അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതന്റെ വനയാത്ര
‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്നതു നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു;
തത്ര സുമന്ത്രനിയോഗേന സൈന്യവും
സത്വരം രാമനെക്കാണാൻ നടന്നിതു
ചിത്തേ നിറഞ്ഞു വഴിഞ്ഞ മോദത്തോടും...................2630
രാജദാരങ്ങൾ കൌസല്യാദികൾ തദാ
രാജീവനേത്രനെക്കാണാൻ നടന്നിതു.
താപസസ്രേഷ്ഠൻ വസിഷ്ഠനും പത്നിയും
താപസവൃന്ദേന സാകം പുറപ്പെട്ടു.
ഭൂമി കിളർന്നു പൊങ്ങീടും പൊടികളും
വ്യോമനി ചെന്നു പരന്നു ചമഞ്ഞിതു.
രാഘവാലോകനാനന്ദവിവശരാം
ലോകരറിഞ്ഞില്ല മാർഗ്ഗഖേദങ്ങളും.
ശൃംഗിവേരാഖ്യപുരം ഗമിച്ചിട്ടുടൻ
ഗംഗാതടെ ചെന്നിരുന്നു പെരുംമ്പട........................2640
കേകയപുത്രീസുതൻ പടയോടുമി-
ങ്ങാഗതനായതു കേട്ടുഗുഹൻ തദാ
ശങ്കിതമാനസനായ്‌വന്നു തന്നുടെ
കിങ്കരൻമാരോടു ചൊന്നാനതുനേരം:
‘ബാണചാപാതിശസ്ത്രങ്ങളും കൈക്കൊണ്ടു
തോണികളൊക്കെ ബന്ധിച്ചു സന്നദ്ധരായ്
നില്പിനെല്ലാവരും ഞാനങ്ങു ചെന്നു ക-
ണ്ടിപ്പോൾ വരുന്നതുമുണ്ടു വൈകീടാതെ.
അന്തികേ ചെന്നു വന്ദിച്ചാലവനുടെ-
യന്തർഗ്ഗതമറിഞ്ഞീടുന്നതുണ്ടല്ലോ....................2650
രാഘവനോടൂ വിരോധത്തിനെങ്കിലോ
പോകരുതാരുമിവരിനി നിർണ്ണയം
ശുദ്ധരെന്നാകിൽ കടത്തുകയും വേണം
പദ്ധതിക്കേതും വിഷാദവും കൂടാതെ.
ഇത്ഥം വിചാരിച്ചുറച്ചു ഗുഹൻ ചെന്നു
സത്വരം കാൽക്കൽ നമസ്കരിച്ചീടിനാൻ
നാനാവിധോപായനങ്ങളും കാഴ്ചവ-
ച്ചാനന്ദപൂർവ്വം തൊഴുതു നിന്നീടിനാൻ
ചീരാംബരം ഘനശ്യാമം ജടാധരം
ശ്രീരാമമന്ത്രം ജപന്തമനാരതം......................2660
ധീരം കുമാരം കുമാരോപമം മഹാ-
വീരം രഘുവരസോദരം സാനുജം
മാരസമാനശരീരം മനോഹരം
കാരുണ്യസാഗരം കണ്ടു ഗുഹൻ തദാ
ഭൂമിയിൽ വീണു ഗുഹോഹമിത്യുക്ത്വാ പ്ര-
ണാമവും ചെയ്തു,ഭരതനുമന്നേരം
ഉത്ഥപ്യ ഗാഢമാലിംഗ്യ രഘുനാഥ-
ഭക്തം വയസ്യമനാമയവാക്യവും
ഉക്ത്വാ ഗുഹനോടു പിന്നെയും ചൊല്ലിനാൻ:
‘ഉത്തമപൂരുഷോത്തംസരത്നം ഭവാൻ.................2670
ആലിംഗനംചെയ്തുവല്ലൊ ഭാവാനെ ലോ-
കാലംബനഭൂതനാകിയ രാഘവൻ.
ലക്ഷ്മീഭഗവതി ദേവിക്കൊഴിഞ്ഞു സി-
ദ്ധിക്കുമോ മറ്റൊരുവർക്കുമതോർക്ക നീ.
