അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/അഭിഷേകവിഘ്നം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


വാനവരെല്ലാവരുമൊത്തു നിരൂപിച്ചു
വാണീഭഗവതിതന്നോടപേക്ഷിച്ചു
“ലോകമാതാവേ! സരസ്വതീ! ഭഗവതി!
വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം
രാമാഭിഷേകവിഘ്നം വരുത്തീടുവാനാ-
യവരും മറ്റില്ല നിരൂപിച്ചാൽ
ചെന്നുടൻ മന്ഥരതന്നുടെ നാവിന്മേൽ-
ത്തന്നെ വസിച്ചവളെക്കൊണ്ടു ചൊല്ലിച്ചു
പിന്നെ വിരവോടു കൈകേയിയെക്കൊണ്ടു
തന്നെ പറയിച്ചുകണ്ടു മുടക്കണം.
പിന്നെയിങ്ങോട്ടെഴുന്നള്ളാം മടിക്കരു-
തെന്നാമരന്മാർ പറഞ്ഞോരനന്തരം
വാണിയും മന്ഥരതൻ വദനാന്തരേ
വാണീടിനാൾ ചെന്നു ദേവകാര്യാർത്ഥമായ്.

അപ്പോൾ ത്രിവക്രയാം കുബ്ജയും മാനസേ
കൽപ്പിച്ചുറച്ചുടൻ പ്രാസാദമേറിനാൾ
വേഗേന ചെന്നൊരു മന്ഥരയെക്കണ്ടു
കൈകേയിതാനുമവളോടു ചൊല്ലിനാൾ.
“മന്ഥരേ ചൊല്ലൂ നെ രാജ്യമെല്ലാടവു-
മെന്തരുമൂലമലങ്കരിച്ചീടുവാൻ?”
“നാളീകലോചനനാകിയ രാമനു
നാളെയഭിഷേകമുണ്ടെന്നു നിർണ്ണയം
ദുർഭഗേ മൂഢേ! മഹാഗർവ്വിതേ! കിട-
ന്നെപ്പോഴും നീയുറങ്ങീടൊന്നറിയാതെ.
ഏറിയോരാപത്തു വന്നടുത്തു നിന-
ക്കാരുമൊരു ബന്ധുവില്ലെന്നു നിർണ്ണയം
രാമാഭിഷേകമടുത്തനാളുണ്ടെടോ!
കാമിനിമാർകുലമൌലിമാണിക്യമേ!“

ഇത്തരമവൾ ചൊന്നതുകേട്ടു സംഭ്രമി-
ച്ചുത്ഥാനവുംചെയ്തു കേകയപുത്രിയും
ഹിത്രമായൊരു ചാമീകരനൂപുരം.
ചിത്തമോദേന നല്കീടിനാളാദരാൽ.
“സന്തോഷമാർന്നിരിക്കുന്നകാലത്തിങ്ക-
ലെന്തൊരു താപമുപാഗതമെന്നു നീ
ചൊല്ലുവാൻ കാരണം ഞാനരിഞ്ഞീലതി-
നില്ലൊരവകാശമേതും നിരൂപിച്ചാൽ.
എന്നുടെ രാമകുമാരനോളം പ്രിയ-
മെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ.
അത്രയുമല്ല ഭരതനേക്കാൾ മമ
പുത്രനാം രാമനെ സ്നേഹമെനിക്കേറും
രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്ര മറ്റാരെയുമില്ലെന്നറിക നീ
നല്ല വസ്തുക്കളെനിക്കു തന്നേ മറ്റു
വല്ലവർക്കും കൊടുപ്പൂ മമ നന്ദനൻ.
ഇഷ്ടമില്ലാതൊരു വാക്കു പറകയി-
ല്ലൊട്ടുമേ ഭേദമില്ലവനൊരിക്കലും.
അശ്രാന്തമെന്നെയത്രേ മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പരിപൂർവ്വകം.
