രാമരാജാബഹദൂർ/അദ്ധ്യായം മുപ്പത്തിരണ്ട്
←അദ്ധ്യായം മുപ്പത്തിഒന്ന് | രാമരാജാബഹദൂർ രചന: അദ്ധ്യായം മുപ്പത്തിരണ്ട് |
അദ്ധ്യായം മുപ്പത്തിമൂന്ന്→ |
പീതാംബരൻ മമ കാന്തനായീടണം"
"കഷ്ടമായുള്ള വാക്കു ചൊല്ലാതെ ദുരാത്മാവേ,
തൊട്ടുകൂടുമോ ഹരിപത്നിയെ ശശത്തിന്?"
സന്തോഷപ്രകർഷത്താൽ അഴകൻപിള്ളയെ ദിവാൻജി ആലിംഗനം ചെയ്തത് വിപുലതന്ത്രജ്ഞന്റെ സൂക്ഷമവീക്ഷണത്തെ സാക്ഷീകരിക്കുന്നില്ലെന്നു വായനക്കാർ ശങ്കിക്കരുത്. രാജ്യത്തിന്റെ അതിദീർഘമായുള്ള ഉത്തരപരിധിയെ നെടുംകോട്ട അപ്രവേശ്യമാക്കുകയില്ലെന്നും ആ വഴിക്കുണ്ടാകുന്ന വൈരിവാരപ്രവാഹം വിഷമപ്രതിരോധ്യമെന്നും അതുകൊണ്ട് അവിശാലമായ സമതലങ്ങളിൽവച്ചുള്ള യുദ്ധത്തിലെങ്കിലും വിജയാപ്തിയുണ്ടായാൽ അനന്തരസമരങ്ങളെ ബന്ധുസഹായം പ്രാപ്തമാകുന്നതുവരെ ദീർഘിപ്പിച്ചുകൊള്ളാമെന്നുമുള്ള കൗശലങ്ങളെ ദിവാൻജി സ്വാന്തഗഹനതയിൽ സംഗ്രഹിച്ചിരുന്നു. അഴിക്കോട്ടയിലെ വിജയവൃത്താന്തം ഈ വിചാരങ്ങളുടെ പ്രതിച്ഛായകളെ മാത്രം മഹാരാജാവിന്റെ ഹൃദയത്തിൽ സഞ്ജാതമാക്കി. അഴിക്കോട്ട മാർഗ്ഗമായി തിരുവിതാംകൂറിനെ ആക്രമിപ്പാനുണ്ടായ ഉദ്യമംപോലും അസംബന്ധം എന്നും പിന്നത്തെ വെള്ളക്കുഴികൾ നീന്തി ഒരു കര പറ്റുവാൻ മൈസൂർക്കാർ ശക്തരാവുകയില്ലെന്നും ആ പന്ഥാവിനെ തുടർന്നാൽ ഗണപതിക്കുകുറിച്ചപോലെതന്നെ കൃതിയും ഒരു മൗഢ്യപ്രകടനമായി കലാശിക്കുമെന്നും, അക്കാലത്തെ പ്രധാനോപദേഷ്ടാവായ കുഞ്ചൈക്കുട്ടിപ്പിള്ള ടിപ്പുവിന്റെ പ്രഥമ ശ്രമത്തെ ചുരുക്കത്തിൽ ഭർത്സിച്ചുതള്ളി. ടിപ്പുവിന്റെ ജാനുക്ഷതപീഡ നീങ്ങി, മൈസൂർസൈന്യം നെടുങ്കോട്ട തകർത്തുതുടങ്ങി എന്ന വാർത്ത രാജ്യത്തെ ആകമാനം കിടുക്കി. പടയിൽ ചേരാനുള്ള ഉദ്വേഗത്തിന്റെ ഊഷ്മാവുകൊണ്ട് കുഞ്ചൈക്കുട്ടിപ്പിള്ള ത്രിലോകമൂർത്തികൾ എപ്പേരും ഒന്നു ചേർന്നപോലെ തുള്ളിത്തുടങ്ങി. [ 377 ]