ധന്യനാകുന്നതു നീ ഭുവനത്തിങ്ക-
ലിന്നതിനില്ലൊരു സംശയം മത്സഖേ!
സോദരനോടും ജനകാത്മജയോടു-
മേതൊരിടത്തുനിന്നൻപൊടു കണ്ടിതു
രാമനെ നീ, യവനെന്തുപറഞ്ഞതും
നീ മുദാ രാമനോടേന്തോന്നു ചൊന്നതും.......................2680
യാതൊരിടത്തുറങ്ങീ രഘുനായകൻ
സീതയോടും കൂടി നീയവിടം മുദാ,
കാട്ടിത്തരികെന്നു കേട്ടുഗുഹൻ തദാ
വാട്ടമില്ലാത്തൊരു സന്തോഷ ചേതസാ
ഭക്തൻ ഭരതനത്യുത്തമനെന്നു തൻ-
ചിത്തേനിരൂപിച്ചുടൻ നടന്നീടിനാൻ.
യത്ര സുപ്തോ നിശി രാഘവൻ സീതയാ
തത്ര ഗത്വാ ഗുഹൻ സത്വരം ചൊല്ലിനാൻ:
‘കണ്ടാലുമെങ്കിൽ കുശാസ്തൃതം സീതയാ
കൊണ്ടൽവർണൻ തൻ മഹാശയനസ്ഥലം.’.............2690
കണ്ടുഭരതനും മുക്തബാഷ്പോദകം
തൊണ്ടവിറച്ചു സഗദ്ഗദം ചൊല്ലിനാൻ:
‘ഹാ സുകുമാരീ! മനോഹരീ!ജാനകീ!
പ്രാസാദമൂർദ്ധ്നി സുവർണതല്പസ്ഥലേ
കോമളസ്നിഗ്ദ്ധധവളാംബരാസ്തൃതേ
രാമേണ ശേതേ മഹാസുഖം സാ കഥം
ശേതേ കുശമയവിഷ്ടരേ നിഷ്ഠൂരേ
ഖേദേന സീതാ മദീയാഗ്രജന്മനാ.
മദ്ദോഷകാരണാലെന്നതു ചിന്തിച്ചു-
മിദ്ദേഹമാശു പരിത്യജിച്ചീടുവൻ.................2700
കിൽബിഷകാരിണിയായ കൈകേയിതൻ
ഗർഭത്തിൽ നിന്നു ജനിച്ചൊരുകാരണം
ദുഷ്കൃതിയായതി പാപിയാമെന്നെയും
ധിക്കരിച്ചീടിനേൻ പിന്നെയും പിന്നെയും.
ജന്മസാഫല്യവും വന്നിതനുജനു
നിർമ്മലമാനസൻ ഭാഗ്യവാനെത്രയും
അഗ്രജൻ തന്നെപരിചരിച്ചെപ്പോഴും
വ്യഗ്രം വനത്തിനു പോയതവനല്ലോ.
ശ്രീരാമദാസദാസന്മാർക്കു ദാസനാ-
യാരൂഢഭക്തിപൂണ്ടേഷ ഞാനും സദാ................2710
നിത്യവും സേവിച്ചുകൊൾവനെന്നാൽ വരും
മർത്ത്യജന്മത്തിൻ ഫലമെന്നു നിർണ്ണയം.
ചൊല്ലൂ നീയെന്നോടെവിടെ വസതി കൌ-
സല്യാതനയനവിടേക്കു വൈകാതെ
ചെന്നു ഞാനിങ്ങു കൂട്ടിക്കൊണ്ടുപോരുവ-
നെന്നതു കേട്ടുഗുഹനുമുരചെയ്താൻ:
‘മംഗലദേവതാവല്ലഭൻ തങ്കലി-
ന്നിങ്ങനെയുള്ളൊരു ഭക്തിയുണ്ടാകുയാൽ
പുണ്യവാന്മാരിവച്ചഗ്രേസരൻ ഭവാൻ
നിർണ്ണയമെങ്കിലോ കേൾക്ക മഹാമതേ!..................2720
ഗംഗാനദി കടന്നാലടുത്തെത്രയും
മംഗലമായുള്ള ചിത്രകൂടാചലം
തന്നികടേ വസിക്കുന്നിതു സീതയാ
തന്നുടെ സോദരനോടും യഥാസുഖം.’
