Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരതപ്രലാപം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


‘ഹാ താത! ദുഃഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവൻ-
തന്നുടെ കൈയ്യിൽ സമർപ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങൾക്കുമാരുടയോരിനി ദൈവമേ!’
പുത്രനീവണ്ണം കരയുന്നതുനേര-
മുത്ഥാപ്യ കൈകേയി കണ്ണുനീരും തുട-
‘ച്ചാസ്വസിച്ചീടുക ദുഃഖേന കിം ഫല-
മീശ്വരകല്പിതമെല്ലാമറിക നീ.
അഭ്യുദയം വരുത്തീടിനേൻ ഞാൻ തവ
ലഭ്യമെല്ലാമേ ലഭിച്ചിതറിക നീ.’
മാതൃവാക്യം സമാകർണ്യഭരതനും
ഖേദപരവശചേതസാ ചോദിച്ചു:
‘ഏതാനുമൊന്നു പറഞ്ഞതില്ലേ മമ
താതൻ മരിക്കുന്നനേരത്തു മാതാവേ!’
‘ഹാ രാമ രാമ! കുമാര! സീതേ! മമ
ശ്രീരാമ! ലക്ഷ്മണ! രാമ! രാമ! രാമ!
സീതേ! ജനകസുതേതി പുന:പുന-
രാതുരനായ് വിലാപിച്ചു മരിച്ചിതു
താത’നതു കേട്ടനേരം ഭരതനും
മാതാവിനോടു ചോദിച്ചാ’നതെന്തയ്യോ!
താതൻ മരിക്കുന്ന നേരത്തു രാമനും
സീതയും സൌമിത്രിയുമരികത്തില്ലേ?’
എന്നതു കേട്ടു കൈകേയിയും ചൊല്ലിനാൾ:
‘മന്നവൻ രാമനഭിഷേകമാരഭ്യ-
സന്നദ്ധനായതു കണ്ടനേരത്തു ഞാ-
നെന്നുടെ നന്ദനന്തന്നെ വാഴിക്കണം
എന്നുപറഞ്ഞഭിഷേകം മുടക്കിയേൻ
നിന്നോടതിൻ പ്രകാരം പറയാമല്ലൊ.
രണ്ടുവരം മമ തന്നു തവ പിതാ,
പണ്ടതിലൊന്നിനാൽ നിന്നെ വാഴിക്കെന്നും
രാമൻ വനത്തിനുപോകെന്നു മറ്റതും
ഭൂമിപൻ തന്നോടിതുകാലമർത്ഥിച്ചേൻ.
സത്യപരായണനായ നരപതി
പൃത്ഥ്വീതലം നിനക്കും തന്നു രാമനെ
കാനനവാസത്തിനായയച്ചീടിനാൻ
ജാനകീദേവി പാതിവ്രത്യമാലംബ്യ
ഭർത്താ‍സമം ഗമിച്ചീടിനാളാശുസൌ-
മിത്രിയും ഭ്രാതാവിനോടു കൂടെപ്പോയാൻ.
താതനവരെ നിനച്ചു വിലാപിച്ചു
ഖേദേനരാമരാമേതി ദേവാലയം
പുക്കാനറി’കെന്നു മാതൃവാക്യം കേട്ടു
ദുഃഖിച്ചു ഭൂമിയിൽ വീണു ഭരതനും
മോഹം കലർന്നനേരത്തു കൈകേയിയു-
‘മാഹന്ത ശോകത്തിനെന്തൊരു കാരണം?
രാജ്യം നിനക്കു സമ്പ്രാപ്തമായ് വന്നിതു
പൂജ്യനായ് വാഴ്കചാപല്യം കളഞ്ഞു നീ.’
എന്നു കൈകേയി പറഞ്ഞതു കേട്ടുട-
നൊന്നു കോപിച്ചു നോക്കീടിനൻ മാതരം
ക്രോധാഗ്നിതന്നിൽ ദഹിച്ചുപോമമ്മയെ-
ന്നാധിപൂണ്ടീടിനാർ കണ്ടുനിന്നോർകളും
‘ഭർത്താവിനെക്കൊന്ന പാപേ! മഹാഘോരേ!
നിസ്ത്രപേ! നിർദ്ദയേ! ദുഷ്ടേ! നിശാചരീ!
നിന്നുടെ ഗർഭത്തിലുത്ഭവിച്ചേനൊരു
പുണ്യമില്ലാത്തമഹാപാപി ഞാനഹോ.
നിന്നോടുരിയാടരുതിനി ഞാൻ ചെന്നു
വഹ്നിയിൽ വീണുമരിപ്പ,നല്ലായ്കിലോ
കാളകൂടം കുടിച്ചീടുവ,നല്ലായ്കിൽ
വാളെടുത്താശു കഴുത്തറുത്തീടുവൻ.
