Jump to content

ജന്മി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Janmi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജന്മി (മാസിക) (1907)
ജന്മികളുടെ കാൎയ്യം പ്രതിപാദിക്കുന്ന ഏകമലയാളമാസിക. പുസ്തകം ൧, നമ്പർ‌ ൨

[ 1 ]


ജന്മി
ജന്മികളുടെ കാൎയ്യം പ്രതിപാദിക്കുന്ന
ഏകമലയാളമാസിക.


പുസ്തകം ൧
നമ്പർ‌ ൨
൧൦൮൩ കുംഭം


ജന്മാവകാശം.
തുടൎച്ച

പ്രജാഭരണത്തിൽ ആദ്യത്തെ നിലയായ ഗ്രാമസംഘരീതിയെപ്പറ്റിയും, പിന്നീടുണ്ടായ അതിന്റെ പരിണാമഭേദങ്ങളെക്കുറിച്ചും, ഒടുവിൽ അത് ഒരു പ്രബലപ്പെട്ട നാടുവാഴിഭരണമായിത്തീൎന്ന സംഗതിയെപറ്റിയും മറ്റും കഴിഞ്ഞ ലക്കത്തിൽ പ്രസ്താവിച്ചുവല്ലൊ. ജനസംഖ്യ ക്രമത്തിൽ വർദ്ധിക്കുന്നതോടു കൂടി പല മാറ്റങ്ങളും ഭരണസമ്പ്രദായത്തിൽ എന്നുവേണ്ട, സാമുദായികമായ എല്ലാ ഏൎപ്പാടുകളിലും ഉണ്ടാവുന്നതു പതിവാണു്. "കയ്യൂക്കുള്ളവൻ കാൎയ്യക്കാരൻ" എന്നുള്ള തത്വത്തിന്നു ദിനംപ്രതി പ്രാബല്യം വന്നുതുടങ്ങി. ബലവാനായ ഒരു നാടുവാഴി ക്ഷീണിച്ചിരിക്കുന്ന മറ്റൊരു നാടുവാഴിയുടെ രാജ്യം ആക്രമിച്ചു സ്വാധീനമാക്കാൻ തുടങ്ങി. ഇങ്ങിനെ ബലത്തിന്റെ അവസ്ഥപോലെ ഒരുവൻ മറ്റ് അനേകം കൂട്ടരെ ജയിച്ചു കീഴടക്കുകയും, ആയാളുടെ രാജ്യം വളരെ വിസ്തീൎണ്ണമായി പരിണമിക്കുകയും ചെയ്‌വാനിടവന്നു. [ 2 ]

ഈ ഘട്ടത്തിലാണ് ഒരു പുതിയ മാതിരി ഭരണരീതിയും തന്മൂലമുള്ള ഭൂമി ഉടമാവകാശവും ഉൽഭവിച്ചത്. ഒരു മഹാരാജാവിന്റെ കീഴിൽ അനേകം സാമന്തന്മാർ അല്ലെങ്കിൽ ഇടപ്രഭുക്കന്മാർ അതല്ലെങ്കിൽ മാടമ്പികൾ ഉണ്ടായി തീൎന്നു. ഇവരെ സ്ഥാനത്തു വെക്കുവാനും അവിടെനിന്നു നീക്കുവാനുമുള്ള അധികാരം ഈ രാജാവിന്നാണ്. ഇടപ്രഭുക്കന്മാരോടു പല അവസരങ്ങളിലും പല വിധത്തിലും ആയി പലതരം പിരിവുകൾ രാജാവു പിരിച്ചിരുന്നു. ഈ പിരിവുകൾ പല രാജ്യങ്ങളിലും പല വിധത്തിലുമായിരുന്നു. ചില രാജ്യങ്ങളിൽ രാജാവിന്നു യുദ്ധം ഉണ്ടാവുമ്പോൾ പ്രഭുക്കന്മാർ കുറേ പണവും സൈന്യങ്ങളും കൊടുക്കണമെന്നായിരുന്നു നിശ്ചയം. മറ്റു ചില രാജ്യങ്ങളിൽ സൈന്യം മാത്രമായാൽ മതിയായിരുന്നു. വേറെ ചില രാജ്യങ്ങളിൽ പണംകോണ്ടു മാത്രം രാജാവു തൃപ്തിപ്പെട്ടിരുന്നു. നാലാമതു ചില രാജ്യങ്ങളിൽ യുദ്ധകാലത്ത് അധികമായൊന്നും വസൂലാക്കുകയില്ല; എന്നാൽ കൊല്ലംതോറും ഒരു ക്ലിപ്തമായ സംഖ്യ കരമായി വസൂലാക്കിയിരുന്നു താനും. ഇനി കൊല്ലംതോറും ചെറിയതായ ഒരു കരം വാങ്ങുകയും, യുദ്ധകാലത്തു കുറെ അധികം പണം വസൂലാക്കുകയും ചെയ്യുന്ന സമ്പ്രദായവും ഉണ്ടായിരുന്നില്ലെന്നില്ല. ഇങ്ങിനെയുള്ള പിരിവിന്നു പുറമെ "അങ്കം ചുങ്കം കാടു കടൽ" എന്നിങ്ങിനെയുള്ള പിരിവുകളും രാജാവിന്റെ സ്വയാധികാരങ്ങൾ‌ തന്നെ ആയിരുന്നു. വല്ല പ്രഭുക്കന്മാരും സ്ഥാനം മാറുന്ന സമയം "വാഴ്ചപ്പിരുവു" (Succession duty) എന്ന ഇനത്തിൽ ഒരു സംഖ്യയും രാജാവു വസൂലാക്കുമാറുണ്ടായിരുന്നു. ഇങ്ങിനെ തുടങ്ങി അനേകം പിരിവുകൾ മഹാരാജാവു പിരിച്ചിരുന്നതുപോലെ തന്നെ ഇടപ്രഭുക്കന്മാരും അവരുടെ കീഴിലുള്ള പ്രഭുക്കന്മാരോട് അവസ്ഥാനുസരണം പിരിച്ചു വന്നിരുന്നു.

ഇതേമാതിരിയിലുള്ള ഭരണരീതിയാകട്ടെ [ 3 ] യൂറോപ്പിലെ ചരിത്രക്കാർ മദ്ധ്യകാലം[1] എന്നു പറഞ്ഞുവരുന്നതായ ഏതാണ്ട് ആയിരംകൊല്ലത്തിലധികം കാലം ആ രാജ്യത്തു നിലനിന്നതായി അറിയുന്നു. ഇന്ത്യയിൽ രാജപുട്ടാനാ എന്ന സ്ഥലത്ത് ഇപ്പോഴും ഈ സംപ്രദായം ഏറക്കുറെ സ്പഷ്ടമായവിധത്തിൽ കാണപ്പേടുന്നുണ്ട്. ഹൈദരാലിയുടെ ആക്രമണകാലത്തിന്നുമുമ്പെ നമ്മുടെ മലയാളരാജ്യത്തും ഈ മാതിരി ഭരണരീതിയാണ് ളണ്ടായിരുന്നതെന്നു ചില രേഖകളാൽ‌ തെളിയുന്നുണ്ട്. ഈ സമ്പ്രദായത്തിന്ന് ഇംഗ്ലീഷിൽ ഫ്യൂ്ഡൽ സിസ്റ്റം (Feudal system) എന്നാണ് പറയുമാറുള്ളത്. ഈ ഒരു സമ്പ്രദായത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നടപടിക്രമങ്ങളെപറ്റിയും മറ്റും കേൾക്കുന്നതു വായനക്കാൎക്കു വളരെ രസകരമായിരിക്കുമെങ്കിലും വളരെ വിസ്തരിക്കേണ്ടതായ ആവക സംഗതികളെല്ലാം ഈഘട്ടത്തിൽ എടുത്തുപറയുവാൻ ഞാൻ ഒരുങ്ങുന്നില്ല. ഏതുരാജ്യത്തെ ചരിത്രം നോക്കിയാലും ഈ മാതിരി ഭരണരീതിതന്നെ ഏറക്കുറെ കാലത്തേക്കു് അല്പം ചില ഭേദഗതികളോടു കൂടി അവിടവിടെ പ്രബലപ്പെട്ടിരുന്നു എന്നറിയാം. എന്നാൽ ഈ ഭരണരീതിയാകട്ടെ അതിന്റെ നടവടിവ്യത്യാസങ്ങൾക്കനുസരിച്ചു പലവിധത്തിലും പരണമിച്ചു വശായി.