ഇതിനിടയിൽ പെരിഞ്ചക്കോടന്റെ മരണവൃത്താന്തം ആ പരാക്രമപ്പെരുമാളുടെ ആരാമത്തിൽ പാർപ്പുകാരായ സ്തീയുഗ്മത്തിന്റെ കഷ്ടവിധിയെക്കുറിച്ചുള്ള സഹതാപത്താൽ, കാര്യക്കാരായ അപരിജ്ഞേയഹൃദയനെ ചിന്താകുലനാക്കിയിരുന്നു. തൽക്കാലം നിരാധാരയായിരിക്കുന്ന കന്യകയെ വേട്ടുകൊള്ളുന്നതിനു കല്പനാനുമതി വാങ്ങിക്കിട്ടണമെന്നു കല്ലറയ്ക്കൽപിള്ളയുടെ എഴുത്തുകൾ പലതും വന്നു. അഴകൻപിള്ള ഈ സംഗതി ഏറ്റുകൊണ്ടു പോയിട്ട് അയാൾ ഏതു ബ്രഹ്മലോകത്തിലോട്ടോ അന്തർദ്ധാനംചെയ്തിരിക്കുന്നു. കാര്യക്കാരുടെ കൃപയുണ്ടാകേണ്ടത് പെരിഞ്ചക്കോടനായ രാജദ്രോഹിയുടെ പുത്രിയെ ഗൃഹിണീസ്ഥാനത്തിൽ സ്വീകരിക്കുന്നതിനെ ഒരു അപരാധമായി പരിഗണിക്കാതിരിക്കുവാൻ ആണെന്നും അയാൾ മരിച്ചിരിക്കുന്നതുകൊണ്ട് തിരുവുള്ളക്കേടിന് ഒരു വഴിയും ഇല്ലെന്നും ആ ലേഖനത്തിൽ വിവരിച്ചിരുന്നു. അഴകൻപിള്ളയുടെ അഭിപ്രായപ്രകാരമുള്ള ആ ദേവാംഗനാരത്നത്തെ തന്റെ പ്രജകളിൽ ആരെങ്കിലും വരിച്ചു ഭാഗ്യവനായിക്കൊള്ളട്ടെ എന്നുണ്ടായ തിരുവുള്ളം കല്ലറയ്ക്കൽപിള്ളയെ കാര്യക്കാർ ധരിപ്പിച്ചു. ഇതുകഴിഞ്ഞ് ഏതാനും ദിവസം ചെന്നപ്പോൾ കന്യക അത്യാപൽക്കരമായ രോഗത്തിൽ കിടപ്പാണെന്നും അവളുടെ അവസ്ഥ ശരീരവ്യാധിയോ, മനോവ്യാധിയോ, വല്ല പൂർവ്വജന്മദുരിതമോ, ക്ഷുദ്രപ്രയോഗഫലമായ വിപത്തോ ആയിരിക്കാമെന്നും അതിനാൽ മാന്ത്രികനും വൈദ്യനും ആയ ഒരു വിദഗ്ദ്ധനെ അയച്ചുകിട്ടിയാൽ വലിയ അനുഗ്രഹമാകുമെന്നും, പിന്നെയും ഒരു അപേക്ഷ കല്ലറയ്ക്കൽപിള്ളയിൽനിന്ന് കാര്യക്കാർക്കു കിട്ടി.
ടിപ്പുവിന്റെ ആക്രമണത്തെ ഭയപ്പെട്ട് തിരുവനന്തപുരത്തു പ്രവാസം അനുഷ്ടിക്കുന്ന ഒരു വിശ്രുതദ്വിജൻ ഇതിനിടയിൽ കാര്യക്കാരുടെ ഒരു ബന്ധുവായിത്തീർന്നിരുന്നു. നാല്പത്തിഅഞ്ചു കഴിഞ്ഞുള്ള ആ പ്രായത്തിലും മദനസൗന്ദര്യം ശോഭിക്കുന്ന ആ ബ്രാഹ്മണൻ, ഒരു ദുഷ്കർമ്മനിപാതാനന്തരം അനുവർത്തിച്ച ബ്രഹ്മചാരിത്വത്തിനിടയിൽ ചികിത്സ, മന്ത്രവാദം, ജോത്സ്യം എന്നീ കലകളിൽ അപാരവൈദുഷ്യം സമ്പാദിച്ച് ബഹുജനോപകാരം ചെയ്ത് ഒരു ധാർമ്മികാഗ്രേസരനെന്ന വിശ്രുതിയെ സമ്പാദിച്ചിരുന്നു. കാര്യക്കാർ കല്ലറയ്ക്കൽപിള്ളയുടെ അപേക്ഷയെ ധരിപ്പിച്ച മാത്രയിൽത്തന്നെ അത്യുദാരമതിയായ വിപ്രമാന്ത്രികൻ 'അങ്ങനെ പോയ്‌വരാം' എന്നു സ്വകൃത്യമെന്നപോലെ സമ്മതിച്ച് കല്ലറയ്ക്കലേക്ക് അഥവാ പെരിഞ്ചക്കോട്ടെ കന്യാഗൃഹത്തിലേക്കു പരിചാരകസമേതം പുറപ്പെട്ടു.