വല്ല കണക്കിലും ഞാൻ മരിച്ചീടുവ-
നില്ലൊരു സംശയം ദുഷ്ടെ ഭയങ്കരീ!
ഘോരമായുള്ള കുംഭീപാകമാകിയ
നാരകംതന്നിൽ വസിക്കിതുമൂലം.’
ഇത്തരം മാതരം ഭർത്സിച്ചു ദുഃഖിച്ചു
സത്വരം ചെന്നു കൌസല്യാഗൃഹം പുക്കാൻ.
പാദേ നമസ്കരിച്ചൊരു ഭരതനെ
മാതാവും കൊസല്യയും പുണർന്നീടിനാൾ.
കണ്ണുനീരോടും മെലിഞ്ഞതു ദീനയായ്
ഖിന്നയായോരു കൌസല്യ ചൊല്ലീടിനാൾ;
‘കർമ്മദോഷങ്ങളിതെല്ലാമകപ്പെട്ടി-
തെന്മകൻ ദൂരത്തകപ്പെട്ട കാരണം.
ശ്രീരാമനുമനുജാതനും സീതയും
ചീരംബരജടാധാരികളായ് വനം
പ്രാപിച്ചിതെന്നെയും ദുഃഖാംബുരാശിയിൽ
താപേന മഗ്നയാക്കീടിനാർ നിർദ്ദയം.
ഹാ! രാമ! രാമ! രഘുവംശനായക!
നാരായണ! പരമാത്മൻ ജഗല്പതേ!
നാഥ! ഭവാൻ മമ നന്ദനനായ് വന്നു
ജാതനായീടിനാൻ കേവലമെങിലും
ദുഃഖമെന്നെപ്പിരിയുന്നീലൊരിക്കലു-
മുൾക്കാമ്പിലോർത്താൽ വിധിബലമാം തുലോം.’
ഇത്ഥം കരയുന്ന മാതാവു തന്നെയും
നത്വാ ഭരതനും ദുഃഖേന ചൊല്ലിനാൻ:
‘ആതുരമാനസയായ്കിതുകൊണ്ടു
മാതാവു ഞാൻ പറയുന്നതു കേൾക്കണം.
രാഘവരാജ്യാഭിഷേകം മുടക്കിയാൾ
കൈകേയിയാകിയ മാതാവു മാതാവേ!
ബ്രഹ്മഹത്യാശതജാതമാം പാപവു-
മമ്മേ ഭുജിക്കുന്നതുണ്ടു ഞാൻ നിർണയം
ബ്രഹ്മാത്മജനാം വസിഷ്ഠമുനിയെയും
ധർമ്മദാരങ്ങളരുന്ധതി തന്നെയും
ഖഡ്ഗേന നിഗ്രഹിച്ചാലുള്ള പാപവു-
മൊക്കെയനുഭവിച്ചീടുന്നതുണ്ടു ഞാൻ.’
ഇങ്ങനെ നാനാശപഥങ്ങളും ചെയ്തു
തിങ്ങിന ദുഃഖം കലർന്നുഭരതനും
കേഴുന്ന നേരം ജനനിയും ചൊല്ലിനാൾ:
‘ദോഷം നിനക്കേതുമില്ലെന്നറിഞ്ഞു ഞാൻ.’
ഇത്ഥം പറഞ്ഞു പുണർന്നു ഗാഢം ഗാഢ-
മുത്തമാംഗേ മുകർന്നാളതു കണ്ടവ-
രൊക്കെ വാവിട്ടു കരഞ്ഞു തുടങ്ങിനാ-
രക്കഥ കേട്ടു വസിഷ്ഠമുനീന്ദ്രനും
മന്ത്രിജനത്തോടൂ മൻപോടെഴുന്നള്ളി
സന്താപമോടെ തൊഴുതു ഭരതനും
രോദനം കണ്ടരുൾ ചെയ്തു വസിഷ്ഠനും:
ഖേദം മതി മതി കേളിതു കേവലം
വൃദ്ധൻ ദശരഥനാകിയ രാജാധിപൻ
സത്യപരക്രമൻ വിജ്ഞാനവീര്യവാൻ
മർത്ത്യസുഖങ്ങളാം രാജഭോഗങ്ങളും
ഭുക്ത്വാ യഥാവിധി യജ്ഞങ്ങളും ബഹു
കൃത്വാ ബഹുധനദക്ഷിണയും മുദാ
ദത്വാ ത്രിവിഷ്ടപം ഗത്വാ യഥാസുഖം
ലബ്ധ്വാ പുരന്ദരാർദ്ധാസനം ദുർല്ലഭം
വൃത്രാരിമുഖ്യത്രിദശൌഘവന്ദ്യനാ-
യാന്ദമോടിരിക്കുന്നതിനെന്തു നീ-
യാനനം താഴ്ത്തി നേത്രാംബു തൂകീടുന്നു?