ചിലരാജ്യങ്ങളിൽ രാജ്യവും അതിലുള്ള ഭൂസ്വത്തു മുഴുവനും രാജാവിന്റേതാണെന്നും രാജാവുകൊടുത്ത വഴിക്ക് അത് ഇടപ്രഭുക്കന്മാൎക്കു സിദ്ധിച്ചു എന്നും സിദ്ധാന്തിച്ചിരുന്നു. രാജഭക്തിയില്ലാത്ത ഇടപ്രഭുക്കന്മാരെ സ്ഥാനത്തുനിന്നു നീക്കം ചെയ്‌വാനും അവരുടെ സ്വത്ത് അടക്കുവനും യുദ്ധം മുതലായ അധികച്ചിലവുള്ള കാലങ്ങളിൽ ആവശ്യം പോലെ കരം പിരിപ്പാനും മറ്റുമുള്ള പൂൎണ്ണാധികാരം രാജാവിന്നുണ്ടായിരുന്നു. മറ്റുചിലരാജ്യങ്ങളിൽ രാജാവു ക്ലിപ്തമായ ചില അവസരങ്ങളിൽ ക്ലിപ്തമായ ചില സംഖ്യകൾ ഇടപ്രഭുക്കന്മാരോടു വസൂലാക്കുന്നതുകൂടാതെ വേറെ [ 4 ] യാതൊന്നിന്നും ആയാൾക്ക് അവകാശമുണ്ടായിരുന്നില്ല. ആദ്യം പറഞ്ഞ മാതിരിയിൽ രാജാവിന്നു സ്വയാധികാരവും ബലവും വർദ്ധിക്കുകയും, അതിനാൽ ശത്രുസംഹാരത്തിന്നുള്ള ശക്തി തുലോം അധികരിക്കുകയും ചെയ്തു. എന്നാൽ ഈ സ്വയാധികാരവും ബലവും നിലനിൎത്തുവാൻ ആവക ചില രാജാക്കന്മാർ വളരെ പണിപ്പെടുകയും, മറ്റുചിലർ ഇടവിടാതെയുള്ള കലക്കങ്ങളാൽ തങ്ങളുടെ രാജബലത്തിന്റെ ഏതാണ്ട് ഒരുഭാഗം തന്നാട്ടിലെ പ്രഭുക്കന്മാൎക്കോ നാട്ടുകാൎക്കോ വിഭജിച്ചു കൊടുക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. രണ്ടാമതുപറഞ്ഞ മാതിരിയിൽ പല രാജാക്കന്മാരും കാലംകൊണ്ടു ബലഹീനന്മാരായി തങ്ങളുടെ രാജ്യം ശത്രുക്കൾക്കു കൊടുക്കേണ്ടി വരികയും ചെയ്തിരിക്കുന്നു. രാജബലം ഒരേടത്ത് ഏകോപിച്ചാലെ ശത്രുസംഹാരത്തിന്നും കലക്കും കൂടാതെ സ്വരാജ്യം ഭരിക്കെണ്ടതിന്നും മതിയാകയുള്ളൂ എന്നുള്ള തത്വം ഈ രണ്ടാമതു പറഞ്ഞ മാതിരിയിൽ പ്രബലമാകണമെങ്കിൽ ഒരിക്കലും തരമുണ്ടാവുന്നതല്ല. ഇങ്ങിനെ പലവിധത്തിലും പരിണമിച്ചിരിക്കുന്ന ഈ ഭരണരീതി ഭൂമിയുടെ ഉടമാവകാശത്തെ പല പ്രകാരത്തിലും ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഭൂമിഉടമസ്ഥന്മാർ‌ ഇന്നും സൎക്കാരിലേക്കു നിലനികുതി കൊടുക്കുന്നില്ല. യൂറോപ്പുവങ്കരയിൽ വളരെ കാലമായിട്ടുതന്നെ സ്വല്പം ഒരു നിലനികുതി പിരിച്ചിരുന്നു. ഇന്ത്യയിൽ സ്മൃതികൎത്താക്കന്മരുടെ കാലത്തിനു മുമ്പായിതന്നെ ഷഷ്ഠാംശം കരം വസൂലാക്കിയിരുന്നുവല്ലൊ. മഹമ്മദീയരുടെ വാഴ്ചകാലത്ത് ഇവിടെ അതു നൂറ്റിന്ന് എഴുപതും എമ്പതും കണ്ടു പിരിച്ചിരുന്നു. മലയാളത്തിൽ ഹൈദരുടെ ആക്രമത്തിന്നുമുമ്പെ നിലനികുതി ഒരു പൈ പോലും പ്രജകൾ കൊടുത്തിരുന്നില്ല. ഇങ്ങിനെ കരം പലപ്രകാരത്തിലുമാകുവാനുള്ള ചരിത്രസംഭവങ്ങൾ പലതുമുണ്ട്. അതൊക്കെ വിവരിക്കുവാനുള്ള അവസരം ഇതല്ലല്ലൊ. [ 5 ]

ഭൂമിയുടെ ഉടമാവകാശത്തെപ്പറ്റി പറയുന്നേടത്തു രാജ്യഭരണരീതിയുടെ വകഭേദങ്ങളെക്കുറിച്ച് ഇത്രയൊക്കെ പറവാനുണ്ടോ എന്നു പലരും സംശയിച്ചേക്കാം. എന്നാൽ എല്ലാ രാജ്യത്തിലേയും ഭൂമിഉടമാവാകാശം അവിടുത്തെ ഭരണരീതിയുടെ സമ്പ്രദായഭേദങ്ങൾ പോലെയാണ് ആയിതീരുന്നതെന്നുള്ള ധാരണ വായനക്കാൎക്കുണ്ടായാൽ ഈ ശങ്കയ്ക്ക് ഒരിക്കലും ഇടയുണ്ടാവുന്നതല്ല. ഭരണരീതിയുടെ പരിണാമഭേദങ്ങളാൽ ഭൂമിയുടെ ഉടമസ്ഥന്മാർ‌ പലപ്പോഴും മാറുവാൻ മാത്രമല്ല സംഗതിയുണ്ടായിട്ടുള്ളൂ. ആ ഉടമാവകാശത്തിന്റെ യോഗ്യതയ്ക്കും കുറവിന്നും എന്നുവേണ്ട, അതിന്റെ കീഴിലുള്ള കുടിയായ്‌മ അവകാശങ്ങളുടെ സ്വഭാവങ്ങൾക്കും കൂടി വളരെ ഭേദഗതിവരുവാൻ ഇടവന്നിട്ടുണ്ട്. ഇതുകൊണ്ടാണ് ഭരണരീതിയുടെ ചുരുക്കം ചില ഗതികളെപ്പറ്റി ഇത്രയും ഇവിടെ പ്രസ്താവിച്ചത്.

ഭൂമിഉടമാവകാശം ഗ്രാമസംഘങ്ങളിൽ ഏതു വിധമാണ് ഉണ്ടായതെന്നും, അതു പിന്നെ പ്രായേണ യുദ്ധവീരന്മാൎക്കധീനമായി തീൎന്നത് എങ്ങിനെ എന്നും കഴിഞ്ഞ ലക്കത്തിൽ പറഞ്ഞുവല്ലൊ. കാലത്താൽ ഭരണരീതി എത്രതന്നെ മാറിയാലും ഗ്രാമസമ്പ്രദായങ്ങൾക്കു വലിയ ഭേദഗതിയൊന്നും വന്നിട്ടില്ലായിരുന്നു. രാജ്യത്തിന്റെ മൂലകാരണമായ ഈ ഗ്രാമങ്ങൾ പലപ്പോഴും പല നാടുവാഴികൾക്കും അധികമായി എങ്കിലും അവർ ഗ്രാമസമ്പ്രദായങ്ങളെ ഭേദപ്പെടുത്തുവാൻ ശ്രമിക്കുകയുണ്ടായിട്ടില്ല. തെക്കൻ ഇന്ത്യയിൽ ഈ തത്വം വിശേഷിച്ചു സ്പഷ്ടമാവുകയും, അവിടുത്തെ ഗ്രാമസംഘങ്ങൾ വളരെ കാലമായി തങ്ങൾക്കുള്ള സ്വാത്രന്ത്ര്യം അനുഭവിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ ബ്രിട്ടീഷ് ഗവൎമ്മേണ്ടിന്റെ പ്രത്യേകതരമായ ഭരണസമ്പ്രദായത്താൽ ഈ സംഘങ്ങളുടെ സ്വാതന്ത്ര്യവും അതുകൊണ്ടുണ്ടാകുന്ന സാമുദായികഗുണങ്ങളും കേവലം അസ്തമിച്ചു [ 6 ] പോയിരിക്കുന്നു എന്നു വ്യസനപൂൎവ്വം പറയേണ്ടിവന്നിരിക്കുന്നു. സ്വാതന്ത്ര്യത്തോടുകൂടി സുഖമായി വളരെക്കാലം വാണുവന്നിരുന്ന ഈ ഗ്രാമസംഘങ്ങളാകട്ടെ കോയ്മകളുടെ പലപ്പോഴുമുണ്ടായ മാറ്റങ്ങളിലും ഇത്ര വലിയ സങ്കടം അനുഭവിക്കുകയുണ്ടായില്ല. കോയ്മകൾ വ്യത്യാസപ്പെട്ടാലും ഗ്രാമഭൂമികളുടെ ഉടമാവകാശം അന്യന്മാൎക്കധീനമായാലും അവൎക്ക് അതുകൊണ്ടു വിശേഷിച്ച് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ഗ്രാമാധിപതികൾ അന്നും കൃഷിക്കാർ‌ കൃഷിചെയ്തുണ്ടാക്കുന്ന വിളവിൽ അതാതാളുകൾക്കുള്ള ഭാഗം തിരിച്ചു കൊടുത്തിരുന്നു. വിളവിൽ നാടുവാഴിയുടെ ഭാഗമായ കരം, ജന്മിയുടെ ഭാഗമായ പാട്ടം, ഇതുകളൊക്കെ യാതൊരു വ്യത്യാസവുംകൂടാതെ പിരിച്ചു കൊടുത്തിരുന്നത് ഇവർതന്നെ ആയിരുന്നു. ഇതിനുപുറമെ തങ്ങൾക്കും ഒരു അവകാശം ഈ കൂട്ടത്തിൽ ഉണ്ട്. ഇതും നടപ്പുകാരന്റെ ഭാഗവും വിഭജിക്കുന്നതിലും ക്ലിപ്തമായ ചില നിയമങ്ങളുണ്ടായിരുന്നു. ഇതിന്നു പുറമേ ഗ്രാമത്തിലെ ആശാരി, കൊല്ലൻ ഇങ്ങിനെ തുടങ്ങിയ പല പണിക്കാൎക്കും ചില ചില്ലറ ഭാഗങ്ങൾ കൊടുക്കുകയും പതിവുണ്ടായിരുന്നു.

ഭൂമി ഉടമസ്ഥന്മാർ പലപ്പോഴും മാറിവരുന്ന ദിക്കിൽ വല്ല നിയമവും ഉണ്ടായിട്ടുണ്ടോ എന്നാണ് ഇനി ഒന്നാലോചിപ്പാനുള്ളത്. ഇതിന്റെ പ്രധാനനിയാമകം ചരിത്ര സംഭവങ്ങളുടെ ഗതിഭേദങ്ങൾ തന്നെ ആണെങ്കിലും ഈ ഭൂമിഉടമാവകാശമാറ്റങ്ങൾ താഴെപറയുന്ന മൂന്നുവിധത്തിലല്ലാതെ ഉണ്ടായി കാണുന്നത് ദുർല്ലഭമാണ്. (1)‌ രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള തത്വ[2] [ 7 ] ത്തിന്നനുസരിച്ചു രാജാവ് ഇടപ്രഭുക്കന്മാർക്കോ വേറെ വല്ലവൎക്കോ മാന്യമായോ വേറേവിധത്തിലോ ദാനം ചെയ്തിട്ട് കിട്ടുന്ന വിധം. (2) രാജാവും ഇടപ്രഭുക്കന്മാരുമായിട്ടുള്ള കലഹത്തിൽ അശക്തനായ രാജാവിനോടു പ്രഭുക്കന്മാർ അവകാശം ബലാൽകാരേണ സ്വീകരിച്ചവിധം. (3) ഇങ്ങിനെ രണ്ടുവിധം കിട്ടുന്നതായ അവകാശം വിലയ്ക്ക് തീരുകൊടുത്തു കൈമാറുന്നവിധം.

രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള ബോധം പണ്ടത്തെ ഹിന്തുരാജാക്കന്മാരുടെ ഇടയിൽ ധാരാളം പ്രബലമായിരുന്നു എന്നു തോന്നുന്നില്ല. ഇടപ്രഭുക്കന്മാരോടു പലപ്പോഴും ചില അവകാശങ്ങൾ രാജാവ് പിരിച്ചിരുന്നു എങ്കിലും അതിന്നൊക്കെ ക്ലിപ്തമായ ചില നിയമങ്ങൾ ഉണ്ടായിരുന്നു. രാജബലം എന്നത് ഹിന്തുരാജാക്കന്മാരുടെ ഇടയിൽ പശ്ചാത്യ രാജാക്കന്മാർക്കുണ്ടായിരുന്ന ബലത്തോടു തട്ടിച്ചു നോക്കുന്നതായാൽ കുറെ കുറവായിരുന്നു എന്നുതന്നെയാണ് പറയേണ്ടത്. ഇതുനിമിത്തമാണ് വടക്കൻ ഇന്ത്യയിലെ ഹിന്തുരാജ്യങ്ങൾ ക്രിസ്താബ്ദം 12-ആം നൂറ്റാണ്ടിന്റെ അവസാനത്തോടുകുടി മഹമ്മദീയരാജാക്കന്മാർക്ക് അധീനമാവേണ്ടിവന്നത്. മഹമ്മദീയരാജാക്കന്മാർ ഇന്ത്യയിൽ ഏർപ്പെടുത്തിയിരിക്കുന്ന രാജനീതി രാജ്യവും ഭൂമിയും രാജാവിന്റേതുതന്നെ ആണെന്നുള്ള തത്വത്തിന്നനുസരിച്ചായിരുന്നു. വീരന്മാരാണെങ്കിലും രാജബലം കുറഞ്ഞിരിക്കുന്ന ഹിന്തുരാജാക്കന്മാർ ഈ [ 8 ] നീതിക്കെതിരായി വളരെ കലഹിച്ചു എങ്കിലും തങ്ങൾക്കു പോയിരിക്കുന്ന സ്വാതന്ത്ര്യം തിരിയെല ഭിക്കുവാൻ അവർക്ക് സാധിക്കുകയുണ്ടായില്ല. അവരിൽ മിക്കവാറും ആളുകൾ ഇപ്പോൾ രാജപുട്ടാന എന്ന് പ്രസിദ്ധമായ സ്ഥലത്തേക്ക് പുറപ്പെട്ടുപോയി, അതിൽ ചിലർ തെക്കൻ ഇന്ത്യയിൽ വന്നു അവിടവിടെയായി ചില കോയ്മകൾ സ്ഥാപിച്ചു അതിൽ പ്രധാനമായത് ചരിത്ര പ്രസിദ്ധമായ വിജയനഗരമാഹാരാജ്യമാണ്.

