വിജ്ഞാപനം - കൊച്ചി ജന്മിസഭ 1914

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
കൊച്ചി ജന്മിസഭയിൽനിന്നു കൊച്ചിദിവാൻ ബാനർജി എ. ആർ. അവറകളുടെ സമക്ഷത്തിൽ ബോധിപ്പിച്ച വിജ്ഞാപനം (ചരിത്രം) (1914)

[ പുറം ]


കൊച്ചിജന്മിസഭയിൽനിന്നു കൊച്ചിദിവാൻ
എ.ആർ. ബാനൎജി അവർകളുടെ
സമക്ഷത്തിൽ ബോധിപ്പിച്ചവിജ്ഞാപനം
------------(മലയാളത്തിൽ തൎജ്ജമചെയ്യപ്പെട്ടത്)൧0൮ർ


ദേശമംഗലം പ്രസ്സ്


[ തലക്കെട്ട് ]കൊച്ചിജന്മിസഭയിൽനിന്നു കൊച്ചിദിവാൻ
എ. ആർ. ബാനൎജ്ജി അവർകളുടെ
സമക്ഷത്തിൽ ബോധിപ്പിച്ചവിജ്ഞാപനം


------------------------
(മലയാളത്തിൽ തർജ്ജമചെയ്യപ്പെട്ടത്).
൧ഠ൮൪


ദേശമംഗലംപ്രസ്സ്


[ 1 ]
കൊച്ചി ദിവാനായ എ. ആർ ബാനർജി അവർകളുടെ
സമക്ഷത്തിലേക്ക് കൊച്ചി ജന്മിസഭ
താഴ്മയോടെ ബോധിപ്പിക്കുന്ന


വി ജ്ഞാ പ നം


വളരെ ബഹുമാനത്തോടും കൂടി ബോധിപ്പിക്കുന്നതാവിത്:---

1. കൊച്ചിരാജ്യത്തിലെ അധികം ജന്മികളും ഹാജരായി നടത്തിയതും ൧൦൮൪ മേടം ൫-ാംനു (1909 എപ്രിൽ 17) തൃശ്ശൂർവെച്ചു നടന്നതുമായ കൊച്ചി ജന്മിസഭായോഗത്തിൽവെച്ച് ഇതിൽ താഴെ ഒപ്പിടുന്നവർ കൊച്ചിഗവൎമ്മേണ്ടിനാൽ അടുത്തകാലത്തിൽ നിയമിക്കപ്പെട്ട ജന്മികുടിയാൻ കമ്മീഷനെപ്പറ്റി സഭക്കു പറവാനുള്ള അഭിപ്രായങ്ങളടങ്ങിയ ഒരു വിജ്ഞാപനം കൊച്ചിഗവൎമ്മേണ്ടിൽ ബോധിപ്പിക്കേണ്ടതാണെന്ന് ഐകകണ്ഠ്യേന തീർച്ചപ്പെടുത്തുകയുണ്ടായി.

2. അതുപ്രകാരം താഴ്മയോടെ വിജ്ഞാപിപ്പിക്കുന്ന ഞങ്ങൾ ഈ വിജ്ഞാപനപത്രത്തെ വിനയപൂൎവ്വം സമൎപ്പിക്കുകയും, ഇതിൽ പറഞ്ഞിട്ടുള്ള സഭയുടെ അഭിപ്രായങ്ങളെ മഹാരാജാവു തിരുമനസ്സിലെ ഗവർമ്മെണ്ട് അനുകൂലമായി തീൎച്ചപ്പെടുത്തുമെന്നു വിശ്വസിക്കുകയും ചെയ്യുന്നു.

3. കമീഷനിലെ എട്ടു മെമ്പ്രന്മാരിൽ നാലുപേർ യോജിച്ചു റിപ്പോൎട്ടു ബോധിപ്പിക്കുകയും, മറ്റുള്ളവർ, യോജിച്ചെഴുതപ്പെട്ട റിപ്പോൎട്ടിൽ പറയപ്പെട്ടവയിൽനിന്ന് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളടങ്ങിയ പ്രത്യേകമിനിട്ടുകൾ ബോധിപ്പിക്കുകയും ചെയ്തിട്ടുള്ള സംഗതി താങ്കൾക്കറിയാമല്ലൊ. [ 2 ]

4. നാലു കമീഷന്മാർ യോജിച്ചു തയ്യാറാക്കീട്ടുള്ള റിപ്പോൎട്ടിന്ന് “ജോയിന്റ്റിപ്പോൎട്ട്” എന്നുപേരിടുന്നതായാൽ എളുപ്പമുണ്ടെന്നു വിചാരിച്ച്, അതിനെ ഈ വിജ്ഞാപനത്തിൽ മുൻപറഞ്ഞ പേരുകൊണ്ട് വ്യവഹരിപ്പാനായി വിജ്ഞാപകന്മാരായ ഞങ്ങൾ അനുവാദം ചോദിക്കുന്നു.

5. ജോയിന്റ് റിപ്പോൎട്ടിലെ ശിപാൎശികളിൽ പ്രധാനമായിട്ടുള്ളത്, കുടിയാന്മാരിൽ ചിലതരക്കാൎക്ക് ഒഴിപ്പിപ്പാൻപാടില്ലാത്ത സ്ഥിരാവകാശം കൊടുക്കേണ്ടതാണെന്നുള്ളതാകുന്നു. മറ്റുള്ള ശിപാർശികൾ ഇങ്ങിനെ കൊടുക്കേണമെന്നുപറയുന്ന സ്ഥിരാവകാശം കൊടുക്കുന്ന രീതിയെ സംബന്ധിച്ചുള്ള വിവരണങ്ങളാണ്.

6. വിജ്ഞാപകന്മാരായ ഞങ്ങൾ സഭാപ്രതിനിധികളുടെ നിലയിൽ താഴ്മയോടെ ബോധിപ്പിക്കുന്നതെന്തെന്നാൽ കൊച്ചി രാജ്യത്തിലെ കാണക്കുടിയാന്മാൎക്ക് സ്ഥിരാവകാശം കൊടുക്കുന്നതിലേക്ക് പൂൎവ്വചരിത്രസംബന്ധികളായ കാര്യങ്ങൾകൊണ്ടോ രാജനീതിപ്രകാരമുള്ള ആവശ്യകതകൊണ്ടോ മതിയായ കാരണമൊന്നും വെളിവാക്കപ്പെട്ടിട്ടില്ല എന്നതാകുന്നു.

7. ജന്മാവകാശമെന്നത്, മനുഷ്യവർഗ്ഗം ഇതുവരെ അറിഞ്ഞിട്ടുള്ള ഭൂമ്യവകാശങ്ങളിൽവെച്ച് ഏറ്റവും വലിയതാകുന്നു. പുരാതനമായോ ആധുനികമായോ ഉള്ള ഒരു നിയമമെങ്കിലും കൊച്ചിയിലേയും മലബാറിലേയും ജന്മികളുടെ ജന്മാവകാശത്തെക്കാൾ അധികമായ, ഒരുവനുള്ള ഭൂമ്യാവകാശത്തെപ്പറ്റി പറഞ്ഞുകാണുന്നില്ല. കൊച്ചിരാജ്യത്തിലേയും അയൽദേശമായ ബ്രിട്ടീഷ് മലബാറിലേയും കുടിയായ്മരീതികൾ എന്നുതന്നെയല്ല, ഈ രണ്ടു സ്ഥലങ്ങളിലും വസിക്കുന്നവരുടെ ഭാഷയും, സാമുദായികസമ്പ്രദായങ്ങളും, നടവടികളും, മുഴുവൻ സാമ്യമുള്ളവയായതുകൊണ്ട് ഈ സ്ഥലങ്ങളിൽ ഒരുദിക്കിലേക്കു യോജിക്കുന്നകാൎയ്യം മറ്റേതിലേക്കും യോജിക്കുന്നതാണെന്നും, കൊച്ചിരാജ്യത്തിലുള്ള അനേകം [ 3 ] ജന്മികൾക്ക് ബ്രിട്ടീഷ്`മലബാറിലും ഭൂമികളുണ്ടെന്നും, അതുകളെ കൊച്ചിയിലെ കുടിയാന്മാർ കൈവശംവെച്ചുവരുന്നതുപോലെതന്നെ ബ്രിട്ടീഷ് മലബാറിലെ കുടിയാന്മാരും കൈവശംവെച്ചുവരുന്നുണ്ടെന്നുംകൂടി എടുത്തുകാണിക്കുവാൻ ഞങ്ങൾ അനുവാദം ചോദിച്ചുകൊള്ളുന്നു.

8. താഴെ ചേർക്കുന്ന അഭിപ്രായങ്ങൾ, എല്ലാ കാലങ്ങളിലും ജന്മികൾ ഭൂമികളുടെ പൂൎണ്ണാവകാശമുള്ള ഉടമസ്ഥന്മാരായിരുന്നിട്ടുണ്ടെന്നും, കാണം ഒരു പണയം മാത്രമായി വിചാരിക്കപ്പെട്ടതാണെന്നും,അതിനെ പുതുക്കുവാൻപാടുണ്ടെന്നും, ജന്മികൾ ഭൂമിയെ മടക്കിവാങ്ങുവാനവകാശമുള്ളവരാണെന്നും, അവർമേൽ ചാൎത്തുകൊടുക്കുക പതിവുണ്ടെന്നും, കാണക്കുടിയാന്മാർക്ക് ഒരുകാലത്തും സ്ഥിരാവകാശമുണ്ടായിട്ടില്ലെന്നും നിസ്സംശയമായിതെളിയിക്കുന്നവയാണ്.

