Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ലക്ഷ്മണഗുഹസംവാദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


ലക്ഷ്മീപതിയായ രാഘവസ്വാമിയും
ലക്ഷ്മീഭഗവതിയാകിയ സീതയും
വൃക്ഷമൂലേ കിടക്കുന്നതു കണ്ടതി-
ദു:ഖം കലർന്നു ബാഷ്പാകുലനായ് ഗുഹൻ
ലക്ഷ്മണനോടു പറഞ്ഞുതുടങ്ങിനാൻ:
‘പുഷ്കരനേത്രനെക്കണ്ടീലയോ സഖേ!
പർണ്ണതൽപ്പേ ഭുവി ദാരുമൂലേ കിട-
ന്നർണ്ണോജനേത്രനുറങ്ങുമാറായിതു
സ്വർണതൽപ്പേ ഭവനോത്തമേ സൽപ്പുരേ
പുണ്യപുരുഷൻ ജനകാത്മജയോടും
പള്ളിക്കുറുപ്പുകൊള്ളും മുന്നമിന്നിഹ
പല്ലവപര്യങ്ക സീമ്നി വനാന്തരേ
ശ്രീരാമദേവനു ദു:ഖമുണ്ടാകുവാൻ
കാരണഭൂതയായ് വന്നിതു കൈകേയി
മന്ഥരാചിത്തമാസ്ഥായ കൈകേയി താൻ
ഹന്ത! മഹാപാപമാചരിച്ചാളല്ലോ?‘
ശ്രുത്വാ ഗുഹോക്തികളിത്ഥമാഹന്ത സൌ-
മിത്രിയും സത്വരമുത്തരം ചൊല്ലിനാൻ:
‘ഭദ്രമതേ! ശ്രുണു! മദ്വചനം രാമ-
ഭദ്രനാമം ജപിച്ചീടുക സന്തതം
കസ്യ ദു:ഖസ്യ കോ ഹേതു ജഗത്രയേ
കസ്യ സുഖസ്യ വാ കോപി ഹേതുസ്സഖേ!
പൂർവ്വജന്മ്മാർജ്ജിത കർമ്മമത്രേ ഭുവി
സർവ്വലോകർക്കും സുഖ ദു:ഖകാരണം
ദു:ഖസുഖങ്ങൾ ദാനം ചെയ്‌വതിന്നാരു-
മുൾക്കാമ്പിലോർത്തുകണ്ടാലില്ല നിർണ്ണയം
ഏകൻ മമ സുഖദാതാ ജഗതി മ-
റ്റേകൻ മമ ദു:ഖദാതാവിതി വൃഥാ
തോന്നുന്നതജ്ഞാനബുദ്ധികൾക്കെപ്പൊഴും
തോന്നുകയില്ല ബുധന്മാർക്കതേതുമേ
ഞാനിതിനിന്നു കർത്താവെന്നു തോന്നുന്നു
മാനസതാരിൽ വൃഥാഭിമാനേന കേൾ
ലോകം നിജ കർമ്മസൂത്രബദ്ധം സഖേ!
ഭോഗങ്ങളും നിജ കർമ്മാനുസാരികൾ
മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ-
ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം
ചിത്രമത്രേ നിരൂപിച്ചാൽ സ്വകർമ്മങ്ങൾ
യത്ര വിഭാവ്യതേ തത്ര യഥാ തഥാ
ദു:ഖം സുഖം നിജകർമ്മവശഗത-
മൊക്കെയെന്നുൾക്കാമ്പുകൊണ്ടു നിനച്ചതിൽ
യദ്യദ്യദാഗതം തത്ര കാലാന്തരേ
തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം
ഭോഗത്തിനായ്ക്കൊണ്ടു കാമിക്കയും വേണ്ട
ഭോഗം വിധികൃതം വർജ്ജിക്കയും വേണ്ട
വ്യർത്ഥമോർത്തോളം വിഷാദാതി ഹർഷങ്ങൾ
ചിത്തേ ശുഭാശുഭ കർമ്മഫലോദയേ
മർത്ത്യദേഹം പുണ്യപാപങ്ങളെക്കൊണ്ടു
നിത്യമുൽപ്പന്നം വിധിവിഹിതം സഖേ!
സൌഖ്യദു:ഖങ്ങൾ സഹജമേവർക്കുമേ
നീക്കാവതല്ല സുരാസുരന്മാരാലും
ലോകേ സുഖാനന്തരംദു:ഖമായ് വരു-
മാകുലമില്ല ദു:ഖാനന്തരം സുഖം
നൂനം ദിനരാത്രി പോലെ ഗതാഗതം
മാനസേചിന്തിക്കിലത്രയുമല്ലെടോ!