ഇത്ഥം ഗുഹോക്തികൾ കേട്ടൂ ഭരതനും
തത്ര ഗച്ഛാമഹേ ശീഘ്രം പ്രിയസഖേ!
തർത്തുമമർത്ത്യതടിനിയെ സത്വരം
കർത്തുമുദ്യോഗം സമർത്ഥോ ഭവാദ്യ നീ.’
ശ്രുതാഭരതവാക്യം ഗുഹൻ സാദരം
ഗത്വാ വിബുധനദിയെക്കടത്തുവാൻ...................2730
ഭൃത്യജനത്തോടു കൂടെസ്സസംഭ്രമം
വിസ്താരയുക്തം മഹാക്ഷേപനീയുതം
അഞ്ജസാകൂലദേശം നിറച്ചീടിനാ-
നഞ്ഞൂറു തോണി വരുത്തി നിരത്തിനാൻ.
ഊറ്റമായോരു തുഴയുമെടുത്തതി-
ലേറ്റം വലിയൊരു തോണിയിൽ താൻ മുദാ
ശത്രുഘ്നനേയും ഭരതനേയും മുനി-
സത്തമനായ വസിഷ്ഠനേയും തഥാ
രാമമാതാവായ കൗസല്യതന്നെയും
വാമശീലാംഗിയാം കൈകേയിതന്നെയും..................2740
ഉത്തമയാം സുമിത്രാ ദേവിതന്നേയും
പൃത്ഥ്വീശപത്നിമാർ മറ്റുള്ളവരേയും
ഭക്ത്യാതൊഴുതു കരേറ്റി മന്ദം തുഴ-
ഞ്ഞസ്തഭീത്യാ കടത്തീടിനാനാദരാൽ
ഉമ്പർതടിനിയെ കുമ്പിട്ടനാകുലം
മുമ്പേ കടന്നിതു വമ്പടയും തദാ.
ശീഘ്രം ഭരദ്വാജതാപസസേന്ദ്രാശ്രമം
വ്യാഘ്രഗോവൃന്ദപൂർണ്ണം വിരോധം വിനാ
സം പ്രാപ്യസം പ്രീതനായ ഭരതനും
വൻപടയൊക്കവേ ദൂരെനിർത്തീടിനാൻ. ................2750
താനുമനുജനുമായുടജാങ്കണേ
സാനന്ദമാവിശ്യ നിന്നോരനന്തരം
ഉജ്ജ്വലന്തം മഹാതേജസാ താപസം
വിജ്വരാത്മാനമാസീനം വിധിസമം
ദൃഷ്ട്വാ നനാമ സാഷ്ടാംഗം സസോദരം
പുഷ്ടഭക്ത്യാ ഭരദ്വാജമുനീശ്വരം
ജ്ഞാത്വാ ദശരഥനന്ദനം ബാലകം
പ്രീത്യൈവ പൂജയാമാസ മുനീന്ദ്രനും.
ഹൃഷ്ടവാചാ കുശലപ്രശ്നവും ചെയ്തു
ദൃഷ്ടവാ തദാ ജടാവൽകലധാരിണം........................2760
തുഷ്ടികലർന്നരുൾ ചെയ്താ’നിതെന്തെടോ
കഷ്ടമിക്കോപ്പുപപന്നമല്ലൊട്ടുമേ
രാജ്യവും പാലിച്ചുനാനാജനങ്ങളാൽ
പൂജ്യനായോരു നീയെന്തിനായിങ്ങനെ
വൽകലവും ജടയും പൂണ്ടു താപസ-
മുഖ്യവേഷത്തെപ്പരിഗ്രഹിച്ചീടുവാൻ?
എന്തൊരുകാരണം വൻപടയോടൂമാ-
ഹന്ത! വനാന്തരേ വന്നതും ചൊല്ലൂ നീ.’