കാടു വരട്ടുന്നതും കിളുർപ്പിക്കുന്നതും ആയ കുംഭമാസത്തിലെ മഴകൾ രണ്ടും യഥാകാലം പെയ്തുകഴിഞ്ഞു. പെരിഞ്ചക്കോട്ടെ വൃക്ഷവാടി ജലബിന്ദുക്കളെ ഇറ്റിറ്റു വീഴ്ത്തുന്നു. കുരരികൾ മേഘച്ഛന്നമായ ഉദയാകാശം കണ്ടു നീരസത്താൽ തലകൾ ചെരിച്ച് ഭൂസ്ഥിതി എങ്കിലും സഞ്ചാരാനുകൂലമോ എന്നു നോക്കുന്നു. ശൃംഗാരികളായ [ 378 ] കപോതമിഥുനങ്ങൾ പരസ്പരം കൊത്തി പരിഭവിച്ച് ഇണപിരിഞ്ഞിരുന്നുകളയുന്നു. ഏകാകിനികളായ ചകോരികൾ കാന്താഗമനത്തെ പ്രതീക്ഷിച്ച് ചുണ്ടുകളാൽ പാദങ്ങളെ കോതി പരിചരിച്ചിട്ട് കണ്മണികൾ ഇമച്ച് പ്രപഞ്ചാവസ്ഥ നിസ്സാരമെന്നുള്ള പ്രബുദ്ധതയെ സൂചിപ്പിക്കുന്നു. ആഹാരാന്വേഷണങ്ങൾക്കു പുറപ്പെടാത്ത അച്ഛനമ്മമാരെ, മരപ്പോടുകളിലും കൂടുകളിലും പാർക്കുന്ന ചെറുപക്ഷികൾ ഋജുകുജനങ്ങളാൽ ഭർത്സിക്കുന്നു. വൈദ്യമാന്ത്രികാദി വിദ്വജ്ജനങ്ങളുടെ ഉപദേശസഹായങ്ങൾ കൂടാതുള്ള പക്ഷിലോകം ഇങ്ങനെ കഴിയുന്നു. ഉപാന്തസ്ഥമായ മനുഷ്യവസതിയുടെ മുറ്റം, മഴയ്ക്കിടയിൽ പെരുകിയ വെള്ളം ഉണങ്ങാതെ ഇലകൾ പതിഞ്ഞ് മാർജനം കൂടാതെ, ഒരു അശുചികേന്ദ്രമായി കാണപ്പെടുന്നു. ഭവനകുടത്തിന്റെ മേച്ചിലിൽ അടിവാരക്കെട്ടുകൾ ഇളകി, ഓലക്കീറുകൾ ഞാലുന്നതും ഗൃഹവാസികളുടെ അസ്വാസ്ഥ്യത്തിനും ദൈന്യാവസ്ഥയ്ക്കും ഒരു സുവ്യക്തലക്ഷ്യമായിരിക്കുന്നു. ബധിരയായ വൃദ്ധ വടക്കേവശത്തിരുന്ന് കഷായം കുറുക്കുന്നതിനിടയിൽ ശ്വാനന്മാരുടെ ബാധയുണ്ടായി, അവിടെ ചില കലാപങ്ങൾ സംഭവിക്കുന്നു. അതിനും ഗൃഹനായികയുടെ ശാസനങ്ങളോ ആജ്ഞകളോ ധ്വനിതമാകുന്നില്ല. കണ്ടൻ കത്തിരി, തൂതുവള എന്നിത്യാദി ഔഷധവർഗ്ഗത്തെയും വഹിച്ചെത്തിയ ഭൃത്യൻ ചുമടിറക്കി വരാന്തയിൽ കയറി നിന്നിട്ടും ലക്ഷ്മിഅമ്മയിൽനിന്ന് ഉപചാരശബ്ദമൊന്നും പുറപ്പെടുന്നില്ല. ആ പ്രദേശത്തിലെ രീതിയിൽ പ്രധാന വസ്ത്രത്തെ ചുറ്റി മാത്രം ധരിച്ചും, ഒരു കച്ചമുണ്ടു തോൾ ചുറ്റി പുതച്ചും മുട്ടുകെട്ടി തല നമിച്ച് ചിന്താവിവശയായിരിക്കുന്ന ആ സാധ്വി, ജഡസ്വരൂപിണിയായിത്തന്നെ വർത്തിക്കുന്നു. ഭർത്തൃസമക്ഷം സമർപ്പിക്കപ്പെട്ട തന്റെ പ്രാർത്ഥനകളും ഉപദേശങ്ങളും നിരാകരിക്കപ്പെടുകകൊണ്ടു കഷ്ടതമമായുള്ള സംഭവത്താൽ വൈധവ്യമുദ്രയെ ധരിക്കേണ്ട ദുഷ്കാലവും വന്നുകൂടിയിരിക്കുന്നു. വൈധവ്യമുദ്രയോ? അല്ല. അഗ്നിസാക്ഷിയായുണ്ടായ വരണകർമ്മത്തിലെ മംഗല്യസൂത്രത്തെ തന്റെ മഹാവിപത്തിലും ഗോപനംചെയ്തു സൂക്ഷിച്ച് അതു തന്റെ കണ്ഠത്തെ അദ്യപി ശ്രീമയമാക്കുന്നത് ആ ക്രൂരാവസ്ഥയുടെ നിഷേധലക്ഷ്യമല്ലേ? എന്നാൽ അതിനെ ധരിച്ചു മനസാ പൂജിപ്പാനുള്ള അവകാശത്തിന്റെ ന്യായാന്യായത എങ്ങനെയോ എന്നുള്ള ചിന്തോദയം ജീവചക്രങ്ങളെ സംഭ്രമണം ചെയ്യിച്ചു തുടങ്ങി. ഏഴരവെളുപ്പിലുള്ള സ്നാനവേളയിലെ മിത്രജനം, അനന്തരം, ഗൃഹത്തിലെ ഇഷ്ടദേവതാർച്ചനത്തിനായുള്ള ഒരുക്കങ്ങളിലെ സാഹസങ്ങൾ, ആ ഭവനങ്ങളിലെ ഐശ്വര്യം, സംശുദ്ധി, സൗഭാഗ്യം എന്നല്ല, സാന്ദ്രമായുള്ള ലക്ഷ്മീവിലാസവും - ഭഗവാനേ! ഒന്നും ചിന്തിച്ചുകൂടുന്നതല്ല, ആ സുകൃതവേദിയിലെ തന്റെ ലോലബാലികാവിലാസങ്ങൾ പരിപാവനാത്മാക്കളുടെ പരിലാളനങ്ങൾ, ഭർത്തൃലബ്ധിക്കായി ജനകയതീന്ദ്രൻ സഹിച്ച കായമനഃക്ലേശങ്ങൾ, സുഭഗതിലകനായുള്ള ഒരു കുലീനകമനന്റെ പരിണയയജ്ഞം [ 379 ] 'അമ്മേ! അമ്മേ!' എന്നുള്ള ദയനീയമായ വിളികൾ ലക്ഷ്മിഅമ്മയുടെ ഭൂതകാലോന്മുഖമായ മനോവീക്ഷണത്തെ വിഘാതപ്പെടുത്തി. ദേഹക്ഷീണം നിമിത്തം ഝടിതിയിൽ എഴുനേല്പാനും പാഞ്ഞെത്താനും കഴിയാത്തതിനാൽ മരഭിത്തിയുടെ സഹായത്താൽ പാദസ്ഥയായി അലഘുവായുള്ള വിധിഭാരത്താൽ വക്രിതമായ ശരീരത്തിനു സാധ്യമായ ത്വരയോടെ താങ്ങുവാൻ പാടില്ലാത്ത കാഴ്ചയുടെ വേദന സഹിപ്പാൻ അവർ പടിഞ്ഞാറേ അറയിലോട്ടു കടന്നു. "അമ്മേ, അച്ഛൻ--എന്റച്ഛൻ വന്നോ?" എന്ന് അന്നത്തെ അരുണോദയാനന്തരം ബഹുതരം ആവർത്തിക്കപ്പെട്ട ആ ചോദ്യം പിന്നെയും കേട്ട് ലക്ഷ്മിഅമ്മ മുൻപോലെ തളർന്നു. "എന്തിനമ്മ! എനിക്കാരും വേണ്ട--അന്നു വന്ന അദ്ദേഹത്തിന്റെ സ്ഥാനമാനം-ഉദ്യോഗം, എല്ലാം അങ്ങിരിക്കട്ടെ. എനിക്ക് എന്റച്ഛൻ മതി. എന്റച്ഛൻ മതിയമ്മേ. (അക്ഷമയോടെ) മതി--അച്ഛൻ കണ്ണിലിരിക്കുന്നു. അമ്മ വിളിക്കണം, മുമ്പിൽ വരും."
ലക്ഷ്മിഅമ്മ: "എന്റെ മകളേ, നീ ഇങ്ങനെ ശാഠ്യം തുടങ്ങിയാൽ എന്തുചെയ്യും? അദ്ദേഹത്തിനു തോന്നുമ്പോൾ വരും. ഞാൻ വിളിച്ചാൽ എത്തുന്നടത്തല്ല അദ്ദേഹം. പടയ്ക്കു പോയി."