9. ടിപ്പുസുൽത്താൻ വിട്ടുകൊടുത്തിട്ടുള്ള ഭൂമികളെ പരിശോധിപ്പാനായി ഏൎപ്പെടുത്തപ്പെട്ട കമ്മീഷനിലെ മെമ്പ്രായിരുന്ന മിസ്റ്റർ ഫാൎമ്മർ 1793 ഫിബ്രവരി 25-ആം നു-ചെയ്ത റിപ്പോർട്ടിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. “കാണക്കാരനെന്നു വിളിക്കപ്പെടുന്ന കൃഷിക്കാരൻ, തീർച്ചപ്പെടുത്തീട്ടുള്ള പാട്ടംക്രമമായികൊടുക്കുന്ന കാര്യത്തിൽ പണയമായിട്ടു ജന്മിയുടെ അടുക്കെ ഒരു സംഖ്യകൊടുത്തിട്ടുണ്ടായിരിക്കും. കാണക്കാരന്റെ ഈ സംഖ്യക്ക് ഒരു പലിശ അനുവദിക്കപ്പെടാറുണ്ട് . എന്നാൽ പലപ്പോഴും കാണക്കാരൻ മറ്റുവല്ലപണയത്തിന്മേലും സംഖ്യയെ കടം വാങ്ങാറൂണ്ട്. നിശ്ചയിച്ചിട്ടുള്ള പാട്ടത്തിൽനിന്ന് പലിശകഴിച്ചു ബാക്കിസംഖ്യ ജന്മിക്കുകൊടുക്കപ്പെടുന്നു. എന്നാൽ പാട്ടക്കാരൻ തൃപ്തികരമായ കാരണംകൂടാതെ പാട്ടം കൊടുക്കാതിരുന്നാൽ ഉടമസ്ഥൻ ഭൂമിയിൽ പ്രവേശിക്കുകയും,അതിനെ മറ്റൊരു പുതിയ കാണക്കാരനു കൊടുക്കുകയുംചെയ്യും”. [ 4 ] ആ കൊല്ലത്തിൽതന്നെ അക്ടോബർമാസം ൨൮-‌ാംനു-മേല്പറഞ്ഞകമീഷന്മാർ പ്രസിദ്ധപ്പെടുത്തിയ ചിലനിശ്ചയങ്ങളിൽ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു.“മുൻപറഞ്ഞകാരണങ്ങളെക്കൊണ്ട് ജന്മികൾ മേലിലും പഴയ പാട്ടമൎയാദപ്രകാരമോ, ഇരുകക്ഷികൾക്കും സമ്മതമാകുന്ന മറ്റുവിധത്തിലോ കാണക്കാരുമായി നിശ്ചയംചെയ്തു് അവരുടെ ജന്മഭൂമികളെ കൈവശം വെച്ചുകൊള്ളുവാനായി തീൎച്ചപ്പെടുത്തി കല്പിച്ചിരിക്കുന്നു.കാണക്കാർ ജന്മിക്കുകൊടുക്കേണ്ട പാട്ടം കൊടുക്കാതിരുന്നാൽ ജന്മികൾക്കു അദാലത്തുകോടതിയിൽ അന്യായപ്പെട്ടുവസൂലാക്കാം.പാട്ടശ്ശീട്ടിലെ അവധി കഴിയുമ്പോൾ ഭൂമിയേയും കൈവശപ്പെടുത്താം”.

മലബാറിലെ സ്ഥിതികളെപ്പറ്റി പ്രത്യേകമായ ഒരു അന്വേഷണം നടത്തുവാൻ അന്നത്തെ ഗവർണർജനരാളാൽ നിയമിച്ചയക്കപ്പെട്ട ഒരാളും, കാൎയ്യങ്ങളെ ശ്രദ്ധയോടുകൂടി അന്വേഷിച്ചറിയുന്നാളുമായ ഡാക്ടർ ബുക്കാനൻ 1800 ഡിസമ്പ്റ് മാസത്തിൽ അദ്ദേഹത്തിന്റെ ഡൈരിയിൽ താഴേ പറയുംപ്രകാരം എഴുതീട്ടുണ്ട്. “വാസ്തവത്തിൽ ഹൈദരുടെ വിജയത്തിനുമുമ്പിൽ ചില ചില്ലറഭാഗങ്ങളൊഴികെ സകലഭൂമികളുടെ ഉടമസ്ഥന്മാർ അവർ (നമ്പൂതിരിമാർ) തന്നെയായിരുന്നുവെന്ന് എല്ലാവർക്കുമറിയാവുന്നതാണ്. സാമാന്യമായി കൃഷിയോഗ്യങ്ങളായ അധികം ഭൂമികളും വളരെക്കാലമായി കാണമെന്ന പണയത്തിന്മേൽ കൊടുക്കപ്പെട്ടിരിക്കുന്നു. ഒരാൾ പണയത്തിന്മേൽ പണംകൊടുപ്പാൻ സമ്മതിച്ചാൽ ഉടമസ്ഥനും ആയാളുംകൂടി, പണയപ്പെടുത്തുന്ന ഭൂമിയിൽനിന്നു ചിലവുകഴിച്ചുണ്ടാകുന്ന വിളവിനെ തീർച്ചപ്പെടുത്തും. കാണക്കാരൻ എന്നുകൂടിപ്പേരുള്ള പണം കൊടുക്കുന്ന ആൾ ഭൂമിയുടെ ഭരണം ഏറ്റുവാങ്ങുകയും, സാധാരണനിരക്കുപ്രകാരം നൂറ്റിന്നു കൊല്ലത്തിൽ പത്തുവീതം പലിശക്കു പണംകടംകൊടുക്കുകയും ചെയ്യും. ചിലവുകഴിച്ചുള്ള വിളവിൽനിന്ന് ഈ പലിശ എടുക്കുകയും, ബാക്കിയുണ്ടെങ്കിൽ ഭൂമിയുടമസ്ഥന്നു [ 5 ] കൊടുക്കുകയും ചെയ്യും. ചിലപ്പോൾ ബാക്കിയെ പണമായി ക്ലിപ്തപ്പെടുത്താറുമുണ്ട്. ചിലപ്പോൾ മൊത്തത്തിലുണ്ടാകുന്ന വിളവിൽനിന്നൊരുഭാഗം ഉടമസ്ഥനു കൊടുക്കാറുമുണ്ട്...........ആദ്യംകൊടുത്തീട്ടുള്ള സംഖ്യയെ തിരിയെ കൊടുത്താൽ ഭൂമിയെആവശ്യംപോലെ വീണ്ടെടുപ്പാനുള്ള അധികാരത്തെ ഉടമസ്ഥൻ തന്റെ അധീനത്തിൽ വെച്ചിട്ടുണ്ട്. ഒരു വീടോ തോട്ടമോ ആവശ്യമുള്ളാൾ അതിലേക്കുതകുന്ന ഭൂമിക്കായി പണയത്തിമേൽ പതിനഞ്ചോ ഇരുപതോ പണം കൊടുക്കും. ജന്മിക്കു ആ ഭൂമിയെ എപ്പോഴെങ്കിലും തിരിയെ ആവശ്യപ്പെടാവുന്നതും അങ്ങിനെ ആവശ്യപ്പെടുമ്പോൾ, പണയസംഖ്യക്കും പുറമെ വീടിന്റേയും വേലികളുടേയും വെച്ചുപിടിപ്പിച്ചിട്ടുള്ള വൃക്ഷങ്ങളുടേയും വിലകൂടി മടക്കിക്കൊടുക്കേണ്ടതും ആകുന്നു”.

മലബാറിൽ വളരേകാലംകലക്ട്രരായിരുന്ന മിസ്റ്റർ വാർഡൻ 1801 മാൎച്ചി 19-‌ാംനു-താഴേ പറയുംപ്രകാരം എഴുതിയിരിക്കുന്നു. “ജന്മക്കാരന്റെ ഭൂമിയെ സാധാരണരീതിയിൽ കുടിയാന്മാർ വെച്ചുവരുന്നകുടിയായ്മ സമ്പ്രദായത്തെ കാണമെന്നു പറയുന്നു. ഈ കുടിയായ്മരീതി മിക്കതും പണയത്തോടു സാമ്യമുള്ളതാകുന്നു. എന്നാൽ കാണക്കാരനോടു ഒന്നാമതായി വാങ്ങീട്ടുള്ള സംഖ്യയെ തിരിയെ കൊടുക്കുമ്പോൾ ജന്മക്കാർക്കു ഭൂമി വീണ്ടെടുപ്പാൻ പാടുള്ളതാകുന്നു”.

ആ കൊല്ലത്തിൽത്തന്നെ മേജർവാക്കർ അന്നു നടപ്പുണ്ടായിരുന്ന കൈമാറ്റങ്ങളുടേയും പാട്ടത്തിന്നു കൊടുക്കുന്നതിന്റേയും മാതിരികളെപ്പറ്റി വിസ്തീൎണ്ണമായ ഒരു പ്രബന്ധം തെയ്യാറാക്കി. അതിൽ ആയാൾ ഇങ്ങിനെ പറയുന്നു. “ജന്മക്കാരന്നു ഭൂമിയുടെ പൂൎണ്ണമായ അവകാശമുള്ളതും ഈ ലോകത്തിലുള്ള യാതൊരു അധികാരസ്ഥനും ന്യായപ്രകാരം അതിനെ ഇല്ലാതാക്കുവാൻ കഴിയാത്തതുമാകുന്നു. എന്നാൽ ആയാളുടെ അവകാശം ഉടമസ്ഥതയെ മാത്രം സംബന്ധിക്കുന്നതും ആയാൾക്കു ന്യായ[ 2 * ] [ 6 ] സംബന്ധമായോ രാജനീതീസംബന്ധമായോ ഉള്ള അധികാരമില്ലാത്തതുമാകുന്നു. ലോകത്തിൽ മറ്റൊരു രാജ്യത്തും ഈ മാതിരിയുള്ള ഉടമാവകാശത്തെ മലബാറിലേക്കാൾ നല്ലവണ്ണം അറിഞ്ഞും സ്ഥിരതയോടെ പരിപാലിച്ചും വരാറില്ല. മലബാറിൽ ഭൂസ്വത്തിന്റെ രക്ഷക്കായി വേണ്ടേടത്തോളം മുൻ കരുതലുകൾ ചെയ്തിട്ടുണ്ടെന്നു രേഖകളുടെ താല്പൎയ്യത്തിൽ നിന്നു വെളിവാകുന്നു. കൈമാറ്റം ചെയ്യുന്നലഅവസരങ്ങളിലെല്ലാം ഭൂസ്വത്തിന്മേൽ കൂടുതലായ ഏൎപ്പാടുകൾ ചെയ്ത് ഭാരം ഉണ്ടാക്കാതിരിപ്പാനും ഭൂമി തീരെ മറ്റൊരുത്തന്റേതായിപ്പോകാതിരിപ്പാനും സശ്രദ്ധമായ കരുതലുകള്ചെയ്തു കാണപ്പെടുന്നു. സാധാരണയായി പാട്ടത്തിന്നു കൊടുക്കുന്നതിന്റെ അവധി മൂന്നുമുതൽ ആറുവരെ കൊല്ലങ്ങളാണ്. പറമ്പുകളെ കക്ഷിക്കാൎക്ക് വേണമെന്നു തോന്നുമ്പോൾ വീണ്ടും പരിശോധിക്കാറുണ്ട്. പറമ്പിലെ വിള വൎദ്ധിക്കുകയോ ക്ഷയിക്കയോ ചെയ്തിട്ടുണ്ടാകുവാനിടയുള്ളതുകൊണ്ടു കരണം പൊളിച്ചെഴുതുമ്പോൾ പാട്ടവും നോക്കി നിശ്ചയിക്കാറുണ്ട്. പൊളിച്ചെഴുതുമ്പോൾ പാട്ടക്കാരൻ ജന്മിക്ക് പാട്ടത്തിൽ പകുതി സൗജന്യമായി കൊടുക്കാറുണ്ട്. ജന്മക്കാരൻ പാട്ടക്കാരനെ മാറ്റുകയോ പറമ്പിനെ തിരിയേ ആവശ്യപ്പെടുകയോ ചെയ്യുന്ന പക്ഷം അയാൾ കാണവും, പലിശയും, കുഴിക്കാണവും, (അതായതു കുടിയാൻ ഉണ്ടാക്കീട്ടുള്ള ചമയങ്ങളുടെ വിലക്കു ശരിയായ പണം) മടക്കിക്കൊടുക്കണം.

