വൈരുധ്യാത്മക ഭൗതികവാദം/ഭൗതികപ്രപഞ്ചം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈരുധ്യാത്മക ഭൗതികവാദം (തത്ത്വശാസ്ത്രം)
രചന:എം.പി. പരമേശ്വരൻ
ഭൗതികപ്രപഞ്ചം


[ 22 ]3

ഭൗതികപ്രപഞ്ചം


ഭൂമി, വെള്ളം, തേജസ് (ഊർജം), വായു, ആകാശം എന്നിങ്ങനെ അഞ്ചു മൂലകങ്ങൾ - പഞ്ചഭൂതങ്ങൾ - കൊണ്ടാണ് പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് ഭാരതീയദാർശനികർ സമർഥിച്ചിരുന്നു. ഗ്രീക്ക് ദർശനങ്ങളിൽ ആകാശമൊഴികെയുള്ള നാലുമൂലകങ്ങൾ കാണാം. മൂലകങ്ങൾ എന്ന പദംകൊണ്ട് മൂലഭൂതമായ, അതായത് അടിസ്ഥാനപരമായ, പദാർഥം എന്നാണല്ലോ അർഥമാക്കുന്നത്. ചുറ്റുമുള്ള പ്രകൃതിയുടെ വൈവിധ്യങ്ങളെ ലഘൂകരിക്കാനുള്ള ആദ്യത്തെ ശ്രമങ്ങളിൽ ഒന്നായിരുന്നു പഞ്ചഭൂതസിദ്ധാന്തം.

ഖരരൂപത്തിലുള്ള പദാർഥങ്ങളുടെ, ഉദാഹരണമായി കല്ല്, ഇരുമ്പ്, മരം മുതലായവയുടെ പ്രതീകമാണ് ഭൂമി. പാല്, എണ്ണ തുടങ്ങിയവപോലെയുള്ള ദ്രാവകങ്ങളുടെ പ്രതീകമത്രെ വെള്ളം. വാതകങ്ങളുടെ പ്രതീകമാണ് വായു. ചൂട്, വെളിച്ചം തുടങ്ങിയ ഊർജരൂപങ്ങളെ കുറിക്കുന്നു തേജസ്. ഇപ്പറഞ്ഞതൊന്നുമല്ലാത്തതായി എന്തുണ്ടോ അതാണ് ആകാശം.

പക്ഷേ, ഇതുകൊണ്ടുമാത്രമായില്ല, ഖരപദാർഥങ്ങൾതന്നെ ലക്ഷക്കണക്കിന് ഉണ്ട്. മരമാകാം, കരിയാകാം, വെള്ളിയാകാം, വെണ്ണക്കല്ലാവാം. അതു പോലെതന്നെ പലരൂപത്തിലുള്ള വാതകങ്ങളും ദ്രാവകങ്ങളും ഉണ്ട്. ഓരോന്നും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ഓരോന്നിന്റേയും ഗുണധർമങ്ങൾ പ്രത്യേകം പ്രത്യേകം പഠിക്കുകയും ഓർമവെക്കുകയും ചെയ്യുന്നത് ദുഃസാധ്യമാകയാൽ പ്രപഞ്ചത്തെ കുറെക്കൂടി ലളിതമായി തരംതിരിക്കേണ്ടിയിരിക്കുന്നു. [ 23 ]


മൂലകങ്ങൾ

മരം, പഞ്ചസാര, പയർ....നമുക്ക് പരിചയമുള്ള പല വ്യത്യസ്തപദാർഥങ്ങളുണ്ട്. ഇവയിൽ ഏതിനെ കരിച്ചാലും നമുക്ക് കാർബൺ (കരി) ലഭിക്കുന്നു. ഏതിൽ നിന്നുകിട്ടുന്ന കാർബണിനും ഒരേ സ്വഭാവം തന്നെയാണ് എന്ന് അവയെ ശുദ്ധിചെയ്ത് പരിശോധിച്ചാൽ അറിയാം. പ്രകൃതിയിൽ കാണുന്ന പല പദാർഥത്തിലും ഘടകമായിരിക്കുന്ന ഒരു പദാർഥമാണ് കാർബൺ. തന്റേതായ സ്വഭാവഗുണങ്ങളോടുകൂടിയ കാർബണെ ഈ പദാർഥങ്ങളിൽ നിന്ന് എപ്പോൾ വേണമെങ്കിലും വേർതിരിക്കാം. പക്ഷേ, കൂടുതൽ ലളിതമായ ഒരു പദാർഥമാക്കി അതിനെ മാറ്റുവാൻ സാധിക്കുകയില്ലെന്നുമാത്രം. ഒരേ വസ്തു മാത്രം അടങ്ങിയതും സാധാരണ രാസമാർഗങ്ങളിലൂടെ ലഘുതരങ്ങളായ പദാർഥങ്ങളാക്കി വേർതിരിക്കാൻ പറ്റാത്തതുമായ ഇത്തരം പദാർഥങ്ങളെ മൂലകങ്ങൾ എന്നുവിളിക്കുന്നു. ചെമ്പ്, സ്വർണം, ഗന്ധകം തുടങ്ങി പലതരം മൂലകങ്ങൾ പ്രകൃതിയിലെ പല പദാർഥങ്ങളിൽ നിന്നും ലഭിക്കുന്നു. 92 പ്രത്യേകതരം മൂലകങ്ങൾ പ്രകൃതിയിൽ കാണുന്നുണ്ട്. അതിനു പുറമേ മനുഷ്യൻ കൃത്രിമമായി വേറെ 13 മൂലകങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. മറ്റെല്ലാ പദാർഥങ്ങളും ഇവയിൽ രണ്ടോ അതിൽ കൂടുതലോ മൂലകങ്ങൾ പ്രത്യേക ചേരുവകളിൽ ചേർത് ഉണ്ടായിട്ടുള്ളതാണ്. അവയെ പൊതുവായി യൗഗികങ്ങൾ എന്നു വിളിക്കുന്നു. സംയോഗംമുഖേന ഉണ്ടായവ എന്നർഥം. മൂലകങ്ങളായാലും ശരി, യൗഗികങ്ങളായാലും ശരി, ഇവയിൽ ചിലവ ഖരരൂപത്തിൽ ഇരിക്കുന്നു. ചിലവ ദ്രാവകരൂപത്തിലും, മറ്റുചിലവ വാതകരൂപത്തിലും. ഇവയ്ക്കെല്ലാംകൂടി ഭൗതികശാസ്ത്രത്തിൽ ദ്രവ്യം (മാറ്റർ) എന്നു പേർ കൊടുത്തിരിക്കുന്നു. ദ്രവ്യം എന്നത് പൊതുവായ ഒരു പേരാണ്--ഇന്ന തരത്തിൽപെട്ടത് എന്ന് വേർതിരിക്കുന്നില്ല. അതായത് അത് ഖരരൂപത്തിലാകാം, ദ്രാവകരൂപത്തിലാകാം, വാതകരൂപത്തിലാകാം. ഗുരുത്വാകർഷണം, ജഡത്വം, സ്ഥിതിചെയ്യുവാൻ ഇടം തുടങ്ങി ചില പൊതുഗുണങ്ങളുണ്ടെന്നല്ലാതെ പ്രത്യേക ഗുണധർമങ്ങൾ ഏവയെന്ന് പറയുന്നില്ല. തനതായ ചില പ്രത്യേക ഗുണധർമങ്ങൾ കൊണ്ട് വിശേഷിപ്പിക്കാവുന്ന ദ്രവ്യത്തെ പദാർഥം (സബ്സ്റ്റൻസ്) എന്നു പറയുന്നു. മരം ഒരു പദാർഥമാണ്. വായവും വെള്ളവും ഇരുമ്പും മണലും വെണ്ണയും മാംസവും എല്ലാം പദാർഥങ്ങളാണ്. ഓരോന്നിനും അതിന്റേത് എന്ന പറയാവുന്ന പ്രത്യേക ഗുണധർമങ്ങൾ ഉണ്ട്. ദ്രവ്യത്തിന്റെ ആദ്യത്തെ വിശേഷവൽകരണമാണ് പദാർഥം. പദാർഥത്തിന് പ്രത്യേക ജ്യാമിതീയരൂപങ്ങൾ, ആകൃതികൾ നൽകുമ്പോൾ അവ വസ്തുക്കളായിത്തീരുന്നു. മരമെന്ന പദാർഥം കൊണ്ടുണ്ടാക്കിയ വസ്തുവാണ് മേശ. ഇരുമ്പെന്ന പദാർഥം കൊണ്ടൂണ്ടാക്കിയ വസ്തു ആണ് കത്തി. ആധുനിക ശാസ്ത്രജ്ഞന്മാർ ദ്രവ്യത്തിന് ഖര, ദ്രാവക, വാതകങ്ങൾക് പുറമെ പ്ലാസ്മാ എന്നൊരു രൂപം കൂടി കൊടുത്തിട്ടുണ്ട്. ദൈനം ദിന ജീവിതത്തിൽ പരിചയമില്ലാത്ത ഈ ദ്രവ്യരൂപം എന്തെന്ന് പിന്നീട് വിശദമാവുന്നതാണ്. ചൂട്, വെളിച്ചം, വിദ്യുച്ഛക്തി മുതലായവയെ ഭൗതികശാസ്ത്രത്തിൽ ദ്രവ്യം എന്ന പദംകൊണ്ടല്ല, ഊർജം എന്ന പദംകൊണ്ടാണ് കുറിക്കുക. സ്ഥിതിയിൽനിന്ന് ലഭിക്കുന്ന സ്ഥിതിജഊർജം, [ 24 ] ഗതിയിൽ നിന്നു ലഭിക്കുന്ന ഗതിജഊർജം, താപഊർജം, വൈദ്യുതഊർജം, റേഡിയോതരംഗങ്ങൾ, എക്സ്‌രശ്മികൾ, ഗാമാരശ്മികൾ, പ്രകാശം തുടങ്ങിയ വിദ്യുദ്കാന്തഊർജം, രാസഊർജം എന്നിങ്ങനെ ഊർജത്തിന് പല രൂപങ്ങളുമുണ്ട്. ഒരു രൂപത്തിലുള്ള ഊർജത്തിനെ മറ്റൊരു രൂപത്തിലുള്ളതായി മാറ്റാമെന്ന് കഴിഞ്ഞനൂറ്റാണ്ടിൽതന്നെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഖര-ദ്രാവക-വാതക- പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തെത്തന്നെ ഊർജമായിമാറ്റാമെന്ന് ഇപ്പോൾ അറിയാം. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐൻസ്റ്റൈൻ ആണ് ഇത് തെളിയിച്ചത്. അണുബോമ്പിന്റെയും ഹൈഡ്രജൻബോമ്പിന്റെയും അടിസ്ഥാനം ദ്രവ്യത്തെ ഊർജമായി മാറ്റുന്നതാണ്. അതുപോലെ ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഊർജത്തെ ദ്രവ്യമായി രൂപാന്തരപ്പെടുത്താമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ദ്രവ്യം, ഊർജം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതുതന്നെ യഥാർഥത്തിൽ അത്ര അർഥമില്ലാത്തതാണെന്ന് വരുന്നു. അതിനാൽ ദ്രവ്യമെന്നപദംകൊണ്ടുതന്നെ രണ്ടിനെയും കൂടി വ്യവഹരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഖര- ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള പദാർഥങ്ങളും വിവിധരൂപത്തിലുള്ള എല്ലാത്തരം ഊർജങ്ങളും ദ്രവ്യത്തിന്റെ രൂപഭേദങ്ങളാണ്, മേലിൽ നാം ദ്രവ്യമെന്ന് പറയുമ്പോൾ പദാർഥരൂപങ്ങളും ഊർജരൂപങ്ങളും അതിൽപെടുന്നതായി കണക്കാക്കാം.

പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഈ സാമാന്യവൽകരണം. പക്ഷേ, അതോടൊപ്പം മറ്റൊരു ചോദ്യംകൂടി പൊന്തിവരുന്നു. ദ്രവ്യത്തിന് സ്ഥിതിചെയ്യുവാൻ ഇടം വേണമെന്ന് പറഞ്ഞല്ലോ. എന്താണ് ഇടം അഥവാ സ്പേസ്? അതുപോലെ എന്താണ് സമയം? അതും ദ്രവ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് പദാർഥങ്ങളുടെ വിവിധരൂപങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സാമാന്യമായ ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.