ദേവകി: "പടയോ? എന്തുപട? അതൊന്നും പറയണ്ട; ഇങ്ങു വിളിക്കണം. എനിക്കുവേണ്ടി ഒന്നിനും പട വെട്ടണ്ട. വെട്ടണ്ടമ്മേ--വെട്ടണ്ടാ. അയ്യോ! അമ്മേ! ശിവശങ്കരാ!"
ലക്ഷ്മിഅമ്മ: "നിലവിളിച്ചു തളരാതെ ദേവകീ. ജ്വരമില്ല, ശൈത്യമില്ല. ദേഹം ക്ഷയിച്ചു ക്ഷയിച്ചു വരുന്നതേയുള്ളു. സാഹസപ്പെട്ടാൽ-- (കണ്ണുനീരോടും ഗദ്ഗദത്തോടും) എന്നെ തനിച്ചാക്കാതെ--മഹാപാപമാണ്."
ദേവകി: "തനിച്ചോ? അച്ഛൻ വരും--അമ്മേടെ തല മാടിത്തരും, കണ്ണെഴുതും. വരിക്കുറി--(ക്ഷീണത്തോടെ ചിരിച്ചിട്ട്) ഞാൻ കണ്ടിട്ടുണ്ട്. പനങ്കിളികൾപോലെ ഇരുന്നു നിങ്ങൾക്കു രസിക്കാം--ഞാൻ ആർക്ക്?--"
ലക്ഷ്മിഅമ്മ അതിദീർഘമായി നിശ്വസിച്ചു. മരണത്തോട് അടുത്തിരിക്കുന്ന പുത്രിയുടെ അനുഗ്രഹം കിട്ടുകപോലും ദുസ്സാധം! താൻ ആ പരമശുദ്ധയെ മുഹൂർത്തംപ്രതി വഞ്ചിക്കുന്നില്ലേ? രാജധാനിവാർത്ത നഗരത്തിൽ പരന്ന് കല്ലറയ്ക്കൽ എത്തി താനും ഗ്രഹിച്ചു. സൂക്ഷ്മം ആരാഞ്ഞുവരുവാൻ മല്ലൻപിള്ളയെ അയച്ചതിൽ, സംഗതി പരമാർത്ഥംതന്നെ എന്ന് അയാളും അറിയിച്ചിരിക്കുന്നു. പുത്രിയുടെ സന്നിധിയിൽനിന്നു പിരിഞ്ഞ് മരക്കാവിനുള്ളിൽ പ്രവേശിച്ച് കിട്ടുന്ന അവസരത്തിലെല്ലാം കണ്ണുനീർകൊണ്ട് ആ വിടപീമൂലങ്ങളെ താൻ നനച്ചിട്ടുണ്ട്. പുത്രിയോടു പരമാർത്ഥം പറക എന്നുവച്ചാൽ അതു കേൾക്കുന്ന ഉടൻ അവളുടെ ജീവാന്തം സംഭവിക്കും. ഈ സ്ഥിതികളിൽ, തന്നെ ഏകാകിനി ആക്കരുതെന്നു പുത്രിയോടു പ്രാർത്ഥിച്ചുപോയ ബുദ്ധിജാള്യത്തെക്കുറിച്ച് ആ സാധ്വി പശ്ചാത്തപിച്ചു. ക്ലേശിച്ചു, സ്വയം ശപിച്ചു. [ 380 ]
ദേവകി: "അമ്മേ, അന്നേ-ആ പെരുവഴിയിൽ നടന്ന ശണ്ഠസമയത്ത് അച്ഛൻ എവിടെ ആയിരുന്നു?"
ലക്ഷ്മിഅമ്മ: "ഞാൻ കണ്ടുവോ? പലരും പലതും പറഞ്ഞു."
ദേവകി: "ആ കൊച്ചു കപ്പി-പിന്നെ-പടവീട്ടിലേ-"
ലക്ഷ്മിഅമ്മ: "ഭ്രാന്തീ, ആ കൊച്ചുകപ്പിത്താൻ രക്ഷപ്പെട്ടു. അതു വിചാരിച്ചു നീ ചാകേണ്ട."
ദേവകി: "പാണ്ടയോ അമ്മേ? അവനല്ലേ അച്ഛനുവേണ്ടി ചാകാൻ ചാടിയത്?"
ലക്ഷ്മിഅമ്മ: "അദ്ദേ-അവൻ കരുത്തനല്ലേ? ഒരു പറപ്പിൽ മറഞ്ഞുകളഞ്ഞു."