മദിരാശി റവന്യൂബോൎഡ് 1803 ജനവരി 31-‌ാം-നുത്തെ അവരുടെ ജോയിന്റ റിപ്പോൎട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "കാണപ്പാട്ടം അല്ലെങ്കിൽ പണയംകൊണ്ടു സിദ്ധിച്ച കുടിയായ്മാവകാശം ഈ സംഗതിയിൽ പണയം വാങ്ങുന്നാൾ, പണയം വാങ്ങുന്ന ഭൂമിയെ അനുഭവിക്കുന്നതിനായി ഒരു സംഖ്യ പണയം കൊടുക്കുന്നാൾക്കു കൊടുക്കുന്നു. കാണപ്പാട്ടാധാരത്തിലെ അവധി കഴിയുമ്പോൾ, ജന്മക്കാരൻ, തീൎച്ചപ്പെ ടുത്തുന്നപ്രകാരം [ 7 ] എടുപ്പുകൾ,കിണറുകൾ ഇതുകളുടെ വിലയും ക്ളിപ്തമായ നിരക്കുപ്രകാരം വൃക്ഷങ്ങളുടെ വിലയും കൊടുത്താൽ ആയാൾക്ക് ഭൂമിയെ വീണ്ടെടുപ്പാനധികാരമുണ്ട്.

1803-ൽ ഭൂമിയുടെ കുടിയായ്മയെപ്പറ്റി റിപ്പോൎട്ടുചെയ്തിട്ടുള്ള താക്കറെ എന്നാൾ താഴെപറയും പ്രകാരം പറഞ്ഞിരിക്കുന്നു.

"മലബാറിൽ കൃഷിചെയ്യപ്പെട്ടതും അല്ലാ്ത്തതുമായ ഭൂമികൾ മിക്കതും സ്വകാര്യസ്വത്തും ഭൂമിയിൽ മേൽ പൂൎണ്ണമായ ഉടമസ്ഥതയെ ഉണ്ടാക്കുന്ന ജന്മാവകാശംകൊണ്ടു കൈവശം വെക്കപ്പെട്ടതുമാകുന്നു.......... അതുകൊണ്ടു മലബാറിലെ ജന്മികൾ ക്കു ഭൂമിയുടെ പൂൎണ്ണമായ ഉടമസ്ഥതയുണ്ടെന്നു എല്ലാവരും സമ്മതിക്കുമെന്നു ഞാൻ വിചാരിക്കുന്നു".

അഞ്ചാമത്തെ റിപ്പോൎട്ടിൽ ഇങ്ങിനെ കാണുന്നു. "മലബാറിൽ പണ്ടേക്കുപണ്ടേ സ്വകാര്യസ്വത്തുകൾ ഉണ്ടായിരുന്നിട്ടുണ്ട്. അതുകളെ ജനനാലുള്ള അവകാശം എന്ന അൎത്ഥമുള്ള 'ജന്മം' എന്ന വാക്കുകൊണ്ടു വേർതിരിച്ചു പറഞ്ഞുവരുന്നു................... ഭൂമി കൈമാറ്റം ചയ്യുന്നതിൽ കാണം കൂടാതെ ഒറ്റി എന്നും ഒറ്റിക്കാണമെന്നും പറയുന്ന രണ്ടു സംപ്രദായങ്ങൾ കൂടിയുണ്ട്. എന്നാൽ അതുകൾക്കു പേരിലും, ഭൂമി മടക്കിവാങ്ങുന്ന രീതിയിൽ കണ്ടുവരുന്നലഘുക്കളായ ചില കാൎയ്യങ്ങളിലുമല്ലാതെ മറ്റു അംശങ്ങളിൽ കാണത്തിൽനിന്നു വലിയ വ്യത്യാസമൊന്നും ഇല്ല. എല്ലാ സംഗതികളിലും പണയം വാങ്ങുന്നവൻ അതായതു ഭൂമിയെ താൽക്കാലികമായി കൈവശംവാങ്ങുന്ന കുടിയാൻ പണ യത്തിന്നു ആയാൾക്കു കിട്ടുവാനുള്ള പലിശകഴിച്ച് അധികമുണ്ടാ കുന്ന പാട്ടത്തിന്നു ജന്മിയോടു കണക്കുപറയാറുണ്ട്. പാട്ടശ്ശീട്ടി ന്റെ (കുഴിക്കാണപ്പാട്ടം) അവധികഴുയുമ്പോൾ, കുടിയാന്നു ആ യാൾ ഉണ്ടാക്കീട്ടുള്ള വൃക്ഷങ്ങളുടേയും, കുഴിച്ചീട്ടുള്ള കിണറുകളുടേ യും, നിൎമ്മിച്ചിട്ടുള്ള എടുപ്പുകളുടേയും നിശ്ചയിച്ച വില കൊടുത്താ ൽ ജന്മിക്കു ഭൂമിയെ വീണ്ടെടുപ്പാനുള്ള അവകാശമുണ്ട്". [ 8 ]

മലബാറിലെ കലക്ടരായിരുന്നാളും ഈ വിജ്ഞാപനത്തിൽ മുമ്പു പേർപായപ്പെട്ടാളുമായ മിസ്റ്റർ വാർഡൻ 1815 സംപ്ത്തബംർ 12നു റവന്യൂബോർഡിലേക്കു താഴേപറയുന്നവിധം എഴുതിയിരിക്കുന്നു. " കാണക്കാരനെന്നുവെച്ചാൽ ജന്മിക്കു കൊടുത്തിട്ടുള്ള പണത്തിന്റെ പലിശക്കു ഒരു ഉറപ്പിന്റെ നിലയിൽ വസ്തു കിട്ടീട്ടുള്ള ഒരു പണയാവകാശിയാകുന്നു............അഡ്വാൻസോ കടമോ ആയ കാണസംഖ്യ ഭൂമിയേ തിരിയേവാങ്ങുന്നതുവരെ ബൂമിയിൽ ചുമത്തപ്പെട്ടിരിക്കുന്നു. കാണക്കാരൻ നോക്കിവരുന്നതു അയാളുടെ പണത്തിന്റെ പലിശ കിട്ടുവാൻ മാത്രമാകുന്നു. ജന്മക്കാരനും കുടിയനും തമ്മിൽ ഭൂമിയുടെ വിലവിനെ നിശ്ചിതമായ ഏതെങ്കിലും സംപ്രദായത്തിൽ ഭാഗിക്കുക പതിവില്ല. ജന്മക്കാരൻ, ആദ്യത്തെക്കാണത്തേക്കാൾ വലുതായസംഖ്യ കൊടുപ്പാനൊരുകമുള്ള ആളെ കിട്ടുന്നതായാൽ ആദ്യത്തെക്കാണത്തെ ദുർബ്ബലപ്പെടുത്തി പുതിയകാണക്കാരനുമായി എടവാടുചെയ്യാമണ്ട് ഇങ്ങിനെ ചെയ്യുമ്പോഴൂ, പണയം വെച്ചിരിക്കുന്ന ഭൂമിയെ കൃഷി ചെയുന്നതിലും മാര്റമുള്ള നിശ്ചയങ്ങൾ മുമ്പിലത്തെപ്പോലെതന്നെയായിരിക്കും. കാണത്തിന്റെ അല്ലങ്കിൽ മലബാറിലേ പണയത്തിന്റെ പ്രത്യേകവിശേഷം എന്തെന്നാൽ എത്രകൊല്ലം കഴിഞ്ഞാലും അവകാശം യാതൊരുപ്രതിബന്ധവും കുടാതെ വീണ്ടെടുപ്പാൻ കഴിയുന്ന സ്ഥിതിയിൽത്തന്നെ ഇരിക്കുമെന്നാകുന്നു. കുറേക്കൊല്ലങ്ങൾ കഴിഞ്ഞാൽ കാണക്കാരൻ കാണത്തെ പുതുക്കേണമെന്നുള്ളതു ജന്മാവകാശത്തിന്റെ സഹജമായ പ്രത്യേകാധികാരമായിരുന്നു. (ഇപ്പോഴുംഅങ്ങിനെതന്നെയാണ്)".

റവന്യൂ ബോർഡുകാർ 1818 ജനുവരി 5-നു ത്തെ മിനിട്ടിൽ ഇങ്ങിനെ എഴുതീട്ടുണ്ട്. "ജന്മക്കാർ ഈ മാതിരി സൊല്ലകകൽ ഒന്നുമില്ലാത്ത സ്വതന്ത്രന്മാരായ ഭൂമി ഉടമസ്ഥന്മാരായിരുന്നു സാമാന്യമായി രാജാവിങ്കൽ നിന്നോ മറ്റോ കിട്ടിയതല്ലാതേ ജനനാൽത്താന്നമുള്ള അവകാശ അവർക്കുള്ളതുകൊണ്ടു യൂറോപ്പിലേ [ 9 ] ഭൂമി ഉടമസ്ഥന്മാരേക്കാൾ അധികം പൂൎണ്ണമായ ഉടമയോടു കൂടി അവർ ഭൂമിയെ കൈവശം വെച്ചു വന്നതായി വിചാരിക്കപ്പെടേ ണ്ടതാണ്. മലബാറിൽ നടപ്പുള്ള കാണം അല്ലെങ്കിൽ പണയം എന്നതിന്റെ പ്രത്യേകവിശേഷം, അതിൽ, അതിന്മേലുള്ള ഉട മാവകാശത്തെ ഒരിക്കലും ഇല്ലാതാക്കുവാൻ പാടില്ലാത്തതാക്കുന്ന തും സ്വയമായി വീണ്ടെടുപ്പിക്കുന്നതും സഹജവുമായ നിയമതത്വം അടങ്ങിയിരിക്കുന്നുവെന്നതാകുന്നു. ജന്മക്കാർ കാണസംഖ്യ എ ന്ന മുതൽ പലിശകൂടാതെ മടക്കിക്കൊടുത്താൽ എപ്പോഴെങ്കിലും വീണ്ടെടുപ്പാനുള്ള മുഖ്യാവകാശത്തെ എല്ലായ്പോഴും അധീനത്തി ൽ വച്ചിട്ടുണ്ട്. അവധികളിലുള്ള പൊളിച്ചെഴുത്തുകൊണ്ടും അതോടുകൂടി ഉണ്ടാവുന്ന കിഴിവുകൊണ്ടും കാലക്രമം കൊണ്ടു ഭൂമി പണയത്തിൽ നിന്നു വിട്ടു ൠണബാദ്ധ്യതകൾ തീൎന്നു ജന്മക്കാരുടെ പിന്തുടൎച്ചക്കാരിൽ തന്നെ തിരിയേവന്നു ചേരുന്നു".