അണുക്കളും മൗലികകണങ്ങളും

അണുബോമ്പിനെപ്പറ്റിയും ഹൈഡ്രജൻബോമ്പിനെപ്പറ്റിയും എല്ലാംവരും കേട്ടിരിക്കും. എല്ലാ പദാർഥങ്ങളുടെയും അടിസ്ഥാനനിർമാണഘടകങ്ങളായ അണുക്കളുമായി-പരമാണുക്കളുമായി-ഇവയ്ക്ക് ബന്ധമുണ്ടായിരിക്കുമെന്നും നമുക്ക് ഊഹിക്കാം. പക്ഷേ, എന്താണ്‌ ഈ പരമാണുക്കൾ? വളരെ എളുപ്പത്തിൽ മനസിലാക്കാം. ഒരു ഗ്ലാസ് വെള്ളമെടുക്കുക. നാമെത്ര സൂക്ഷിച്ചു നോക്കിയാലും അതിൽ ദ്വാരങ്ങളോ പഴുതുകളോ ഉള്ളതായി കാണുകയില്ല. അതിൽ കുറെ ഉപ്പുകട്ടകൾ ഇടുക. കുറച്ചുനേരം ഇളക്കുമ്പോൾ ഈ കട്ടകൾ അപ്രത്യക്ഷമാകുന്നു. എവിടെപ്പോയി എന്നാണ് ചോദ്യം. ഉപ്പ് വെള്ളത്തിൽ അലിഞ്ഞിരിക്കുന്നു; വറ്റിച്ചാൽ വീണ്ടെടുക്കാം എന്നായിരിക്കും ഉത്തരം. അപ്പോൾ ഉപ്പ് വെള്ളത്തിനുള്ളിൽതന്നെയുണ്ട്. എങ്കിൽ എവിടെയിരിക്കുന്നു? യുക്തിയുക്തമായ ഒരു ഉത്തരം ഇതാണ്. വെള്ളവും ഉപ്പുമെല്ലാം നമുക്ക് ഊഹിക്കാൻ കൂടി കഴിയാത്തത്ര ചെറുതായ കണികകളാലാണ് [ 25 ] നിർമിക്കപ്പെട്ടിട്ടുള്ളത്. വെള്ളത്തിന്റെ കണികകൾക്കിടക്കുള്ള പഴുതുകളിൽ ഉപ്പിന്റെ അതിസൂക്ഷ്മ കണികകൾ കയറിക്കൂടി ഒളിച്ചിരിക്കുകയാണ്. ഇതാണ് വിശദീകരണം. ഇത് ശരിയാണുതാനും. വെള്ളത്തിന്റെയും ഉപ്പിന്റെയും തൻ‌മാത്രകൾ ആണ് ഈ കണികകൾ.

ഉപ്പിനെയും വെള്ളത്തെയും കൂടുതൽ ലളിതമായ ഘടകപദാർഥങ്ങളാക്കി വേർതിരിക്കാം. സോഡിയം, ക്ലോറിൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ കൂടിച്ചേർനാണ് ഉപ്പിന്റെ അഥവാ സോഡിയം ക്ലോറൈഡിന്റെ തൻ‌മാത്ര. അതുപോലെ ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ കൂടിച്ചേർനാണ് വെള്ളം ഉണ്ടാകുന്നത്. മൂലകങ്ങളുടെ ഏറ്റവും ചെറിയ ഈ കണികകളെയാണ് പരമാണുക്കൾ അഥവാ അണുക്കൾ എന്ന് വിളിക്കുന്നത്.

ആദ്യകാലങ്ങളിലെ ഭൗതികവാദദർശനങ്ങളുടെ അടിത്തറയായിരുന്നു ഈ അണുവാദം. ചരാചരങ്ങളായ സകല പദാർഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാൽ (അണു) നിർമിതമാണെന്ന് കണാദമുനിയുടെ വൈശേഷിക സിദ്ധാന്തം വാദിക്കുന്നു. ഗ്രീക്ക് ദാർശനികരായ ലൂസിപ്പൈസ്, ദെമോക്രിത്തസ് തുടങ്ങിയവർ അണുവാദത്തെക്കുറിച്ച് വിശദമായ ചർചകൾ നടത്തി. അലിയൽ, വിസരണം (അകലെയുള്ള പദാർഥങ്ങളുടെ മണം ലഭിക്കുന്നതിന് കാരണം) തുടങ്ങിയ ദൈനംദിനപ്രതിഭാസങ്ങൾ ആണ് അവരെ ഈ വാദത്തിലേക്ക് നയിച്ചത്. പക്ഷേ, ദർശനത്തിന്റെ, തത്വചിന്തയുടെ, ഒരു വിഭാഗമെന്ന നിലയിൽ കവിഞ്ഞ് അന്നത്തെ അണുസിദ്ധാന്തങ്ങളൊന്നും തന്നെ പ്രത്യേക ശ്രദ്ധയെ ആകർഷിച്ചിരുന്നില്ല. ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണങ്ങൾക് അവ വിധേയമായിരുന്നില്ല. അന്ന് അതിനുള്ള സാധ്യതയുമുണ്ടായിരുന്നില്ല.

ആധുനിക രസതന്ത്രവും ഭൗതികവും അണുക്കളുടെ ഗുണധർമങ്ങളെപ്പറ്റി വളരെ അധികം വിവരങ്ങൾ തരുന്നുണ്ട്. ആദ്യമായി, ഏതൊരു പദാർഥമെടുത്താലും ശരി, ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ ആയിക്കൊള്ളട്ടെ, എല്ലാം അതിസൂക്ഷ്മങ്ങളായ അണുക്കളാൽ നിർമ്മിക്കപ്പെട്ടതണെന്ന സിദ്ധാന്തം നിരവധി പരീക്ഷണങ്ങൾ മുഖേന തെളിയിക്കപ്പെട്ടു. അണുക്കൾ പദാർഥനിർമിതിയിലെ ഇഷ്ടികകൾ ആണെന്ന് പറയാറുണ്ട്: പക്ഷേ, ഒരു വ്യത്യാസം മാത്രം. കെട്ടിടത്തിലെ ഇഷ്‌ടികകൾ ഒന്നിനൊന്ന് താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരമായി, അനക്കമില്ലാതെ നിൽകുന്നതായി കാണാം. അണുക്കളാകട്ടെ, ഏതൊരു പദാർഥമായാലും ശരി, ഏതൊരു അവസ്ഥയിലായാലും ശരി, സദാ കമ്പിച്ചുകൊണ്ട്, വിറച്ചുകൊണ്ട് ആണ് സ്ഥിതിചെയ്യുന്നത്. ഓരോ ഗോളവും തൊട്ടടുത്തുള്ള ഗോളങ്ങളുമായി അതിലോലങ്ങളായ സ്പ്രിങ്ങുകൾകൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഒന്നിനെവിറപ്പിച്ചുകഴിഞ്ഞാൽ എല്ലാം തുടർചയായി വിറച്ചുതുടങ്ങും. ഏതാണ്ട് ഇതേ ചിത്രമാണ് മൂലകങ്ങളിലെ അണുക്കളുടെയും യൗഗികങ്ങളിലെ തന്മാത്രകളുടെയും സ്ഥിതിക്കുള്ളത്. അവ സദാ വിറിച്ചുകൊണ്ടിരിക്കുന്നു. എത്രകണ്ട് ശക്തിയായാണ് വിറക്കുന്നത് എന്നതിന് നമുക്ക് സുപരിചിതമായ ഒരു മാനദണ്ഡമുണ്ട്-ചൂട്! പദാർഥങ്ങളുടെ 'ചൂട്' എന്ന ഗുണത്തിന്റെ നിദാനം അവയിലെ തന്മാത്രകളുടെ കമ്പനമാണ്. [ 26 ] കമ്പനത്തിന്റെ ശക്തി അഥവാ ആയാമം കൂട്ടുന്നതനുസരിച്ച് പദാർഥത്തിന്റെ ചൂട് അഥവാ താപനില ഉയരുന്നു. തണുപ്പെന്നു പറയുന്നത് ചൂടിന്റെ കുറവിനെയാണ്, അല്ലാതെ ഇല്ലായ്മയെ അല്ല. കമ്പനം തീരെ ഇല്ലാത്ത ഒരവസ്ഥ, അതായത് കേവലമായ താപനില, പൂജ്യമായ ഒരവസ്ഥ ഇല്ല. ചലനമില്ലാത്ത, അനക്കമില്ലാത്ത അണുക്കൾ ഇല്ല.


അണുവിനുള്ളിൽ

അണുക്കൾ അതിസൂക്ഷ്മങ്ങളാണ്. അവയുടെ ചെറുപ്പം നമുക്ക് ഊഹിക്കാൻകൂടി സാധ്യമല്ല. ഏറ്റവും ശക്തമായ സൂക്ഷ്മദർശിനി കൊണ്ടു പോലും അണുക്കളെ കാണാൻ പറ്റില്ല. (അതിശക്തമായ ഇലക്ട്രോൺ സൂക്ഷ്മദർശിനി ഉപയോഗിച്ച് തോറിയം എന്ന മൂലകത്തിന്റെ അണുവിന്റെ ഫോട്ടോ എടുത്തത് അടുത്തകാലത്തെ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.) അണുക്കളുടെ വലുപ്പം , സാമാന്യമായി പറഞ്ഞാൽ ഒരു സെന്റീമീറ്ററിന്റെ പത്തുകോടിയിൽ ഒരംശമേ വരൂ; അതായത് 100 00 000 അണുക്കൾ തൊട്ടുതൊട്ടുവെച്ചാൽ നമ്മുടെ ചെറുവിരലിന്റെ വൺനത്തിനോളം വരും. ഇത്ര ചെറുതാണണു. ഒരുതുള്ളി വെള്ളമെടുത്താൽ അതിൽ 1022 അണുക്കൾ ഉണ്ടായിരിക്കും. 1022 എന്നുവച്ചാൽ 10 ഖാതം 22. അതായത് 1-ന് ശേഷം 22 പൂജ്യം. ഊഹിക്കാൻ സാധ്യമല്ലാത്തത്ര വലിയ സംഖ്യയാണത്. ഈ അണുക്കളത്രയും അനവരതം വിറച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ അണുക്കൾ ഏകാത്മിക, കടുപ്പമേറിയ, വീണ്ടും വിഭജിക്കാനാവാത്ത ഗോളങ്ങളാണെന്നാണ് ധരിച്ചിരുന്നത്. പിന്നീടുണ്ടായ ശാസ്ത്ര പുരോഗതിയുടെ ഫലമായി അണുക്കളെപ്പറ്റി പല പുതിയ വസ്തുതകളും നമുക്ക് അറിയാൻ കഴിഞ്ഞു. അവ 'പരമ'മായ അണുക്കളേ അല്ലെന്ന് അതോടെ വ്യക്തമായി. അവ ഏകാത്മക ഗോളമല്ല: വിഭജിക്കാനാകാത്തവയുമല്ല, സൂക്ഷ്മാൽ സൂക്ഷ്മതരമായ അണുവിനുപോലും അതിസങ്കീർൺനമായി ഒരു ഘടനയുണ്ട്. കൂടുതൽ സൂക്ഷ്മങ്ങളായ മൂന്നുതരം മൗലിക കണങ്ങൾ കൊണ്ടാണണൂക്കൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയാണീ മൂന്നു മൗലികകണങ്ങൾ. ഇലക്ട്രോണാണ് ഇലക്ട്രിസിറ്റിയുടെ, വൈദ്യുതിയുടെ അടിസ്ഥാനം. അതിൽ വൈദ്യുതചാർജ് ഉണ്ട്. പ്രോട്ടോണിൽ ഇലക്ട്രോണിന്റേതിൽ നിന്ന് വിപരീതമായ തരം വൈദ്യുതചാർജും ഉണ്ട്. സൗകര്യത്തിനായി പ്രോട്ടോണിന്റെ ചാർജിനെ ധനചാർജെന്നും ഇലക്ട്രോണിന്റെ ചാർജിനെ ഋണചാർജെന്നും സങ്കല്പിക്കുന്നു. ന്യൂട്രോണിൽ വൈദ്യുതചാർജില്ല. പ്രോട്ടോണും ന്യൂട്രോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രോൺ തന്നെ ഭാരം കുറഞ്ഞ ഒരു കണികയാണ് - 1840 ഇലക്ട്രോണുകൾ കൂടിയാലെ ഒരു പ്രോട്ടോണിന്റെ ഭാരം വരൂ, ന്യൂട്രോണിന്റേത് പ്രോട്ടോണിന്റേതിനേക്കാൾ സ്വല്പം കൂടുതലും.