കാലംകൊണ്ട് മഹമ്മദീയരാജാക്കന്മാർ തെക്കേ ഇന്ത്യയിലേക്കും കടന്നു കൂടുകയും, അവിടുത്തെ രാജ്യങ്ങൾ കീഴടക്കുകയുംചെയ്തു തുടങ്ങി. മേൽക്കാണിച്ച രാജനീതിയാൽ, അതായത് രാജ്യവും ഭൂമിയും രാജാവിന്റെതുതന്നെയാണെന്നുള്ള സംഗതിയാൽ, രാജബലം തുലോം വർദ്ധിച്ചിരിക്കുന്ന ഈ മഹമ്മദീയർ കാലംകൊണ്ട് ഹിന്തുരാജാക്കന്മാരെ അടിച്ചുടച്ചു തെക്കൻഇന്ത്യയിൽ അധികഭാഗവും അധീനമാക്കിക്കളഞ്ഞു. എന്നാൽ കേരളരാജ്യത്തിൽ മഹമ്മദീയ കോയ്മയുടെ ഉദയം ക്രിസ്താബ്ദം 18-ാം നൂറ്റാണ്ടിന്റെ പകുതിയിലധികവും കഴിഞ്ഞതിനു ശേഷമായിരുന്നു. കിഴക്കു ഭാഗത്തു തെക്കുവടക്കായി നീണ്ടു കിടക്കുന്ന പശ്ചിമഘട്ടത്താൽ രക്ഷിക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ രാജ്യവും ഭൂമിയും രാജാവിന്റെതാണെന്നുള്ള മഹമ്മദീയസിദ്ധാന്തത്തിനു വളരെ കാലം പ്രചാരം കൂടാതെതന്നെ കഴിഞ്ഞു കൂടി. എന്നാൽ 1762-ൽ കന്നട രാജ്യവും, 1766-ൽ മലയാള രാജ്യവും ചരിത്രപ്രസിദ്ധനായ ഹൈദരാലിയുടെ സൎവ്വസംഹാരകമായ രാജബലത്തിന്നധീനമാവുകയും, അതിനുശേഷം മേൽപറഞ്ഞ മഹമ്മദീയസിദ്ധാന്തം ഈ രാജ്യത്ത് വേരൂന്നിപിടിക്കുവാൻ തുടങ്ങുകയും ചെയ്തു. പക്ഷെ ഹൈദരാലി 1782-ൽ മരിച്ചതിനാൽ അയാളുടെ മകനായ ടിപ്പുസുൽത്താനും ഇംഗ്ലീഷുകാരുമായി 1792-ൽ ഉണ്ടായ ഒരു സമാധാനകരാറ് പ്രകാരം മലയാള രാജ്യം ഇംഗ്ലീഷുകാർക്ക് [ 9 ] അധീനമായിതീർന്നു. ഇംഗ്ലീഷുകാരാകട്ടെ ഹൈദരാലിയുടെ തോതിനെ അനുസരിച്ച് നികുതിസമ്പ്രദായത്തെ ഉറപ്പിക്കുവാൻ ആരംഭിക്കുകയാണ് ചെയ്തത്‌. എന്നാൽ കേരളത്തിൽ സ്വകാൎയ്യഉടമാവകാശത്തെ പ്രബലപ്പെടുത്തുന്നതായ പഴയ നടവടികൾ ധാരാളം ഉണ്ടായിരുന്നതിനാലും, ഹൈദരാലിയുടെ വാഴ്ചകാലം അധികമുണ്ടാവാത്തതുകൊണ്ട് അയാളുടെ തോത് ഉറച്ചുവരുവാൻ സംഗതിയാവാത്തതിനാലും, അതിന്നു പിന്നീടുവന്നതായ ബ്രിട്ടീഷുഗവൎമ്മേണ്ടിന്നു പഴയനടവടികളെ കേവലം നിരസിച്ചു നടക്കുവാൻ കുറെ മടിയുണ്ടായതുകൊണ്ടും മലയാളത്തിലെ ഭൂമിഉടമാവകാശങ്ങൾ കിഴക്കൻ ജില്ലകളിലെപോലെ അല്ലാതെ പ്രജകൾക്കു കുറെ അനുകൂലമായിവരുവാൻ സംഗതിവന്നു.

കെ. സി. മാനവിക്രമൻരാജാ, ഡി. സി.


ജന്മികുടിയാന്മാർ തമ്മിൽ ഐകമത്യം
വർദ്ധിപ്പിക്കുന്നതിന്ന്
എടുക്കേണ്ടുന്നവഴികൾ

ന്മികുടിയാന്മാർ തമ്മിൽ ഐകമത്യം വർദ്ധിപ്പിക്കുന്നതിന്ൻ എടുക്കേണ്ടുന്ന മാർഗ്ഗങ്ങൾ പലതുമുണ്ടെങ്കിലും അവയിൽ ചിലതിനെ ഇവിടെ പറയാം.

ഒന്നാമതായി ഇതിന്നു രണ്ടു കൂട്ടരും അന്യോന്യം യോജിപ്പോടുകൂടി ഇരിക്കണമെന്നും, അപ്രകാരം ഇരിക്കുന്നതാണ് ഇരുഭാഗക്കാർക്കും ഗുണമെന്നും രണ്ടു കൂട്ടർക്കും ഒരു വിശ്വാസം ഉണ്ടായിരിക്കേണ്ടതാകുന്നു. പിന്നെ വേണ്ടതു കൊടുക്കേണ്ടതു സമയത്തിന്നു കൊടുക്കണമെന്നു കൂടിയാന്നും, കിട്ടേണ്ടതു സമയത്തിന്നു കിട്ടിയാൽ തൃപ്തിയായി എന്നു [ 10 ] ജന്മിക്കും ഒരു ബുദ്ധി ഉണ്ടായിരിക്കുകയാണ്.

കിട്ടേണ്ടത് എന്താണ്, കൊടുക്കേണ്ടത് എന്താണ് എന്നതിന്റെ ഒരു ഖണ്ഡിതം രണ്ടാമത്തെ കാര്യമാകുന്നു. ഒന്നാമത്തേതു ദൃഢമായി ഉറപ്പിച്ചാൽ രണ്ടാമതേതിന്നു പിന്നെ വളരെ വൈഷമ്യമില്ല.

