Jump to content

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/വാല്മീക്യാശ്രമപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


ഉത്ഥാനവും ചെയ്തുഷസി മുനിവര-
പുത്രരായുള്ള കുമാരകന്മാരുമായ്
ഉത്തമമായ കാളീന്ദിനദിയേയു-
മുത്തീര്യ താപസാദിഷ്ടമാർഗ്ഗേണ പോയ്
ചിത്രകൂടാദ്രിയെ പ്രാപിച്ചിതു ജവാൽ
തത്ര വാൽമീകി തന്നാശ്രമം നിർമ്മലം
നാനാമുനികുല സങ്കുലം കേവലം
നാനാമൃഗദ്വിജാകീർണം മനോഹരം
ഉത്തമ വൃക്ഷലതാപരിശോഭിതം
നിത്യകുസുമഫലദലസംയുതം
തത്ര ഗത്വാ സമാസീനം മുനികുല-
സത്തമം ദൃഷ്ട്വാ നമസ്കരിച്ചീടിനാൻ
രാമം രമാവരം വീരം മനോഹരം
കോമളം ശ്യാമളം കാമദം മോഹനം
കന്ദർപ്പ സുന്ദരമിന്ദീവരേക്ഷണ-
മിന്ദ്രാദിവൃന്ദാര കൈരഭി വന്ദിതം
ബാണതൂണീര ധനുർദ്ധരം വിഷ്ടപ-
ത്രാണ നിപുണം ജടാമകുടോജ്ജ്വലം
ജാനകീലക്ഷ്മണോപേതം രഘൂത്തമം
മാനവേന്ദ്രം കണ്ടു വാൽമീകിയും തദാ
സന്തോഷബാഷ്പാകുലാക്ഷനായ് രാഘവൻ
തൻ തിരുമേനി ഗാഢം പുണർന്നീടിനാൻ
നാരായണം പരമാനന്ദവിഗ്രഹം
കാർണ്യപീയൂഷസാഗരം മാനുഷം
പൂജയിത്വാ ജഗത്പൂജ്യം ജഗന്മയം
രാജീവലോചനം രാ‍ജേന്ദ്ര ശേഖരം
ഭക്തിപൂണ്ടർഘ്യപാദ്യാദികൾകൊണ്ടഥ
മുക്തിപ്രദനായ നാഥനു സാദരം
പക്വമധുരമധുഫലമൂലങ്ങ-
ളൊക്കെ നിവേദിച്ചു ഭോജനാർത്ഥം മുദാ
ഭുക്ത്വാ പരിശ്രമം തീർത്തു രഘുവരൻ
നത്വാ മുനിവരൻ തന്നോടരുൾ ചെയ്തു
താതാജ്ഞയാ വനത്തിന്നു പുറപ്പെട്ടു
ഹേതുവോ ഞാൻ പറയേണമെന്നില്ലല്ലോ?
വേദാന്തിനാം ഭവാനതറിയാമല്ലോ
യാതൊരിടത്തു സുഖേന വസിക്കാവൂ
സീതയോടും കൂടിയെന്നരുൾ ചെയ്യേണം
ഇദ്ദിക്കിലൊട്ടുകാലം വസിച്ചീടുവാൻ
ചിത്തേ പെരികയുണ്ടാശ മഹാമുനേ!