ഈ മൗലികകണങ്ങൾ എല്ലാംകൂടി കോൺക്രീറ്റിൽ കല്ലും, മണലും, സിമന്റും എന്ന മാതിരി ഇടകലർതിയല്ല അണു രൂപം കൊണ്ടിട്ടുള്ളത്, അണുക്കൾക് ഒരു പ്രത്യേക രൂപത്തിലുള്ള ഘടനയുണ്ട്. പലപ്പോഴും [ 27 ] സൗരയൂഥത്തിന്റെ ഘടനയോട് ഇതിനെ ഉപമിക്കാറുണ്ട്. ഈ ഉപമ നൂറു ശതമാനവും ശരിയല്ലെങ്കിലും അണുവിലെ എല്ലാ പ്രോട്ടോണുകളും ന്യൂട്രോണുകളും കൂടി പുറ്റുപോലെ ഒന്നിച്ചു ചേർനിരിക്കും. അണുവിന്റെ കേന്ദ്രമാണത്.സൗരയൂഥത്തിലെ സൂര്യന്റെ സ്ഥാനം. ഇതിന് ചുറ്റും താരതമ്യേന വളരെ വളരെ അകലത്തായി ഇലക്ട്രോണുകൾ പാഞ്ഞുകൊണ്ടിരിക്കുന്നു. അതെ, ഇലക്ട്രോണുകൾ എല്ലാം തന്നെ, സൗരയൂഥത്തിന് ചുറ്റും ഗ്രഹങ്ങളെന്നപോലെ , അണു കേന്ദ്രത്തിന് ചുറ്റുമായി നമുക്ക് ഊഹിക്കാൻ കൂടി പറ്റാത്തത്ര വേഗത്തിൽ പാഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു വ്യത്യാസം മാത്രം. ഗ്രഹങ്ങൾ എല്ലാം തന്നെ പ്രായേണ ഒരേതലത്തിൽ കറങ്ങുമ്പോൾ, ഇലക്ട്രോണുകൾ അണുകേന്ദ്രത്തിന് പുറമെയായി ഋണചാർജുകളുടെ ഒരു ഗോളം സൃഷ്ടിക്കുന്നു.[1] അണുകേന്ദ്രത്തിലുള്ള ന്യൂട്രോണുകളും പ്രോട്ടോണുകളും അവിടെ അനങ്ങാതെ സ്ഥിതിചെയ്യുകയൊന്നുമല്ല. പരസ്പരം ഏറ്റുമുട്ടിക്കൊണ്ടും ഊർജം കൈമാറിക്കൊണ്ടും രൂപം മാറിക്കൊണ്ടും അത്യന്തം ക്ഷുബ്ധമായ അന്തരീക്ഷമാണതിലുള്ളത്. ഈ അണുകേന്ദ്രത്തിന്റെ ആകെ വലുപ്പമാകട്ടെ മൊത്തം അണുവിന്റെ വ്യാസത്തിന്റെ പതിനായിരത്തിന്റെ ഒരംശം മാത്രമേ വരൂ. അതായത് ഒരു സെന്റീമീറ്ററിന്റെ ലക്ഷം കോടിയിൽ ഒരംശം മാത്രം! അങ്ങനെ ദ്രവ്യത്തിന്റെ എത്ര സൂക്ഷ്മമായ, എത്ര ചെറിയ അംശം പരിശോധിച്ചുനോക്കിയാലും സ്ഥിരമായ, ചലനരഹിതമായ, മാറ്റമില്ലാത്ത ഒരവസ്ഥ കാണുവാൻ സാധിക്കുകയില്ലെന്ന് കാണുന്നു.


നക്ഷത്രങ്ങളും ഗാലക്സികളും

ദ്രവ്യത്തിന്റെ സുക്ഷ്മരൂപങ്ങളെല്ലാം ചലിക്കുന്നവയാണെന്ന് നാം കണ്ടു. എന്നാൽ സ്ഥൂലരൂപങ്ങൾ, ഉദാഹരണത്തിന് ഒരു കുന്ന്, അല്ലെങ്കിൽ ഒരു വീട് മൊത്തമായി പരിശോധിക്കുകയാണെങ്കിൽ അനങ്ങാതെ സ്ഥിരമായി നിൽകുന്നുവെന്ന് പറഞ്ഞുകൂടെ? പറയാമെന്ന് നമുക്ക് തോന്നിയേക്കാം. കുന്നും വീടും എല്ലാം അതിന്റെ സ്ഥാനങ്ങളിൽ മാറ്റമൊന്നുമില്ലാതെ, അനക്കമില്ലാതെ നിൽകുന്നതാണ് നാം കാണുന്നത്. പക്ഷേ, ഭൂമി ദിവസത്തിലൊരിക്കൽ സ്വയം കറങ്ങുന്നുണ്ടെന്നും അതുകൊണ്ടാണ് ദിനരാത്രികൾ ഉണ്ടാകുന്നതെന്നും നമുക്കറിയാം. ഈ കറക്കത്തിന്റെ ഫലമായി ഭൂമിയുടെ ഉപരിതലത്തിലുള്ള വസ്തുക്കളെല്ലാം തന്നെ അതിന്റെ കേന്ദ്രത്തിന് ചുറ്റുമായി സഞ്ചരിക്കുന്നുണ്ടെന്ന വസ്തുത പലപ്പോഴും നാം ഓർകാറില്ല; ഈ ചലനത്തിന്റെ വേഗം നിസാരമൊന്നുമല്ലതാനും. ഭൂമധ്യരേഖാപ്രദേശത്തുള്ള കുന്നുകളും മലകളും വീടുകളും മനുഷ്യരുമെല്ലാം ഭൂമിയുടെ കേന്ദ്രത്തിനുചുറ്റും മണിക്കൂറിൽ 1600-ൽ കൂടുതൽ കിലോമീറ്റർ വേഗത്തിൽ, അതായത് ബോയിംഗ് വിമാനത്തിന്റെ ഏതാണ്ട് ഇരട്ടി വേഗത്തിൽ, [ 28 ] സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ഗുരുത്വാകർഷണബലമുണ്ടായിരുന്നില്ലെങ്കിൽ നാം എന്നേ ഭൂമുഖത്തുനിന്ന് തെറിച്ചുപോയിരുന്നേനെ.

ഇതിനുപുറമെ ഭൂമി അതിലുള്ള എല്ലാത്തിനെയും കൂട്ടി സൂര്യനു ചുറ്റും വർഷത്തിൽ ഒരു വട്ടം എന്ന നിരക്കിൽ ഓടിക്കൊണ്ടിരിക്കുകയാണ്. 30 കോടി കിലോമീറ്റർ വ്യാസമുള്ള (ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം ഏതാണ്ട് 15 കോടി കിലോമീറ്ററാണ്.) ഏകദേശം വൃത്താകാരമായ ഒരു പഥത്തിലൂടെയാണ് ഭൂമി സഞ്ചരിക്കുന്നത്. ഈ യാത്രയുടെ വേഗമോ? മണിക്കൂറിൽ 1 ലക്ഷം കിലോമീറ്ററിൽ കൂടുതൽ. ഇത്രയുംകൊണ്ട് അവസാനിക്കുമോ ചലനം? ഇല്ല!

രാത്രി ആകാശത്ത് അനവധി നക്ഷത്രങ്ങളെ കാണുന്നില്ലേ. അവയെല്ലാം തന്നെ സൂര്യനെപ്പോലെയോ അതിലും വലുതോ ആയ ചുട്ടുപഴുത്ത ഗോളങ്ങളാണ്. പക്ഷേ, സൂര്യനുമായി താരതമ്യപ്പെടുത്തുമ്പോൾ അവയെല്ലാം വളരെവളരെ ദുരയാകുന്നു. അതുകൊണ്ടാണ് അവ ചെറുതും പ്രകാശം കുറഞ്ഞതും ആയി കാണപ്പെടുന്നത്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ കുറിക്കുക എന്നത് അസൗകര്യമാണ്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം കിലോമീറ്ററിൽ കുറിക്കുക എന്നത് അസൗകര്യമാണ്. ഒരു മൊട്ടുസൂചിയുടെ നീളം രണ്ട് സെന്റീമീറ്റർ ആണെന്നു പറയാം. എന്നാൽ എറണാകുളത്തുനിന്ന് ന്യൂയോർകിലേക്കുള്ള ദൂരം എത്ര സെന്റീമീറ്ററാണെന്നു ചോദിച്ചാൽ പെട്ടെന്നു പറയുക വിഷമമല്ലേ? കണക്കാക്കിപ്പറയുകയാണെങ്കിൽ തന്നെ അസൗകര്യമാണുതാനും. നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം കിലോമീറ്ററിനുള്ളിൽ പറയുന്നതും ഇത്ര തന്നെ അസൗകര്യമാണ്.

പ്രകാശവർഷം എന്ന മാത്രയിലാണ് നക്ഷത്രങ്ങളിലേക്കുള്ള ദൂരം പറയുക പതിവ്. സെക്കന്റിൽ 3 ലക്ഷം കിലോമീറ്റർ വേഗമുള്ള പ്രകാശം ഒരു വർഷത്തിൽ സഞ്ചരിക്കുന്ന ദുരമാണ് ഒരു പ്രകാശവർഷം.

പ്രകാശവർഷം = 300000 X 3600 X 24 X 365.24 കി. മി
= 9500000000000 കി. മി.

അതായത് ഏതാണ്ട് 10 ലക്ഷം കോടി കിലോമീറ്റർ. സൂര്യനാണ് നമുക്ക് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രം. അതിലേക്ക് ഏതാണ്ട് 8 'പ്രകാശമിനിറ്റ്' ദുരമേയുള്ളു. പിന്നീട് ഏറ്റവും അടുത്തുകിടക്കുന്ന നക്ഷത്രത്തിലേക്ക് 4 പ്രകാശവർഷം ദുരമുണ്ട്. അതായത് 40 ലക്ഷം കോടി കിലോമീറ്റർ. ഇന്ന് നമ്മുടെ കണ്ണിൽ വന്നു വീഴുന്ന വെളിച്ചം 4 കൊല്ലം മുമ്പ് ആ നക്ഷത്രങ്ങളിൽനിന്ന് പുറപ്പെട്ടതാണ്--4 കൊല്ലം മുമ്പുള്ള നക്ഷത്രമാണ് നാം കാണുന്നത്. സൂര്യനെ നോക്കുമ്പോഴൊക്കെ നാം കാണുന്നത് ഇപ്പോഴുള്ള സൂര്യനെയല്ല. 8 മിനിറ്റ് മുമ്പുണ്ടായിരുന്ന സൂര്യനെയാണ്. നാം നോക്കുന്ന 'നിമിഷത്തിൽ സൂര്യനിൽ ഒരു പൊട്ടിത്തെറി ഉണ്ടായാൽ ഉടനെ നാമത് കാണുന്നില്ല. 8 മിനിറ്റ് കഴിഞ്ഞേ കാണൂ. നക്ഷത്രങ്ങളിൽ സംഭവിക്കുന്നതാകട്ടെ, വർഷങ്ങൾക് ശേഷമായിരിക്കും നാം കാണുക. പ്രകാശത്തെക്കാൾ കൂടുതൽ വേഗത്തിൽ വിജ്ഞാനത്തെ എത്തിക്കുന്ന മറ്റൊരു വാഹനമില്ല. അതുതന്നെ ദൂരെയുള്ള നക്ഷത്രങ്ങളെ സംബന്ധിച്ചിടത്തോളം കാര്യക്ഷമമല്ലാതായിത്തീരുന്നു. ദാർശനിക പ്രാധാന്യമുള്ള ഒരു കാര്യമാണിത്. പക്ഷേ, അക്കാര്യം [ 29 ] പിന്നീട് പരിശോധിക്കാം. ഇപ്പോൾ ദൂരമളക്കാനുള്ള ഒരു കരുവെന്ന നിലക്കു മാത്രം പ്രകാശവർഷത്തെ കണക്കാക്കിയാൽ മതി.