മൂഢേ! നിനക്കെന്തു രാമങ്കൽനിന്നൊരു
പേടിയുണ്ടാവാനവകാശമായതും
സർവ്വജനപ്രിയനല്ലോ മമാത്മജൻ
നിർവ്വൈരമാനസൻ ശാന്തൻ ദയാപരൻ!"

കേകയപുത്രിതൻ വാക്കു കേട്ടള-
വാകുലചേതസാ പിന്നെയും ചൊല്ലിനാൾ.
“പാപേ മഹാഭയകാരണം കേൾക്ക നീ
ഭൂപതി നിന്നെ വഞ്ചിച്ചതറിഞ്ഞീലേ?
ത്വൽ‌പുത്രനായ ഭരതനേയും ബലാൽ
തൽ‌പ്രിയനായ ശത്രുഘ്നനേയും നൃപൻ
മാതുലനെക്കാണ്മാന്നായയച്ചതും
ചേതസി കൽപ്പിച്ചുകൊണ്ടുതന്നേയിതു
രാജ്യാഭിഷേകം കൃതം രാമനെകിലോ
രാജ്യാനുഭൂതി സൌമിത്രിക്കു നിർണ്ണയം
ഭാഗ്യമത്രേ സുമിത്രയ്ക്കതുംകണ്ടു നിർ-
ഭാഗ്യമായൊരു നീ ദാസിയായ് നിത്യവും
കൌസല്യതന്നെപ്പരിചരിച്ചീടുക.
കൌസല്യാനന്ദനന്തന്നെബ്ഭരതനും
സേവിച്ചുകൊണ്ടു പൊറുക്കെന്നതും വരും.
ഭാവിക്കയും വേണ്ട രാജത്വമേതുമേ,
നാട്ടിൽനിന്നാട്ടിക്കളകിലുമൊരു
വാട്ടം വരാതെ വധിച്ചീടുകിലുമാം.
സാപത്ന്യജാതപരാഭവംകൊണ്ടുള്ള
താപവും പൂണ്ടു ധരണിയിൽ വാഴ്കയിൽ!
നല്ല മരണമതിനില്ല സംശയം
കൊല്ലുവാൻ ഞാൻ തവ നല്ലതു കേൾക്ക നീ.
ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലം
ത്വൽ‌സുതൻ‌തന്നെ വാഴിക്കും നരവരൻ.
രാമനീരേഴാണ്ടു കാനനവാസവും
ഭൂമിപാലാജ്ഞയാ ചെയ്യുമാറാക്കണം.
നാടടക്കം ഭരതന്നു വരുമതി-
പ്രൌഢകീർത്ത്യാ നിനക്കും വസിക്കാം ചിരം.
വേണമെന്നാകിലതിന്നൊരുപായവും
പ്രാണസമേ! തവ ചൊല്ലിത്തരുവാൻ ഞാൻ.
മുന്നം സുരാസുരയുദ്ധേ ദശരഥൻ-
തന്നെ മിത്രാർത്ഥം തന്നെ മഹേന്ദ്രനർത്ഥിക്കയാൽ
മന്നവൻ ചാപബാണങ്ങളും കൈക്കൊണ്ടു
തന്നുടെ സൈന്യസമേതം തേരേറിനാൻ.
നിന്നോടുകൂടവേ വിണ്ണിലകം‌പുക്കു
സന്നദ്ധനായിച്ചെന്നസുരരോടേറ്റപ്പോൾ
ഛിന്നമായ്‌വന്നുരഥാക്ഷകീലം പോരി-
ലെന്നതറിഞ്ഞതുമില്ല ദശരഥൻ.
സത്വരം കീലരന്ധ്രത്തിങ്കൽ നിന്നുടെ
ഹസ്തദണ്ഡം സമാവേശ്യ ധൈര്യേണ നീ.