മിസ്റ്റർ ഗ്രീംസ്സ് 1822-ൽ താഴേപറയുംപ്രകാരം എഴുതിയി രിക്കുന്നു. "പണയം വാങ്ങിയാളുടെ അഭിപ്രായത്തിന്നു വിരോ ധമായി പണയം കൊടുത്താൾ തന്റെ ഇഷ്ടപ്രകാരം പണയസം ഖ്യ മടക്കിക്കൊടുക്കുന്നതായാൽ സാക്ഷിക്കുള്ള കിഴിവുചെയ്യാതെ മുഴുവൻസംഖ്യ മടക്കിക്കൊടുക്കേണ്ടതും, പണയം വാങ്ങിയാൾ മൂ ന്നുകൊല്ലമെങ്കിലും ഭൂമി കൈവശം വെച്ചിട്ടില്ലെങ്കിൽ പണയം കൊടുത്താൾ വാങ്ങീട്ടുള്ള ഒപ്പവകാശം, തൂശി ഇതുകളെക്കൂ ടി മടക്കിക്കൊടുക്കേണ്ടതുമാണ്".

1856 ആഗസ്തമാസം 5-ാം൹ത്തെ സദർ അദാലത്തുക ച്ചേരിനടവടികളിൽ, കാണത്തേയും, അതിനോടു സംബന്ധമു ള്ള കുടിയായ്മകളേയും വീണ്ടെടുപ്പാൻ പാടുള്ള പണയങ്ങളായി പറഞ്ഞിരിക്കുന്നു.

10. ഇതുകളെക്കൊണ്ടു, ജന്മികൾക്കു കുടിയാന്മാരെ ഒഴി പ്പിപ്പാനും മേച്ചാൎത്തുകൊടുപ്പാനുമുള്ള അവകാശം നിൎവ്വിവാദമായി[ 3 * ] [ 10 ] തെളിയുന്നുണ്ടെങ്കിലും, അയൽദേശമായ ബ്രിട്ടീഷ് മലബാറിൽ ജന്മികളുടെ ഒഴിപ്പിപ്പാനുള്ള അവകാശത്തെ ഇല്ലാതാക്കുവാൻ താഴേകാണിക്കുന്ന വിധത്തിലുള്ള അനേകം ശ്രമങ്ങൾ ചെയ്കയുണ്ടായിട്ടുണ്ട്. എന്നാൽ അവയെല്ലാം അവസാനത്തിൽ നിഷ്ഫലങ്ങളായി പരിണമിച്ചു.

11. കൊച്ചിഗവൎമ്മേണ്ടിനെ ജന്മികുടിയാൻ കമീഷനേൎപ്പെടുത്തുന്ന കാര്യത്തിൽ പ്രേരിപ്പിച്ച, കണയന്നൂർ താലൂക്കുകാരായ ചില കുടിയാന്മാരുടെ സങ്കടഹരജികളുടെ മാതിരിയിൽ 1881 ൽ മലബാറിലെ ചില കുടിയാന്മാരയച്ച സങ്കടഹരജികളുടെ ഫലമായിട്ട്, മദിരാശിഗവൎമ്മേണ്ട് അന്നത്തെ മലബാർ കലക്ടറായിരുന്ന മിസ്റ്റർ ലോഗനെ, മലബാറിലെ കുടിയായ്മാവകാശത്തേയും, അതിനെസംബന്ധിക്കുന്ന സംഗതികളെയും പൂൎണ്ണമായി അന്വേഷിപ്പാനായി ഒരു പ്രത്യേകകമ്മീഷനരായി നിയമിച്ചതു, പത്താം വകുപ്പിൽ പറഞ്ഞ ശ്രമങ്ങളിൽ ഒന്നാമത്തേതാകുന്നു. മിസ്റ്റർ ലോഗൻ 1882 ജൂൻമാസത്തിൽ അനേകം സ്വാഭിപ്രായങ്ങൾക്കു പുറമേ, മലബാറിലെ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുപ്പാനുള്ള പ്രബലമായ ശിപാൎശി കൂടി അടങ്ങിയ, തന്റെ റിപ്പോൎട്ടിനെ അയച്ചുകൊടുത്തു. സൎക്കാരുദ്യോഗസ്ഥന്മാരും അല്ലാത്തവരുമായുള്ള യോഗ്യന്മാരുടെ അഭിപ്രായം അറിയുവാനായി 1883-ൽ ആ റിപ്പോൎട്ടുപ്രചാരപ്പെടുത്തുകയും, 1884 ജനവരി മാസത്തിൽ മേല്പറഞ്ഞ കാൎയ്യത്തെ മുഴുവനും ആലോചിച്ച് നിയമം ഉണ്ടാക്കേണ്ടുന്ന രീതിയെ ഗവൎമ്മേണ്ടിനുപദേശിപ്പാനായി സാർ, ടി. മാധവറാവുവാകുന്ന സഭാനാഥനോടു കൂടിയ ഒരു പ്രത്യേക കമ്മീഷൻ ഏൎപ്പെടുത്തുകയും ചെയ്തു. 1884 ജൂലായിമാസം 17-ാം൹ ഈ കമ്മീഷൻ അവരുടെ റിപ്പോൎട്ടിനേയും, "മലബാർ കുടിയായ്മബില്ലി"ന്റെ ഒരു പകൎപ്പിനേയും മദ്രാസ് ഗവൎമ്മേണ്ടിലേക്കയച്ചു കൊടുത്തു. ആ ബില്ലിലെ പ്രധാനമായ നി [ 11 ] യമഭാഗം മലബാറിലെ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുക്കേണ്ടതിനെ സംബന്ധിച്ചായിരുന്നു. 1884 ജൂലായി 30-ാം൹ മദിരാശി ഗവൎമ്മേണ്ട് ഈ കരടു ബില്ലിനെ ഹൈക്കോൎട്ടുജഡ്ജിമാരുടെ അഭിപ്രായത്തിന്നായി അയച്ചു. അന്നത്തെ ഒന്നാം ജഡ്ജിയായിരുന്ന സാർ, ചാർലസ് ടർണർ ഇവിടുത്തെ കമ്മീഷനർമാരുടെ ജോയിന്ററി റിപ്പോൎട്ടിൽ പ്രതിപാദിക്കപെട്ട സിദ്ധാന്തങ്ങളോടു പ്രായേണ സമങ്ങളായിരുന്ന, മിസ്റ്റർ ലോഗന്റേയും, സാർ, ടി. മാധവറാവു കമീഷന്റേയും, സിദ്ധാന്തങ്ങളേയും, ആ ബില്ലിലെ നിയമകല്പനങ്ങളേയും കഠിനമായി ആക്ഷേപിച്ച് ഖണ്ഡിക്കയും, അദ്ദേഹത്തിന്റെ പ്രസിദ്ധപ്പെട്ട ആ മിനുട്ടിൽ ആ സിദ്ധാന്തങ്ങളുടെ അടിസ്ഥാനങ്ങൾ ദുൎബ്ബലങ്ങളാണെന്നു ചൂണ്ടിക്കാണിക്കയും, ഇതിലെ ഒമ്പതാംവകുപ്പിൽ എടുത്തുകാണിച്ച കാലപ്പഴക്കമുള്ള റിപ്പോൎട്ടുകളുടെ പ്രാമാണ്യത്തെ ദൃഢീകരിക്കയും ചെയ്തു. സാർ, ചാർലസ് ടർണരുടെ തീരുമാനം, ജന്മിഭൂമിയുടെ പൂൎണ്ണമായ ഉടമസ്ഥതയുള്ളവനാണെന്നും, കാണക്കുടിയാനു സ്ഥിരാവകാശം കൊടുപ്പാൻ കാരണമില്ലെന്നും, ശിപാൎശി ചെയ്യപ്പെട്ടിരുന്ന നിയമനിൎമ്മാണം തീരെ അനാവശ്യമാണെന്നുമാകുന്നു. അദ്ദേഹം ബില്ലിനെ കഴിയുന്നത്ര പ്രബലമായി ആക്ഷേപിച്ചു. അദ്ദേഹത്തിന്റെ മിനിട്ടിൽ സ്ഥാപിക്കപ്പെട്ട വാദങ്ങൾ എളക്കമില്ലാത്തവയും, ഇവിടുത്തെ ജോയിന്റ് റിപ്പോൎട്ടിലുള്ള അഭിപ്രായങ്ങൾക്കും ശിപാൎശികൾക്കും പൂൎണ്ണസമാധാനങ്ങളായിരിക്കുന്നവയുമാണ്.