നിലാവില്ലാത്ത തെളിഞ്ഞ ശരത്കാല രാത്രികളിൽ വടക്കുപടിഞ്ഞാറൻ ചക്രവാളത്തിൽനിന്ന് തെക്കുകിഴക്കുവരെ നീണ്ടുകിടക്കുന്ന നേർത മേഘത്തിന്റെ രൂപത്തിൽ ഉള്ള ഒരു ദൃശ്യം നിങ്ങൾ കണ്ടിരിക്കും. ക്ഷീരപഥം, ആകാശഗംഗ എന്നിങ്ങനെ പല പേരിലും അത് അറിയപ്പെടുന്നു. ഗലീലിയോ തന്റെ ടെലസ്കോപ്പ് ആദ്യമായി ആകാശഗംഗയിലേക്ക് തിരിച്ചപ്പോൾ തികച്ചും അത്ഭുതകരമായ ഒരു ദൃശ്യമാണ് കണ്ടത്. എണ്ണിയാലൊടുങ്ങാത്ത ഒരു നക്ഷത്രസഞ്ചയം, അവയുടെ എല്ലാറ്റിന്റേയും കൂടിയുള്ള മൊത്തമായ വെളിച്ചമാണ് ആകാശഗംഗയായി കാണപ്പെടുന്നത്. ഈ നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ് സൂര്യൻ. താരതമ്യേന അതിനടുത്തായി സ്ഥിതിചെയ്യുന്ന നക്ഷത്രങ്ങളാണ് നാം രാത്രിയിൽ കാണുന്നത്. ആധുനിക ജ്യോതിശാസ്ത്രം ഈ നക്ഷത്ര സഞ്ചയത്തെക്കുറിച്ച് ഏറെ വിവരങ്ങൾ നമുക്ക് തരുന്നുണ്ട്. ചിലവ പരിശോധിക്കാം.

നമ്മുടെ ഗാലക്സിയുടെ രൂപം കുറഞ്ഞൊന്നു വിചിത്രമായതാണ്. രണ്ട് ഇതളുകളുള്ള ഒരു ഫാനിന്റെ ആകൃതിയിലാണ് നക്ഷത്രങ്ങളുടെ വിതരണം. നടുക്ക് കുറെയധികം നക്ഷത്രങ്ങൾ; രണ്ടു വശത്തേക്കും തെല്ലൊന്ന് വളഞ്ഞ വാൽപോലെ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കുറെ നക്ഷത്രങ്ങളും. ഇങ്ങനെയുള്ള ഒരു വാലിൽ അഥവാ ഇതളിൽ ആണ് സൂര്യന്റെ സ്ഥാനം. ഈ ഫാനിന്റെ വലുപ്പം എത്രയുണ്ടെന്നോ! ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള ദൂരം, അതായത് ഗാലക്സിയുടെ വ്യാസം ഒരു ലക്ഷം പ്രകാശവർഷമാണ്. വ്യാസാർധം, അതായത് നടുവിൽ നിന്ന് ഒരറ്റത്തേക്കുള്ള ദൂരം 50 000 പ്രകാശവർഷമാകുന്നു. നടുവിൽ നിന്ന് നമ്മുടെ സൂര്യനിലേക്കുള്ള ദൂരവും, നമ്മിലേക്കുള്ള ദൂരവും ഏതാണ്ട് 30 000 പ്രകാശവർഷമാകുന്നു. ഈ ദൂരങ്ങൾ മനസിൽ കാണാൻ ശ്രമിച്ചുനോക്കുക.

ഗാലക്സിയെ ഫാനുമായി താരതമ്യപ്പെടുത്തിയത് ആകൃതിയിലുള്ള സാദൃശ്യം കൊണ്ട് കൂടിയാണ്. ഫാൻ കറങ്ങുന്നമാതിരി ഈ നക്ഷത്രസമൂഹവും കറങ്ങുന്നുണ്ട്. വളരെ പതുക്കെയാണെന്നു മാത്രം. ഒരു തവണ കറങ്ങാൻ 20 കോടി കൊല്ലം വേണ്ടിവരുന്നു. ഇത്ര 'സാവധാന'ത്തിലാണെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള ദൂരം വളരെ കൂടുതലാകയാൽ സൂര്യനും അതോടൊപ്പം ഗ്രഹങ്ങളും നമ്മളും ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റുമായി മണിക്കൂറിൽ 10 00 000 കിലോമീറ്റർ വേഗത്തിൽ ചുറ്റിക്കൊണ്ടിരിക്കുകയാണ്.

ചലനം ഇവിടെയും അവസാനിക്കുന്നില്ല.

അറ്റമില്ലാത്ത പ്രപഞ്ചത്തിൽ എണ്ണമില്ലാത്ത ഗാലക്സികളുണ്ട്. നമുക്കേറ്റവും അടുത്തുകിടക്കുന്നതും നമ്മുടെ 'നക്ഷത്രയൂഥ'ത്തിന് ഗാലക്സിക്ക്--സദൃശമായതുമായ 'ആന്ദ്രോമീദ'എന്ന ഗാലക്സിയിലേക്ക് 20 ലക്ഷം പ്രകാശവർഷം ദൂരമുണ്ട്. മനുഷ്യർ ഉണ്ടാക്കിയിട്ടുള്ള അതിശക്തങ്ങളായ ഉപകരണങ്ങൾക് പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് 1000 കോടി [ 30 ] പ്രകാശവർഷം ദൂരംവരെ 'കാണാൻ' കഴിഞ്ഞിട്ടുണ്ട്. (അവിടെ നാം ഇപ്പോൾ നാം കാണുന്നത് 1000 കോടി കൊല്ലങ്ങൾ മുമ്പെ നടന്ന സംഭവങ്ങളായിരിക്കും! ഇപ്പോൾ എന്ന വാക്കുതന്നെ അർഥമില്ലാതായിത്തീരുന്നു!)

കോടിക്കണക്കിന് ഗാലക്സികളുണ്ടവിടെ. അത്ഭുതകരമായ മറ്റൊന്നുകൂടി ജ്യോതിശാസ്ത്രജ്ഞർ കണ്ടു; എല്ലാ ഗാലക്സികളും നമ്മിൽ നിന്നും, അവ തമ്മിൽ തമ്മിലും അതിവേഗത്തിൽ അകന്ന് അകന്ന് പൊയ്കൊണ്ടിരിക്കുകയാണ് എന്ന്. അതായത് പ്രപഞ്ചമാകെ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. ഏറ്റവും അകലെയായി കണ്ടിട്ടുള്ള ഗാലക്സി സെക്കന്റിൽ ഒരു ലക്ഷത്തിലധികം കിലോമീറ്റർ വേഗത്തിൽ നമ്മിൽ നിന്ന്, അല്ലെങ്കിൽ നാം അവയിൽ നിന്ന്, അകന്നു പോകുന്നു. നമ്മുടെ ഗാലക്സിയോടും സൗരയൂഥത്തോടും ഭൂമിയോടും ഒപ്പം നാമും ഈ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ നാം അറിയാതെതന്നെ എത്രയധികം ചലനങ്ങൾക് വിധേയമാകുന്നെന്നോ!

മനുഷ്യനടക്കമുള്ള എല്ലാ ദ്രവ്യരൂപങ്ങളുടെയും അടിസ്ഥാനകണികകളായ അണുക്കളും അവയുടെ നിർമാണഘടകങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യുട്രോൺ എന്നീ കണികകളും സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനുപുറമെ നാം ഭൂമിക്കുചുറ്റും മണിക്കൂറിൽ 1600 കിലോമീറ്റർ വേഗത്തിലും ഭൂമിയോടൊപ്പം ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും മണിക്കൂറിൽ പത്തുലക്ഷം കിലോമീറ്റർ വേഗത്തിലും ചലിച്ചുകൊണ്ടിരിക്കുകയാണ്.

ചലനമില്ലാത്ത ദ്രവ്യമില്ല-ദ്രവ്യത്തിന്റെ നിലനിൽപിനെ രൂപംതന്നെ ചലനമാണ്, ചലനം സാർവത്രികമാണ്, കേവലമാണ്, സ്ഥിരാവസ്ഥ ആപേക്ഷികം മാത്രമാകുന്നു.


ചലനത്തിന്റെ രൂപങ്ങൾ

മുകളിൽ നാം ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തിന്റെ ചലനത്തെ മാത്രമേ പരിഗണിക്കുകയുണ്ടായുള്ളൂ. ദ്രവ്യത്തിന് നാം കൂടുതൽ വ്യാപകമായ ഒരു നിർവചനമാണല്ലോ കൊടുത്തിരിക്കുന്നത്. ചലനത്തിന്റേയും അർഥവ്യാപ്തി കൂട്ടേണ്ടതുണ്ട്.

മൗലികകണങ്ങളുടെയും ഭൗതികമായ ചലനത്തെ നാം കാണൂകയുണ്ടായി. വസ്തുക്കളൂടെയും ഭൂമി മുതലായ ഗോളങ്ങളുടെയും യാന്ത്രികചലനങ്ങളും നാം കാണുകയുണ്ടായി. പദാർഥങ്ങളിൽ വരുന്ന രാസമാറ്റങ്ങളും ജീവികളിലെ ജനനം, വളർച, നാശം തുടങ്ങിയ ജീവശാസ്ത്രപരമായ മാറ്റങ്ങളും മനുഷ്യസമൂഹങ്ങളിൽ സംസ്കാരം, ഭരണസംവിധാനം, ഭാഷ, മൂല്യങ്ങൾ ആദിയായവയിൽ വരുന്ന മാറ്റങ്ങളും എല്ലാം സാമാന്യമായ ചലനത്തിന്റെ രൂപങ്ങളാണ്. വിറകു കത്തുന്നതും ഭക്ഷണം ദഹിക്കുന്നതും ഭാഷ [ 31 ] പഠിക്കുന്നതും പുതിയ കലാശിൽപങ്ങൾക് രൂപം കൊടുക്കുന്നതും ഉൽപാദനസമ്പ്രദായങ്ങൾ മാറ്റുന്നതും എല്ലാം വ്യാപകമായ അർഥത്തിൽ ചലനമാണ്.

എല്ലാത്തരത്തിലുള്ള മാറ്റത്തിന്റെയും പൊതുവായ പേരാണ് ചലനം.


സമയം

ദ്രവ്യത്തിന്റെ വിവിധ രൂപങ്ങളെപ്പറ്റിയുള്ള ചർചയിൽ നാം സമയത്തിനെയും സ്പേസിനെയും പറ്റി പരാമർശിക്കുകയുണ്ടായി. ഇവയുടെ സ്വഭാവം എന്തെന്ന് കുറച്ചു കൂടി വിശദമായി പരിശോധിക്കാം.

എന്താണ് സമയം? വിഷമം പിടിച്ചോരു ചോദ്യമാണത്. എത്രയായി സമയം എന്നുചോദിച്ചാൽ എളുപ്പത്തിൽ ഉത്തരം പറയാം. പക്ഷേ, എന്താണ് സമയം എന്ന ചോദ്യത്തിന് എന്തുത്തരമാണ് നൽകുക? മലയാളഭാഷയിലും സമയം എന്ന ചൊദ്യത്തിൻ എന്തുത്തരമാണ് നൽകുക? മലയാളഭാഷയിലും സമയം, ഇംഗ്ലീഷിൽ ടൈം, റഷ്യനിൽ വ്റേമ്യ തുടങ്ങി ഓരോ ഭാഷയിൽ ഇപ്രകാരമൊരു വാക്കുണ്ട്. എന്താണത് സൂചിപ്പിക്കുന്നതെന്ന് നോക്കാം. സെക്കന്റ്, മണിക്കൂറ്, ദിവസം, കൊല്ലം മുതലായ മാത്രകൾകൊണ്ട് നാം സമയത്തെ അളക്കുന്നു. 'ഇപ്പോൾ', 'അപ്പോൾ', 'എപ്പോൾ', 'എന്ന്', 'മുമ്പ്', 'പിന്നീട്'... തുടങ്ങി നിരവധി വാക്കുകൾകൊണ്ട് സമയത്തിന്റെ ആപേക്ഷികത്വത്തെ സൂചിപ്പിക്കുന്നു. എന്താണ് ഈ പദങ്ങളെല്ലാം കുറിക്കുന്നത്? കേവലമായ സമയം? എന്താണ് ആപേക്ഷികമായ സമയം? നമുക്ക് പരിശോധിക്കാം.