ചിത്രമത്രേ പതിപ്രാണരക്ഷാർത്ഥമായ്
യുദ്ധം കഴിവോളമങ്ങിനെ നിന്നതും
ശത്രുക്കളെ വധം ചെയ്തു പൃഥീന്ദ്രനും
യുദ്ധ നിവൃത്തനായൊരു ദശാന്തരേ
നിൻ തൊഴിൽ കണ്ടതി സന്തോഷമുൾക്കൊണ്ടു
ചെന്തളിർമേനി പുണർന്നു പുണർന്നുടൻ
പുഞ്ചിരി പൂണ്ടു പറഞ്ഞിതു ഭൂപനും
“നിൻ ചരിതം നന്നു നന്നു നിരൂപിച്ചാൽ
രണ്ടു വരം തരാം നീയെന്നെ രക്ഷിച്ചു-
കൊണ്ടതു മൂലം വരിച്ചുകൊണ്ടാലും നീ!“
ഭർത്തൃവാക്യം കേട്ടു നീയുമന്നേരത്തു
ചിത്തസമോദം കലർന്നു ചൊല്ലീടിനാൻ,
“ദത്തമായോരു വരദ്വയം സാദരം
ന്യസ്തംഭവതി മയാ നൃപതീശ്വരാ!
ഞാനൊരവസരത്തിങ്കലപേക്ഷിച്ചാ-
ലൂനം വരാതെ തരികെന്നതേവേണ്ടൂ“
എന്നു പറഞ്ഞിരിയ്ക്കുന്ന വരദ്വയ-
മിന്നപേക്ഷിച്ചുകൊള്ളേണം മടിയാതെ
ഞാനും മറന്നു കിടന്നിതു മുന്നമേ
മാനസേ തോന്നി ബലാലീശ്വരാജ്ഞയാ,
ധീരതയോടിനി ക്ഷിപ്രമിപ്പോൾ ക്രോധാ-
ഗാരം പ്രവിശ്യ കോപേന കിടക്ക നീ,
ആഭരണങ്ങളും പൊട്ടിച്ചെറിഞ്ഞതി-
ശോഭപൂണ്ടൊരു കാർകൂന്തലഴിച്ചിട്ടു
പൂമേനിയും പൊടികൊണ്ടങ്ങണിഞ്ഞിഹ
ഭൂമിയിൽത്തന്നെ മലിനാംബരത്തൊടും,
കണ്ണുനീരാലേ മുഖവും മിഴികളും,
നന്നായ് നനച്ചു, കരഞ്ഞു കരഞ്ഞു കൊ-
ണ്ടർത്ഥിച്ചു കൊൾക വരദ്വയം ഭൂപതി
സത്യം പറഞ്ഞാലുറപ്പിച്ചു മാനസം”
മന്ഥര ചൊന്നപോലെയതിനേതുമൊ-
രന്തരം കൂടാതെ ചെന്നു കൈകേയിയും
പത്ഥ്യമിതൊക്കെത്തനിയ്ക്കെന്നു കൽപ്പിച്ചു
ചിത്തമോഹേന കോപാലയേ മേവിനാൾ
കൈകേയി മന്ഥരയോടു ചൊന്നാളിനി
‘രാഘവൻ കാനനത്തിന്നു പോകോളവും
ഞാനിവിടെക്കിടന്നീടുവനല്ലായ്കിൽ
പ്രാണനേയും കളഞ്ഞീടുവൻ നിർണ്ണയം,
ഭൂപരിത്രാണാർത്ഥമിന്നു ഭരതനു
ഭൂപതി ചെയ്താനഭിഷേകമെങ്കിൽ ഞാൻ
വേറെ നിനക്കു ഭോഗാർത്ഥമായ് നൽകുവൻ
നൂറു ദേശങ്ങളതിനില്ല സംശയം.’
