അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/അത്ര്യാശ്രമപ്രവേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ
ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും.
‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ!
ശ്രീമൽപദം തവ കാണായ കാരണം.’
സാക്ഷാൽ മഹാവിഷ്ണു നാരാ‍യണൻ പരൻ
മോക്ഷദനെന്നതറിഞ്ഞു മുനീന്ദ്രനും
പൂജിച്ചിതർഘ്യപാദ്യാതികൾ കൊണ്ടു തം
രാജീവ ലോചനം ഭാതൃഭാര്യാന്വിതം.
ചൊല്ലിനാൻ ഭൂപാലനന്ദനന്മാരോടു:
‘ചൊല്ലെഴുമെന്നുടെ പത്നിയുണ്ടത്രെ കേൾ.
എത്രവും വൃദ്ധതപസ്വിനിമാരിൽ വ-
ച്ചുത്തമയായ ധർമ്മജ്ഞാ തപോധനാ
പർണ്ണശാലാന്തർഗൃഹേ വസിക്കുന്നിതു
ചെന്നുകണ്ടാലും ജനകനൃപാത്മജേ!
എന്നതു കേട്ടു രാമാജ്ഞയാ ജാനകി
ചെന്നനസൂയാപദങ്ങൾ വണങ്ങിനാൾ
‘വത്സേ! വരികരികേ ജനകാത്മജേ!
സത്സംഗമം ജന്മസാഫല്യമോർക്ക നീ.’
വത്സേ പിടിച്ചു ചേർത്താ‍ലിംഗനം ചെയ്തു
തത്സ്വഭാവം തെളിഞ്ഞു മുനിപത്നിയും,
വിശ്വകർമ്മാവിനാൽ നിർമ്മിതമായൊരു
വിശ്വമോഹനമായ ദുകുലവും
കുണ്ഡലവുമംഗരാഗവുമെന്നിവ
മണ്ഡനാർത്ഥമനസൂയ നൽകീടിനാൾ.
‘നന്നു പാതിവ്രത്യമാശ്രിത്യ രാഘവൻ-
തന്നോടു കൂടെ നീ പോന്നതുമുത്തമം
കാന്തി നിനക്കു കുറകായ്കൊരിക്കലും,
ശാന്തനാകും തവ വല്ലഭൻ തന്നൊടും
ചെന്നു മഹാരാജധാനിയകം പുക്കു
നന്നായ് സുഖിച്ചു സുചിരം വസിക്ക നീ.’
ഇത്ഥമനുഗ്രഹവും കൊടുത്താദരാൽ
ഭർത്തുരഗ്രേ ഗമിക്കെന്നയച്ചീടിനാൾ.
മൃഷ്ടമായ് മൂവരേയും ഭുജിപ്പിച്ചഥ
തുഷ്ടികലർന്നു തപോധനനത്രിയും.
ശ്രീരാമനോടരൂൾ ചെയ്തു, ‘ഭവാനഹോ
നാരായണനായതെന്നറിഞ്ഞേനഹം.
നിന്മഹാമായ ജഗത്ത്രയവാസിനാം
സമ്മോഹകാരിണിയായതു നിർണ്ണയം.’
ഇത്തരമത്രി മുനീന്ദ്രവാക്യം കേട്ടു
തത്ര രത്രൌ വസിച്ചു രഘുനാഥനും.

ദേവനുമാദേവിയോടരുളിച്ചെയ്തി-
തേവമെന്നാൾ കിളിപ്പൈതലക്കാലമേ.

ഇത്യദ്ധ്യാത്മരാമായണേ ഉമാമഹേശ്വര സംവാദേ അയോദ്ധ്യാകാണ്ഡം സമാപ്തം.