നമുക്കേറ്റവും പരിചയമുള്ളതും മനുഷ്യൻ ഏറ്റവും ആദ്യമായി മനസിലാക്കിയതും ആയ സമയത്തിന്റെ മാത്ര 'ദിവസം' ആണ്. ഭൂമിയിൽ സ്പേസിൽ ഒരു തവണ കറങ്ങിത്തീരുമ്പോൾ ഒരു ദിവസം കഴിഞ്ഞു എന്നു പറയുന്നു. ഒരു തവണ കറങ്ങി എന്നു നാം അറിയുന്നത് സാധാരണയായി സൂര്യനെ നോക്കിയാണ്. സൂര്യോദയം മുതൽ സൂര്യോദയം വരെയുള്ള ഈ സമയത്തെ 'സൗരദിനം' എന്ന് വിളിക്കുന്നു. ഭൂമി ആകെത്തന്നെ സൂര്യനുചുറ്റും സഞ്ചരിക്കുന്നതിനാൽ യഥാർഥത്തിൽ സൂര്യോദയം കഴിഞ്ഞ് സ്പേസിൽ പൂർണമായി ഒരു തവണ കറങ്ങുന്നതിന് മുമ്പുതന്നെ അടുത്ത സൂര്യോദയം ഉണ്ടാകുന്നതാണ്. ദൂരെയുള്ള ഏതെങ്കിലും ഒരു നക്ഷത്രത്തെ നോക്കിയാണ് ഭൂമിയുടെ കറക്കം നിർണയിക്കുന്നതെങ്കിൽ കൂടുതൽ ശരിയായ ദിവസം കിട്ടും. ഇതിന് 'നാക്ഷത്രദിനം' എന്നു പറയുന്നു. നാക്ഷത്രദിനം സൗരദിനത്തെക്കാൾ 4 മിനിറ്റ് നീണ്ടതാണ്. സാധാരണ ആവശ്യങ്ങൾക് നാം ഈ വ്യത്യാസം കണക്കിലെടുക്കാറില്ല. ഒരു ദിവസത്തെ 24 ആയി ഭാഗിച്ചാൽ മണിക്കൂറും അതിന്റെ 60 ആയി ഭാഗിച്ചാൽ മിനിറ്റും അതിനെ 60 ആയി ഭാഗിച്ചാൽ സെക്കന്റും കിട്ടുമെന്ന് നമുക്കറിയാം. അതുപോലെ ഭൂമി സൂര്യനുചുറ്റും ഒരു തവണ സഞ്ചരിക്കുമ്പോൾ ഒരു കൊല്ലം കഴിഞ്ഞുവെന്ന് നാം പറയുന്നു. അതിന്റെ 12 ൽ ഒന്നാണ് മാസം. അങ്ങനെ നമുക്ക് പരിചയമുള്ള എല്ലാ സമയമാത്രകളുടെയും അടിസ്ഥാനം ഭൂമിയുടെ ചലനമാണ്.

തൂക്കിയിട്ട പെൻഡുലത്തിന്റെയോ വാച്ചിന്റെ ബാലൻസ് ചക്രത്തിന്റെയോ ആട്ടത്തെ അടിസ്ഥാനമാക്കിയും സമയത്തെ കുറിക്കാവുന്നതാണ്. [ 32 ] ശാസ്ത്രവും സാങ്കേതികവിദ്യകളും അതിവേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയും സാമൂഹ്യ വ്യവസ്ഥകൾ അതിനനുസരിച്ച് മാറാതിരിക്കുകയും ചെയ്യുന്നതിനാൽ ഒരുവേള ഒരു മൂന്നാം ആഗോളയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ പൊട്ടിക്കപ്പെടുന്ന അണുബോമ്പുകളും ഹൈഡ്രജൻബോമ്പുകളും ഭൂമുഖത്തെ ജീവജാലങ്ങൾക് നിവാസയോഗ്യമല്ലാതാക്കിത്തീർകുമെന്നും അവശേഷിക്കുന്ന മനുഷ്യർക് ഭൂമിക്കുള്ളിൽ വളരെ ആഴത്തിൽ ഗുഹകൾ നിർമിച്ച് വായുവും വെള്ളവും വിദ്യച്ഛക്തിയും ഭക്ഷ്യസാധനങ്ങളും എല്ലാം സംഭരിച്ച്, ദശാബ്ദങ്ങളും നൂറ്റാണ്ടുകൾതന്നെയും അവിടെ ജീവിക്കേണ്ടിവന്നേക്കാമെന്നും പല ശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഭയപ്പെടുന്നുണ്ട്. മനുഷ്യസമൂഹത്തെ ഭയാനകമായ ഈ മാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനാണ് നാം ശ്രമിക്കുന്നതും. പക്ഷേ ഇവിടെ മറ്റൊരു സംഗതിയാണ് നമ്മുടെ പ്രശ്നം; നിർഭാഗ്യവശാൽ മനുഷ്യർക് ഇത്തരം ഭൂഗർഭവാസം സ്വീകരിക്കേണ്ടിവന്നു എന്ന് കരുതുക. അവിടെ സൂര്യോദയവുമില്ല, സൂര്യാസ്തമയവുമില്ല, നക്ഷത്രങ്ങളുമില്ല. ദിവസവും കൊല്ലവും ഒന്നുമില്ല. അപ്പോൾ സമയമറിയുന്നതെങ്ങനെ? വാച്ചുനോക്കി സമയമറിയാം; അതനുസരിച്ച് ദിനചര്യകൾ നടത്തുകയും ചെയ്യാം. വാച്ച് കേടുവരികയോ നിന്നുപോകുകയോ ചെയ്താലോ? ഞാത്തിയിട്ടിരിക്കുന്ന ഒരു പെൻഡുലം, അതിന്റെ ഒരു ആട്ടത്തിനുവേണ്ട സമയം ഒരു 'സെക്കന്റ്', ഇത് നമ്മുടെ ഇപ്പോഴത്തെ സെക്കന്റ് ആയിക്കൊള്ളണമെന്നില്ല. 100 സെക്കന്റ് 1 'മിനിറ്റ്', 100 'മിനിറ്റ്' 1 മണിക്കൂർ, നൂറു മണിക്കൂർ 1 'ദിവസം',100 ദിവസം 1'വർഷം'....ഇങ്ങനെ വേണമെങ്കിൽ സമയത്തെ നിർവചിക്കാം. അതനുസരിച്ച് ദിനചര്യകൾ ക്രമപ്പെടുത്തുകയും ചെയ്യാം.

ഇവിടെ സമയത്തിന്റെ അടിസ്ഥാനം പെൻഡുലത്തിന്റെ ആട്ടമാണ്.

ആധുനികശാസ്ത്രലോകം സമയത്തിന്റെ ഏറ്റവും നിഷ്കൃഷ്ടമായ മാത്രയായി സ്വീകരിച്ചിട്ടുള്ളത് മറ്റൊന്ന്, എല്ലാ വസ്തുക്കളിലേയും തൻ‌മാത്രകളും അണുക്കളും സദാ കമ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ പറയുകയുണ്ടായല്ലോ. ഒരു നിശ്ചിത താപനിലയിൽ സീസിയത്തിന്റെ അണുക്കൾക്ക് 9 19 26 31 77 6 (ഉദ്ദേശം 920 കോടി) തവണ കമ്പിക്കുവാൻ‌വേണ്ട സമയത്തെ ഒരു സെക്കന്റ് എന്ന് നിർവചിച്ചിരിക്കുന്നു. ഇപ്രകാരം വികൃതമായ ഒരു സംഖ്യകൊടുത്തിരിക്കുന്നത് ഇന്ന് പരിചയമുള്ള നക്ഷത്രസെക്കന്റിന് തുല്യമാക്കാനാണ്. ഭൂഗർഭവാസം അനുഷ്ടിക്കേണ്ടിവരുന്ന മനുഷ്യർക്, 1000 കോടി കമ്പനങ്ങൾക്ക് വേണ്ടിവരുന്ന സമയം ഒരു സെക്കന്റ് എന്നെടുത്താലും വിരോധമില്ല.

ഇവിടെ സമയനിർവചനത്തിന് അടിസ്ഥാനമായിട്ടുള്ളത് അണുവിന്റെ കമ്പനമാണ്.

വേറേ വിധങ്ങളിലും സമയത്തെ നിർണയിക്കാവുന്നതാണ്. ഉദാഹരണത്തിന്, ദൃശ്യപ്രകാശത്തിനോ മറ്റേതെങ്കിലും തരത്തിലുള്ള വിദുത്കാന്തതരംഗത്തിനോ 3 ലക്ഷം കിലോമീറ്റർ സഞ്ചരിക്കുവാൻ വേണ്ട സമയത്തിനെ [ 33 ] ഒരു സെക്കന്റ് എന്ന് നിർവചിക്കാം. രണ്ട് സ്ഥലങ്ങൾ തമ്മിലുള്ള ദൂരം അളന്നശേഷം, ഒരു സ്ഥലത്തുനിന്ന് പ്രകാശതരംഗങ്ങൾ അയച്ച് മറ്റേ സ്ഥലത്തുനിന്ന് പ്രതിഫലിപ്പിച്ച് തിരിച്ചെത്താൻ വേണ്ട സമയം എളുപ്പം നിർണയിക്കാം.

ഇവിടെ പ്രകാശത്തിന്റെ ചലനമാണ് സമയനിർവചനത്തിന് അടിസ്ഥാനം.

അങ്ങനെ ഭൂമിയുടെ കറക്കംകൊണ്ട് സമയം നിർവചിക്കാം. പെൻഡുലത്തിന്റെ ആട്ടംകൊണ്ടും സമയം നിർവചിക്കാം. അണുക്കളുടെ കമ്പനംകൊണ്ടും സമയം നിർവചിക്കാം. പ്രാകാശത്തിന്റെ ചലനംകൊണ്ടും സമയം നിർവചിക്കാം. ദ്രവ്യത്തിന്റെ ഈവക രൂപങ്ങൾ ഒന്നുമില്ലാതെ, അവയുടെ ചലനവുമില്ലാതെ സമയത്തിനെ നിർവചിക്കാനോ മനസിലാക്കുവാനോ സാധിക്കുമോ? ശ്രമിച്ചുനോക്കുക. ദ്രവ്യത്തിന്റെ ഒരു രൂപവും, ഖര-ദ്രാവക-വാതക-പ്ലാസ്മകളോ പ്രകാശാദി ഊർജരൂപങ്ങളോ ഒന്നുംതന്നെ ഇല്ലാതെ സമയം എന്തെന്ന് സങ്കൽപിക്കാൻ ശ്രമിച്ചുനോക്കുക. സാധ്യമല്ലെന്നു കാണാം. ഏതെങ്കിലും തരത്തിലുള്ള ഒരു ദ്രവ്യരൂപവും അതിന്റെ ചലനവും ഇല്ലെങ്കിൽ 'സമയം' എന്ന വാക്കിന് തന്നെ അർഥമില്ലാതാകുന്നു.