ശ്രുത്വാ ഭരദ്വാജവാക്യം ഭരതനു-
മിത്ഥം മുനിവരൻ തന്നോടു ചൊല്ലിനാൻ:..................2770
‘നിന്തിരുവുള്ളത്തിലേറാതെ ലോകത്തി-
ലെന്തൊരു വൃത്താന്തമുള്ളുമഹാമുനേ!
എങ്കിലും വാസ്തവം ഞാനുണർത്തിപ്പനി-
സ്സങ്കടം പോവാനനുഗ്രഹിക്കേണമേ!
രാമാഭിഷേകവിഘ്നത്തിനു കാരണം
രാമപാദാബ്ജങ്ങളാണ തപോനിധേ!
ഞാനേതുമേയൊന്നറിഞ്ഞീല,രാഘവൻ
കാനനത്തിനെഴുന്നള്ളുവാൻ മൂലവും
കേകയപുത്രിയാമമ്മതൻ വാക്കായ
കാകോളവേഗമേ മൂലമതിന്നുള്ളു...................2780
ഇപ്പോളശുദ്ധനോ ശുദ്ധനോ ഞാനതി-
നിപ്പാദപത്മം പ്രമാണം ദയാനിധേ!
ശ്രീരാമചന്ദ്രനു ഭൃത്യനായ് തല്പാദ-
വാരിജയുഗ്മം ഭജിക്കെന്നിയേ മമ
മറ്റുള്ള ഭോഗങ്ങളാലെന്തൊരു ഫലം?
മുറ്റുമതൊനൊഴിഞ്ഞില്ലൊരാകാംക്ഷിതം.
ശ്രീരാഘവൻ ചരണാന്തികേ വീണു സം-
ഭാരങ്ങളെല്ലാമവിടെസ്സമർപ്പിച്ചു
പൌരവസിഷ്ഠാദികളോടുകൂടവേ
ശ്രീരാമചന്ദ്രനഭിഷേകവും ചെയ്തു....................2790
രാജ്യത്തിനാശുകൂട്ടിക്കോണ്ടുപോയിട്ടു
പൂജ്യനാം ജേഷ്ഠനെ സേവിച്ചുകൊള്ളുവൻ.’
ഇങ്ങനെ കേട്ടുഭരതവാക്യം മുനി
മംഗലാത്മാനമേനം പുണർന്നീടിനാൻ.
ചുംബിച്ചു മൂർദ്ധദ്നി സന്തോഷിച്ചരുളിനാൻ:
‘കിം ബഹുനാ വത്സ! വൃത്താന്തമൊക്കെ ഞാൻ
ജ്ഞാനദൃശാ കണ്ടറിഞ്ഞിരിക്കുന്നൈതു
മാനസേ ശോകമുണ്ടാകൊലാ കേൾക്ക നീ.
ലക്ഷ്മണനേക്കാൾ നിനക്കേറുമേ ഭക്തി
ലക്ഷ്മീപതിയായ രാമങ്കൽ നിർണ്ണയം..................2800
ഇന്നിനിസ്സൽക്കരിച്ചീടുവൻ നിന്നെ ഞാൻ
വന്നപ്ടയോടുമില്ലൊരു സംശയം.
ഊണും കഴിഞ്ഞിങ്ങുറങ്ങി പുലർകാലേ
വേണം രഘുനാഥനെച്ചെന്നു കൂപ്പുവാൻ.’
എല്ല്ലാമരുൾചെയ്തവണ്ണമെനിക്കതി-
നില്ലൊരു വൈമുഖ്യമെന്നു ഭരതനും
കാൽ കഴുകിസ്സമാചമ്യ മുനീന്ദ്രനു-
മേകാഗ്രമാനസനായതി വിദ്രുതം
ഹോമഗേഹസ്ഥനായ് ധ്യാനവും ചെയ്തിതു
കാമസുരഭിയെത്തൽക്ഷണേ കാനനം................2810
ദേവേന്ദ്രലോകസമാനമായ് വന്നിതു;
ദേവകളായിച്ചമഞ്ഞൂ തരുക്കളും.
ദേവവനിതമാരായി ലതകളും
ഭാവനാവൈഭവമെത്രയുമത്ഭുതം!
ഭക്തഭക്ഷ്യാദി പേയങ്ങൾ ഭോജ്യങ്ങളും
ഭുക്തിപ്രസാധനം മറ്റും ബഹുവിധം.
