Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഭരദ്വാജാശ്രമപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


വൈദേഹി തന്നോടു കൂടവേ രാഘവൻ
സോദരനോടുമൊരുമൃഗത്തെക്കൊന്നു
സാദരം ഭുക്ത്വാ സുഖേന വസിച്ചിതു
പാദപമൂലേ ദളാഢ്യതൽപ്പസ്ഥലേ
മാർത്താണ്ഡദേവനുദിച്ചോരനന്തരം
പാർത്ഥിവനർഘ്യാദി നിത്യകർമ്മം ചെയ്തു
ചെന്നുഭരദ്വാജനായ തപോധനൻ
തന്നാശ്രമപദത്തിന്നടുത്താദരാൽ
ചിത്തമോദത്തോടിരുന്നോരു നേരത്തു
തത്ര കാണായിതൊരുവടു തന്നെയും
അപ്പോളവനോടരുൾ ചെയ്തു രാഘവൻ:
‘ഇപ്പൊഴേ നീ മുനിയോടുണർത്തിക്കണം
രാമൻ! ദശരഥനന്ദനനുണ്ടു തൻ
ഭാമിനിയോടുമനുജനോടും വന്നു
പാർത്തിരിയ്ക്കുന്നജുടജാന്തികേയെന്ന
വാർത്ത വൈകാതെയുണർത്തിക്ക‘യെന്നപ്പോൾ
താപസശ്രേഷ്ഠനോടാബ്രഹ്മചാരി ചെ-
ന്നാഭോഗസന്തോഷമോടു ചൊല്ലീടിനാൻ:
‘ആശ്രമോപാന്തെ ദശരഥപുത്രനു-
ണ്ടാശ്രിത വത്സല! പാർത്തിരുന്നീടുന്നു’
ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ
സമാദായ സാർഘ്യ പാദ്യാദിയും
ഗത്വാ രഘുത്തമ സന്നിധൌ സത്വരം
ഭക്ത്യൈവ പൂജയിത്വാ സഹലക്ഷ്മണം
ദൃഷ്ട്വാ രമാവരം രാമം ദയാപരം
തുഷ്ട്യാ പരമാനന്ദാബ്ധൌ മുഴുകിനാൻ
ദാശരഥിയും ഭരദ്വാജപാദങ്ങ-
ളാശു വണങ്ങിനാൻ ഭാര്യാനുജാന്വിതം
ആശിർവചനപൂർവ്വം മുനിപുംഗവ-
നാശയാനന്ദമിയന്നരുളിച്ചെയ്തു:
‘പാദരജസാ പവിത്രയാക്കീടു നീ
വേദാത്മക! മമ പർണശാലാമിമാ’
ഇത്ഥമുക്ത്വോടജമാനീയ സീതയാ
സത്യസ്വരൂപം സഹാനുജം സാദരം
പൂജാവിധാനേന പൂജിച്ചുടൻ ഭര-
ദ്വാജതപോധനശ്രേഷ്ഠനരുൾ ചെയ്തു:
‘നിന്നോടു സംഗമമുണ്ടാകകാരണ-
മിന്നുവന്നു തപസ്സാഫല്യമൊക്കവേ
ജ്ഞാതം മയാ തവോദന്തം രഘുപതേ!
ഭൂതമാഗാമികം വാ കരുണാനിധേ!
ഞാനറിഞ്ഞേൻ പരമാത്മാ ഭവാൻ കാര്യ-
മാനുഷനായിതു മായയാ ഭൂതലേ
ബ്രഹ്മണാ പണ്ടു സംപ്രാർത്ഥിതനാകയാൽ
ജന്മമുണ്ടായതു യാതൊന്നിനെന്നതും
കാനനവാസാവകാശമുണ്ടായതും
ഞാനറിഞ്ഞീടിനേനിന്നതിനെന്നെടോ!
ജ്ഞാനദൃഷ്ട്യാ തവ ധ്യാനൈകജാതയാ
ജ്ഞാനമൂർത്തേ! സകലത്തേയും കണ്ടു ഞാൻ
എന്തിനു ഞാൻ വളരെപ്പറഞ്ഞീടുന്നു
സന്തുഷ്ടബുദ്ധ്യാ കൃതാർത്ഥനായേനഹം
ശ്രീപതി രാഘവൻ വന്ദിച്ചു സാദരം
താപസശ്രേഷ്ഠനോടേവമരുൾ ചെയ്തു”:
ക്ഷത്രബന്ധുക്കളായുള്ളോരു ഞങ്ങളെ-
ച്ചിത്തമോദത്തോടനുഗ്രഹിക്കേണമേ!‘
ഇത്ഥമന്യോന്യമാഭാഷണവും ചെയ്തു
തത്ര കഴിഞ്ഞിതു രാത്രി മുനിയുമായ്