ദേവകി: "എന്നാൽ അച്ഛനെ വിളിച്ചുവരുത്തണം."
ദേവകിയുടെ ആജ്ഞയിൽ അന്തർഭൂതമായ ആശയം എന്തെന്നറിഞ്ഞ ലക്ഷ്മിഅമ്മ പുത്രിയുടെ അപേക്ഷയ്ക്കുത്തരമായി ആ കന്യക കാണാതെ ശിരസ്സിൽ കയ്യറഞ്ഞു. അവരുടെ ഭാഗ്യത്താൽ-അല്ല, നിർഭാഗ്യാതിരേകത്താൽ, കല്ലറയ്ക്കൽപിളളയുടെ സമാഗമം ഈ ഘട്ടത്തിലുണ്ടായി.
ലക്ഷ്മിഅമ്മ: "ഇതാ, കല്ലറയ്ക്കലദ്ദേഹം വരുന്നു. കൂടെ ചിലരുണ്ട്. മല്ലൻപിള്ള മരുന്നകളുംകൊണ്ട് എപ്പോഴേ വന്നു. ഞങ്ങളെ ഒക്കെ വിഷമിപ്പിച്ചാൽ സുഖപ്പെടാൻ താമസിക്കും ദേവൂ."
ഈ ഘട്ടത്തിൽ കല്ലറയ്ക്കൽപിള്ള ഗൃഹാങ്കണത്തിൽ എത്തി. ദേവകിയുടെ മാംസം ശുഷ്കിച്ച് ഗണ്ഡങ്ങൾ ഒട്ടി, നാസിക പൊന്തി, ദന്തങ്ങൾ നീണ്ട് കണ്ണുകൾ കുഴിഞ്ഞ് കേശങ്ങൾ ജടിലിച്ചുതീർന്നിരുന്ന വൈരൂപ്യം സന്തോഷാപ്തിയിൽ നീങ്ങുമെന്നുള്ള വിശ്വാസത്തിന്മേൽ കല്ലറയ്ക്കൽപിള്ള ആ കന്യകയുടെ ചികിത്സക്കാര്യത്തിൽ സുധീമാന്മാർക്കു ചേരുന്ന സാഹസങ്ങൾ ചെയ്തു. പെരിഞ്ചക്കോടൻ മരിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് തന്റെ വിവാഹംകൊണ്ട് ലക്ഷ്മിഅമ്മയെയും ദേവകിയെയും ഉടനെ കല്ലറയ്ക്കലേക്കു മാറ്റണമെന്ന് ആ ഗൃഹത്തിന്റെ നായകൻ തീർച്ചയാക്കി. തന്റെ ചികിത്സാശ്രമങ്ങളെ ഫലവത്താക്കാൻ തിരുവനന്തപുരത്തുനിന്ന് ഒരു മാന്ത്രികനായ വൈദ്യനെ വരുത്തേണ്ട ചിലവു സഹിപ്പാനും അദ്ദേഹം നിശ്ചയിച്ചു. ഈ മാന്ത്രികനും പരിചാരകരുമാണ് ആ ഘട്ടത്തിൽ ലക്ഷ്മിഅമ്മയുയെ ചിന്തകളെ വിഘാതപ്പെടുത്തി നിലകൊള്ളിച്ചത്.