12. അതിന്റെ ശേഷം സാർ, മാധവറാവു അവർകളുടെ കമീഷന്റെ ബില്ലിനെ ഗവൎമ്മേണ്ടു സ്വീകരിക്കയാകട്ടെ, മിസ്റ്റർ ലോഗന്റെ ശിപാൎശികളേയോ മാധവറാവു കമീഷന്റെ അഭിപ്രായോപദേശങ്ങളേയോ അനുസരിച്ചു നിയമമുണ്ടാക്കുകയാകട്ടെ ചെയ്തില്ല. [ 12 ] 13. മദിരാശിഗവൎമ്മേണ്ട് 1885 സത്തേമ്പ്രു 17-ാം൹ മിസ്റ്റർ സി. ജി. മാസ്റ്റരാകുന്ന സഭാനാഥനോടു കൂടിയ മറ്റൊരു 'മലബാർ കുടിയായ്മ' സംഘത്തെ നിയമിച്ചു. ഈ കമ്മറ്റി, മിസ്റ്റർ ലോഗൻറേയും, മാധവറാവുകമീഷന്റേയും സാർ, ചാർലസ് ടർണരുടേയും പരിശ്രമങ്ങളുടെ ഫലമായി മലബാർകുടിയായ്മയെ പറ്റി സുലഭമായി ഉണ്ടായിട്ടുള്ള റിക്കാൎഡുകളെ എല്ലാം പരിശോധിച്ചു. പണ്ടുകാലങ്ങളിൽ കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശമുണ്ടായിരുന്നുവെന്നുള്ള അഭിപ്രായത്തെ സ്ഥാപിക്കുന്ന യുക്തിവാദങ്ങളെ നല്ലവണ്ണം പരിശോധിച്ചതിന്നുശേഷം, ഈ കമ്മറ്റിക്കാർ, ആ അഭിപ്രായം സാധുവല്ലെന്നും, ഒരു നൂറ്റാണ്ടിന്നു മുമ്പിൽ കാണംപുതുക്കുവാനും ഇല്ലാതാക്കുവാനും പാടുള്ളതായിരുന്നുവെന്നു കാണിപ്പാൻ തെളിവുണ്ടെന്നും തീരുമാനിച്ചു. അതിന്നും പുറമെ കമ്മറ്റിക്കാർ, ഭൂമിയെ സംബന്ധിച്ചുള്ള കാൎയ്യങ്ങളിൽ കഴിയുന്നത്ര മറ്റുള്ളവരുടെ അധികാരത്തിൽ പ്രവേശിക്കാതിരുന്നതാണ് ഉത്തമമെന്നും, ഗവൎമ്മേണ്ട് മേലിൽ ഈ കാര്യത്തെപ്പറ്റി അന്വേഷിപ്പാൻ കഴികയില്ലെന്നു തുറന്നുപറയുന്നതായാൽ, എത്ര നിയമങ്ങൾകൊണ്ടും ഉണ്ടാവുന്നതിനേക്കാളധികം മലബാറിലെ പൊതുജനങ്ങൾക്കു മനസ്സമാധാനമുണ്ടാവാനിടയുണ്ടെന്നും അഭിപ്രായം പറകയും ചെയ്തു. മദിരാശി ഹൈക്കോൎട്ടിലെ ഒരു ജഡ്ജിയും, ആ കമ്മറ്റിയിലെ ഒരംഗവുമായ സാർ ഫിലിപ്പ് ഹച്ചിൻസിന്നു കമ്മിറ്റിയുടെ അവസാനറിപ്പോൎട്ടിന്നു മുമ്പായി ഇന്ത്യയെ വിട്ടു ഇംഗ്ലണ്ടിലേക്കു കല്പനവാങ്ങിപ്പോകേണ്ടിവന്നുവെങ്കിലും, അദ്ദേഹം പോകുന്നതിനു മുമ്പിൽ കരാറിൻറെ സ്വാതന്ത്ര്യത്തെ കുറക്കുന്ന വിധത്തിൽ ന്യായരഹിതമായി പ്രവേശിക്കുന്നതു അനാവശ്യമാണെന്നുള്ള തൻറെ അഭിപ്രായത്തെ റിക്കാൎഡാക്കുകയും, മലബാറിലെ ജന്മികളേയും കുടിയാന്മാരേയും അവരുടെ കാൎയ്യവാദങ്ങളെ ശരിപ്പെടുത്തുവാൻ സ്വാതന്ത്ര്യമായി വിടുന്നതാണ നല്ലതെന്നു അഭിപ്രായം പറകയും ചെ [ 13 ] യ്തുവെന്നുള്ള സംഗതിയെക്കൂടി താഴ്മയോടുകൂടി ചൂണ്ടിക്കാണിക്കുന്നു. ആ കമ്മറ്റിക്കാർ 1887 വിപ്രവരി 22-ാം൹, ഭൂമിയേസ്സംബന്ധിക്കുന്ന ഒരു ബില്ലോടുകൂടി അവരുടെ റിപ്പോൎട്ടിനെ മദിരാശിഗവൎമ്മേണ്ടിലേക്കു അയച്ചുകൊടുത്തു. ഗവൎമ്മേണ്ട് ആ ബില്ലിനെ സ്വീകരിക്കുകയാകട്ടെ നിയമമാക്കുകയാകട്ടെ ചെയ്തില്ല.

14. ജന്മികളുടെ അധികാരങ്ങളെ ചുരുക്കുവാനായി നിയമം ഉണ്ടാക്കുന്ന കാൎയ്യത്തിൽ പിന്നെ ശ്രമിച്ചതു 1889-ൽ മലബാറിലെ കലക്ടരായിരുന്ന മിസ്റ്റർ ഡാൻസായിരുന്നു. മിസ്റ്റർ ഡാൻസ് ജന്മികളുടെ മേച്ചാൎത്തുകൊടുപ്പാനുള്ള അധികാരത്തെ കുറക്കുന്ന ഒരു മേച്ചാൎത്തുനിയമത്തിൻറെ കരടു തെയ്യാറാക്കി. ഗവൎമ്മേണ്ട് ആ പ്രവൃത്തിയേപ്പറ്റി നല്ലവണ്ണം ആലോചിച്ചശേഷം, 1901 മാൎച്ചി 13-ാ൹ 197-ാം നമ്പ്ര ഗവർമ്മേണ്ടുകല്പനയിൽ അതുപ്രകാരം പ്രവൎത്തിപ്പാൻ മനസ്സില്ലെന്നു കല്പിച്ചു.

15. മിസ്റ്റർ ഡാൻസിൻറെ മേച്ചാൎത്തുബില്ലിനെ തള്ളിയശേഷവും 1905-ൽ മദിരാശിയിലെ "ലാൻഡ് എൻക്രോച്ച് മെൻറാക്ടി" നെപ്പറ്റി നിയമനിൎമ്മാണസഭയിൽ വാദപ്രതിവാദം നടത്തുമ്പോൾ മലബാറിലെ ജന്മികളെപ്പറ്റി ചോദ്യംവന്നു. ആ നിയമം ഒന്നാമതായി ഉണ്ടാക്കി സഭയിൽകൊണ്ടുവന്ന പകൎപ്പുപ്രകാരം മലബാറിലെ ജന്മികളുടെ ഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളേയും സംബന്ധിക്കുന്നതായിരുന്നു. മലബാറിലെ ജന്മഭൂമികളെ ആ നിയമത്തിൻറെ പ്രവൃത്തിയിൽനിന്നു ഒഴിവാക്കേണമെന്നുള്ള ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെട്ടു. ഗവൎമ്മേണ്ട് മലബാറിലെ ജന്മഭൂമികളുടെ പ്രത്യേകസ്വഭാവങ്ങളെ ആലോചിക്കയും, അഡ്വക്കേറ്റു ജനരാൾ, സഭയിലുള്ള പശ്ചിമതീരപ്രതിനിധി ഇവരോടു കൂടി ആലോചിക്കയും ചെയ്തശേഷം ആ ഭേദഗതിയെ സ്വീകരിച്ചു.

16. മദിരാശി നിയമനിൎമ്മാണസഭയിൽ ജന്മഭൂമിയുടെ സ്വഭാവത്തെപ്പറ്റി വാദപ്രതിവാദമുണ്ടായ പിന്നെത്തെ അവ[ 4 * ] [ 14 ] സരം 1908-ലെ "മഡ്റാസ് എസ്റ്റേട്സ് ലാൻഡ് ആക്ടി" നെ പറ്റി ആ സഭയിൽ ആലോചന നടക്കുമ്പോഴായിരുന്നു. ആ നിയമം ഒന്നാമതായി സഭയിൽ കൊണ്ടുവരുമ്പോൾ, അതിൽ ഗവൎമ്മേണ്ടിന്നു ആവശ്യമാവുമ്പോൾ പരസ്യപ്പെടുത്തി ആ ആക്ടിൻറെ വ്യാപാരത്തെ മലബാറിലും വ്യാപിപ്പിക്കാൻ അധികാരംകൊടുക്കുന്ന ഒരു നിയമകല്പന ഉണ്ടായിരുന്നു. ആ നിയമാംശത്തെ എടുത്തുകളയേണമെന്നു വേണ്ടതായ ഒരു ഭേദഗതി സഭയിൽ ഉപന്യസിക്കപ്പെടുകയും, ഗവൎമ്മേണ്ട് അതിനെ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോഴത്തെ നിലയിൽ ആ നിയമം മലബാറിനെ സംബന്ധിക്കാതിരിക്കുകയും ചെയ്യുന്നു.

17. പത്തുമുതൽ 16 കൂടി വകുപ്പുകളിൽ വിവരിച്ചപ്രകാരം മദിരാശിഗവൎമ്മേണ്ട് സ്വീകരിച്ചിട്ടുള്ള അന്യൻറെ അധികാരത്തിൽ പ്രവേശിക്കാതിരിക്കുക എന്ന ന്യായത്തെത്തന്നെ കൊച്ചിജന്മികളുടെ ഭൂമിയെ സംബന്ധിക്കുന്ന കാൎയ്യത്തിൽ കൊച്ചിഗവൎമ്മേണ്ടും അനുസരിപ്പാനായി ജന്മിസഭ വളരെ താഴ്മയോടെ ബോധിപ്പിക്കുന്നു.

18. കമീഷനാൽ എടുക്കപ്പെട്ടിട്ടുള്ള തെളിവു ഉദ്ദേശത്തിലിരിക്കുന്ന നിയമനിൎമ്മാണത്തിൻറെ ആവശ്യകതയെ സ്ഥാപിക്കുന്നില്ലെന്നു, സഭാപ്രതിനിധികളുടെ നിലയിൽ വിജ്ഞാപകന്മാരായ ഞങ്ങൾ പറഞ്ഞുകൊള്ളുന്നു.