ഭോജനശാലകൾ സേനാഗൃഹങ്ങളും
രാജഗേഹങ്ങളുമെത്രമനോഹരം!
സ്വർണ്ണരത്നവ്രാതനിർമ്മിതമൊക്കവേ
വർണ്ണിപ്പതിന്നു പണിയുണ്ടനന്തനും.................2820
കർമ്മണാ ശാസ്ത്രദൃഷ്ഠേന വസിഷ്ഠനെ-
സ്സമ്മോദമോടു പൂജിച്ചിതു മുമ്പിനാൽ.
പശ്ചാത് സസൈന്യം ഭരതം സസോദര-
മിച്ഛാനുരൂപേണ പൂജിച്ചനന്തരം
തൃപ്തരായ് തത്ര ഭരദ്വാജമന്ദിരേ
സുപ്തരായാരമരാവതീസന്നിഭേ.
ഉത്ഥാനവുംചെയ്തുഷസി നിയമങ്ങൾ
കൃത്വാഭരദ്വാജപാദങ്ങൾ കൂപ്പിനാർ.
താപസൻ തന്നോടനുജ്ഞയും കൈക്കൊണ്ടു
ഭൂപതിനന്ദനന്മാരും പുറപ്പെട്ടു......................2830
ചിത്രകൂടാചലം പ്രാപ്യമഹാബലം
തത്രപാർപ്പിച്ചു ദൂരേ കിഞ്ചിദന്തികെ
മിത്രമായോരു ഗുഹനും സുമന്ത്രരും
ശത്രുഘ്നനും താനുമായി ബ്ഭരതനും
ശ്രീരാമസന്ദർശനാകാംഷയാ മന്ദ-
മാരാഞ്ഞു നാനാ തപോധനമണ്ഡലേ
കാണാഞ്ഞോരോരോ മുനിവരന്മാരോടൂ
താണു തൊഴുതു ചോദിച്ചുമത്യാദരം:
‘കുത്രവാഴുന്നു രഘൂത്തമനത്ര സൌ-
മിത്രിയോടൂം മഹീപുത്രിയോടും മുദാ?‘..................2840
ഉത്തമനായ ഭരതകുമാരനോ-
ടുത്തരം താപസന്മാരുമരുൾ ചെയ്തു:
‘ഉത്തരതീരേ സുരസരിത:സ്ഥലേ
ചിത്രകൂടാദ്രിതൻ പാർശ്വേ മഹാശ്രമേ
ഉത്തമപൂരുഷൻ വാഴുന്നി’തെന്നു കേ-
ട്ടെത്രയും കൌതുകത്തോടെ ഭരതനും
തത്രൈവ ചെന്നനേരത്തു കാണായ് വന്നി-
തത്യൽഭുതമായ രാമചന്ദ്രാശ്രമം.
പുഷ്പഫലദലപൂർണ്ണവല്ലീതരു-
ശഷ്പരമണീയകാനനമണ്ഡലേ..................2850
ആമ്രകദളീബകുളപനസങ്ങ-
ളാമ്രാതകാർജ്ജുനനാഗപുന്നാഗങ്ങൾ
കേരപൂഗങ്ങളും കോവിദാരങ്ങളു-
മേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ-
ശാലികളായതമാലസാലങ്ങളും
ഭൃംഗാദിനാനാ വിഹംഗനാദങ്ങളും
തുംഗമാതംഗഭുജംഗപ്ലവംഗ കു-
രംഗാദി നാനാമൃഗവ്രാതലീലയും
ഭംഗ്യാസമാലോക്യ ദൂരെ ഭരതനുനും............2860
വൃക്ഷാഗ്രസം ലഗ്നവൽകലാലങ്കൃതം
പുഷ്കരാക്ഷാശ്രമം ഭക്ത്യാവണങ്ങിനാൻ.