‘ഏതുമിതിനൊരിളക്കം വരായ്കിൽ നീ
ചേതസി ചിന്തിച്ച കാര്യം വരും ദൃഢം.“
എന്നു പറഞ്ഞു പോയീടിനാൾ മന്ഥര
പിന്നെയവ്വണ്ണമനുഷ്ഠിച്ചു രാജ്ഞിയും
ധീരനായേറ്റം ദയാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ്നിജ-
ദേശിക വാക്യസ്ഥിതനായ് സുശീലനാ-
യാശയശുദ്ധനായ് വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിയ്ക്കിലും
ദുഷ്ടസംഗം കൊണ്ടു കാലാന്തരത്തിനാൽ
സജ്ജന നിന്ദ്യനായ് വന്നുകൂടും ദൃഢം
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിയ്ക്കവേണം പ്രയത്നേന സല്പുമാൻ,
കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.
എങ്കിലേ രാജാ ദശരഥനാദരാൽ
പങ്കജനേത്രാഭ്യുദയം നിമിത്തമായ്
മന്ത്രിപ്രഭൃതികളോടും പറഞ്ഞുകൊ-
ണ്ടന്ത:പുരമകം പുക്കരുളീടിനാൻ.
അന്നേരമാത്മപ്രിയതമയാകിന
തന്നുടെ പത്നിയെക്കാണായ്ക കാരണം
എത്രയും വിഹ്വലനായോരു ഭൂപനും
ചിത്തതാരിങ്കൽ നിരൂപിച്ചിതീദൃഢം
‘മന്ദിരം തന്നിൽ ഞാൻ ചെന്നു കൂടും വിധൌ
മന്ദസ്മിതം ചെയ്തരികെ വരും പുരാ
സുന്ദരിയാമവളിന്നെങ്ങു പോയിനാൾ?
മന്ദമാകുന്നിതുന്മേഷമെൻ മാനസേ
“‘ചൊല്ലുവിൻ ദാസികളേ!ഭവത് സ്വാമിനി
കല്യാണഗാത്രി മറ്റെങ്ങു പോയീടിനാൾ?“
ഏവം നരപതി ചോദിച്ച നേരത്തു
ദേവിതന്നാളികളും പറഞ്ഞീടിനാർ:
“ക്രോധാലയം പ്രവേശിച്ചിതതിൻ മൂല-
മേതു മറിഞ്ഞീല ഞങ്ങളോ മന്നവ!
തത്ര ഗത്വാ നിന്തിരുവടി ദേവി തൻ
ചിത്തമനുസരിച്ചീടുക വൈകാതെ”‘
എന്നതു കേട്ടു ഭയേനമഹീപതി
ചെന്നങ്ങരികത്തിരുന്നു സസംഭ്രമം
മന്ദമന്ദംതലോടിത്തലോടി “പ്രിയേ!
സുന്ദരീ! ചൊല്ലുചൊല്ലെന്തിതു വല്ലഭേ?
നാഥേ!വെറും നിലത്തുള്ള പൊടിയണി-
ഞ്ഞാതങ്കമോടു കിടക്കുന്നതെന്തു നീ?
ചേതോവിമോഹനരൂപേ! ഗുണശീലേ!
ഖേദമുണ്ടായതെന്തെന്നോടു ചൊൽകെടോ,
മൽ പ്രജാവൃന്ദമായുള്ളവരാരുമേ
വിപ്രിയം ചെയ്കയുമില്ല നിനക്കെടോ
നാരികളോ, നരന്മാരോ ഭവതിയോ-
ടാരൊരു വിപ്രിയം ചെയ്തതു വല്ലഭേ!