ജന്മികൾ പിന്നെ ഒരു കാര്യം പ്രത്യേകം ചെയ്യേണ്ടതു കുടിയാന്മാരെ ദയയോടുകൂടി നോക്കുകയാകുന്നു. കുടിയാൻ ജന്മിക്കു, പുരയ്ക്ക് ഭിത്തി എപ്രകാരമോ, അപ്രകാരമാകുന്നു. അവർ നമ്മളെ (ജന്മികളെ)കാണ്മാനായോ മറ്റോ വന്നാൽ സന്തോഷത്തോടെ സ്വീകരിക്കേണ്ടതും, സൌമുഖ്യത്തോടുകൂടി സംസാരിക്കേണ്ടതും നമ്മളുടെ ബാദ്ധ്യതയാകുന്നു. അവരുടെ ഇഷ്ടകഷ്ടങ്ങളെ നമ്മൾ അന്വേഷിക്കേണ്ടതും ആകുന്നു.

നമ്മൾക്ക് അടയ്ക്കേണ്ടതെല്ലാം സമയത്തിനു അടയ്ക്കുവാൻ നിവൃത്തിയാവുന്നില്ലെന്നു കാണിപ്പാൻ വല്ല ബുദ്ധിമുട്ടോ സങ്കടമോ കുടിയാൻ നമളെ അറിയുക്കുന്നതായാൽ ആദ്യം അത് വസ്തവമാണെന്നു വെച്ച് നമ്മൾ സ്വീകരിക്കണം. അതിനു ശേഷം പിന്നെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കേണ്ടതും, അന്വേഷണത്തിൽ തൽക്കാലം ഒഴിഞ്ഞു പോകുവാൻ വേണ്ടി എടുത്ത ഒരു വിദ്യയാണെന്ന് പ്രത്യക്ഷമായാൽ മേലിൽ അപ്രകാരം വരാതിരിപ്പാൻ അയാൾക്ക്‌ നമ്മളുടെ അപ്രീതിയെ കാണിക്കേണ്ടത് ആകുന്നു.

നമ്മൾക്ക് കിട്ടേണ്ടതായ പാട്ടമാവട്ടെ, മിച്ചവാരമാവട്ടെ, പലിശയാവട്ടെ, വാങ്ങേണ്ടതിന്നു അതാതു കൊല്ലം കുംഭം 1-ാം നു മുതൽ മീനം 30-ാംനു കൂടിയ കാലത്തിന്നുള്ളിൽ പ്രത്യേകം ജാഗ്രതചെയ്യേണ്ടാതാകുന്നു. ഈ കാലത്ത് ചെയ്യുന്ന നിഷ്ക്കർഷ ഒരു സമയം ചിലർക്ക് കുറെ അപ്രീതിക്കു കാരണമായേക്കാമെങ്കിലും, രോഗികൾക്ക് ഔഷധസേവനത്തെപ്പോലെ, പിന്നെ സന്തോഷത്തിനു [ 11 ] കാരണമാകുന്നതുമാകുന്നു. ഇതുചെയ്യാതെ പാട്ടം കുടിയാന്റെ വശം തന്നെ നിൎത്തിവെക്കുകയും ക്ഷാമകാലമായ കൎക്കിടകം-ചിങ്ങം കാലത്ത് അത് ചോദിക്കുകയോ അതിന്റെ അപ്പോഴത്തെ വില അടപ്പാൻ ആവശ്യപ്പെടുകയോ ചെയ്കയും ചെയ്യുന്നത് തെറ്റായ പ്രവൎത്തികളിൽ ഒന്നാകുന്നു. ക്ഷാമകാലമാകയാൽ കുടിയാൻ അതിനെ വേറെപ്രകാരത്തിൽ ചിലവാക്കുകയും, ആ മുതൽ കിട്ടുവാനുണ്ടല്ലൊ എന്നു വിചാരിച്ചു നമ്മൾ വല്ല ഏൎപ്പാടും കരുതി ഇരിക്കുകയും ചെയ്യുമ്പോൾ അന്യോന്യം അനാവശ്യമായി ഒരു പരിഭവത്തിനു കാരണമുണ്ടാവുന്നു.

മത്സരമോ വിരോധമോ അരുതെന്നു നമ്മളുടെ പ്രമാണങ്ങൾ‌ ഘോഷിക്കുന്നതിൽ സാരമായ ചില വലിയ തത്വങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സരവും വിരോധവും ആരോടും ആവശ്യമില്ല. ലൗകികവും കാൎയ്യവും രണ്ടായിട്ടു സ്വീകരിക്കേണ്ടതും അങ്ങിനെ സ്വീകരിക്കുന്നത് എപ്പോഴും നല്ലതും ആകുന്നു. ലൗകികം ദേഹസംബന്ധവും, കാൎയ്യം പ്രവൃൎത്തിസംബന്ധവും ആകുന്നു. എന്നാൽ ദേഹസംബന്ധം കാൎയ്യത്തിൽ എത്രയോ മിശ്രമായി മുങ്ങിക്കിടക്കുന്നു എന്നു പലേ യോഗ്യരും ഘോഷിക്കുന്നതും, അത് ഒരു വിധം വാസ്തവുമാകുന്നു. എങ്കിലും അവ രണ്ടും രണ്ടായിട്ടു സ്വീകരിക്കുന്നതു പ്രവൎത്തിയിൽ വളരെ നല്ലതാകുന്നു. ദേഹസംബന്ധമായിട്ടുള്ള മത്സരം കൊണ്ട് എന്താണ് ഫലം? യാതൊന്നും ഇല്ലല്ലൊ. കാൎയ്യത്തിന്നോ മത്സരം അനാവശ്യവുമാണല്ലൊ. മത്സരം മുതലായ ദുൎഗ്ഗുണങ്ങൾ‌ ഒന്നാമതായി ആരിൽ ഇരിക്കുന്നുവോ അയാളെ ചീത്തയാക്കുന്നു എന്നു നിശ്ചയമാണ്. ആരെക്കുറിച്ചാണോ മത്സരമുള്ളത് അയാൾക്കു വല്ല കേടും തടുക്കുക എന്നത് രണ്ടാമത്തേതാകുന്നു. അവനൻ ചീത്തയായാലും അന്യൻ ചീത്തയാവട്ടെ എന്നു ദൃഢമായി വിചാരിക്കുന്നവർക്കു പക്ഷെ ഇതു തരക്കേറ്റില്ലെന്നു മാത്രമേ ഉള്ളൂ. [ 12 ] മത്സരം മുതലായവ അരുതെന്ന് പുരാണങ്ങൾ ഘോഷിക്കുന്നതിന്റെ ഒരു തത്വം ഇതാകുന്നു. അതുകൊണ്ട് കാര്യം, കാര്യത്തിനുവേണ്ടി, കാര്യത്തോളം, എല്ലാം പ്രവർത്തിക്കേണ്ടതും, മത്സരം ആവശ്യമില്ലാത്തതും, അത് ആരിൽ ഇരിക്കുന്നുവോ അവരെ കേടുവരുത്തുന്ന ഒരു ചീത്ത വസ്തുവും ആകുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കെണ്ടാതാകുന്നു.

