താൾ:Janmi Malayalam Mahazine 1.2.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്നിന്നും ആയാൾക്ക് അവകാശമുണ്ടായിരുന്നില്ല. ആദ്യം പറഞ്ഞ മാതിരിയിൽ രാജാവിന്നു സ്വയാധികാരവും ബലവും വർദ്ധിക്കുകയും, അതിനാൽ ശത്രുസംഹാരത്തിന്നുള്ള ശക്തി തുലോം അധികരിക്കുകയും ചെയ്തു. എന്നാൽ ഈ സ്വയാധികാരവും ബലവും നിലനിൎത്തുവാൻ ആവക ചില രാജാക്കന്മാർ വളരെ പണിപ്പെടുകയും, മറ്റുചിലർ ഇടവിടാതെയുള്ള കലക്കങ്ങളാൽ തങ്ങളുടെ രാജബലത്തിന്റെ ഏതാണ്ട് ഒരുഭാഗം തന്നാട്ടിലെ പ്രഭുക്കന്മാൎക്കോ നാട്ടുകാൎക്കോ വിഭജിച്ചു കൊടുക്കുകയും ചെയ്യേണ്ടിവന്നിട്ടുണ്ട്. രണ്ടാമതുപറഞ്ഞ മാതിരിയിൽ പല രാജാക്കന്മാരും കാലംകൊണ്ടു ബലഹീനന്മാരായി തങ്ങളുടെ രാജ്യം ശത്രുക്കൾക്കു കൊടുക്കേണ്ടി വരികയും ചെയ്തിരിക്കുന്നു. രാജബലം ഒരേടത്ത് ഏകോപിച്ചാലെ ശത്രുസംഹാരത്തിന്നും കലക്കും കൂടാതെ സ്വരാജ്യം ഭരിക്കെണ്ടതിന്നും മതിയാകയുള്ളൂ എന്നുള്ള തത്വം ഈ രണ്ടാമതു പറഞ്ഞ മാതിരിയിൽ പ്രബലമാകണമെങ്കിൽ ഒരിക്കലും തരമുണ്ടാവുന്നതല്ല. ഇങ്ങിനെ പലവിധത്തിലും പരിണമിച്ചിരിക്കുന്ന ഈ ഭരണരീതി ഭൂമിയുടെ ഉടമാവകാശത്തെ പല പ്രകാരത്തിലും ബാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിൽ ഭൂമിഉടമസ്ഥന്മാർ‌ ഇന്നും സൎക്കാരിലേക്കു നിലനികുതി കൊടുക്കുന്നില്ല. യൂറോപ്പുവങ്കരയിൽ വളരെ കാലമായിട്ടുതന്നെ സ്വല്പം ഒരു നിലനികുതി പിരിച്ചിരുന്നു. ഇന്ത്യയിൽ സ്മൃതികൎത്താക്കന്മരുടെ കാലത്തിനു മുമ്പായിതന്നെ ഷഷ്ഠാംശം കരം വസൂലാക്കിയിരുന്നുവല്ലൊ. മഹമ്മദീയരുടെ വാഴ്ചകാലത്ത് ഇവിടെ അതു നൂറ്റിന്ന് എഴുപതും എമ്പതും കണ്ടു പിരിച്ചിരുന്നു. മലയാളത്തിൽ ഹൈദരുടെ ആക്രമത്തിന്നുമുമ്പെ നിലനികുതി ഒരു പൈ പോലും പ്രജകൾ കൊടുത്തിരുന്നില്ല. ഇങ്ങിനെ കരം പലപ്രകാരത്തിലുമാകുവാനുള്ള ചരിത്രസംഭവങ്ങൾ പലതുമുണ്ട്. അതൊക്കെ വിവരിക്കുവാനുള്ള അവസരം ഇതല്ലല്ലൊ.

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/4&oldid=161435" എന്ന താളിൽനിന്ന് ശേഖരിച്ചത്