ഈ നിഗമനം ശരിയല്ല, തലതിരിഞ്ഞാതാണ്, സമയം കേവലമാണ് അതിനെ അളക്കാനായി, അതിനെപ്പറ്റി വിവരിക്കാനായി ദ്രവ്യത്തിന്റെ ചലനത്തെ നാം ഉപയോഗിച്ചുവെന്നേ ഉള്ളൂ. ദ്രവ്യത്തിന്റെ ചലനമില്ലെങ്കിലും സമയമുണ്ട്-നമുക്ക് അത് അളക്കുവാൻ പറ്റില്ലായിരിക്കാം.... പലരുടേയും മനസിൽ പൊന്തിവരാൻ ഇടയുള്ള തടസവാദമാണിത്. മനുഷ്യർക് സമയത്തെപ്പറ്റിയുള്ള ബോധമുണ്ടാകുന്നതിന് ദിനരാത്രങ്ങളോ, ബാലൻസ് വീൽ-പെൻഡുലാദികളുടെ ചലനമോ ഒന്നും വേണ്ട. കുരുടനും ചെകിടനും ആയ ഒരാൾക് ഇതൊന്നും അനുഭവപ്പെടുന്നില്ല; എന്നാൽ അയാളുടെ സമയബോധം മറ്റുള്ളവരുടേതിൽ നിന്ന്, പറയത്തക്കതായി വ്യത്യസ്തമല്ല. എങ്ങനെയാണ് അയാൾക് ഈ സമയബോധമുണ്ടാകുന്നത്?

മനുഷ്യന് സമയത്തെപ്പറ്റി ഏറ്റവും ശക്തമായ വിധത്തിൽ ബോധമുണ്ടാക്കുന്ന കാര്യങ്ങളാണ് വിശപ്പ്, ദാഹം, മലമൂത്രാദിവിസർജനത്തിനായുള്ള ത്വര മുതലായവ. യഥാർഥത്തിൽ നമുക്ക് സമയത്തെപ്പറ്റി 'ബോധം" ഉണ്ടാക്കുന്നത് നമ്മുടെ ശരീരത്തിൽ തന്നെ നടക്കുന്ന ജീവശാസ്ത്രപരമായ ഇത്തരം പ്രവർതനങ്ങളാണ്. പണ്ട്, സമയം അളക്കാൻപോലും ഹൃദയത്തിന്റെ സ്പന്ദനത്തെ ഉപയോഗിച്ചിരുന്നുവല്ലോ. എന്നാൽ എല്ലാ ജീവശാസ്ത്രപ്രവർത്തനങ്ങളും സങ്കീർണങ്ങളായ രാസ-ഭൗതികപ്രതിപ്രവർതനങ്ങൾ മാത്രമാണ് എന്ന് ഇന്ന് നമുക്കറിയാം. ഇവയെ ആകട്ടെ, അന്തിമവിശകലനത്തിൽ, തൻമാത്രകളുടെയും അണുക്കളുടെയും ഇലക്ട്രോണുകളുടെയും ചലനങ്ങളായി വിഘടിക്കാവുന്നതാണ്. വിവിധ ഗ്രന്ഥികളിൽനിന്നുള്ള സ്രവണങ്ങളാവട്ടെ, ഭക്ഷണങ്ങൾ ദഹിപ്പിക്കുക, മാലിന്യങ്ങൾ നീക്കംചെയ്യുക, താപനില നിലനിർതുക മുതലായ പ്രവർത്തനങ്ങളാകട്ടെ, തലച്ചോറിൽനിന്ന് നാഡിവ്യൂഹംവഴി വിവിധ അവയവങ്ങളിലേക്ക് പോകുന്ന വൈദ്യുത സ്പന്ദനങ്ങളാകട്ടെ - എല്ലാം തന്നെ ദ്രവ്യത്തിന്റെ ചലനത്തിന്റെ രൂപഭേദങ്ങളാണ്. [ 34 ] അങ്ങനെ മനുഷ്യന് സമയത്തെപ്പറ്റി സ്വയം ബോധമുണ്ടാകുന്നതിന്റെ അടിസ്ഥാനം തന്റെ തന്നെ ദേഹത്തിനകത്ത് നടക്കുന്ന ചലനങ്ങൾ അഥവാ ജീവശാസ്ത്ര പ്രക്രിയകൾ ആണ്. ഈ ബോധമാകട്ടെ, പരിണാത്മകത്തേക്കാൾ‌‌ കൂടുതൽ ഗുണാത്മകമാണ്. ഈ ചലനങ്ങളെ തനിക്ക് ചുറ്റുമുള്ള ബാഹ്യ ലോകത്തിലെ വിവിധ രൂപത്തിലുള്ള ചലനങ്ങളുമായി ഒരു തരത്തിൽ താരതമ്യപ്പെടുത്തുകയാണ്, ഗുണാത്മക ബോധത്തെ പരിണാത്മകമാക്കി മാറ്റുകയാണ്, സമയം അളക്കുക എന്നതു കൊണ്ട് മനുഷ്യൻ ചെയ്യുന്നത്. ഓരോ വസ്തുവിനും പ്രവർതനത്തിനും വാക്കുകൾ ഉണ്ടായതു പോലെ 'സമയം' എന്ന വാക്ക് ഉണ്ടായതും ഈ താരതമ്യപ്പെടുത്തൽ പ്രക്രിയയിൽ നിന്നാണ്. ശരീരത്തിനകത്ത് ചലനങ്ങൾ എല്ലാം നിലച്ചാലോ ? എല്ലാം നിലക്കില്ല. ചിലതെല്ലാം നിലച്ചാൽ തന്നെ സമയബോധം നഷ്ടപ്പെടുമെന്ന് തീർച. സമയമെന്ന സങ്കൽപ്പനം കേവലമല്ലെന്നും ദ്രവ്യത്തിന്റെ ചലനത്തപ്പറ്റി പഠിക്കാനും മനസിലാക്കാനും മനുഷ്യൻ ഉപയോഗിക്കുന്ന രാശികളിൽ ഒന്നാണെന്നും ഇതിൽ നിന്ന് വ്യക്തമാകുന്നു.

അതിനാൽ ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന ഒരു സാമാന്യ ഗുണധർമ്മം മാത്രമാണ് സമയം.


സ്പേസ്

സ്ഥിതി ചെയ്യാൻ ഇടം (സ്പേസ്) വേണ്ടതെന്തോ അതാണ് ദ്രവ്യം എന്ന് പറയാറുണ്ട്. തിരിച്ച് ദ്രവ്യം സ്ഥിതി ചെയ്യുന്നതെവിടെയോ അതാണ് സ്പേസ് എന്നു പറയാം. സ്പേസില്ലാതെ ദ്രവ്യത്തിന് സ്ഥിതി ചെയ്യാൻ പറ്റില്ലെന്നറിയാം. ദ്രവ്യത്തിൽ നിന്ന് സ്വതന്ത്രമായ ഒരു സാർവത്രിക ധാരകം ആണ് സ്പേസ് എന്നൊരു ധാരണ ഇതിൽ നിന്ന് ഉളവാകാൻ സാധ്യതയുണ്ട്. പക്ഷേ, അങ്ങനെ ഒന്ന്, ദ്രവ്യമില്ലാത്ത സ്പേസ് എന്നൊന്ന് ഉണ്ടോ? ദ്രവ്യവുമായി ബന്ധപ്പെടുത്താതെ സ്പേസിനെ സങ്കൽപിക്കാൻ സാധിക്കുമോ? പ്രഥമദൃഷ്ടിയിൽ സാധ്യമാണെന്ന് തോന്നും, ബാഹ്യാകാശത്തിൽ നക്ഷത്രങ്ങളുടെയും ഗാലക്സികളുടെയും ഇടയിലുള്ള സ്പേസുകൾ, അണുവിൽ അണുകേന്ദ്രത്തിനും ഇലക്ട്രോണുകൾക്കും ഇടയക്കുള്ള സ്പേസ്-ഇതൊക്കെയാണ് മനസിൽ വരിക. പക്ഷേ, ഇതൊക്കെ ചിലതിന്റെയെല്ലാം ഇടക്കുള്ള സ്പേസ് ആണ്. ആ ചിലത് ഇല്ലെങ്കിലോ? ഒന്നിന്റെയും ഇടക്കുള്ളതല്ലാത്ത സ്പേസ്! അങ്ങനെ ഒന്നുണ്ടോ? ഇല്ല.

നീളം, വിസ്തീർണം, വ്യാപ്തം എന്നീ രാശികൾ കൊണ്ടാണല്ലോ സ്പേസ് അളക്കുന്നത്, ഇവയ്ക്കെല്ലാം ആധാരം വാര (അടി), മീറ്റർ മുതലായ നീളത്തിന്റെ അളവുമാത്രകളാണ്. മീറ്ററിന്റെയും വാരയുടെയും പ്രമാണങ്ങൾ യഥാക്രമം ഫ്രാൻസിലും ഇംഗ്ലണ്ടിലും സൂക്ഷിച്ചിട്ടുള്ള ദണ്‌ഡുകളാണ്. കുറേക്കൂടി നിഷ്കൃഷ്‌ടവും തികച്ചും അന്താരാഷ്ട്രീയവുമായ ഒരു പ്രമാണം ലഭിക്കുന്നതിനായി, ഒരു പ്രത്യേക സന്ദർഭത്തിൽ, ക്രിപ്ടൺ എന്ന മൂലകത്തിന്റെ അണുക്കളിൽ നിന്ന് പുറത്തുവരുന്ന ഓറഞ്ചുപ്രകാശത്തിന്റെ [ 35 ] തരംഗനീളത്തിന്റെ 165 076 073 മടങ്ങ് ആണ് പ്രമാണമീറ്റർ എന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു.

ദ്രവ്യം കൊണ്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. ദ്രവ്യം മാത്രം പോര, ദ്രവ്യത്തിന്റെ ചലനവും വേണം. (ചലനമില്ലാതെ ദ്രവ്യമില്ലല്ലൊ) ഒരു ഉദാഹരണമെടുക്കാം. ഒരു ബഞ്ചുണ്ട്. അതിന്റെ നീളം എത്രയെന്ന് അളക്കണം. ദ്രവ്യത്തിന്റെ ഒരൊറ്റ രൂപത്തെയും ചലിപ്പിക്കാതെ നീളം അളക്കാൻ പറ്റുമോ? മീറ്റർദണ്ഡിനെ ചലിപ്പിക്കാതെ നീളം അളക്കുവാൻ പറ്റുമോ? ചുരുങ്ങിയ പക്ഷം പ്രകാശതരംഗങ്ങളുടെ ചലനമെങ്കിലും വേണമല്ലോ, ദ്രവ്യത്തിന്റെ ഒരു ചലനവുമില്ലാതെ സ്പേസിനെ അളക്കാൻ പറ്റില്ല. തിരിച്ച് സ്പേസിന്റെ സഹായം കൂടാതെ ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കാനും പറ്റില്ല. സ്പേസില്ലാതെ ദ്രവ്യത്തിന് ചലിക്കാൻ പറ്റില്ലല്ലൊ. ചലനത്തെ കുറിക്കുന്ന എല്ലാ രാശികളും സമയമെന്ന പോലെ സ്പേസുമായും ബന്ധപ്പെട്ടിരിക്കുന്നു.

സ്പേസ് എന്നു പറയുമ്പോൾ ദ്രവ്യത്തിന്റെ ചലനവുമായി അതിനുള്ള ബന്ധം ഉടനെ വ്യക്തമാകില്ലായിരിക്കും. പക്ഷേ, ഇപ്പോൾ നാം കണ്ടതനുസരിച്ച് ദ്രവ്യത്തിന്റെ ചലനവുമായി ബന്ധപ്പെട്ടല്ലാതെ സ്പേസിനെ നിർവചിക്കാൻ പറ്റില്ല. അതിനാൽ മറ്റൊരു നിഗമനത്തിൽകൂടി നാം എത്തിച്ചേരുന്നു.

ദ്രവ്യത്തിന്റെ ചലനത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു സാമാന്യഗുണധർമമാണ് സ്പേസ്.