19. ഒമ്പതാം വകുപ്പിൽ പറഞ്ഞിട്ടുള്ള ആദ്യകാലത്തിലെ പ്രബന്ധകൎത്താക്കൾക്കും പുറമെ ഈ പ്രധാനകാൎയ്യത്തിൽ അഭിപ്രായം പറയുവാൻ തക്ക നൈപുണ്യമുള്ളവരെല്ലാം ഈ നിയമനിൎമ്മാണത്തിനു വിരോധികളാണെന്നു കൂടി ഞങ്ങൾ പറഞ്ഞുകൊള്ളുന്നു. സാർ ചാർലസ് ടർണരുടേയും, സാർഫില്ലിപ്പഹച്ചിൻസിൻറേയും അഭിപ്രായങ്ങളെപ്പറ്റിയും, മദിരാശിഗവ [ 15 ] ൎമ്മേണ്ട് സ്വീകരിച്ചിട്ടുള്ള അന്യകാൎയ്യാപ്രവേശം എന്ന നയത്തെപ്പറ്റിയും പറഞ്ഞുകഴിഞ്ഞുവല്ലൊ. കൊച്ചിരാജ്യത്തിൽത്തന്നെ ഈ നിയമനിൎമ്മാണത്തിന്നു വിരോധികളായ നിപുണാഭിപ്രായങ്ങൾ ധാരാളമുണ്ട്. ഈ രാജ്യത്തിൽ ജനിച്ചുവളൎന്നാളും, ബ്രിട്ടീഷ് മലബാറിൽ ന്യായാലോചനസംബന്ധികളായും ഭരണസംബന്ധികളായുമുള്ള വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള ഒരു ആളും ഭൂസ്വത്തുകാര്യങ്ങളിൽ സുക്ഷ്മമായ പരിചയമുള്ളാളും , കൊച്ചിരാജ്യത്തിൽ വഴരെക്കാലം ദിവാനായിരുന്നിട്ടുള്ളാളും, എല്ലാത്തരത്തിലുള്ള ആളുകളാലും ഇപ്പോഴും ബഹുമാനപൂൎവ്വം സ്മരിക്കപ്പെടുന്നാളുമായ മിസ്റ്റർ ടി. ശംകുണ്ണിമേനോൻ ജന്മികളുടെ അധികാരങ്ങളെ സങ്കോചിപ്പിക്കുന്ന കാൎയ്യത്തിൽ വിരോധിയായിരുന്നു. സ്വയം കുടിയാനും, വളരേക്കാലം കൊച്ചി ചീഫ് കോടതിയിലെ ജഡ്ജിയായിരുന്നാളുമായ മിസ്റ്റർ ടി.സി. കൃഷ്ണമേനോനും ഭരണ സംബന്ധികളായ വലിയ ഉദ്യോഗങ്ങൾ ഭരിച്ചിട്ടുള്ള മിസ്റ്റർ വി. കെ. രാമന്മേനോനും, പെൻഷൻ പേഷ്കാരായ മിസ്റ്റർ ശംകുണ്ണിമേനവനും കുടിയന്മാൎക്കു സ്ഥിരാവകാശം കൊടുക്കുന്ന കാര്യത്തിൽ വിരോധികളാകുന്നു. ഈ യോഗ്യന്മാൎക്കെല്ലാം ജന്മികളുടേയും കുടിയാന്മാരുടേയും അവകാശങ്ങൾ നല്ലവണ്ണം അറിയാവുന്നതിന്നുംപുറമെ നാട്ടുകാരാണെന്നുള്ള ഗുണാധിക്യം കൂടിയുണ്ട്.

20. കമീഷനർമാർതന്നെ അവരുടെ അഭിപ്രായങ്ങളിൽ ഭേദിച്ചിരിക്കുന്നുവെന്നു കൂടി സഭ എടുത്തുപറയുന്നു. എട്ടുകമീഷനർമാരിൽ നാലുപേർ നിയമനിൎമ്മാണത്തിന്നു അനുകൂലിക്കുന്നവരും, നാലുപേർ പ്രതികൂലന്മാരുമാകുുന്നു. അതുകൊണ്ടു കമീഷന്റെ റിപ്പോൎട്ടുതന്നെ നിയമമുണ്ടാക്കുന്നതുകൊണ്ടു ആവശ്യമില്ലെന്നു തെളിയിക്കുന്നു.

21. ജോയിൻററിപ്പോട്ടിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. "ഞങ്ങൾ നിയമമുണ്ടാക്കേണമെന്നു അഭിപ്രായപ്പെടുന്നതു മുമ്പു [ 16 ] വന്നിട്ടുള്ളതോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നതോ ആയ ദോഷങ്ങളെ പരിഹരിക്കുന്നതിലധികം വരുവാനിരിക്കുന്ന ദോഷങ്ങളെ പരിഹരിപ്പാനാകുന്നു. അങ്ങിനെ ദോഷങ്ങൾ സംഭവിക്കുമെന്നു വിചാരിപ്പാനുള്ള കാരണങ്ങളേയും പറയാം". ഇതുപണ്ടു കേട്ടിട്ടില്ലാത്ത ഒരു പുതിയനിയമനിൎമ്മാണോദ്ദേശമാണെന്നു സഭ ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു. ലോകത്തിലെല്ലാം നിയമമുണ്ടാകുന്നതു അപ്പോഴുള്ള ദോഷങ്ങൾ പ്രതിവിധി ചെയ് വാനാണ്. സംഭവിപ്പാനും ഇല്ലാതിരിപ്പാനും ഇടയുള്ള ഭാവിദോഷങ്ങളെ പരിഹരിപ്പാൻ ഒരു രാജ്യത്തും നിയമം ഉണ്ടാക്കാറില്ല. സംഭവിപ്പാനും ഇല്ലാതിരിപ്പാനും ഇടയുള്ള ദോഷങ്ങളെ പരിഹരിപ്പാനായി നിയമമുണ്ടാക്കുവാൻ തുനിയുന്നതു നിയമനിൎമ്മാണശക്തിയെ ഗൎഹ്യമായവിധത്തിൽ നശിപ്പിക്കയാകുന്നു. ഭാവികാൎയ്യം കാണ്മാനുള്ള ജ്ഞാദൃഷ്ടി ആൎക്കും ഇല്ലാത്തതുകൊണ്ടു ജോയിൻററിപ്പോട്ടിൽ പറയുന്ന സംഭാവിതദോഷങ്ങൾ ഒടുവിൽ ഉണ്ടായതെ ഇല്ലെന്നും വന്നേക്കാമെന്നു ഞങ്ങൾ, ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം ഇപ്പോളുള്ള ദോഷങ്ങളിൽനിന്നു രക്ഷിപ്പാനായുള്ളതല്ല. എന്നാൽ സംഭവിക്കാവുന്ന ദോഷങ്ങളിൽ നിന്നു രക്ഷിപ്പാനാണെന്നുള്ള കാൎയ്യം, സഭയുടെ അഭിപ്രായത്തിൽ, നിയമനിൎമ്മാണത്തിന്നെതിരായ നല്ല യുക്തിവാദമാകുന്നു.

22. കുടിയാൻറെ അവകാശസംപ്രദായം എന്നൊന്നു കൊച്ചിരാജ്യത്തുണ്ടെന്നും, അതുപ്രകാരം നിയമത്താലനുവദിക്കപ്പെട്ടതല്ലെങ്കിലും കുടിയാന്മാർ സ്ഥിരാവകാശം അനുഭവിച്ചുവരുന്നുണ്ടെന്നും ജോയിൻററിപ്പോൎട്ടിൽ പറഞ്ഞിരിക്കുന്നു. ആ കുടിയായ്മസംപ്രദായത്തെ ഒരു നിയമമുണ്ടാക്കി നിയമപ്രകാരമുള്ള അവകാശമാക്കേണ്ടതാണെന്നു കൂടി ജോയിൻററിപ്പോൎട്ടിൽ അഭി [ 17 ] പ്രായപ്പെട്ടിരിക്കുന്നു. അങ്ങിനെ ഒരു സംപ്രദായമുള്ളതായി സഭക്കു അറിവില്ലാത്തതും, ആ സംഗതി കമീഷൻറെ മുമ്പാകെ കൊടുത്തിട്ടുള്ള തെളിവുകൊണ്ടു സ്ഥാപിക്കപ്പെടാത്തതുമാകുന്നു. കൊച്ചിരാജ്യത്തിലെ ജന്മികളേയും, കുടിയാന്മാരേയും പറ്റി എന്തെങ്കിലും അറിയുന്ന ഒരാൾക്കു അങ്ങിനെ ഒരു സംപ്രദായം ഇല്ലെന്നു അറിയാം. അങ്ങിനെയുള്ള ഒരു സംപ്രദായം നടപ്പുണ്ടെന്നു കാണിപ്പാനായി ജോയിൻററിപ്പോർട്ടിലെ 23-ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന പലസംഗതികളേയും സാർ, ചാർലസ് ടർണർ പരിശോധിച്ച്, ആ സംഗതികൾ അങ്ങിനെ ഒരു സംപ്രദായത്തെ സ്ഥാപിക്കുന്നില്ലെന്നു തീൎച്ചപ്പെടുത്തിരിക്കുന്നു. ഒരു സംപ്രദായം, നിയമമായി സ്വീകരിക്കപ്പെടേണമെങ്കിൽ അതിന്നു താഴെ പറയുന്ന അവസ്ഥകൾ ഉണ്ടായിരിക്കണം. (ഏ) അതു ഒരു മനുഷ്യനാണെങ്കിലും അതിന്നു വിപരീതമായ നടപ്പിൻറെ ഓൎമ്മ ഇല്ലാതിരിക്കത്തക്കവിധം അത്ര പുരാതനമായിരിക്കണം. (ബി) അതു ഒരേ പ്രകാരത്തിലായിരിക്കണം. (സി) അതു ന്യായമായിരിക്കണം. (ഡി) അതു നിയമപ്രകാരം തങ്ങൾക്കു ബാധകമാണെന്നുള്ള ധാരണയിന്മേൽ ജനങ്ങൾ അതിനെ അനുസരിച്ചു വന്നിരിക്കണം. ആവശ്യങ്ങളായ ഈ നാലുസംഗതികളോടു കൂടാത്ത സംപ്രദായം സാധുവോ നിയമാനുസാരിയോ അല്ല. മേൽപ്പറഞ്ഞവയിൽ ചുരുങ്ങിയതു മൂന്നവസ്ഥകളെങ്കിലും നടപ്പുണ്ടെന്നു പറയുന്ന ആ കുടിയായ്മസംപ്രദായത്തിന്നു തികഞ്ഞിട്ടില്ലെന്നു ജോയിൻററിപ്പോൎട്ടിൽ നിന്നു സ്പഷ്ടമാകുന്നു.