(തുടരും)


മണ്ണാർക്കാട്ടു മൂപ്പിൽ നായർ


————:o:————
മലയാള തറവാടുകൾ
————:( ):————


യൽനാട്ടുകാർ കണ്ടു അസൂയപ്പെടത്തക്കവണ്ണം വിദ്യാവൈഭവം, ദ്രവ്യപുഷ്ടി, യുദ്ധസാമർത്ഥ്യം, പൌരുഷം, ഉൽക്കർഷേഛ മുതലായ വിശിഷ്ടസാമഗ്രികളാൽ ക്ഷേമത്തെ പ്രതിപദം മേപ്പോട്ടുയര്ത്തിക്കൊണ്ട് നിശ്ചഞ്ചലമായ ഐശ്വര്യസമ്പത്തൊടുകൂടി വളരെകാലം കീർത്തിമാർത്താണ്ഡ രശ്മികളെ ലോകമെങ്ങും പ്രകാശിപ്പിച്ചുകൊണ്ടിരുന്നിരുന്ന ഈ കേരളദേശം, തന്റെ സന്തതികളായ നാട് വാഴികളുടെയും ജന്മികളുടെയും മറ്റും ഐകമത്യക്ഷയം, മൌഢ്യം, അന്ധവിശ്വാസം മുതലായ ദുർഗ്ഗുണങ്ങൾ നിമിത്തം അധഃപതിച്ചുകൊണ്ടു കഠോരവും ഭയങ്കരവുമായ ക്ഷാമാന്ധകാരത്തിലേക്ക് ഇറങ്ങുവാൻ കാലോങ്ങിനിൽക്കുന്ന ഈ അവസരത്തിൽ, ആ മാതൃഭൂമിയുടെ താൽക്കാലികാവസ്ഥയെ കണ്ടു ഞെട്ടിയുണർന്നു, കീഴ്പോട്ടു താണു താണു് ഭയങ്കരാവസ്ഥയോടടുത്തിരിക്കുന്ന അതിനെ ഒന്ന് പിടിച്ചു മേപ്പോട്ടു കയറ്റുവാൻ പ്രോത്സാഹിപ്പിക്കേണ്ടതിന്നു കച്ചകെട്ടി പുരത്തിരങ്ങിയിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഈ "ജന്മി" [ 13 ] പത്രത്തിന്നു മേൽക്കുമേൽ ശ്രേയസ്സുണ്ടാകുവാൻ ഒന്നാമതായി ആശംസിച്ചശേഷം "ജന്മി"യുടെ ഉദ്ദേശങ്ങളിൽ ഒന്നായ "തറവാടുസമ്പ്രദായത്തെ നന്നാക്കി നിലനിർത്തുവാൻ അതിലെ അംഗങ്ങൾ സ്വീകരിക്കേണ്ടുന്ന മാർഗ്ഗങ്ങളെപ്പറ്റി" ചുരുക്കത്തിൽ നാലുവാക്കു പറഞ്ഞുതുടങ്ങാം.

മലയാളതറവാടുകൾ എന്നുവേണ്ട, മലയാളമൊട്ടുക്കുതന്നെ ക്ഷയിച്ചു ക്ഷയിച്ചു തൽക്കാലം വളരെ മോശസ്ഥിതിയിൽ കിടക്കുന്നുവെന്നു ചില പക്ഷക്കാരും, സമഷ്ടിയായാലോചിക്കുന്നതായാൽ മലയാളത്തിലേക്കു പറയത്തക്കതായി യാതൊരു ക്ഷയവും നേരിട്ടിട്ടില്ലെന്നും ഒരു ഭാഗം ക്ഷയിച്ചിട്ടുണ്ടെങ്കിൽ മറ്റൊരുഭാഗം പുഷ്ടിപ്പെട്ടിട്ടുമുണ്ടെന്നും മറ്റും മറ്റൊരു പക്ഷക്കാരും ഇപ്പോൾ വാദിക്കുന്നതായി നാം അറിയുന്നുണ്ടല്ലൊ. ഇതിൽ എതുപക്ഷത്തിലാണ് വാസ്തവാവസ്ഥ അടങ്ങിയിരിക്കുന്നതെന്ന് ഈ സന്ദർഭത്തിൽ നമുക്കാലോചിക്കേണ്ടിയിരിക്കുന്നു. അനാവൃഷ്ടികൊണ്ടും നികുതിഭാരം കൊണ്ടും, ജനസംഖ്യയുടെ വർദ്ധനയേ അനുസരിച്ച് നാട്ടിൽ ധാന്യങ്ങൾ കിട്ടാതെ വന്നിരിക്കുന്നതുകൊണ്ടും നാട്ടിലെ സാരം മുഴുവനും വറ്റി വരണ്ടുപോകുന്നുവെന്നും; പുതിയ പരിഷ്ക്കാരരംഗത്തിൽ മിക്കവാറും ജനങ്ങൾ വേഷം കെട്ടിപ്രവേശിച്ചിരിക്കുന്നതുകൊണ്ടും ഔദാസീനംകൊണ്ടും വേലചെയ്യുന്നതു നികൃഷ്ടമായ ഒരു ജോലിയാണെന്ന് കരുതി അതിൽനിന്നു പിന്മടങ്ങി ജനങ്ങൾ മറ്റൊരു വഴിക്ക് തിരിഞ്ഞും നിൽക്കുന്നതിനാൽ നാട്ടിൽ ക്ഷാമം കടന്നുകൂടി സ്ഥലം പിടിച്ചിരിക്കുന്നുവെന്നും; മേലിലെങ്കിലും നമ്മുടെ നാട്ടിനെ അഭ്യുന്നതിയിൽ കൊണ്ടുവരേണ്ടവരായ നമ്മുടെ ചെറുപ്പക്കാർ കാലദേശാവസ്ഥകളെ അനുസരിച്ചല്ലാത്ത വിദ്യാഭ്യാസരീതിയാലും മലയാളതറവാടുകളിലെ സ്ഥിരതയില്ലാത്ത ഭരണസമ്പ്രദായത്താലും ദുസ്വതന്ത്രന്മാരായിത്തീർന്നിരിക്കുന്നതുകൊണ്ട് ആ ഭാഗം പരിതപിക്കത്തക്കസ്ഥിതിയിൽത്തന്നെയാണ് കാണുന്നതെന്നും; അതുകൊണ്ടു [ 14 ] നമ്മുടെ നാടിന്നു ഒരിക്കലും ഒരുവിധത്തിലും ക്ഷേമമുണ്ടെന്നു പറഞ്ഞുകൂടെന്നും മറ്റുമാണ് ഒന്നാമത്തെ പക്ഷക്കാരുടെ വാദം. നികുതി എന്നത് ആദായത്തിൽനിന്നു രാജഭോഗമായി കൊടുക്കേണ്ട ഒന്നാകയാലും, വിശിഷ്യ ആ നികുതിസംഖ്യ മുഴുവനും നാട്ടിലേക്ക് ഉപകാരപ്രദങ്ങളായ കാര്യങ്ങളിൽ തന്നെ ചിലവുചെയ്തു വരുന്നതുകൊണ്ടും അതൊരിക്കലും ഒരു നഷ്ടമായി കരുതാവുന്നതല്ലെന്നും, ജനങ്ങളുടെ വർദ്ധനയ്ക്കനുസരിച്ചു തരിശായി കിടന്നിരുന്ന എത്രയോ സ്ഥലങ്ങൾ വെട്ടി തെളിയിച്ചു കൃഷിക്കുപയോഗപ്പെടുത്തി വന്നിട്ടുണ്ടെന്നും, അനാവൃഷ്ടികൊണ്ട് കൃഷിക്ക് ദോഷം തട്ടുന്നുണ്ടെന്നു സമ്മതിക്കാതെ കഴികയില്ലെങ്കിലും കൈത്തൊഴിലിൽനിന്നും കച്ചവടത്തിൽനിന്നും മറ്റു പല ഉദ്യോഗങ്ങളിൽ നിന്നും ജനങ്ങൾ പണം സമ്പാദിച്ച് ഇതരദേശങ്ങളിൽനിന്നു ഭക്ഷണങ്ങൾ വരുത്തി അവരവരുടെ ആവശ്യം നിറവേറ്റുന്നതു കൂടാതെ ബാക്കി കുറെ പണം കെട്ടിവെക്കുകകൂടി ചെയ്യുന്നുണ്ടെന്നും, നമ്മുടെ നാട്ടിൽത്തന്നെ ഒരു ഭാഗം താണിട്ടുണ്ടെങ്കിൽ മറ്റൊരു ഭാഗം ഉയർന്നിട്ടുമുണ്ടെന്നും മറ്റുമാണ് ഇതരപക്ഷക്കാർ വ്യവഹരിക്കുന്നത്. ഏതായാലും നാം സുക്ഷ്മദൃഷ്ട്യാ ആലോചിച്ചു നോക്കുന്നതായാൽ ഒന്നാമത്തെ പക്ഷക്കാരോടുതന്നെ യോജിച്ചു നിൽക്കേണ്ടിവരും, ഇവർ പറയുന്ന സംഗതികളെ പ്രത്യേകം പ്രത്യേകം എടുത്തു നല്ലവണ്ണം നോക്കുന്നതായാൽ നമ്മുടെ ദേശം ക്ഷാമദേവതയുടെ ദംഷ്ട്രകൾക്കിടയിൽ ഇതാ കുടുങ്ങുവാൻ പോകുന്നു എന്ന് തെളിവായിക്കാണാം.ഇതരപക്ഷക്കാർ തങ്ങളുടെ വാദത്തെ സ്ഥിരപ്പെടുത്തുവാൻ വേണ്ടി, നായർ സമുദായത്തിന്നു ചെറിയ ഒരു പതനം സംഭാവിച്ചിട്ടുണ്ടെങ്കിലും മാപ്പിളസമുദായവും ഈഴവസമുദായവും ഒന്ന് മേല്പ്പോട്ടുതന്നെയാണ് കയറിനിൽക്കുന്നതെന്നു നമ്മുടെ മുമ്പിൽ ഹാജരാക്കുന്ന ലക്ഷ്യം ഏകദേശം ശരിയായിരിക്കാംഎന്നു സമ്മതിക്കാമെങ്കിലും കേരളദേശത്തെ ഓരോ ഭാഗമായി പിരിച്ചുനോക്കാതെ [ 15 ] ഒന്നായെടുത്തു നോക്കുന്നതായാൽ അത് പൂർവ്വസ്ഥിതിയിൽ നിന്ന് വളരെ താഴെയാണ് നിൽക്കുന്നതെന്നാണ് കാണുന്നത്. മലയാള തറവാടുകളെ മാത്രം സംബന്ധിചിട്ടല്ലാതെ കേരളമൊട്ടുക്കു സംബന്ധിക്കുന്ന ഒരു നിരൂപണം ഇവിടെ ആവശ്യമില്ല. അതുകൊണ്ടും ലേഖനദൈർഘ്യത്തിലുള്ള ഭയംകൊണ്ടും ഇതരപക്ഷക്കാരുടെ വാദങ്ങളെ പ്രതിപദം എടുത്തു ഖണ്ഡിക്കുവാൻ ഇപ്പോൾ മുതിരുന്നില്ല. മലയാളതറവാടുകളെ സംബന്ധിച്ചുള്ള അവരുടെ ഏതാനും ചില ആക്ഷേപങ്ങൾക്ക് എന്റെ ഈ ലേഖനത്തിൽ സമാധാനം കിട്ടുന്നതുമാകുന്നു. ഇനി പ്രസ്തുതവിഷയത്തിലെ ആദ്യരംഗത്തിൽ പ്രവേശിക്കാം.