ഇങ്ങനെയുള്ള ദിവ്യന്മാരിരിക്കുന്ന
മംഗലദേശങ്ങൾ മുഖ്യവാസോചിതം’
എന്നതു കേട്ടു വാൽമീകി മഹാമുനി
മന്ദസ്മിതം ചെയ്തിവണ്ണമരുൾ ചെയ്തു:
‘സർവ്വ ലോകങ്ങളും നിങ്കൽ വസിക്കുന്നു
സർവ്വലോകേഷു നീയും വസിക്കുന്നു
ഇങ്ങനെ സാധാരണം നിവാസസ്ഥല-
മങ്ങനെയാകയാലെന്തു ചൊല്ലാവതും
സീതാസഹിതനായ് വാഴുവാനിന്നൊരു
ദേശം വിശേഷിച്ചു ചോദിക്ക കാരണം
സൌഖ്യേന തേ വസിപ്പാ‍നുള്ള മന്ദിര-
മാഖ്യാവിശേഷേണ ചൊല്ലുന്നതുണ്ടു ഞാൻ
സന്തുഷ്ടരായ് സമസൃഷ്ടികളായ് ബഹു-
ജന്തുക്കളിൽ ദ്വേഷഹീനമതികളായ്
ശാന്തരായ് നിന്നെബ്ഭജിപ്പവർ നമ്മുടെ
സ്വാന്തം നിനക്കു സുഖവാസമന്ദിരം
നിത്യധർമ്മാധർമ്മമെല്ലാമുപേക്ഷിച്ചു
ഭക്ത്യാ ഭവാനെബ്ഭജിക്കുന്നവരുടെ
ചിത്തസരോജം ഭവാനിരുന്നീടുവാ-
നുത്തമമായ് വിളങ്ങീടുന്ന മന്ദിരം
നിത്യവും നിന്നെശ്ശരണമായ് പ്രാപിച്ചു
നീർദ്വന്ദ്വരായ് നിസ്പൃഹരായ് നിരീഹരായ്
ത്വന്മന്ത്രജാപകരായുള്ള മാനുഷർ
തന്മന:പങ്കജം തേ സുഖമന്ദിരം
ശാന്തന്മാരായ് നിരഹങ്കാരികളുമായ്
ശാന്ത രാഗദ്വേഷമാനസന്മാരുമായ്
ലോഷ്ടാശ്മകാഞ്ചന തുല്യമതികളാം
ശ്രേഷ്ടമതികൾ മനസ്തവ മന്ദിരം
നിങ്കൽ സമസ്തകർമ്മങ്ങൾ സമർപ്പിച്ചു
നിങ്കലേ ദത്തമായോരു മനസ്സൊടും
സന്തുഷ്ടരായ് മരുവുന്നവർ മാനസം
സന്തതം തേ സുഖവാസായ മന്ദിരം
ഇഷ്ടം ലഭിച്ചിട്ടു സന്തോഷമില്ലൊട്ടു-
മിഷ്ടേതരാപ്തിക്കനുതാപവുമില്ല
സർവവും മായേതി നിശ്ചിന്ത്യ വാഴുന്ന
ദിവ്യമനസ്തവ വാസായ മന്ദിരം
ഷഡ്ദ്ഭാവഭേദവികാരങ്ങളൊക്കെയു-
മുൾപ്പൂവിലോർക്കിലോ ദേഹത്തിനേയുള്ളൂ
ക്ഷുത്തൃഡ്ഭവസുഖദു:ഖാദി സർവവും
ചിത്തേവിചാരിക്കിലാത്മാവിനില്ലേതും
ഇത്ഥമുറച്ചു ഭജിക്കുന്നവരുടെ
ചിത്തം തവ സുഖവാസായ മന്ദിരം
യാതൊരുത്തൻ ഭവന്തം പരംചിദ്ഘനം
വേദസ്വരൂപമനന്തമേകം സതാം
വേദാന്തവേദമാദ്യം ജഗദ്കാരണം
നാദാന്തരൂപം പരബ്രഹ്മമച്യുതം
സർവഗുഹാശയത്വം സമസ്താധാരം
സർവഗതം പരാത്മാനമലേപകം
വാസുദേവം വരദം വരേണ്യം ജഗ-
ദ്വാസിനാമാത്മനാ കാണുന്നതും സദാ
തസ്യചിത്തേ ജനകാത്മജയാ സമം
നിസ്സംശയം വസിച്ചീടുക ശ്രീപതേ!
സന്തതാഭ്യാസദൃഢീകൃതചേതസാം
സന്തതം ത്വല്പാദസേവാരതാത്മനാം
അന്തർഗതനായ് വസിക്കനീ സീതയാ
ചിന്തിത ചിന്താമണേ! ദയാവാരിധേ!