23. ജോൻററിപ്പോൎട്ടിൽ കൊച്ചിയിലെ കുടിയായ്മാവകാശസംപ്രദായത്തേയും അയർലാണ്ടിലെ "അൾസ്റ്റർ ടെനൻറ റൈറ്റ് കസ്റ്റം" എന്ന സംപ്രദായത്തേയും കൂടി തട്ടിച്ചുനോക്കി സമമാക്കിയിരിക്കുന്നതു മനോരാജ്യത്താൽ കല്പിതമാകുന്നു. കൊച്ചിയിലെ ജന്മികൾ അയർലാണ്ടിലെ ഭൂമിയുടമസ്ഥന്മാർ ചെയ്യുന്ന[ 5 * ] [ 18 ] പോലെ, കൃഷിചെയുന്ന ഭൂമിയെ കുടിയാനോടു മടക്കിവാങ്ങിയാൽ, മേച്ചിൽസ്ഥലമായോ, മാനുകളെ വളൎത്താനുളള കാടുകളായോ തീൎക്കാറില്ല. അവർ (കൊച്ചിജന്മികൾ) സാധാരണയായി വേറെയുള്ള കൃഷിചെയ്യുന്ന കുടിയാന്മാൎക്കു പാട്ടത്തിന്നു കൊടുക്കുന്നതേയുള്ളു. കൊച്ചിയിലെ ജന്മികൾക്കും അയർലാണ്ടിലെ ഭൂമിയുടമസ്ഥന്മാൎക്കും തമ്മിൽ യാതൊരു സാമ്യവും ഇല്ല. ചരിത്രംകൊണ്ടോ മറ്റുവിധത്തിലോ നോക്കിയാലും അവർ തീരെ വ്യത്യസ്തന്മാരാകുന്നു. സാദൃശ്യം പലപ്പോഴും യുക്തിവാദമാകാറില്ല. അന്യരാജ്യത്തിലെ ധനശാസ്ത്രകൎത്താക്കന്മാരുടേയും, സിദ്ധാന്തപ്രവൎത്തകന്മാരുടേയും, അഭിപ്രായങ്ങൾ പലപ്പോഴും ഈ രാജ്യത്തക്കു യോജിക്കുന്നില്ല.

24. 1082-83 എന്നീ കൊല്ലങ്ങളിൽ വളരെ മേച്ചാൎത്തുകളും ഒഴിപ്പിപ്പാനുള്ള വ്യവഹാരങ്ങളും ഉണ്ടായിട്ടുണ്ടെന്നു ജോയിൻററിപ്പോട്ടിൽ പറഞ്ഞിരിക്കുന്നു. മെസ്സെർസ് കേലുഏറാടി, ഗോവിന്ദമന്നാടിയാർ ഇവരുടെ അഭിപ്രായഭേദക്കുറിപ്പുകളിൽ അതിന്നൊരു മറുവടി പറഞ്ഞിട്ടുണ്ട്. ഈ മേച്ചാൎത്തുകൾ നിയമ നിൎമ്മാണത്തിനായി ൧0൮൨-ന്നു മുമ്പ് പുറപ്പെടുവിക്കപ്പെട്ട ആരംഭം നിമിത്തം ജന്മികൾക്കുണ്ടായ മനസ്സമാധാനക്കേടുകൊണ്ടു വന്നവയാണെന്നു മിസ്റ്റർ കേലുഏറാടി പറഞ്ഞിരിക്കുന്നു. മേൽപറഞ്ഞ ഒഴിപ്പിപ്പാനുള്ള വ്യവഹാരങ്ങളിലധികവും കക്ഷിമത്സരമുള്ള ജന്മികൾതമ്മിൽ ജന്മാവകാശത്തൎക്കം വന്നിട്ടുള്ള ചില്ലറ ഭൂമികളെ സംബന്ധിച്ചാണെന്നു മിസ്റ്റർ ഗോവിന്ദമന്നാടിയാർ പറയുന്നു. ജോയിൻററിപ്പോൎട്ടിൽ പറഞ്ഞമാതിരിയിൽ ഇങ്ങിനെ ഒരു യുക്തിവാദം 1884-ലെ മലബാർ ലാൻഡ് കമീഷൻ മുമ്പാകെ പുറപ്പെടുവിക്കപ്പെട്ടിരുന്നു. സാർ, ചാറൽസ' ടർണർ അദ്ദേഹത്തിന്റെ മിനിട്ടിൽ ഈ വാദത്തിന്നു മതിയായ മറുവടി പറഞ്ഞിട്ടുമുണ്ട്. 1885-ലെ മലബാർ ലാണ്ട്ടെന്യർകമ്മറ്റി [ 19 ] ക്കാർ പറഞ്ഞിട്ടുള്ളപോലെ, ഭൂമിയെ സംബന്ധിക്കുന്ന കാൎയ്യം തീൎച്ചപ്പെടുത്തുന്നതു കഴിയുന്നത്ര അന്യാധികാരപ്രവേശം ഇല്ലാത്ത വിധത്തിലാണ് വേണ്ടതെന്നും, കൊച്ചിഗവൎമ്മേണ്ട് മേലിൽ ഇതിനെപ്പറ്റി അന്വേഷിപ്പാൻ ഒരുക്കമില്ലെന്നും, ജന്മികളുടേയും കുടിയാന്മാരുടേയും കാര്യത്തിൽ പ്രവേശിക്കുന്നതല്ലെന്നും തുറന്നു പറയുന്നതായാൽ, എത്രയോ നിയമനിൎമ്മാണം കൊണ്ടുണ്ടാവുന്നതിലധികം പൊതുജനങ്ങൾക്കു മനസ്സമാധാനം ഉണ്ടാവാൻ വഴിയുണ്ടെന്നും കൂടി സഭ ബഹുമാനപൂൎവ്വം ബോധിപ്പിക്കുന്നു.

25. "പൊതുജനങ്ങളുടെ നന്മക്കായി കുടിയായ്മരീതികളെ രാജ്യാധികാരികൾ ക്രമപ്പെടുത്തുകയും, ശാസിച്ചുനടത്തുകയും വേണ്ടതാണ്. വസ്തുതനോക്കുന്നതായാൽ മലബാറിനേയും കൊച്ചി രാജ്യത്തെയും ഒഴിച്ചു ഇന്ത്യാഭൂഖണ്ഡത്തിലെങ്ങും കുടിയായ്മരീതികൾ ക്രമപ്പെടുത്തി നിയമപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഇന്ത്യയിലെ അത്യല്പമായ ഒരു ഭാഗത്തുളള കൎഷകജനങ്ങളെ മാത്രം ആ ശാസനംകൊണ്ടുള്ള ഗുണങ്ങളില്ലാതെ വെറെ നിർത്തുവാൻ കാരണം കാണുന്നില്ല" എന്നും ജോയിൻററിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു. വിസ്തീൎണ്ണമായ ഇന്ത്യാഖണ്ഡത്തിൽ മലബാറും കൊച്ചിരാജ്യവും ഒഴികെയുള്ള ഭാഗങ്ങളിലെല്ലാം ഗവൎമ്മേണ്ട് കുടിയായ്മസംപ്രദായങ്ങളെ ക്രമപ്പെടുത്തി നിയമിച്ചിട്ടുണ്ടെന്നുള്ള സംഗതിതന്നെ, മലബാറിലും കൊച്ചിരാജ്യത്തും നിയമംകൊണ്ടു പ്രവേശിക്കാതിരിക്കുകയാണ് വേണ്ടതു എന്നുള്ളതിലേക്കു പ്രബലമായ കാരണമാകുന്നു. മുൻപറഞ്ഞിട്ടുള്ളപ്രകാരം മദിരാശിഗവൎമ്മേണ്ട് മലബാറിലെ ഭൂമിക്കാൎയ്യങ്ങളെ സംബന്ധിച്ചു നിയമമുണ്ടാക്കാൻ മനസ്സില്ലെന്നു ആലോചനപൂൎവ്വം പറഞ്ഞിട്ടുണ്ട്. അതിൻറെ കാരണം മലബാറിലെ ജന്മാവകാശവും, ഭൂമിക്കാൎയ്യങ്ങളുടെ അവസ്ഥയും മറ്റുള്ള ദിക്കുകളിലുള്ളവകളിൽനിന്നു തീരെ വ്യത്യസ്തങ്ങളാണെന്നുള്ള സംഗതിതതന്നെയാകുന്നു. [ 20 ] 26. കുടിയാന്മാരിൽ ഏതെങ്കിലും തരക്കാർ നിയമംകൊണ്ടുപ്രവേശിച്ചു രക്ഷിക്കപ്പെടേണ്ടവരായിരിക്കുന്നുണ്ടെങ്കിൽ, അതു സാധുകളും കൃഷികൊണ്ടുപജീവിക്കുന്നവരുമായ വെറുമ്പാട്ടക്കുടിയാന്മാരാണ്. എന്നാൽ ജോയിൻററിപ്പോൎട്ടിൽ ഈ തരക്കാൎക്കു സ്ഥിരവകാശം കൊടുപ്പാൻ ശിപാൎശി ചെയ്തിട്ടില്ല. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം നടത്തപ്പെട്ടാൽ അതുകൊണ്ടുള്ള ഗുണം ധനികന്മാരായ ജന്മികളെക്കാൾ മുതലുള്ളവരും, രാജ്യാധികാരികളിൽ നിന്നുണ്ടാകുന്ന രക്ഷക്കു ആവശ്യമില്ലാത്തവരുമാണ്. കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുക്കുന്നതു കൊണ്ടുണ്ടാവുന്ന തീൎച്ചയായ ഫലം കൊച്ചിജന്മികളുടെ ഇടയിൽ അധികപക്ഷക്കാരായ സാധുജന്മികളെ കഠിനമായ ദാരിദ്ര്യത്തിലും സങ്കടത്തിലും തള്ളിവിടുകയാകുന്നു.

27. വിജ്ഞാപകന്മാരായ ഞങ്ങൾ വിസ്തരഭയത്താൽ സൗജന്യം, മേച്ചാൎത്തു മുതലായവയെപ്പറ്റി ജോയിൻററിപ്പാൎട്ടിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഈ വിജ്ഞാപനം ജോയിൻററിപ്പോൎട്ടിലെ പ്രധാനഭാഗങ്ങളെപ്പറ്റി മാത്രം പ്രസ്താവിക്കുന്ന ഒന്നാകുന്നു. ജന്മികൾക്കു പ്രതികൂലങ്ങളായും, അനുഭവത്തിലോ തെളിവിലോ നിലനില്ക്കാത്തവയുമായുള്ള ജോയിൻററിപ്പോൎട്ടിലെ അനേകം അഭിപ്രായങ്ങളിലും നിൎദ്ദേശങ്ങളിലും ഞങ്ങൾക്കു വിസമ്മതമുണ്ടെന്നു ദൃഢമായി പറഞ്ഞുകൊള്ളുന്നു.