"പൂർവകാലത്തിൽ നായന്മാർ കേരളത്തിലെ സർവ്വതന്ത്രാധികാരങ്ങലുള്ളവരായിരുന്ന "രാജാക്കന്മാരുടെ ബാഹുക്കളും, മന്ത്രികളും, ആശ്രിതന്മാർക്ക് സ്വാമികളും" ആയിരുന്നുവെന്നു പലേ ചരിത്രകർത്താക്കന്മാരും സമ്മതിക്കുന്നുണ്ട് . ഇവരുടെ (നായന്മാരുടെ) ഉത്ഭവത്തെപ്പറ്റി ഇന്നും പണ്ഡിതന്മാരുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. നായന്മാർ നാഗാരാധന ചെയ്യുന്നവരായതുകൊണ്ട് ഉത്തരഇന്ത്യയിലെ നാഗഭക്തരായ നാഗന്മാ(സിതിയ)രുടെ കൂട്ടത്തിൽനിന്നു പിരിഞ്ഞുപോന്നവരാണെന്നു ചിലരും, നായർ സ്ത്രീകൾ ബഹുഭർത്തൃത്വം ആചരിക്കുന്നവരാണെന്നുള്ള നിശ്ചയത്തിന്മേൽ ഈ ആചാരം നടപ്പുള്ള തിബത്തു(Tibet) രാജ്യത്തുനിന്നു പോന്നവരാണെന്നു വേറെ ചിലരും, ഭാഷയെ സംബന്ധിച്ചുള്ള ചില തെളിവുകളെ അടിസ്ഥാനമാക്കി നായന്മാർ ദ്രാവിഡവംശജരാണെന്നു മറ്റു ചില കൂട്ടരും, നേപാളദേശനിവാസികളുടെ ദേവാലയങ്ങളുടേയും നായന്മാരുടെ ക്ഷേത്രങ്ങളുടെയും ആകൃതികൾക്കുള്ള സാമാന്യസാദൃശ്യത്തെയും അവിടങ്ങളിലുള്ള സ്ത്രീകളും നായർസ്ത്രീകളും ബഹുഭത്തൃത്വം ആചരിക്കുന്നുണ്ടെന്ന സംഗതിയേയും അടിസ്ഥാനമാക്കി വിചാരിച്ചും, 'നായർ'--'നീവർ' എന്നീ [ 16 ] വാക്കുകളുടെ ഉത്ഭവസ്ഥാനം ഒന്നാണെന്നൂഹിച്ചും 'നീവർ' എന്ന വർഗ്ഗക്കാരുടെ ഇടയിൽനിന്നു പോന്നവരാന് നായന്മാരെന്നു നാലാമത് ഒരു പക്ഷക്കാരും പറയുന്നുണ്ട്. ഇങ്ങിനെ പലരും പലവിധം അവരവരുടെ സരസ്വതീപ്രസാദം പോലെ ഓരോവിധം അഭിപ്രായപ്പെടുന്നു. നായന്മാർക്ക് പുറമേ അനേകദ്രാവിഡവംശക്കാരും മറ്റും മലയാളത്തിൽ വന്നു ചേർന്ന് ഒരു ജനമായ്തീർന്നവരുടെ സന്താനമാകുന്നു നായന്മാർ" എന്ന് "നായർ" പത്രഗ്രന്ഥം ഒന്നാം ലക്കത്തിൽ പത്രാധിപർ മിസ്റ്റർ കാ. കണ്ണൻനായർ സയുക്തികം പ്രതിപാദിച്ചിരിക്കുന്നു. വാദത്തിലിരിക്കുന്ന പ്രസ്തുതസംഗതിയെ പറ്റി പര്യാലോചിക്കുന്നത് ഏതായാലും പ്രകൃതത്തിലേക്ക് അത്ര വളരെ ആവശ്യമുള്ളതായിരിക്കുന്നില്ല.