ഗൃഹനായകസ്ഥാനത്തിനു ചേർന്നുളള സൗജന്യൗദാര്യങ്ങളോടെ കല്ലറയ്ക്കൽപിള്ള അങ്ങുമിങ്ങും ഓടി ഒരു പലക കൊണ്ടുവന്ന് ആഗതനായ ദ്വിജശ്രേഷ്ഠനെ ആസനസ്ഥനാക്കി. അദ്ദേഹത്തിന്റെ ലഘുവും ദീർഘവുമായുള്ള ശരീരത്തിന്റെ കോമളമായ ചമ്പകകാന്തി ലക്ഷ്മിഅമ്മയുടെ നേത്രങ്ങളെ ആകർഷിച്ചു; അവരുടെ കുസുമതുല്യമായുള്ള അംഗപ്രഭയും ആകാരസൗഷ്ഠവവും ബ്രാഹ്മണനേത്രങ്ങളെ സ്തബ്ധങ്ങളാക്കി. ഈ അഭിമുഖയുഗ്മത്തിന്റെ കണ്ണുകൾ പരസ്പരം ഒരു ആപാദമസ്തകപരിശോധനം [ 381 ] ആപാദമസ്തകപരിശോധനം ആരംഭിച്ചു. രണ്ടു പേരുടെയും ശരീരങ്ങൾ എന്തോ ഭൂതാവേശത്താൽ എന്നപോലെ വിറകൊണ്ടു തുടങ്ങി. ഈ ചേഷ്ടാവികാരങ്ങൾ കല്ലറയ്ക്കൽപിള്ളയുടെ ഹൃദന്തത്തിൽ ഒരു പരിഭ്രമം ഉളവാക്കുകയാൽ അയാൾ വക്ഷസ്തടത്തിൽ ചില മൃദുമർദ്ദനങ്ങൾ ഏല്പിച്ച് ഹൃദയചാഞ്ചല്യത്തെ ശമിപ്പിച്ചു. ബ്രാഹ്മണന്റെ ലാളിത്യം ക്രോധവശനായ ലക്ഷ്മണന്റെ നാഗേന്ദ്രസ്വഭാവത്തിലോട്ടു പരിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ നഖങ്ങൾ ഉപവീതത്തെ ഗ്രഹിച്ച് അതിൽ കഠിനക്ഷതങ്ങൾ ഏല്പിച്ചു. നേത്രങ്ങൾ ഉജ്ജ്വലിച്ചു; കണ്ഠകംബുവിലെ നാഡികൾ നീലിച്ചു ജൃംഭിച്ചു ചലിച്ചു; അംഗം വിയർക്കയും ചെയ്തു. ലക്ഷ്മിഅമ്മ നിരപരാധിയുടെ വിദ്വേഷരോഷത്താലോ ആ അപ്രതീക്ഷിതസമാഗമത്തിൽ ജാതമായുള്ള പൂർവ്വസ്മൃതികളാലോ ശാപകർമ്മോദ്യുക്തനായി സ്ഥിതിചെയ്യുന്ന ദുർവ്വാസസ്സിൽനിന്നു തന്റെ വീക്ഷണത്തെ ഉപസംഹരിച്ചു സ്വാന്തോൽഗളിതങ്ങളാകുന്ന ഭർത്സനങ്ങളെ പ്രക്ഷേപണം ചെയ്കയോ എന്നു ചിന്തിച്ചു നിന്നു. ദാമ്പത്യാരംഭത്തിൽ കിംവദന്തി നിമിത്തം അപനയാനുവർത്തനാക്കപ്പെട്ട് അനന്തരം ലോകഗതികളുടെ ഗ്രഹണത്തിൽ സംശയഗ്രസ്തനായി, താൻ അധീനനായിപ്പോയുള്ള വഞ്ചനയിലെ സന്ദർഭബന്ധങ്ങളെ സൂക്ഷ്മപരിശോധനം ചെയ്തപ്പോൾ, സ്വയം അപരാധബോധവാനായിത്തീർന്നിരുന്ന പരിശുദ്ധമനസ്കനായ സാധുദ്വിജൻ, പാതകാവർത്തനഭീതിയാൽ ശാന്തനായി എങ്കിലും ഒരു പ്രാഡ്വിപാകസദസ്സിനാൽ ആചാരരീത്യാ കല്പിക്കപ്പെട്ടുള്ള വിധിയുടെ സാധുതയെ ഒന്നു പുനഃപരിശോധനം ചെയ്തു മനസാക്ഷിയെ സാന്ത്വനപ്പെടുത്താൻ വേണ്ട പൗരുഷത്തെ അദ്ദേഹം സന്ധാനം ചെയ്തു. "നാരായണ! നാരായണ! ഞാൻ എന്തനർത്ഥത്തിൽ വന്നുചാടി! എന്താണിക്കാണുന്നത്? മരിച്ചുകൂടായിരുന്നോ? കഷ്ടേ! എന്താനങ്ങയതന്നല്ലേ!"
ഈ ന്യായാധിപപ്രശ്നത്തിനു പ്രതിഭാഷണം സമർപ്പിച്ചതു പ്രതിപാദ്യവിഷയത്തെക്കുറിച്ചു പരമാജ്ഞനായ കല്ലറയ്ക്കൽപിള്ള ആയിരുന്നു. "അല്ലേ, തിരുമനസ്സുകൊണ്ട് ഇത് പെരിഞ്ചക്കോട്ടങ്ങേരെ വീട്ടുകാരിയാണ്. പറഞ്ഞ നെയ്യും ശർക്കരയും ഒന്നുമല്ല. എവരെ മഹളുകൊച്ച് അഹത്തൊണ്ട്. അതിനെ ജിഗിത്സിപ്പിക്കാനാണു കാര്യക്കാരങ്ങുന്ന് ഇങ്ങോട്ടയച്ചത്."