ഭാഗ്യവാനായഭരതനതുനേരം
മാർഗ്ഗരജസി പതിഞ്ഞു കാണായ് വന്നു
സീതാരഘുനാദപാദാരവിന്ദങ്ങൾ
നൂതനമായതി ശോഭനം പാവനം
അങ്കുശാബ്ജദ്ധ്വജവജ്രമത്സ്യാദികൊ-
ണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്
വീണുരുണ്ടും പണിഞ്ഞും കരഞ്ഞും തദാ
രേണു തന്മൌലിയിൽ കോരിയിട്ടീടിനാൻ.................2870
‘ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ
മുന്നം മയ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതല-
മാരാലെനിക്കു കാണ്മാനവകാശവും
വന്നിതല്ലൊ മുഹുരിപ്പാദപാംസുക്ക-
ളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും
വേദങ്ങളും നാരദാദിമുനികളും.’
ഇത്ഥമോർത്തത്ഭുതപ്രേമരസാപ്ലുത-
ചിത്തനായാനന്ദബാഷ്പാകുലാക്ഷനായ് .....................2880
മന്ദം മന്ദം പരമാശ്രമസന്നിധൌ
ചെന്നു നിന്നോരു നേരത്തു കാണായിതു
സുന്ദരം രാമചന്ദ്രം പരമാനന്ദ-
മന്ദിരമിന്ദ്രാദിവൃന്ദാരകവൃന്ദ-
വന്ദിതമിന്ദിരാമന്ദിരോരസ്ഥല-
മിന്ദ്രാവരജമിന്ദീവരലോചനം
ദൂർവ്വാദളനിഭശ്യാമളം കോമളം
പൂർവ്വജം നീലനളിനദളേക്ഷണം
രാമം ജടാമകുടം വല്കലാംബരം
സോമബിംബാഭപ്രസന്നവക്ത്രാംബുജം...................2890
ഉദ്യത്തരുണാരുണായുതശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായ് വിനോദിച്ചിരിക്കുന്നൊരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസി ശ്രീവത്സലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷ്മണലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം................2900
ചക്ഷു:ശ്രവണപ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേകപത്മജാണ്ഡം പരം
കാരുണ്യപൂർണ്ണം ദശരഥനന്ദന-
മാരണ്യവാസരസികം മനോഹരം.
ദു:ഖവും പ്രീതിയും ഭക്തിയുമുൾക്കൊണ്ടു
തൃക്കാൽക്കൽ വീണു നമസ്കരിച്ചീടീനാൻ.
രാമനവനേയും ശത്രുഘ്നനേയുമാ-
മോദാലെടുത്തു നിവർത്തിസ്സസംഭ്രമം
ദീർഘബാഹുക്കളാലിംഗനം ചെയ്തു
ദീർഘനിശ്വാസവുമന്യോന്യമുൾക്കൊണ്ടു ....................2910
ദീർഘനേത്രങ്ങളിൽ നിന്നു ബാഷ്പോദകം
ദീർഘകാലം വാർത്തു സോദരന്മാരെയും
ഉത്സംഗസീമനി ചേർത്തുപുനരപി
വത്സങ്ങളുമണച്ചാനന്ദപൂർവ്വകം
സത്സംഗമേറെയുള്ളൊരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.
ശത്രുഘ്നനുമതിഭക്തി കലർന്നു സൌ-
മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ.
ഉഗ്രതൃഷാർത്തന്മാരായ പശുകുല-
മഗ്രേ ജലാശയം കണ്ടപോലെ തദാ................2920
വേഗേന സന്നിധൌ ചെന്നാശുകണ്ടിതു
രാഘവൻ തൻ തിരുമേനി മാതാക്കളും.
രോദനം ചെയ്യുന്നമാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തികൈക്കൊണ്ടു കൌസല്യയും
പുത്രനുബാഷ്പധാരാഭിഷേകം ചെയ്തു
ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-
നൂഢമോദം മുലയും ചുരന്നു തദാ.
അന്യരായുള്ളൊരു മാതൃജനത്തേയും
പിന്നെ നമസ്കരിച്ചീടിനാനാദരാൽ.......................2930
ലക്ഷ്മണൻ താനുമവ്വണ്ണം വണങ്ങിനാൻ
ലക്ഷ്മീസമയായ ജാനകീദേവിയും.
ഗാഢമാശ്ലിഷ്യ കൌസല്യാദികൾ സമാ-
രൂഢഖേദം തുടച്ചീടിനാർ കണ്ണുനീർ.