28. നിയമനിൎമ്മാണംകൊണ്ടു ജന്മികളുടേയും കുടിയാന്മാരുടേയും ഇടയിൽ പ്രവേശിക്കുന്നതു മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ടിന്നു അനുചിതമാണെന്നു സഭ താഴ്മയോടെ ബോധിപ്പിക്കുന്നു. ജന്മികളിൽ അധികം ആളുകളും ഉപജീവനത്തിന്നായി ഭൂമിയേമാത്രം അവലംബിക്കുന്നവരാകുന്നു. അവർ കച്ചവട [ 21 ] ങ്ങളിൽ പ്രവേശിക്കയോ ഉദ്യോഗങ്ങൾ തേടുകയോ ചെയ്യാറില്ല. അവരുടെ ഇഷ്ടപ്രകാരം അവരുടെ ഭൂമികാൎയ്യം നടത്തുവാനുള്ള ശക്തിയെ അവൎക്കില്ലാതാക്കുന്നതു ഒരു അന്യായമായകൃത്യവും ഇത്രനാളും തൃപ്തിപ്പെട്ടിരുന്ന ഒരു വൎഗ്ഗക്കാരെ തീൎച്ചയായും അതൃപ്തിപ്പെടുത്തുന്നതുമാകുന്നു. കുടിയാന്മാരുടെ ഇപ്പോഴുള്ള ഈ ശ്രമം, മേജർ വാക്കർ 1801-ൽ തന്നെ പ്രബലമായിരുന്നുവെന്നു പറഞ്ഞിട്ടുള്ളതും, ഭൂമിയിൽ കൊടുപ്പാൻ നിവൃത്തിയില്ലാത്തവിധം കുടിയാന്മാൎക്കു പണം വൎദ്ധിച്ചതോടുകൂടി വലുതായി വന്നതുമായ ഭൂമി കൈവശം കിട്ടാനുള്ള അതിപ്രയത്നത്തിന്റെ ഉച്ചസ്ഥിതിയാകുന്നു. ജന്മിയെ എന്നെന്നക്കും പാട്ടം പിരിപ്പാൻ മാത്രം അധികാരമുള്ള കടക്കാരനാക്കിത്തീൎക്കുന്നതായ ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊണ്ടു ജന്മിക്കുണ്ടാകുന്ന ദോഷത്തെ ജോയിന്റുറിപ്പോർട്ട് ആലോചിച്ചിട്ടില്ല. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊച്ചിരാജ്യത്തിലെ ഭൂസ്വത്തിന്റെ കുടിയായ്മ സംപ്രദായങ്ങളെ ഇളക്കി തലകീഴാക്കി മറിക്കുമെന്നു സഭ താഴ്മയോടെ ബോധിപ്പിക്കുന്നു. ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം കൊണ്ടു പറയത്തക്ക ഗുണമുണ്ടാവാനിടയുള്ളതു തങ്ങളുടെ കാര്യം നോക്കാൻ വേണ്ടുവോളം പ്രാപ്തിയുള്ളവരും, നിയമം കൊണ്ടു സങ്കടനിവൃത്തി ആവശ്യപ്പെടാത്തവരുമായ നടുവിൽനില്ക്കുന്നവൎക്കു മാത്രമാകുന്നു.

29. ചുരുക്കി എടുത്തു പറയുന്നതായാൽ (1) ചരിത്രസംബന്ധികളായ കാര്യങ്ങളെ ആലോചിച്ചാൽ കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുപ്പാൻ വഴിയില്ല (2) ജന്മി ഭൂമിയുടെ പൂൎണ്ണാവകാശമുള്ള ഉടമസ്ഥനും എല്ലാകാലങ്ങളിലും പൊളിച്ചെഴുതുവാനും കാണഭൂമിയെ വീണ്ടെടുപ്പാനും അധികാരം ഉണ്ടായിരുന്നാളുമാകുന്നു. (3) അവർ മേച്ചാൎത്തുകൊടുപ്പാനുള്ള അധികാരമുള്ളവരാണു. (4) കാണക്കുടിയാന്നു സ്ഥിരാവകാശം ഒരിക്കലും ഉണ്ടായിട്ടില്ല. (5) നിയമംകൊണ്ടു പ്രവേശിച്ചു കാണക്കുടിയാന്മാൎക്കു[ 6 * ] [ 22 ] സ്ഥിരാവകാശംകൊടുപ്പാൻ രാജനീതിപ്രകാരവും ആവശ്യം തെളിയിക്കപ്പെട്ടിട്ടില്ല. (6) പലപ്പോഴും അപേക്ഷിച്ചിട്ടും മദിരാശി ഗവൎമ്മേണ്ട് നിയമം ഉണ്ടാക്കി കാണക്കുടിയാന്മാൎക്കു സ്ഥിരാവകാശം കൊടുത്തിട്ടില്ല (7) മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ട് മദിരാശി ഗവൎമ്മേണ്ടിൻറെ നടവടിയെ ഒരു മാതൃകയായി എടുക്കേണ്ടതാണ്. (8) ഈ കാൎയ്യത്തിൽ അഭിപ്രായം പറയത്തക്ക നൈപുണ്യമുള്ളവരെല്ലാം കുടിയാന്മാൎക്കു സ്ഥിരവകാശംകൊടുക്കുന്ന കാൎയ്യത്തിൽ വിരോധികളാണ് (9) കമീഷൻ എടുത്തിട്ടുള്ള തെളിവു നിയമനിൎമ്മാണത്തിൻറെ ആവശ്യകതയെ സ്ഥാപിച്ചിട്ടില്ല.(10) കമീഷന്മാർതന്നെ ഭിന്നാഭിപ്രായക്കാരും അധികപക്ഷംകൊണ്ടു നിയമനിൎമ്മാണത്തെ ശിപാൎശിചെയ്യാത്തവരുമാണ്. (11) ഉണ്ടാവാനും ഇല്ലാതിരിപ്പാനും ഇടയുള്ള ഭാവിദോഷങ്ങൾക്കു പരിഹാരമായി നിയമമുണ്ടാക്കുക പതിവില്ലാത്തതാണ്. (12) "കുടിയായ്മാവകാശസംപ്രദായം" എന്നു പേരിട്ടിട്ടുള്ള സംപ്രദായം ഇല്ലാത്തതാണ്. (13) രക്ഷയെ ആവശ്യമുള്ള തരക്കാർ, കൃഷികൊണ്ടുപജീവിക്കുന്നവരാണ്. അവരുടെ രക്ഷ ഉദ്ദേശിക്കപ്പെട്ടിട്ടുമില്ല. (14) ആലോചനയിലിരിക്കുന്ന നിയമനിൎമ്മാണം ധനികന്മാരായ കാണക്കുടിയാന്മാൎക്കുമാത്രം ഗുണകരമാണ്. (15) അതു ജന്മികളുടെ ഇടയിൽ അധികപക്ഷക്കാരായ സാധുജന്മികളെ നശിപ്പിക്കും. (16) അതു പ്രമാണികളും രാജഭക്തന്മാരുമായ ഒരു വലിയവൎഗ്ഗക്കാരെ അതൃപ്തിപ്പെടുത്തും. (17) ത്തതു ഒരു ആവശ്യവുംകൂടാതെ ഭൂസ്വത്തിൻറെ കുടിയായ്മരീതിയെ ഇളക്കി മറിക്കും.

30. ഈ കാരണങ്ങളെക്കൊണ്ടു കൊച്ചിജന്മിസഭ മഹാരാജാവു തിരുമനസ്സിലെ ഗവൎമ്മേണ്ടിൽനിന്നു ജോയിൻററിപ്പോട്ടിൽ പറഞ്ഞപ്രകാരമുള്ള നിയമനിൎമ്മാണത്തിൽ പ്രവൎത്തിക്കയില്ലെന്നു കല്പനയുണ്ടാവാൻ വളരെ താഴ്മയോടെ അപേക്ഷിക്കുന്നു. സഭ അതിൻറെ മുറപ്രകാരം ഗവൎമ്മേണ്ടിൻറെ ദയാപൂൎവ്വവും ന്യാ [ 23 ] യാനുസാരിയുമായ ഈ കൃത്യത്തിൽ എന്നും നന്ദിയുള്ളതായിരിക്കുന്നതാണ്.

വിജ്ഞാപനം കൊടുത്തശേഷം ദിവാൻ അവർകളുടെ ചോദ്യത്തിന്നു സമാധാനമായി ഡിപ്യൂട്ടേഷൻമെമ്പർമാർ താഴെ പറയുന്ന സംഗതികൂടി വിജ്ഞാപനത്തിൽ എഴുതിക്കൊടുത്തു.

ഡർബാർ കൊച്ചിരാജ്യത്തിലെ സ്ഥിതിയെ അനുസരിച്ച് വേണ്ടുന്ന ഭേദഗതികളോടുകൂടി മതിരാശിയിലെ 1900-ത്തിൽ 1-ാം നമ്പ്ര ആക്ടിൻറെ മാതിരിയിൽ ഒരു ചമയാക്ട് ഉണ്ടാക്കുന്ന കാര്യത്തിൽ ഞങ്ങൾക്ക് വിരോധമില്ല.

ബഹുമാനപ്പെട്ട എം. കൃഷ്ണൻനായർ (ഒപ്പ്)
ദേശമംഗലത്തുമനക്കൽ ശങ്കരൻനമ്പൂതിരിപ്പാട് (ഒപ്പ്)
കെ.സി. മാനവിക്രമൻരാജാ ഡി.സി (ഒപ്പ്)
ചിറ്റൂർമനക്കൽ നാരായണൻനമ്പൂതിരിപ്പാട് (ഒപ്പ്)
മണക്കുളത്തിൽ കുഞ്ഞുണ്ണിരാജ (ഒപ്പ്)
ചെറളയത്ത് ഉണ്ണിരാജാ (ഒപ്പ്)
നെടുമ്പള്ളിതരണനെല്ലൂർമനക്കൽ ഗോവിന്ദൻ നമ്പൂതിരിപ്പാട് (ഒപ്പ്)
വടക്കിനിയേടത്തുമനക്കൽശ്രീധരൻ നന്പൂതിരിപ്പാട് (ഒപ്പ്)
ചുന്നശ്ശേരി നമ്പിനീലകണ്ഠശൎമ്മാ (ഒപ്പ്)
ഇ.ഏസ്സ്. സുബ്രഹ്മണ്യപാട്ടമാളി (ഒപ്പ്)
കുറൂർമനക്കൽ ദാമോദരൻ നമ്പൂതിരിപ്പാട് (ഒപ്പ്)
ദേശമംഗലത്തുമനക്കൽ ചെറിയനാരായണൻ നമ്പൂതിരിപ്പാട് (ഒപ്പ്)
ചങ്ങരങ്കോത കൊച്ചുണ്ണിക്കൎത്താവ് (ഒപ്പ്)
പാറക്കാട്ട് വാസുമേനോൻ (ഒപ്പ്)
വാരിയത്ത് ഗോപാലമേനോൻ (ഒപ്പ്)