പ്രപഞ്ചോല്പത്തി

തുടക്കത്തിൽ നാം ചോദിച്ച, ആ ചോദ്യത്തിലേക്കു തന്നെ നമുക്ക് തിരിച്ചുപോകാം. ഭൂമിയും സൂര്യനും നക്ഷത്രങ്ങളും ഗാലക്സികളും എല്ലാം അടങ്ങുന്ന പ്രപഞ്ചം ഉണ്ടായതെന്നാണ്? ഉണ്ടാക്കിയത് ആരാണ്? ഇതിനെപ്പറ്റിയുള്ള ശാസ്ത്രത്തിന്, പ്രപഞ്ചോല്പത്തിശാസ്ത്രം എന്നു പറയുന്നു. പല ശാസ്ത്രജ്ഞന്മാരും ദാർശനികരും പ്രപഞ്ചോല്പത്തിശാസ്ത്രത്തിന് സംഭാവനകൾ നൽകിയിട്ടുണ്ട്. മതാധികാരികളും തങ്ങളുടെതായ സിദ്ധാന്തങ്ങൾ ഉയർതിപ്പിടിച്ചിട്ടുണ്ട്. 1580 മുതൽ 1655 വരെ ജീവിച്ചിരുന്ന ഐറിഷുകാരനായ ആർച് ബിഷപ്പ് ഉഷ്ഷർ പറയുകയുണ്ടായി: ക്രിസ്തുവിനു മുമ്പ് 5004 -ാം മാണ്ട് ഒക്ടോബർമാസം 26 ന് വെള്ളിയാഴ്ച രാത്രി 9 മണിക്കാണ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്! (വെള്ളിയാഴ്ചയല്ല, ഞായറാഴ്ചയായിരുന്നു അന്ന് എന്ന് ചിലർ വാദിക്കുന്നുണ്ട്) ശുദ്ധ അബദ്ധമാണ് ഈ പ്രസ്താവന എന്ന് ഇന്ന് എല്ലാവർകുമറിയാം. പക്ഷേ, പ്രസ്താവന മാത്രമല്ല, ചോദ്യം തന്നെ, പ്രപഞ്ചം എന്നാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ചോദ്യം തന്നെ അസംബന്ധമാണ്. “കാരമുള്ളിന്റെ കൂർപോ, ചെമ്പരത്തിപ്പൂവിന്റെ തുടുപ്പോ എതാണ് കൂടുതൽ” എന്ന് ചോദിക്കുന്നതുപോലെ അർഥശൂന്യമായ ഒരു ചോദ്യമാണത്.

ചോദ്യം ഒന്നുകൂടി പരിശോധിക്കാം. (a) ‘എന്ന്’ എന്ന ഏത് ചോദ്യത്തിനും ഇത്രകാലം മുമ്പെ, അല്ലെങ്കിൽ ഇത്രകാലം കഴിഞ്ഞ് എന്ന രീതിയിലുള്ള ഒരു ഉത്തരമാണല്ലോ നാം പ്രതീക്ഷിക്കുന്നത്. (b) ഇത്ര കോടി കൊല്ലം [ 36 ] മുന്പ് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന് ഒരുത്തരം നമുക്ക് ലഭിച്ചതായി കരുതുക. അപ്പോൾ അതിനു മുന്പോ? ന്യായമായും ചോദിക്കാവുന്ന ഒരു ചോദ്യമാണിത്. അതിനുമുമ്പ് ഒന്നും-ഇലക്ട്രോണും പ്രോട്ടോണും ഊർജ്ജം കൂടിയും-ഉണ്ടായിരുന്നില്ല. പക്ഷെ, മുമ്പ് ഉണ്ടായിരുന്നു, ഇതാകട്ടെ, സമയത്തെ കുറിക്കുന്ന ഒരു വാക്കാണ്‌. ദ്രവ്യത്തിന്റെ ഒരു രൂപവും ഇല്ലാത്ത ഒരു കാലം ഉണ്ടായിരുന്നു എന്നതാണ് ഇതിന് അർഥംവരുന്നത്. പക്ഷേ കാലം അഥവാ സമയം എന്നത് ദ്രവ്യത്തിന്റെ ചലനത്തെ കുറിക്കുന്ന ഒരു സങ്കൽപ്പമാണെന്നു നാം കണ്ടുകഴിഞ്ഞു. അപ്പോൾ നാം എത്തിച്ചേരുന്നതെവിടെയാണ്? ദ്രവ്യത്തിന്റെ ഒരു രൂപവുമില്ലാതെ തന്നെ ദ്രവ്യത്തിന്റെ ചലനം ഉണ്ടായിരുന്നു എന്ന തികച്ചും അർഥശൂന്യമായ ഒരു നിഗമനത്തിൽ!

അർഥമില്ലാത്ത ചോദ്യം ചോദിച്ചപ്പോൾ അർഥമില്ലാത്ത ഉത്തരം കിട്ടി എന്ന് മാത്രം. 'പ്രപഞ്ചം എന്ന് ഉണ്ടായി' എന്ന ചോദ്യം നിരർഥകമാണ്. 'എന്ന്' എന്ന പദം തന്നെ പ്രപഞ്ചം 'ഉണ്ട്' എന്ന വസ്തുതയെയാണ് കുറിക്കുന്നത്. ഉള്ള പ്രപഞ്ചം എന്നുണ്ടായി എന്ന് ചോദിച്ചാൽ ഭ്രാന്താണ് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. എന്നിട്ടും നിരവധി ശാസ്ത്രജ്ഞർ ഇന്നും ആ ചോദ്യം ആവർതിക്കുന്നുണ്ട്.

ഇവിടെ 'പ്രപഞ്ചം' എന്ന പദം കൊണ്ട് ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള എല്ലാ പദാർഥങ്ങളും എല്ലാത്തരം ഊർജവും അടക്കമാണല്ലോ അർഥമാക്കുന്നത്. 'ഉണ്ടായി' എന്ന വാക്കിൽ ലീനമായ അർഥമാകട്ടെ ഒരുകാലത്ത് ഉണ്ടായിരുന്നില്ല-എന്നതാണ്. 'ഉണ്ടായി' എന്നതിന് പകരം 'സൃഷ്ടിക്കപ്പെട്ടത്?' എന്ന് ചോദിക്കുന്നവരുമുണ്ട്. ഒരു സ്രഷ്ടാവിനെ മനസിൽ സങ്കൽപിച്ചുകൊണ്ടുതന്നെയാണ് അവർ ഈ ചോദ്യം ചോദിക്കുന്നത്. 'പ്രപഞ്ചോൽപത്തി ശാസ്ത്ര'ത്തിൻറെ ഇന്നത്തെ നില ഒട്ടു അസൂയാവഹമല്ല. അറിവിന്റെ ചക്രവാളം നമുക്ക് ഉൾക്കൊള്ളാൻ പറ്റുന്നതിനേക്കാൾ വേഗത്തിൽ വികസിക്കുകയാണ്.

ഈ പ്രപഞ്ചമാകെ വികസിക്കുകയാണ്. എല്ലാ ഗാലക്സികളും തമ്മിൽതമ്മിൽ അകലുകയാണ് എന്ന് പറയുകയുണ്ടായല്ലോ. ചില നിരീക്ഷണഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള നിഗമനമായിരുന്നു അത്. എന്താണ് ഈ വികസനത്തിനുള്ള കാരണം? ഇതിനു പ്രേരകമായ ബലം എവിടെ നിന്ന് ലഭിച്ചു? ഇപ്പോഴും ആ ബലം പ്രവർതിക്കുന്നുണ്ടോ? ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ. പല സിദ്ധാന്തങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. അപ്പോൾ പ്രപഞ്ചം വികസിക്കുകയാണ് എന്ന ധാരണ തന്നെ തെറ്റായിരിക്കുമോ എന്നായി സംശയം. കൂടുതൽ പരീക്ഷണങ്ങൾ നടത്തി, വികസിക്കുക തന്നെയാണെന്നതിനു കൂടുതൽ തെളിവുകളും കിട്ടി. 'പ്രപഞ്ചം 'മുഴുവനും' (എന്ന് പറഞ്ഞാൽ എന്താണ് അർഥമെന്ന് ഇപ്പോഴും വ്യക്തമല്ല!)'ആദ്യത്തിൽ' (ഏതാണ് ഈ ആദ്യം) ഒരുമിച്ചായിരുന്നു: ഒരൊറ്റ വലിയ, ഭീമാകാരമായ, പ്രാക് അണുവിന്റെ രൂപത്തിൽ. ഇതിനു ഒരു ഫുട്ബാളിനോളമേ വലിപ്പമുണ്ടായിരിക്കൂ. പക്ഷെ, അതിന്റെ കടുകുമണിയോളം പോന്ന ഒരു ഭാഗത്തിനു തന്നെ [ 37 ] ഭൂമിയുടെ എത്രയോ ആയിരം മടങ്ങ് ഭാരമുണ്ടായിരുന്നു!(ഊഹിക്കാൻ പറ്റാത്ത ദൂരങ്ങളെപ്പോലെ ഊഹിക്കാൻ പറ്റാത്ത ഘനത്വങ്ങളും!)പണ്ട് പണ്ട് ഒരു ദിവസം ഈ പ്രാക് അണുപൊട്ടിത്തെറിച്ചുവത്രേ!ആ പൊട്ടിത്തെറിയുടെ ഫലമായി പറന്നകലുന്ന 'ശകലങ്ങളാണത്രെ ഗാലക്സികൾ!നല്ല ചിത്രം!ഇതാണ് പ്രപഞ്ചത്തിന്റെ വികസനത്തിന് കാരണം എന്നാണ് ഇന്ന് പ്രപഞ്ചവൈജ്ഞാനികരിൽ ഒരു നല്ല വിഭാഗം വിശ്വസിക്കുന്നത്.എന്നാണ് ഈ പൊട്ടിത്തെറി നടന്നത്?ഏതാണ്ട് 1000 കോടൊ 3000 കോടി കൊല്ലങ്ങൾക്ക് മുമ്പാണ് നടന്നതെന്ന് ചിലർ കണക്കാക്കിയിരുന്നു.അതിനുമുമ്പോ?അതിന് 'മുമ്പ്' ഉണ്ടായിരുന്നില്ലത്രേ!ഒരാളുടെ വയസ്സ് കണക്കാക്കുന്നത് അയാൾ ജനിച്ച മുതലല്ല.അയാളെ ആദ്യമായി കണ്ട മുതൽക്കാണ് എന്നു പറയുന്നതിന് സമാനമാണിത്!ഇക്കണക്കിന് 'സമയം' തുടങ്ങിയത് 'ക്രിസ്തുവിന്റെ ജനനത്തോടെയാണെന്നോ','ശ്രീകൃഷ്ണന്റെ ജനനത്തോടെയാണെന്നോ ഒക്കെപ്പറയാം..സംഗതി ഇതാണ്:സമയത്തിന്റെ തുടക്കം എന്ന് പറയുന്നതിനുതന്നെ അർഥമില്ലാതാകുന്നു..'സമയം' തുടക്കമില്ലാത്തതാണ്.അപ്പോൾ ദ്രവ്യവും അതിന്റെ ആകെത്തുകയായ പ്രപഞ്ചവും ഒരു കാലത്തും സൃഷ്ടിക്കപ്പെട്ടതല്ല. അനാദിയാണത്. അനന്തതമാണത്. അങ്ങനെയല്ലാതെ മറ്റ് ഒരു തരത്തിൽ അതിനെപറ്റി സങ്കൽപ്പിക്കാൻ സാധ്യമല്ല.

ഈ വാദഗതി വളരെ യുക്തിയുക്തമാണെങ്കിൽ പോലും നമുക്ക് എളുപ്പത്തിൽ ദഹിക്കില്ല.പേരുകേട്ട ശാസ്ത്രജ്ഞർപോലും പ്രപഞ്ചത്തിന്റെ ഉദ്ഭവത്തെപ്പറ്റി ചോദിക്കുന്നു.നിരർഥകമെന്ന് ബുദ്ധിപറഞ്ഞാലും 'ശീലം' ചോദ്യമാവർത്തിക്കാൻ പ്രേരിപ്പിക്കുന്നു.അത് നമ്മെ കൊണ്ടെത്തിക്കുന്നത് എവിടെയാണെന്നോ? കൂടപ്പിറപ്പായ മറ്റ് ഒരു ചോദ്യത്തിൽ , 'പ്രപഞ്ചം സൃഷ്ടിച്ചതാര്'? ഈശ്വരൻ എന്നല്ലാതെ മറ്റൊരു ഉത്തരവും കൊടുക്കാൻ കഴിയുകയില്ല.അങ്ങനെ അർഥമില്ലാത്ത ഒരു ചോദ്യം ചോദിച്ചു,അർത്ഥമില്ലാത്ത ഒരു ഉത്തരവും കിട്ടി.ഇതിൽനിന്ന് നാം പുതിയൊരുത്തരം ദർശനത്തിലേക്ക് കടക്കുന്നു.