ദു:ഖമദ്ധ്യേ സുഖമായും വരും പിന്നെ-
പിന്നെ ദു:ഖം സുഖമദ്ധ്യസംസ്ഥമായും വരും
രണ്ടുമന്യോന്യസംയുക്തമായേവനു-
മുണ്ടു ജലപങ്കമെന്നപോലെ സഖേ!
ആകയാൽ ധൈര്യേണ വിദ്വജ്ജനം ഹൃദി
ശോകഹർഷങ്ങൾ കൂടാതെ വസിക്കുന്നു
ഇഷ്ടമായുള്ളതു തന്നെ വരുമ്പോഴു-
മിഷ്ടമില്ലാത്തതു തന്നെ വരുമ്പോഴും
തുഷ്ടാത്മനാ മരുവുന്നു ബുധജനം
ദൃഷ്ടമെല്ലാം മഹാമായേതി ഭാവനാൽ’
ഇത്ഥം ഗുഹനും സുമിത്രാത്മജനുമായ്
വൃത്താന്തഭേദം പറഞ്ഞുനിൽക്കുന്നേരം
മിത്രനുദിച്ചിതു സത്വരം രാഘവൻ
നിത്യകർമ്മങ്ങളും ചെയ്തരുളിച്ചെയ്തു
‘തോണി വരുത്തുകെ’ന്നപ്പോൾ ഗുഹൻ നല്ല-
തോണിയും കൊണ്ടുവന്നാശു വണങ്ങിനാൻ
‘സ്വാമിന്നിയം ദ്രോണികാ സമാരുഹ്യതാം
സൌമിത്രിണാ ജനകാത്മജയാ സമം
തോണി തുഴയുന്നതുമടിയൻ തന്നെ
മാനവവീര! മമ പ്രാണവല്ലഭ!‘
ശൃംഗിവേരാധിപൻ വാക്കു കേട്ടന്നേരം
മംഗലദേവതയാകിയ സീതയെ
കയ്യും പിടിച്ചു കരേറ്റി ഗുഹനുടെ
കയ്യും പിടിച്ചു താനും കരേറിനാൻ
ആയുധമെല്ലാമെടുത്തു സൌമിത്രിയു-
മായതമായൊരു തോണി കരേറിനാൻ
ജ്ഞാതിവർഗ്ഗത്തോടു കൂടെ ഗുഹൻ പര-
മാദരവോടു വഹിച്ചിതു തോണിയും
മംഗലാപാംഗിയാം ജാനകീദേവിയും
ഗംഗയെ പ്രാർത്ഥിച്ചു നന്നായ് വണങ്ങിനാൾ:
‘ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ!
സംഗേന ശംഭു തൻ മൌലിയിൽ വാഴുന്ന
സുന്ദരീ! ഹൈമവതീ! നമസ്തേ നമോ
മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ!
ഞങ്ങൾ വനവാസവും കഴിഞ്ഞാദരാ-
ലിങ്ങുവന്നാൽ ബലിപൂജകൾ നൽകുവൻ
രക്ഷിച്ചുകൊൾക നീയാപത്തു കൂടാതെ
ദക്ഷാരിവല്ലഭേ! ഗംഗേ! നമോസ്തുതേ!
ഇത്തരം പ്രാർത്ഥിച്ചു വന്ദിച്ചിരിക്കവേ
സത്വരം പാരകൂലം ഗമിച്ചീടിനാർ
തോണിയിൽ നിന്നു താഴ്ത്തിറങ്ങി ഗുഹൻ
താണുതൊഴുതപേക്ഷിച്ചാൻ മനോഗതം
‘കൂടെവിടകൊൾവതിനടിയനുമൊ-
രാടൽ കൂടാതെയനുജ്ഞ നൽകീടണം
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായി-
ലേണാംക ബിംബാനന! ജഗതീപതേ!‘
നൈഷാദവാക്യങ്ങൾ കേട്ടു മനസി സ-
ന്തോഷേണ രാഘവനേവമരുൾ ചെയ്തു:
‘സത്യം പതിന്നാലു സംവത്സരം വിപി-
നത്തിൽ വസിച്ചു വരുവൻ വിരവിൽ ഞാൻ
ചിത്തവിഷാദമൊഴിഞ്ഞു വാണീടു നീ
സത്യവിരോധം വരാ രാമഭാഷിതം’
ഇത്തരമോരോവിധമരുളിച്ചെയ്തു
ചിത്തമോദേന ഗാഢാശ്ലേഷവും ചെയ്തു
ഭക്തനെപ്പോകെന്നയച്ചു രഘുത്തമൻ
ഭക്ത്യാ നമസ്കരിച്ചഞ്ജലിയും ചെയ്തു
മന്ദമന്ദം തോണിമേലേ ഗുഹൻ വീണ്ടു
മന്ദിരം പുക്കു ചിന്തിച്ചു മരുവിനാൻ.