്ക്കുന്ന-
തെന്തൊരു ദണ്ഡമിതിന്നു, മഹീപതേ!
സത്യത്തെ രക്ഷിച്ചു കൊള്ളുവാൻ ഞങ്ങൾക്കു
ശക്തിപോരായ്കയുമില്ലിതു രണ്ടിനും
സോദരൻ നാടു ഭരിച്ചിരുന്നീടുക
സാദരം ഞാനരണ്യത്തിലും വാഴുവൻ
ഓർക്കിലീ രാജ്യഭാരം വഹിയ്ക്കുന്നതിൽ
സൌഖ്യമേറും വനത്തിങ്കൽ വാണീടുവാൻ
ഏതുമേ ദണ്ഡമില്ലാതെ കർമ്മം മമ-
മാതാവെനിയ്ക്കു വിധിച്ചതു നന്നല്ലോ
മാതാവു കൌസല്യ തന്നെയും വന്ദിച്ചു
മൈഥിലിയോടും പറഞ്ഞിനി വൈകാതെ
പോവതിന്നായ് വരുന്നേനെ’ന്നരുൾ ചെയ്തു
ദേവനും മാതൃഗേഹം പുക്കതു നേരം
ധാർമ്മികയാകിയ മാതാ സുസമ്മതം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ
പുത്രാഭ്യുദയത്തിനായ്ക്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ
ഭക്തികൈക്കൊണ്ടു ഭഗവല്പദാംബുജം
ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്നേരം
ചെന്നോരു പുത്രനേയും കണ്ടതില്ലല്ലോ
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ:
‘രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ!നോക്കീടു’കെന്നപ്പോൾ
വന്ദിച്ചു നിൽക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണർന്നീടിനാൾ
പിന്നെ മടിയിലിരുത്തി നിറുകയിൽ
നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ
ഇന്ദീവരദളശ്യാമകളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ:
‘എന്തെന്മകനേ! മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതു പാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ‘
യെന്നു മാതാവു പറഞ്ഞോരനന്തരം
വന്ന ശോകത്തെയടക്കി രഘുവരൻ
തന്നുടെ മാതാവിനോടരുളിച്ചെയ്തു:
‘ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ; ക്ഷിപ്ര-
മരണ്യവാസത്തിനു പോകണം
മുൽപ്പാടു കേകയപുത്രിയാമമ്മയ്ക്കു
മൽപ്പിതാ രണ്ടു വരം കൊടുത്തീടിനാൻ
ഒന്നു ഭരതനെ വാഴിയ്ക്കയെന്നതു-
മെന്നെ വനത്തിന്നയയ്ക്കെന്നു മറ്റേതും
തത്ര പതിന്നാലു സംവത്സരം വസി-
ച്ചത്ര വന്നീടുവൻ പിന്നെ ഞാൻ വൈകാതെ
സന്താപമേതും മനസ്സിലുണ്ടാകാതെ
സന്തുഷ്ടയായ് വസിച്ചീടുക മാതാവും”‘
ശ്രീരാമ വാക്യമേവം കേട്ടു കൌസല്യ
പാരിൽ മോഹിച്ചു വീണീടിനാനാകുലാൽ
പിന്നെ മോഹം തീർന്നിരുന്നു ദു:ഖാർണ്ണവം
തന്നിൽ മുഴുകിക്കരഞ്ഞു കരഞ്ഞുടൻ
തന്നുടെ നന്ദനൻ തന്നോടു ചൊല്ലിനാ’-
‘ളിന്നു നീ കാനനത്തിന്നു പോയീടുകിൽ
എന്നെയും കൊണ്ടുപോകേണം മടിയാതെ
നിന്നെപ്പിരിഞ്ഞാൽ ക്ഷണാർദ്ധം പൊറുക്കുമോ?
ദണ്ഡകാരണ്യത്തിനാശു നീ പോകിൽ ഞാൻ
ദണ്ഡധരാലയത്തിന്നു പോയീടുവൻ
പൈതലെ വേർവിട്ടുപോയ പശുവിനു-
ള്ളാധി പറഞ്ഞറിയിയ്ക്കരുതല്ലോ?
നാടു വാഴേണം ഭരതനെന്നാകിൽ നീ
കാടു വാഴേണമെന്നുണ്ടോ വിധിമതം?
എന്തു പിഴച്ചതു കൈകേയിയോടു നീ
ചിന്തിയ്ക്ക, താതനോടും കുമാരാ! ബലാൽ.
താതനും ഞാനുമൊക്കും ഗുരുത്വംകൊണ്ടു
ഭേദം നിനക്കു ചെറ്റില്ലെന്നു നിശ്ചയം
പോകണമെന്നു താതൻ നിയോഗിയ്ക്കിൽ, ഞാൻ
പോകരുതെന്നു ചെറുക്കുന്നതുണ്ടല്ലോ
എന്നുടെ വാക്യത്തെ ലംഘിച്ചു ഭൂപതി-
തന്നുടെ വാചാ ഗമിയ്ക്കുന്നതാകിലോ
ഞാനുമെൻ പ്രാണങ്ങളെ ത്യജിച്ചീടുവൻ
മാനവവംശവും പിന്നെ മുടിഞ്ഞുപോം
തത്ര കൌസല്യാവചനങ്ങളിങ്ങനെ
ചിത്തതാപേണ കേട്ടോരു സൌമിത്രിയും
ശോകരോഷങ്ങൾ നിറഞ്ഞ നേത്രാഗ്നിനാ
ലോകങ്ങളെല്ലാം ദഹിച്ചുപോകും വണ്ണം
രാഘവൻ തന്നെ നോക്കിപ്പറഞ്ഞീടിനാൻ
‘ആകുലമെന്തിതു കാരണമുണ്ടാവാൻ?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠപ്രിയം
ബന്ധിച്ചു താതനേയും പിന്നെ ഞാൻ പരി-
പന്ഥികളായുളളവരേയുമൊക്കവേ
അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ
ബന്ധമില്ലേതുമിതിന്നു ശോകിപ്പതി-
നന്തർമുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ
ശൌര്യമെനിയ്ക്കതിനുണ്ടെന്നു നിർണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ’
ഇത്ഥം പറഞ്ഞു ലോകത്രയം തദ്രുഷാ
ദുഗ്ദ്ധമാമ്മാറു സൌമിത്രി നിൽക്കുന്നേരം
മന്ദഹാസം ചെയ്തു മന്ദേതരം ചെന്നു
നന്ദിച്ചു ഗാഢമായാലിംഗനം ചെയ്തു
സുന്ദരനിന്ദിരാമന്ദിരവത്സനാ-
നന്ദസ്വരൂപനിന്ദിന്ദിരവിഗ്രഹൻ
ഇന്ദീവരാക്ഷനിന്ദ്രാദിവൃന്ദാരക-
വൃന്ദവന്ദ്യാംഘ്രിയുഗ്മാരവിന്ദൻ പൂർണ്ണ-
ചന്ദ്രബിംബാനനനിന്ദുചൂഡ്ദപ്രിയൻ
വൃന്ദാരവൃന്ദ മന്ദാരദാരൂപമൻ