അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വനയാത്ര
ശ്രീരാമനും തമസാനദി തന്നുടെ
തീരം ഗമിച്ചു വസിച്ചു നിശാമുഖേ
പാനീയമാത്രമുപജീവനം ചെയ്തു
ജാനകിയോടും നിരാഹാരനായൊരു
വൃക്ഷമൂലേ ശയനം ചെയ്തുറങ്ങീടിനാൻ;
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു, സുമന്ത്രരുമായോരോ
ദു:ഖവൃത്താന്തങ്ങളും പറഞ്ഞാകുലാൽ
പൌരജനങ്ങളും ചെന്നരികേ പുക്കു
ശ്രീരാമനെയങ്ങു കൊണ്ടുപൊയ്ക്കൂടാകിൽ
കാനനവാസം നമുക്കുമെന്നേവരും
മാനസത്തിങ്കലുറച്ചു മരുവിനാർ
പൌരജനത്തിൻ പരിദേവനം കണ്ടു
ശ്രീരാമദേവനുമുള്ളിൽ നിരൂപിച്ചു
‘സൂര്യനുദിച്ചാലയയ്ക്കയുമില്ലിവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
ഖേദം കലർന്നു തളർന്നുറങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരും മുൻപേ
പോകനാമിപ്പൊഴേ കൂട്ടുക തേരെ‘ന്നു
രാഘവൻ വാക്കുകൾ കേട്ടു സുമന്ത്രരും
വേഗേന തേരുമൊരുമിച്ചിതന്നേരം
രാഘവന്മാരും ജനകതനൂജയും
തേരിലേറീടിനാരേതുമറിഞ്ഞീല
പൌരജനങ്ങളന്നേരം സുമന്ത്രരും
ചെറ്റയോദ്ധ്യാഭിമുഖം ഗമിച്ചിട്ടഥ
തെറ്റെന്നു തെക്കോട്ടു തന്നെ നടകൊണ്ടു
ചുറ്റും കിടന്ന പുരവാസികളെല്ലാം
പിറ്റേന്നാൾ തങ്ങളുണർന്നു നോക്കുന്നേരം
കണ്ടീലരാമനെയെന്നു കരഞ്ഞതി-
കുണ്ഠിതന്മാരായ് പുരിപുക്കു മേവിനാർ
സീതാസമേതനാം രാമനെസ്സന്തതം
ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം
പുത്രമിത്രാദികളോടുമിട ചേർന്നു
ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും
മംഗലാദേവതാവല്ലഭൻ രാഘവൻ
ഗംഗാതടം പുക്കു ജാനകി തന്നോടും
മംഗലസ്നാനവും ചെയ്തു സഹാനുജം
ശ്രുംഗിവേരാവിദൂരേ മരുവീടിനാൻ
ദാശരഥിയും വിദേഹതനൂജയും
ശിംശപാമൂലേ സുഖേന വാണീടിനാർ