അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/യാത്രാരംഭം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


രാഘവൻ താതഗേഹം പ്രവേശിച്ചുടൻ
വ്യാകുലഹീനം വണങ്ങിയരുൾ ചെയ്തു
കൈകേയിയാകിയ മാതാവു തന്നോടു
‘ശോകം കളഞ്ഞാലുമമ്മേ! മനസി തേ
സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാർന്നു പോവാനായ് പുറപ്പെട്ടു
ഖേദമകലെക്കളഞ്ഞിനി ഞങ്ങളെ
താതന്നജ്ഞാപിക്ക വേണ്ടതു വൈകാതെ’
ഇഷ്ടവാക്യം കേട്ടു കൈകേയി സാദരം
പെട്ടെന്നെഴുന്നേറ്റിരുന്നു സസംഭ്രമം
ശ്രീരാമനും മൈഥിലിക്കുമനുജനും
ചീരങ്ങൾ വെവ്വേറെ നൽകിനാളമ്മയും
ധന്യവസ്ത്രങ്ങളുപേക്ഷിച്ചു രാഘവൻ
വന്യചീരങ്ങൾ പരിഗ്രഹിച്ചീടിനാൻ
പുഷ്കരലോചനാനുജ്ഞയാ വൽക്കലം
ലക്ഷ്മണൻ താനുമുടുത്താനതു നേരം
ലക്ഷ്മീഭഗവതിയാകിയ ജാനകി
വൽക്കലം കയ്യിൽ പിടിച്ചുകൊണ്ടാകുലാൽ
പക്ഷമെന്തുള്ളിലെന്നുള്ളതറിവാനായ്
തൽക്ഷണേ ലജ്ജയാ ഭർത്തൃമുഖാംബുജം
ഗൂഢമായ് നോക്കിനാളെങ്ങനെ ഞാനിതു
ഗാഢമുടുക്കുന്നതെന്നുള്ളചിന്തയാ
മഗലദേവതാവല്ലഭൻ രാഘവ-
നിംഗിതജ്ഞൻ തദാ വാങ്ങിപ്പരുഷമാം
വൽക്കലം ദിവ്യാംബരോപരി വേഷ്ടിച്ഛു
സൽകാരമാനം കലർന്നു നിന്നീടിനാൻ
എന്നതു കണ്ടൊരു രാജദാരങ്ങളു-
മന്യരായുള്ള ജനങ്ങളുമൊക്കവേ
വന്ന ദു:ഖത്താൽ കരയുന്നതു കേട്ടു
നിന്നരുളീടും വസിഷ്ഠമഹാമുനി
കോപേന ഭർത്സിച്ചു കൈകേയി തന്നോടു
താപേന ചൊല്ലിനാ‘നെന്തിതു തോന്നുവാൻ?
ദുഷ്ടേ! നിശാചരീ! ദുർവൃത്തമാനസേ!
കഷ്ടമോർത്തോളം കഠോരശീലേ! ഖലേ!
രാമൻ വനത്തിന്നു പോകേണമെന്നല്ലോ
താമസശീലേ! വരത്തെ വരിച്ചു നീ
ജാനകീദേവിക്കു വൽക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകി
ഭർത്താവിനോടുകൂടെ പ്രയാണം ചെയ്കിൽ
സർവ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരം പൂണ്ടനുഗമിചീടുക.
കാനനദു:ഖനിവാരണാർത്ഥം പതി-
മാനസവും രമിപ്പിച്ചു സദാകാലം
ഭർത്തൃശുശ്രൂഷയും ചെയ്തു പിരിയാതെ
ചിത്തശുദ്ധ്യാ ചരിച്ചീടുകെന്നേവരൂ’
ഇത്ഥം വസിഷ്ടോക്തി കേട്ടു ദശരഥൻ
നത്വാ സുമന്ത്രരോടേവമരുൾ ചെയ്തു:
‘രാജയോഗ്യം രഥമാശു വരുത്തുക
രാജീവനേത്രപ്രയാണായ സത്വരം’
ഇത്ഥമുക്ത്വാ രാമവക്ത്രാംബുജം പാർത്തു
‘പുത്ര! ഹാ രാമ! സൌമിത്രേ! ജനകജേ!
രാമ! രാമ! ത്രിലോകാഭിരാമാംഗ!ഹാ!
ഹാ! മമ പ്രാണസമാന! മനോഹര!‘
ദു:ഖിച്ചു ഭൂമിയിൽ വീണു ദശരഥ-
നുൾക്കാന്പഴിഞ്ഞു കരയുന്നതു നേരം
തേരുമൊരുമിച്ചു നിർത്തി സുമന്ത്രരും
ശ്രീരാമദേവനുമപ്പോളുരചെയ്തു:
‘തേരിൽ കരേറുക സീതേ!വിരവിൽ നീ
നേരമിനിക്കളഞ്ഞീടരുതേതുമേ‘
സുന്ദരിവന്ദിച്ചു തേരിൽക്കരേറിനാ-
ളിന്ദിരാ‍വല്ലഭനാകിയ രാമനും
മാനസേ ഖേദം കളഞ്ഞു ജനകനെ
വീണു വണങ്ങി പ്രദക്ഷിണവും ചെയ്തു
താണുതൊഴുതുടൻ തേരിൽ കരേറിനാൻ;
ബാണചാപാസി തൂണീരാദികളെല്ലാം
കൈക്കൊണ്ടു വന്ദിച്ചു താനും കരേറിനാൻ
ലക്ഷ്മണനപ്പോൾ, സുമന്ത്രരുമാകുലാൽ
ദു:ഖേന തേർ തെളിച്ചീടിനാൻ, ഭൂപനും
നിൽക്കുനിൽക്കെന്നു ചൊന്നാൻ ,രഘുനാഥനും
ഗച്ഛഗച്ഛേതിവേഗാലരുൾ ചെയ്തിതു:
നിശ്ചലമായിതു ലോകവുമന്നേരം
രാജീവലോചനൻ ദൂരെ മറഞ്ഞപ്പോൾ
രാജാവു മോഹിച്ചുവീണിതേ ഭൂതലേ
സ്ത്രീബാലവൃദ്ധാവധി പുരവാസികൾ
താപം മുഴുത്തു വിലപിച്ചു പിന്നാലെ
‘തിഷ്ഠ!തിഷ്ഠപ്രഭോ! രാമ! ദയാനിധേ!
ദൃഷ്ടിയ്ക്കമൃതമായൊരു തിരുമേനി
കാണായ്കിലെങ്ങനെ ഞങ്ങൾ പൊറുക്കുന്നു?
പ്രാണനോ പോയിതല്ലോ മമം ദൈവമേ!‘
ഇത്തരം ചൊല്ലി വിലപിച്ചു സർവ്വരും
സത്വരം തേരിൻ പിറകെ നട കൊണ്ടാർ
മന്നവൻ താനും ചിരം വിലപിച്ചഥ
ചൊന്നാൻ പരിചക്രന്മാരൊടാകുലാൽ
‘എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമൻ
തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിൻ
രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം‘
എന്നതു കേട്ടോരു ഭൃത്യജനങ്ങളും
മന്നവൻ തന്നെയെടുത്തു കൌസല്യ തൻ
മന്ദിരത്തിങ്കലാക്കീടിനാനന്നേരം
വന്നൊരു ദു:ഖേന മോഹിച്ചു വീണിതു
പിന്നെയുണർന്നു കരഞ്ഞു തുടങ്ങിനാൻ
ഖിന്നയായ് മേവുന്ന കൌസല്യ തന്നോടും.