ശുദ്ധാത്മനാ ജന്മനാശാദിവർജ്ജിതൻ
നിത്യൻ നിരുപമനവ്യയ ദ്വയൻ
സത്യസ്വരൂപൻ സകലജഗത്മയൻ
മൃത്യുജന്മാദിഹീനൻ ജഗൽകാരണൻ.
ദേഹമത്യർത്ഥം ജഡം ക്ഷണഭംഗുരം
മോഹൈകകാരണം മുക്തിവിരോധകം
ശുദ്ധിവിഹീനം പവിത്രമല്ലൊട്ടുമേ
ചിത്തേ വിചാരിച്ചു കണ്ടാലൊരിക്കലും
ദുഃഖിപ്പതിനവകാശമില്ലേതുമേ
ദുഃഖേന കിം ഫലം മൃത്യുവശാത്മനാം?
താതെനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതിമൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി-
ച്ചേറെത്തളർന്നു മോഹിച്ചു വീണീടുവോർ
നിസ്സാരമെത്രയും സംസാരമോർക്കിലോ
സത്സംഗമൊന്നേ ശുഭകരമായുള്ളു
തത്ര സൌഖ്യം വരുത്തീടുവാൻ നല്ലതു
നിത്യമായുള്ള ശാന്തിയറിക നീ.
ജന്മമുണ്ടാകുകിൽ മരണവും നിശ്ചയം
ജന്മം മരിച്ചവർക്കും വരും നിർണ്ണയം
ആർക്കും തടുക്കരുതാതൊരവസ്ഥയെ-
ന്നോർക്കണമെല്ലാം സ്വകർമ്മവശാഗതം
തത്ത്വമറിഞ്ഞുള്ള വിദ്വാനൊരിക്കലും
പുത്രമിത്രാദി കളത്രാദി വസ്തുനാ
വേർപെടുന്നേരം ദുഃഖമില്ലേതുമേ
സ്വോപൊതമെന്നാൽ സുഖവുമില്ലേതുമേ.
ബ്രഹ്മാണ്ഡകോടികൾ നഷ്ടങ്ങളായതും
ബ്രഹ്മണാ സൃഷ്ടങ്ങളായതും പാർക്കിലോ
സംഖ്യയില്ലാതോളമുണ്ടിതെന്നാൽ ക്ഷണ-
ഭംഗുരമായുള്ള ജീവിതകാലത്തി-
ലെന്തൊരാസ്ഥാ മഹാജ്ഞാനിനാമുള്ളതും?
ബന്ധമെന്തീ ദേഹദേഹികൾക്കെന്നതും
ചിന്തിച്ചു മായാഗുണവൈഭവങ്ങളു-
മന്തർമുദാ കണ്ടവർക്കെന്തു സംഭ്രമം?
കമ്പിതപത്രാഗ്രലഗ്നാംബുബിന്ദുവൽ-
സമ്പതിച്ചീടുമായുസ്സതി നശ്വരം.
പ്രാക്തനദേഹസ്ഥകർമണാ പിന്നേയും
പ്രാപ്തമാം ദേഹിക്കു ദേഹം പുനരപി.
ജീർണ്ണവസ്ത്രങ്ങളുപേക്ഷിച്ചു ദേഹികൾ
പൂർണശോഭം നവവസ്ത്രങ്ങൾ കൊള്ളൂന്നു.
കാലചക്രത്തിൻ ഭ്രമണവേഗത്തിനു
മൂലമിക്കർമ്മഭേദങ്ങളറിക നീ.
ദുഃഖത്തിനെന്തു കാരണം ചൊല്ലു നീ
മുഖ്യജനമതം കേൾക്ക ഞാൻ ചൊല്ലുവൻ.
ആത്മാവിനില്ല ജനനം മരണവു-
മാത്മനി ചിന്തിക്ക ഷഡ്ഭാവവുമില്ല.
നിത്യനാനന്ദസ്വരൂപൻ നിരാകുലൻ
സത്യസ്വരൂപൻ സകലേശ്വരൻ ശാശ്വതൻ
ബുദ്ധ്യാദിസാക്ഷി സർവാത്മാ സനാതനൻ
അദ്വൈയനേകൻ പരൻ പരമൻ ശിവൻ
ഇത്ഥമനാരതം ചിന്തിച്ചു ചിന്തിച്ചു
ചിത്തേ ദൃഢമായറിഞ്ഞു ദുഃഖങ്ങളും
ത്യക്ത്വാ തുടങ്ങുക കർമ്മ സമൂഹവും
സത്വരമേതും വിഷാദമുണ്ടാകൊലാ.’