ബലാധിഷ്ഠിത ദർശനം

സ്വാഭാവികമായ,യുക്തിയുക്തമായ ദർശനത്തിനുപകരം പ്രത്യക്ഷവും പരോക്ഷവും ആയ ബലപ്രയോഗം മൂഖേന അടിച്ചേൽപ്പിക്കുന്ന ദർശനമാണ് 'സൃഷ്ടിയുടെയും സ്രഷ്ടാവിന്റെയും ദർശനം'.പ്രപഞ്ചം ഒരു കാലത്ത് സൃഷ്ടിക്കപ്പെട്ടതാണെനും ഈ സൃഷ്ടിയ്ക് കാരണമായ ശക്തിയാണ് ഈശ്വരൻ എന്നും ഈ ദർശനം ശാസിക്കുന്നു.'ഈശ്വരനെ ആര് സൃഷ്ടിച്ചു' എന്ന ചോദ്യമാകട്ടെ നിഷിദ്ധമാണ്.അത് ചോദിക്കുന്നവൻ ഏത് കാലത്തായാലും വേണ്ടില്ല ബലപ്രയോഗത്തിന് വിധേയനായിരുന്നു.നേരിട്ട് ആ ചോദ്യം ചോദിക്കണമെന്നില്ല; ഈശ്വരനെപ്പറ്റി സാമാന്യജനങ്ങളിൽ സംശയമുണ്ടാക്കാൻ ,ബഹുമാനക്കുറവുണ്ടാക്കാൻ വഴിവച്ചേക്കാമെന്ന് തോന്നുന്ന (ആർക്) എത് ചോദ്യവും നിഷിദ്ധമായിരുന്നു.പക്ഷേ കാലക്രമത്തിൽ അവനവനെത്തന്നെയും സമൂഹത്തെയും കളിപ്പിക്കാനായി ഈശ്വരന് പല വ്യാഖ്യാനങ്ങളും [ 38 ] കൊടുക്കാൻ മനുഷ്യൻ ബാധ്യസ്ഥനായി. ഓരോ മതത്തിലും ഉണ്ട് വ്യത്യസ്ഥ ഈശ്വരന്മാർ. വളരെക്കാലത്തേക്ക് ഈ ഈശ്വരന്മാരെല്ലാം മനുഷ്യരുടെ സ്വഭാവത്തോടുകൂടിയവരായിരുന്നു; മനുഷ്യരുടെ ഭാഷകൾ സംസാരിക്കുന്നവരും മനുഷ്യാകൃതിയിലുള്ളവരും ആയിരുന്നു. ഇടക്ക് ചിലർകെല്ലാം മൃഗാകൃതിയും കൊടുത്തിട്ടുണ്ട്. ഗോത്രജീവിതകാലത്തെ കുലചിഹ്നത്തിന്റെ സ്വാധീനം കൊണ്ടാണ് ഇത് വന്നിട്ടുള്ളത്. കാലക്രമേണ മനുഷ്യരൂപത്തിലുള്ള ഈശ്വരന്റെ പോരായ്മകൾ വ്യക്തമായി. എങ്കിലും ഈശ്വരനെ ഉപേക്ഷിക്കാൻ തയ്യാറായില്ല. എന്തുകൊണ്ടെന്നാൽ, സകലതിന്റേയും സൃഷ്ടികർതാവും സർവജ്ഞനും സർവവ്യാപിയും സർവശക്തനുമായ 'ഒന്നി'ന്റെ ആവശ്യമുള്ള ചിലരുണ്ടായിരുന്നു. മനുഷ്യന്റെ അറിവ് വർദ്ധിച്ചുവന്നതോടെ ഈശ്വരനെപ്പറ്റിയുള്ള പല സങ്കൽപങ്ങളും നിലനിൽകാതെയായി. ഈശ്വരന് പുതിയ രൂപങ്ങൾ നൽകേണ്ടിവന്നു. ബ്രഹ്മം, പരബ്രഹ്മം, നിരാകാര നിർഗുണബ്രഹ്മം, കേവലമായ ചിന്ത, സാർവത്രികമായ ആശയം, ജ്ഞാനം.... ഇങ്ങനെ പല പുതിയ സങ്കൽപങ്ങളും രൂപംകൊണ്ടു. ഒരു വിധത്തിലുള്ള ഗുണധർമങ്ങളാലും വിവരിക്കുവാൻ പറ്റാത്ത 'ഒരു വിധത്തിലും നിർവചിക്കാൻ പറ്റാത്ത എന്തോ ഒന്നാണ് ഹൈന്ദവവേദാന്തികൾക്ക് ഈശ്വരനെന്ന സങ്കൽപം. 'ഒന്നിനെയും പറ്റിയല്ലാത്ത ചിന്ത' ഇതത്രെ ജർമൻ ദാർശനികനായ കാന്റിന്റെ 'അഭിനവ ഈശ്വരൻ'. എന്താണാവോ ഈ ഒന്നിനേയും പറ്റിയല്ലാത്ത ചിന്ത, മറ്റൊരു വാദഗതി ഇങ്ങനെ പോകുന്നു; മനുഷ്യനില്ലെങ്കിൽ മനുഷ്യന് പ്രകൃതിയെപ്പറ്റി മനസിലാക്കാൻ പറ്റില്ല; ഞാനില്ലെങ്കിൽ എനിക്ക് പ്രകൃതി അർഥശൂന്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാനില്ലെങ്കിൽ പ്രകൃതിയില്ല. അപ്പോൾ പ്രകൃതി, ചുറ്റുമുള്ള ഭൗതികപ്രപഞ്ചം, എന്റെ സങ്കൽപസൃഷ്ടിയാണ്.- എല്ലാം - എന്റെ മിഥ്യ. ഈ വിശ്വാസം വെച്ചുകൊണ്ട് ഇക്കൂട്ടർ ഊളമ്പാറയിലോ കുതിരവട്ടത്തോ കഴിഞ്ഞുകൂടുകയാണെങ്കിൽ സമുക്കാശ്വസിക്കാമായിരുന്നു. പക്ഷേ ഇക്കൂട്ടർ 'രാജഭവന'ങ്ങളിലും മന്ത്രിമന്ദിരങ്ങളിലുമാണ് താമസിക്കുന്നത്. അവർ പറയുന്നു: "സംഗതികൾ ഇങ്ങനെ ഇങ്ങനെയെല്ലാമാണ്. അതിനാൽ അധ്വാനിക്കേണ്ട കടമ നിങ്ങളുടെതാണ്. അനുഭവിക്കാനുള്ള അവകാശം ഞങ്ങൾകും." അതിനെ ചോദ്യം ചെയ്താലോ, "നടക്ക് പൊലീസ് സ്റ്റേഷനിലേക്ക്" എന്നാണ് മറുപടി. (അധികാരത്തിന്റെ പ്രതീകമെന്ന നിലക്ക് മാത്രമാണ് പോലീസ് സ്റ്റേഷൻ ഉപയോഗിച്ചിട്ടുള്ളത്).

ഇത് ഇന്നത്തെയോ ഇന്നലത്തെയോ അനുഭവമല്ല. നൂറ്റാണ്ടുകളായി, ആയിരത്താണ്ടുകളായി ഉള്ള അനുഭവമാണ്. ഒരോ കാലത്തും നിലവിലിരിക്കുന്ന സാമൂഹ്യവവസ്ഥയിൽ അധ്വാനിക്കുന്ന ഒരു കൂട്ടരുണ്ട്.! അധ്വാനഫലമുണ്ണുന്ന മറ്റൊരു കൂട്ടരുണ്ട്. ഈ ബന്ധത്തെ ശാശ്വതീകരിക്കാൻ ഉതകുന്ന ഒരു ലോകവീക്ഷണവും ദർശനവും എല്ലാം ഉണ്ടായിരിക്കും. ആ ദർശനത്തിലെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നത് നിലവിലുള്ള വ്യവസ്ഥക്ക് ആപത്താണ്. അതിനാൽ തെറ്റ് ചൂണ്ടിക്കാണിക്കുന്നവൻ ശിക്ഷിക്കപ്പെടുന്നു. ഈ ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞതിന് ഗിയൊർഡനോ ബ്രൂണോവിനെ, ക്രിസ്തീയ മതാധികാരികളുടെ നേതൃത്വത്തിൽ ജീവനോടെ ചുട്ടുകൊന്നു. [ 39 ] ഗലീലിയോവിന് താൻ പറഞ്ഞതെല്ലാം തെറ്റാണെന്ന് കുമ്പസാരിക്കേണ്ടി വന്നു! വെറും 300-400 കൊല്ലങ്ങൾക്കു മുമ്പാണിതു നടന്നത്. ഇതിലും എത്രയോ മുമ്പു തന്നെ സോക്രത്തീസിനെക്കൊണ്ട് വിഷം കുടിപ്പിച്ചു. 'ബലാധിഷ്ഠിത ദാർശനികൻ’ ഇന്ത്യയിലെ ഭൌതികവാദികളായ ചാർവാകന്മാരെ അഥവാ ലോകായതന്മാരെ വേട്ടയാടി. അവരെഴുതിയതു മുഴുവൻ ചുട്ടുകരിച്ചു. അവശേഷിച്ചത് തിരുത്തിയെഴുതി. തന്ത്ര- വൈശേഷിക - സാംഖ്യ ദർശനങ്ങൾക്ക് വേദാന്തത്തിന്റെ പരിവേഷം കൊടുത്തു.

എപ്പോഴെപ്പോഴെല്ലാം ഭൗതികവാദം കൂടുതൽ ശക്തിയായി തീരുന്നുവോ, യുക്തിയുക്തമായി കൂടുതൽ സ്വീകാര്യമായി തീരുന്നുവോ, അപ്പോഴപ്പോഴെല്ലാം ആശയവാദത്തിന്റെയും ഇഹലോകമിഥ്യാവാദത്തിന്റെയും കുപ്പായമിട്ട് ഈശ്വരന്മാരുടെ പ്രതിനിധികളായി സ്വയം ചമഞ്ഞു നടക്കുന്ന കൂട്ടർ മടിയേതും കൂടാതെ അതിനെ ബലം പ്രയോഗിച്ചു തന്നെ നശിപ്പിച്ചിട്ടുണ്ട്.

എന്നാൽ പല സന്ദർഭങ്ങളിലും ബലപ്രയോഗം കൂടാതെ തന്നെ ഭൗതികവാദികളെ ഉത്തരം മുട്ടിക്കാൻ പറ്റുമായിരുന്നു.


ചോദ്യങ്ങൾ

  1. ദ്രവ്യം, പദാർത്ഥം, വസ്തു എന്നീ പദങ്ങൾ തമ്മിലുള്ള ബന്ധമെന്ത്? ആ ബന്ധത്തിന്റെ സ്വഭാവമെന്ത്?
  2. കേവലമായ നിശ്ചലാവസ്ഥയെപ്പറ്റി എന്തുപറയാൻ കഴിയും?
  3. ചലനത്തിന്റെ വിവിധരൂപങ്ങൾ ഏവ?
  4. എന്താണ് സമയം?
  5. എന്താണ് സ്പേസ്?
  6. പ്രപഞ്ചം എന്ന വാക്കിന്റെ ബഹുവചനമെന്ത്?
  7. ആധുനിക പ്രപഞ്ചോൽ‌പ്പത്തി സിദ്ധാന്തങ്ങൾ ഏവ? എന്താണവയുടെ മൗലികമായ ദാർശനികമായ പിശക്?

  1. ദ്രവ്യത്തിന് പ്ലാസ്മയെന്നൊരു രൂപമുണ്ടെന്ന് പറയുകയുണ്ടല്ലോ. ഉയർന താപനിലക്ക് വിധേയമായി, അണുക്കളിൽ നിന്ന് ഏതാനും ഇലക്ട്രോണുകൾ വേർപെടുമ്പോൾ ധനചാർജിതമായ അയോണുകൾ ഉണ്ടാകുന്നു. ഇത്തരം അയോണുകളുടെയും ഇലക്ട്രോണുകളുടെയും മിശ്രിതമാണ് പ്ലാസ്മ.