തത്ര സമാഗമം ദൃഷ്ട്വാ ഗുരുവരം
ഭക്ത്യാവസിഷ്ഠം സാഷ്ടാംഗമാമ്മാറുടൻ
നത്വാ രഘൂത്തമനാശു ചൊല്ലീടിനാ-
‘നെത്രയും ഭാഗ്യവാൻ ഞാനെന്നു നിർണ്ണയം.
താതനു സൌഖ്യമല്ലീ നിജ മാനസേ
ഖേദമുണ്ടോ പുനരെന്നെപ്പിരികയാൽ?....................2940
എന്തോന്നു ചൊന്നതെന്നോടു ചൊല്ലീടുവാ-
നെന്തു സൌമിത്രിയെക്കൊണ്ടു പറഞ്ഞതും?”
രാമവാക്യം കേട്ടു ചൊന്നാൻ വസിഷ്ഠനും:
‘ധീമതാം ശ്രേഷ്ഠ! താതോദന്തമാശൂ കേൾ.
നിന്നെപ്പിരിഞ്ഞതുതന്നെ നിരൂപിച്ചു
മന്നവൻ പിന്നെയും പിന്നെയും ദു:ഖിച്ചു
രാമരാമേതി സീതേതി കുമാരേതി
രാമേതി ലക്ഷ്മണേതി പ്രലാപം ചെയ്തു
ദേവലോകം ചെന്നുപുക്കാനറിക നീ
ദേവഭോഗേന സുഖിച്ചു സന്തുഷ്ടനായ്.’.....................2950
കർണ്ണശൂലാഭം ഗുരുവചനം സമാ-
കർണ്യരഘുവരൻ വീണിതുഭുമിയിൽ.
തൽക്ഷണമുച്ചൈർവിലപിച്ചിതേറ്റവും
ലക്ഷ്മണനോടു ജനനീജനങ്ങളും
ദു:ഖ്യമാലോക്യ മറ്റുള്ളജനങ്ങളു-
മൊക്കെവാവിട്ടു കരഞ്ഞുതുടങ്ങിനാർ:
‘ ഹാ! താത!മാം പരിത്യജ്യ വിധിവശാ-
ലേതൊരു ദിക്കിനു പോയിതയ്യോഭവാൻ!
ഹാ ഹാ ഹതോഹമനാഥോസ്മി മാമിനി-
സ്നേഹേനലാളിപ്പതാരനുവാസരം......................2960
ദേഹമിനി ത്യജിച്ചീടുന്നതുണ്ടു ഞാൻ
മോഹമെനിക്കിനിയില്ല ജീവിക്കയിൽ.’
സീതയും സൌമിത്രിതാനുമവ്വണ്ണമേ
രോദനം ചെയ്തു വീണീടിനാർ ഭൂതലെ.
തദ്ദശായാം വസിഷ്ഠോക്തികൾ കേട്ടവ-
രുൾത്താപമൊട്ടു ചുരുക്കി മരുവിനാർ.
മന്ദാകിനിയിലിറങ്ങിക്കുളിച്ചവർ
മന്ദേതരമുദകക്രിയയും ചെയ്താർ.
പിണ്ഡം മധുസഹിതേംഗുദീ സൽഫല-
പിണ്യാകനിർമ്മതാംന്നംകൊണ്ടു വച്ചിതു.....................2970
യതൊരന്നം താൻ ഭുജിക്കുന്നതുമതു
സാദരംനൽക പിതൃക്കൾക്കുമെന്നല്ലൊ
വേദസ്മൃതികൾ വിധിച്ചതെന്നോർത്തതി-
ഖേദേന പിണ്ഡദാനാനന്തരം തദാ
സ്നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ
സ്നാനാദനന്തരം പ്രാപിച്ചിതാശ്രമം,
അന്നുപവാസവും ചെയ്തിതെല്ലാവരും
വന്നുദിച്ചീടിനാനാദിത്യദേവനും.
മന്ദാകിനിയിൽ കുളീച്ചൂത്തു സന്ധ്യയും
വന്ദിച്ചു പോന്നാശ്രമേ വസിച്ചീടിനാർ.....................2980