അസീര്യാരാജ്യത്തുണ്ടായിരുന്ന ബാബിലോൺ പട്ടണത്തിൽനിന്നു ഇയ്യടെ കിട്ടിയ ചില ലക്ഷ്യങ്ങൾകൊണ്ടും, സാലമൻ എന്നാ ജൂതരാജാവിന്റെ കാലത്ത് നടന്നിരുന്ന കപ്പൽക്കച്ചവടത്തെപ്പറ്റിയും മറ്റും ബൈബിളിൽ കാണുന്ന ചില സംഗതികളിൽനിന്നു സുറിയ മുതലായ പ്രാചീനരാജ്യങ്ങളും കേരളവുമായി കച്ചവടം നടന്നിരിക്കേണമെന്നും മറ്റും ഊഹിക്കാവുന്നതുകൊണ്ടും, ക്രിസ്താബ്ദത്തിന്നു 1500 കൊല്ലം മുമ്പു നടന്നിട്ടുള്ളതായിരിക്കണമെന്നൂഹിക്കപ്പെടുന്ന ഭാരതയുദ്ധകാലത്തിൽ കേരളം ഒരു രാജ്യമെന്ന് എണ്ണത്തക്കവിധത്തിലുള്ള ഒരു പരിഷ്കൃതാവസ്ഥയിലെത്തീട്ടൂണ്ടെന്നു മഹാഭാരതത്തിൽനിന്നറിയുന്നതുകൊണ്ടും, ക്രിസ്താബ്ദത്തിനു 300-ൽ ചില്വാനം കൊല്ലങ്ങൾക്ക് മുമ്പ് ആക്രമിച്ച അലക്സാണ്ടർ എന്നാ മഹാന്റെ പ്രതിനിധിയായിവന്ന മെഗസ്തനീസ്സ് എന്ന ആൾ എഴുതീട്ടുള്ള ഗ്രന്ഥത്തിൽ നിന്നും, ക്രിസ്താബ്ദം ഒന്നാംനൂറ്റാണ്ടിൽ എഴുതീട്ടുള്ള "പെരിപ്ലസ്സ്", "പ്ലിനി" എന്നീ ഗ്രന്ഥങ്ങളിൽ നിന്നും, രണ്ടാം നൂറ്റാണ്ടിൽ ടോളമി എഴുതീട്ടുള്ളതിൽനിന്നും ഇങ്ങിക്കൊപ്ലസ്മീസ്സ് [ 17 ] എന്നാ ഗ്രീക്ക് സന്യാസി 6-ാം നൂറ്റാണ്ടിൽ എഴുതിയിട്ടുള്ള പുസ്തകത്തിൽ കേരളത്തെപ്പറ്റി പലേ വിവരങ്ങളും കിട്ടുന്നതിനു പുറമെ, കേരളവും യൂറോപ്പുമായി അക്കാലങ്ങളിൽ കച്ചവടം നടന്നിട്ടുണ്ടെന്നും മറ്റും അറിയുന്നതുകൊണ്ടും എത്രയോ പുരാതനമായ കാലത്തുതന്നെ കേക്രളം അദ്ധ്വാന ശീലന്മാരും പൌരുഷം പൂര്ത്തീകരിച്ചവരും ഉൽക്കർഷേച്ഛുക്കളും ആയ ഒരു വർഗ്ഗക്കാരുടെ നിവാസഭൂമിയായിത്തീർന്നിട്ടുണ്ടെന്നു വെളിവാകുന്നുണ്ട്‌. ഈ വർഗ്ഗക്കാർ ഇപ്പോൾ കാണുന്ന ചെറുമർ, പുലയർ, മുതലായ അപരിഷ്ക്രുതന്മാരെന്നും ഇവരെ ശക്തിയേറിയ ആര്യബ്രാഹ്മണർ കേരളത്തിൽ കടന്നു യുദ്ധത്തിൽ പരാജിതരാക്കി കാട്ടിലെക്കോടിച്ചു രാജ്യം മുഴുവനും കൈവശപ്പെടുത്തി, സ്വാധികാരപ്രമാത്തന്മാരായിത്തീർന്നുവെന്നും , അതിനുശേഷം ദ്രാവിഡന്മാരുടെ ഇടയിൽനിന്നു വന്നു ആര്യബ്രാഹ്മണരുടെ ശാസനപ്രകാരം മരുമക്കത്തായം സ്വീകരിച്ചവരാണ് ഈ കാണുന്ന നായന്മാരെന്നും ചില മുറിന്യായങ്ങളെ അടിസ്ഥാനമാക്കി അഭിപ്രായപ്പെടുന്നതിനേക്കാൾ പുരാതനകാലംമുതൽക്കെ മരുമക്കത്തായം സ്വീകരിച്ചുകൊണ്ട് കേരളത്തിൽ കുടിയേറിപാർത്തിരുന്നവരാണ് നായന്മാരെന്നും , അതിനുശേഷം വന്നവരാണ് ബ്രാഹ്മണരെന്നും, നായന്മാരോടുള്ള അധികകാലത്തെ സംസർഗ്ഗം നിമിത്തം അവരുടെ (നായന്മാരുടെ) ചില ആചാരങ്ങൾ ബ്രാഹ്മണരുടെ ഇടയിൽ വ്യാപിച്ചു തുടങ്ങിയെന്നും, ബ്രാഹ്മണരുടെ ബുദ്ധികൌശലത്താൽ നായന്മാരെ സ്വധീനപ്പെടുത്തി കേരളത്തിലെ ഏതാനും ഭാഗങ്ങളെ കൈവശമാക്കി അനുഭവിച്ചു തുടങ്ങി എന്നും മറ്റും ഊഹിക്കുന്നതിനാണ് നമ്മെ യുക്തി നല്ലവണ്ണം സഹായിക്കുന്നത് .


(തുടരും)


കുന്നത്ത് ജനാൎദ്ദനമേനോൻ.


  1. ക്രിസ്താബ്ദം 476 മുതൽ 1498 വരെ.
  2. മേൽ പ്രസ്താവിച്ചതായ ഫ്യൂ്ഡൽ സിസ്റ്റ (Feudal system)ത്തിന്റെ പ്രധാന തത്വം ഇതാകുന്നു. യൂറോപ്പുരാജ്യത്തിൽ ചരിത്രപ്രസിദ്ധമായ "അന്ധകാരകാല"ത്തിന്റെ അല്ലെങ്കിൽ മദ്ധ്യകാലത്തിന്റെ അവസാനത്തോടുകൂടി ഈ തത്വം ക്ഷീണിച്ചു തുടങ്ങുകയും, പിന്നീടുണ്ടായ "പരിഷ്ക്കാരകാലത്ത്" ക്രമത്തിൽ പ്രജകൾക്കനുകൂലമായി ചില ഭേദഗതികൾ ഉടമാവകാശത്തിൽ വന്നു തുടങ്ങുകയും ചെയ്തു. ഇന്ത്യയിലാകട്ടെ മഹമ്മദീയരുടെ കാലത്തൊക്കെ ഈ തത്വം പ്രബലമായിതന്നെ ഇരുന്നിരുന്നു. അതിന്നു ശേഷം വന്നതായ ബ്രിട്ടീഷുഗവർമ്മേണ്ടു പക്ഷെ മഹമ്മദീയസമ്പ്രദായത്തെ കാതലാക്കീട്ടാണ് കുടിയായ്മരീതികളെ ഉറപ്പിച്ചത്.
"https://ml.wikisource.org/w/index.php?title=ജന്മി&oldid=82167" എന്ന താളിൽനിന്ന് ശേഖരിച്ചത്