ദണ്ഡ്യനെന്നാകിലും വദ്ധ്യനെന്നാകിലും
ദണ്ഡമെനിയ്ക്കതിനില്ല നിരൂപിച്ചാൽ
നിർദ്ധനനെത്രയുമിഷ്ടം നിനക്കെങ്കി-
ലർത്ഥപതിയാക്കി വയ്പനവനെ ഞാൻ
അർത്ഥവാനേറ്റമനിഷ്ടൻ നിനക്കെങ്കിൽ
നിർദ്ധനന്നാക്കുവേനെന്നു മവനെ ഞാൻ
വദ്ധ്യനെ നൂനമവദ്ധ്യനാക്കീടുവൻ
വദ്ധ്യനാക്കീടാമവദ്ധ്യനെ വേണ്ടുകിൽ
നൂനം നിനക്കധീനം മമ ജീവനം
മാനിനീ! ഖേദിപ്പതിനെന്തു കാരണം?
മല്പ്രാണനേക്കാൾ പ്രിയതമനാകുന്നി-
തിപ്പോളെനിയ്ക്കു മല്പുത്രനാം രാഘവൻ
അങ്ങനെയുള്ള രാമൻ മമ നന്ദനൻ
മംഗലശീലനാം ശ്രീരാമനാണെ ഞാൻ
അംഗനാരത്നമേ! ചെയ്‌വൻ തവ ഹിത-
മിങ്ങനെ ഖേദിപ്പിക്കായ്ക മാം വല്ലഭേ!”
ഇത്ഥം ദശരഥൻ കൈകേയി തന്നോടു
സത്യം പറഞ്ഞതു കേട്ടു തെളിഞ്ഞവൾ
കണ്ണുനീരും തുടച്ചുത്ഥാനവും ചെയ്തു
മന്നവൻ തന്നോടു മന്ദമുര ചെയ്താൾ:
സത്യപ്രതിജ്ഞനായുളള ഭവാൻ മമ
സത്യം പറഞ്ഞതു നേരെങ്കിലെന്നുടെ
പത്ഥ്യമായുള്ളതിനെപ്പറഞ്ഞീടുവൻ
വ്യർത്ഥമാക്കീടായ്ക സത്യത്തെ മന്നവാ!
എങ്കിലോ പണ്ടു സുരാസുരായോധനേ
സങ്കടം തീർത്തു രക്ഷിച്ചേൻ ഭവാനെ ഞാൻ
സന്തുഷ്ടചിത്തനായന്നു ഭവാൻ മമ
ചിന്തിച്ചു രണ്ടു വരങ്ങൾ നൽകീലയോ?
വേണ്ടുന്ന നാളപേക്ഷിയ്ക്കുന്നതുണ്ടെന്നു
വേണ്ടും വരങ്ങൾ തരികെന്നു ചൊല്ലി ഞാൻ
വെച്ചിരിക്കുന്നു ഭവാങ്കലതു രണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!
എന്നതിലൊന്നു രാജ്യാഭിഷേകം ഭാവാ-
നിന്നു ഭരതനു ചെയ്യണമെന്നതും
ഭൂപതിവീരൻ ജടാവൽക്കലം പൂണ്ടു
താപസവേഷം ധരിച്ചു വനാന്തരേ
കാലം പതിന്നാലു വത്സരം വാഴണം
മൂലഫലങ്ങൾ ഭുജിച്ചു മഹീപതേ!
ഭൂമി പാലിപ്പാൻ ഭരതനെയാക്കണം
രാമനുഷസ്സി വനത്തിന്നു പോകണം.
എന്നിവ രണ്ടു വരങ്ങളും നൽകുകി-
ലിന്നു മരണമെനിയ്ക്കില്ല നിർണ്ണയം
എന്നു കൈകേയി പറഞ്ഞോരനന്തരം
മന്നവൻ മോഹിച്ചു വീണാനവനിയിൽ
വജ്രമേറ്റദ്രി പതിച്ചപോലെ ഭുവി
സജ്വര തേജസാ വീണിതു ഭൂപനും
പിന്നെ മുഹൂർത്തമാത്രം ചെന്ന നേരത്തു
കണ്ണുനീർ വാർത്തു വിറച്ചു നൃപാധിപൻ
“ദുസ്സഹ വാക്കുകൾ കേൾക്കായതെന്തയ്യോ!
