അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ഗുഹസംഗമം
രാമാഗമനമഹോത്സവമെത്രയു-
മാമോദമുൾക്കൊണ്ടു കേട്ടുഗുഹൻ തദാ
സ്വാമിയായിഷ്ടവയസ്യനായുള്ളൊരു
രാമൻ തിരുവടിയെക്കണ്ടു വന്ദിപ്പാൻ
പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ
ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു
പെട്ടെന്നെടുത്തെഴുന്നേൽപ്പിച്ചു വക്ഷസി
തുഷ്ട്യാ ദൃഢമണച്ചാശ്ലേഷവും ചെയ്തു
മന്ദഹാസം പൂണ്ടു മാധുര്യപൂർവ്വകം
മന്ദേതരം കുശലപ്രശ്നവും ചെയ്തു
കഞ്ജവിലോചനൻ തൻ തിരുമേനി ക-
ണ്ടഞ്ജലി പൂണ്ടു ഗുഹനുമുര ചെയ്തു:
ധന്യനായേയടിയനിന്നു കേവലം
നിർണ്ണയം നൈഷാദജന്മവും പാവനം
നൈഷാദമായുള്ള രാജ്യമിതുമൊരു
ദൂഷണഹീനമധീനമല്ലോ തവ
കിങ്കരനാമടിയനേയും രാജ്യവും
സങ്കടം കൂടാതെ രക്ഷിച്ചു കൊള്ളുക
സന്തോഷമുൾക്കൊണ്ടിനി നിന്തിരുവടി
സന്തതമത്ര വസിച്ചരുളീടണം
അന്ത:പുരം മമ ശുദ്ധമാക്കീടണ-
മന്തർമുദാ പാദപത്മരേണുക്കളാൽ
മൂലഫലങ്ങൾ പരിഗ്രഹിക്കേണമേ
കാലേ കനിവോടനുഗ്രഹിക്കേണമേ!
ഇത്തരം പ്രാർത്ഥിച്ചുനിൽക്കും ഗുഹനോടു
മുഗ്ദ്ധഹാസം പൂണ്ടരുൾ ചെയ്തു രാഘവൻ
‘കേൾക്ക നീ വാക്യം മദീയം മമ സഖേ!
സൌഖ്യമിതിൽപ്പരമില്ലെനിക്കേതുമേ
സംവത്സരം പതിനാലു കഴിയണം
സംവസിച്ചീടുവാൻ ഗ്രാമാലയങ്ങളിൽ
അന്യദത്തം ഭുജിക്കെന്നതുമില്ലെന്നു
മന്യേ വനവാസകാലം കഴിവോളം
രാജ്യം മമൈതതു ഭവാൻ മത്സഖിയല്ലോ
പൂജ്യനാം നീ പരിപാലിക്ക സന്തതം
കുണ്ഠഭാവം ചെറുതുണ്ടാകയും വേണ്ട
കൊണ്ടുവരിക വടക്ഷീരമാശു നീ’
തൽക്ഷണം കൊണ്ടുവന്നു വടക്ഷീരവും
ലക്ഷ്മണനോടും കലർന്നു രഘുത്തമൻ
ശുദ്ധവടക്ഷീരഭൂമികളെക്കൊണ്ടു
ബദ്ധമായോരു ജടാമകുടത്തൊടും
സോദരൻ തന്നാൽ കുശദളാദ്യങ്ങളാൽ
സാദരമാസ്തൃതമായ തല്പസ്ഥലേ
പാനീയമാത്രമശിച്ചു വൈദേഹിയും
താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാൻ
പ്രാസാദമൂർദ്ധ്നി പര്യങ്കേ യഥാപുര-
വാസവും ചെയ്തുറങ്ങുന്നതുപോലെ
ലക്ഷ്മണൻ വില്ലുമമ്പും ധരിച്ചന്തികേ
രക്ഷിച്ചു നിന്നു ഗുഹനോടു കൂടവേ