Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ഗതിയിൽ നിന്നു ലഭിക്കുന്ന ഗതിജഊർജം, താപഊർജം, വൈദ്യുതഊർജം, റേഡിയോതരംഗങ്ങൾ, എക്സ്‌രശ്മികൾ, ഗാമാരശ്മികൾ, പ്രകാശം തുടങ്ങിയ വിദ്യുദ്കാന്തഊർജം, രാസഊർജം എന്നിങ്ങനെ ഊർജത്തിന് പല രൂപങ്ങളുമുണ്ട്. ഒരു രൂപത്തിലുള്ള ഊർജത്തിനെ മറ്റൊരു രൂപത്തിലുള്ളതായി മാറ്റാമെന്ന് കഴിഞ്ഞനൂറ്റാണ്ടിൽതന്നെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഖര-ദ്രാവക-വാതക- പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തെത്തന്നെ ഊർജമായിമാറ്റാമെന്ന് ഇപ്പോൾ അറിയാം. സുപ്രസിദ്ധ ശാസ്ത്രജ്ഞനായ ഐൻസ്റ്റൈൻ ആണ് ഇത് തെളിയിച്ചത്. അണുബോമ്പിന്റെയും ഹൈഡ്രജൻബോമ്പിന്റെയും അടിസ്ഥാനം ദ്രവ്യത്തെ ഊർജമായി മാറ്റുന്നതാണ്. അതുപോലെ ചില പ്രത്യേക പരിതഃസ്ഥിതികളിൽ ഊർജത്തെ ദ്രവ്യമായി രൂപാന്തരപ്പെടുത്താമെന്നും ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇതിൽ നിന്നെല്ലാം ദ്രവ്യം, ഊർജം എന്നിങ്ങനെ രണ്ടായി വിഭജിക്കുന്നതുതന്നെ യഥാർഥത്തിൽ അത്ര അർഥമില്ലാത്തതാണെന്ന് വരുന്നു. അതിനാൽ ദ്രവ്യമെന്നപദംകൊണ്ടുതന്നെ രണ്ടിനെയും കൂടി വ്യവഹരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. ഖര- ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള പദാർഥങ്ങളും വിവിധരൂപത്തിലുള്ള എല്ലാത്തരം ഊർജങ്ങളും ദ്രവ്യത്തിന്റെ രൂപഭേദങ്ങളാണ്, മേലിൽ നാം ദ്രവ്യമെന്ന് പറയുമ്പോൾ പദാർഥരൂപങ്ങളും ഊർജരൂപങ്ങളും അതിൽപെടുന്നതായി കണക്കാക്കാം.

പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനത്തിൽ അതിപ്രാധാന്യമർഹിക്കുന്നതാണ് ഈ സാമാന്യവൽകരണം. പക്ഷേ, അതോടൊപ്പം മറ്റൊരു ചോദ്യംകൂടി പൊന്തിവരുന്നു. ദ്രവ്യത്തിന് സ്ഥിതിചെയ്യുവാൻ ഇടം വേണമെന്ന് പറഞ്ഞല്ലോ. എന്താണ് ഇടം അഥവാ സ്പേസ്? അതുപോലെ എന്താണ് സമയം? അതും ദ്രവ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യം കൂടി പരിഗണിക്കേണ്ടതുണ്ട്. പക്ഷേ, അതിനുമുമ്പ് പദാർഥങ്ങളുടെ വിവിധരൂപങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും സാമാന്യമായ ചില വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.


അണുക്കളും മൗലികകണങ്ങളും

അണുബോമ്പിനെപ്പറ്റിയും ഹൈഡ്രജൻബോമ്പിനെപ്പറ്റിയും എല്ലാംവരും കേട്ടിരിക്കും. എല്ലാ പദാർഥങ്ങളുടെയും അടിസ്ഥാനനിർമാണഘടകങ്ങളായ അണുക്കളുമായി-പരമാണുക്കളുമായി-ഇവയ്ക്ക് ബന്ധമുണ്ടായിരിക്കുമെന്നും നമുക്ക് ഊഹിക്കാം. പക്ഷേ, എന്താണ്‌ ഈ പരമാണുക്കൾ? വളരെ എളുപ്പത്തിൽ മനസിലാക്കാം. ഒരു ഗ്ലാസ് വെള്ളമെടുക്കുക. നാമെത്ര സൂക്ഷിച്ചു നോക്കിയാലും അതിൽ ദ്വാരങ്ങളോ പഴുതുകളോ ഉള്ളതായി കാണുകയില്ല. അതിൽ കുറെ ഉപ്പുകട്ടകൾ ഇടുക. കുറച്ചുനേരം ഇളക്കുമ്പോൾ ഈ കട്ടകൾ അപ്രത്യക്ഷമാകുന്നു. എവിടെപ്പോയി എന്നാണ് ചോദ്യം. ഉപ്പ് വെള്ളത്തിൽ അലിഞ്ഞിരിക്കുന്നു; വറ്റിച്ചാൽ വീണ്ടെടുക്കാം എന്നായിരിക്കും ഉത്തരം. അപ്പോൾ ഉപ്പ് വെള്ളത്തിനുള്ളിൽതന്നെയുണ്ട്. എങ്കിൽ എവിടെയിരിക്കുന്നു? യുക്തിയുക്തമായ ഒരു ഉത്തരം ഇതാണ്. വെള്ളവും ഉപ്പുമെല്ലാം നമുക്ക് ഊഹിക്കാൻ കൂടി കഴിയാത്തത്ര ചെറുതായ കണികകളാലാണ് നിർമിക്കപ്പെട്ടിട്ടു-

24
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/23&oldid=172062" എന്ന താളിൽനിന്ന് ശേഖരിച്ചത്