ദുസ്സ്വപ്നമാഹന്ത! കാൺകയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യു സമയമുപസ്ഥിതമാകയോ?
കിംകിമേതൽകൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ പരബ്രഹ്മമേ!“
വ്യാഘ്രിയെപ്പോലെ സമീപേ വസിയ്ക്കുന്ന
മൂർഖമതിയായ കൈകേയി തൻ മുഖം
നോക്കിനോക്കിബ്ഭയം പൂണ്ടു ദശരഥൻ
ദീർഘമായ് വീർത്തുവീർത്തേവമുര ചെയ്തു:
‘എന്തിവണ്ണം പറയുന്നതു ഭദ്രേ! നീ
എന്തു നിന്നോടു പിഴച്ചിതു രാഘവൻ?
മല്പ്രാണഹാനികരമായ വാക്കു നീ
ഇപ്പോഴുരചെയ്‌വതിനെന്തു കാരണം?
എന്നോടു രാമഗുണങ്ങളെ വർണ്ണിച്ചു
മുന്നമെല്ലാം നീ പറഞ്ഞല്ലോ കേൾപ്പു ഞാൻ
‘എന്നെയും കൌസല്യാദേവിയേയുമവൻ-
തന്നുള്ളിലില്ലൊരു ഭേദമൊരിയ്ക്കലും’
എന്നല്ലൊ മുന്നം പറഞ്ഞിരുന്നു നിന-
ക്കിന്നിതു തോന്നുവാനെന്തൊരു കാരണം?
നിന്നുടെ പുത്രനു രാജ്യം തരുമല്ലോ
ധന്യശീലേ! രാമൻ പോകണമെന്നുണ്ടോ?
രാമനാലേതുഭയം നിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും’
എന്നു പറഞ്ഞു കരഞ്ഞു കരഞ്ഞു പോയ്
ചെന്നുടൻ കാൽക്കൽ വീണു മഹീപാലനും
നേത്രങ്ങളും ചുവപ്പിച്ചു കൈകേയിയും
ധാത്രീപതീശ്വരനോടു ചൊല്ലീടിനാ‍ൾ
‘ഭ്രാന്തനെന്നാകിയോ ഭൂമീപതേ! ഭവാൻ!
ഭ്രാന്തിവാക്യങ്ങൾ ചൊല്ലുന്നതെന്തിങ്ങനെ?
ഘോരങ്ങളായ നരകങ്ങളിൽച്ചെന്നു
ചേരുമസത്യ വാക്യങ്ങൾ ചൊല്ലീടിനാൽ
പങ്കജനേത്രനാം രാമനുഷസ്സിനു
ശങ്കാവിഹീനം വനത്തിന്നു പോകായ്കിൽ
എന്നുടെ ജീവനെ ഞാൻ കളഞ്ഞീടുവൻ
മന്നവൻ മുൻപിൽനിന്നില്ലൊരു സംശയം.
സത്യസന്ധൻ ഭുവി രാജാ ദശരഥ-
നെത്രയുമെന്നുള്ള കീർത്തി രക്ഷിയ്ക്കണം
സാധു മാർഗ്ഗത്തെ വെടിഞ്ഞതു കാരണം
യാതനാദു:ഖാനുഭൂതിയുണ്ടാക്കേണ്ട
രാമോപരി ഭവാൻ ചെയ്ത ശപഥവും
ഭൂമിപതേ വൃഥാ മിഥ്യയാക്കീടൊലാ’
കൈകേയി തന്നുടെ നിർബന്ധ വാക്യവും
രാഘവനോടു വിയോഗം വരുന്നതും
ചിന്തിച്ചു ദു:ഖസമുദ്രേ നിമഗ്നനായ്
സന്താപമോടു മോഹിച്ചുവീണീടിനാൻ
പിന്നെയുണർന്നിരുന്നും കിടന്നും മകൻ-
തന്നെയോർത്തും കരഞ്ഞും പറഞ്ഞും സദാ
രാമ രാമേതി രാമേതി പ്രലാപേന
യാമിനി പോയിതു വത്സരതുല്യയായ്
ചെന്നാനരുണോദയത്തിനു സാദരം
വന്ദികൾ ഗായകന്മാരെന്നിവരെല്ലാം
മംഗളവാദ്യസ്തുതിജയശബ്ദേന
സംഗീതഭേദങ്ങളെന്നിവയെക്കൊണ്ടും
പള്ളിക്കുറുപ്പുണർത്തീടിനാരന്നേര
മുള്ളിലുണ്ടായ കോപേന കൈകേയിയും
ക്ഷിപ്രമവരെ നിവാരണംചെയ്താൾ:
അപ്പോളഭിഷേകകോലാഹലാർത്ഥമായ്
തല്പുരമൊക്കെ നിറഞ്ഞു ജനങ്ങളാൽ
ഭൂമിദേവന്മാരും ഭൂമിപാലന്മാരും
ഭൂമിസ്പൃശോ വൃഷലാദി ജനങ്ങളും
താപസവർഗ്ഗവും കന്യകാവൃന്ദവും
ശോഭ തേടുന്ന വെൺകൊറ്റക്കുട തഴ
ചാമരം താലവൃന്ദം കൊടി തോരണം
ചാമീകരാഭരണാദ്യലങ്കാരവും
വാരണ വാജി രഥങ്ങൾ പദാതിയും
വാരനാരീജനം പൌരജനങ്ങളും
ഹേമരത്നോജ്വലദിവ്യസിംഹാസനം
ഹേമകുംഭങ്ങളും ശാർദ്ദൂല ചർമ്മവും
മറ്റും വസിഷ്ഠൻ നിയോഗിച്ചതൊക്കവേ
കുറ്റമൊഴിഞ്ഞാശു സംഭരിച്ചീടിനാർ
സ്ത്രീബാലവൃദ്ധാവധിപുരാവാസിക-
ളാബദ്ധ കൌതൂഹലാബ്ധി നിമഗ്നരായ്
രാത്രിയിൽ നിദ്രയും കൈവിട്ടുമാനസേ
ചീർത്ത പരമാനന്ദത്തോടു മേവിനാൻ
നമ്മുടെ ജീവനാം രാമകുമാരനെ
നിർമ്മലരത്നകിരീടമണിഞ്ഞതി
രമ്യമകരായിതമണികുണ്ഡല
സമ്മുഗ്ദശോഭിത ഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതിമണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുളസമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുമുദരവും
സന്ധ്യാഭ്രസന്നിഭ പീതാംബരാഭയും
പൂഞ്ചേലമീതേവിളങ്ങി മിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമദ്ധ്യവും
കുംഭികുലോത്തമൻ തുൻപിക്കരം കൊണ്ടു
കുമ്പിട്ടുകൂപ്പിടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്ര മസ്തകസന്നിഭജാനുവു-
മംഭോജബാണനിഷംഗാഭജംഘയും
കമ്പം കലർന്നു കമഠപ്രവരനും
കുമ്പിടുന്നോരു പുറവടിശോഭയും
അംഭോജതുല്യമാമംഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴുംതിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണവീരൻ കഴുത്തിൽ തിറത്തോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരൻ തന്നോടും
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ
കാണായ് വരുന്നു നമുക്കിനിയെന്നിദം
മാനസതാരിൽ കൊതിച്ച നമുക്കെല്ലാം
ക്ഷോണീപതിസുതനാകിയ രാമനെ
ക്കാണായ് വരും പ്രഭാതേ ബത നിർണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു
ചീർത്തവിഷാദമോടൌത്സുക്യമുൾക്കൊണ്ടു
മാർത്താണ്ഡദേവനെക്കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദപൂർണാമൃതാബ്ധിയിൽ
വീണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.