നമ്പൂരി എഴുന്നേറ്റു. ലക്ഷ്മിഅമ്മയുടെ മുഖവിജൃംഭണം തകരുമ്പോൾ അസ്വൈരകരമായ വല്ല മർമ്മഭേദകവിമർശനങ്ങളും താൻ കേൾക്കേണ്ടിവരുമെന്നു സംശയിച്ചു എങ്കിലും ആ സ്ത്രീ ആരെന്നുള്ള തന്റെ ആശങ്ക നിരാസ്പദം അല്ലെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അപരാധിനിയോ അനുകമ്പനീയയോ എന്നു ഗ്രഹിപ്പാനുള്ള ഉത്ക്കണ്ഠ മൂർച്ഛിച്ചു എങ്കിലും അതിന്റെ നിവർത്തനം സാവധാനത്തിലായിക്കൊള്ളാമെന്നു കരുതിക്കൊണ്ടു ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞു: "കേട്വോ കള്ളർകോട്ടുപിള്ളേ, ഇത്ര ദൂരത്തെ നട നന്നേ ക്ഷീണിപ്പിച്ചു. രോഗിണി-?" [ 382 ]
കല്ലറയ്ക്കൽപിള്ള ചാടി തളത്തിൽ കയറി വഴികാട്ടുകയാൽ, നമ്പൂരി അറയ്ക്കുള്ളിലോട്ടു പ്രവേശിച്ചു. രോഗിണി അർദ്ധോന്മീലിതനേത്രങ്ങളോടെ അതിമൃദുലസ്വരത്തിൽ "അച്ഛാ രക്ഷിക്കണേ, അയ്യോ! അയ്യോ! എന്തു ദുരിതമിത്! ജന്മമിങ്ങനെയായല്ലോ. സഹിച്ചുകൂടെന്റെ പരമശിവനേ!" എന്നു ഹസ്തങ്ങളെ ശയ്യയിൽ വീഴ്ത്തി വിലപിച്ചു.
കന്യകയുടെ മോഹനരുചിരതയും ശരീരലാവണ്യവും മുഖത്തിന്റെ സ്വരൂപണവിധവും നില്ക്കട്ടെ; ഹാ, ആ സ്വരമാധുര്യവും 'പരമശിവാ' എന്നുള്ള ഈശസംബോധനയും തന്റെ കർണ്ണങ്ങൾക്ക് അതിപരിചിതങ്ങളാണ്. നമ്പൂതിരിയുടെ ശരീരത്തിൽ ആഗ്നേയസ്വേദം സ്ഫുരിച്ചുതുടങ്ങി. ഒരു അഗ്നിശിഖ ആനാഭിമൂർദ്ധം കത്തിക്കാളി അന്തരിന്ദ്രിയങ്ങളെ ദഹിപ്പിച്ചുതുടങ്ങി. ബ്രാഹ്മണൻ ധൈര്യസമാർജ്ജനം ചെയ്തു കന്യകയുടെ ഹസ്തത്തെ ഗ്രഹിച്ചു നാഡിപരിശോധനത്തിന് ആരംഭിച്ചപ്പോൾ ആന്തരാഗ്നിയെ സ്തംഭിപ്പിക്കുന്ന ഒരു കളഭസേചനാനുഭൂതി അദ്ദേഹത്തെ ബ്രാഹ്മാനന്ദവിവശനാക്കി. "അച്ഛാ, നീങ്ങി അടുത്തിരിക്കണം. കണ്ടു കണ്ണു കുളുർന്നു പരമപദം ചേരട്ടെ. അച്ഛന്റെ മകളല്ലേ ഞാൻ?-" കന്യക ഇങ്ങനെ പുലമ്പിയതു പുറത്തും കേൾക്കാമായിരുന്നു. ഈ ദീനാലാപങ്ങൾ, ബ്രാഹ്മണനെ തന്റെ ദാമ്പത്യജീവിതത്തിലെ അവസാനഘട്ടത്തെ സ്മരിപ്പിച്ച് അവസ്ഥാഭ്രമവശനാക്കി നെഞ്ചു തടവിച്ചു. ലക്ഷ്മിഅമ്മ ചിത്തവികാരങ്ങളെ അമർത്താൻ ശക്തയല്ലാതെ വാവിട്ടു കരഞ്ഞു. "പെരുംതൃക്കോവിലപ്പൻ സാക്ഷി! പരമശിവൻ വിധിച്ചതു സഹിക്കുന്നു. അതിനെ തൊട്ടനുഗ്രഹിച്ചിട്ടു പോവുക. ദേവി ഭട്ടാര്യമ്മ ശുഭം തരട്ടെ! ഞങ്ങളുടെ ഗതി ഇങ്ങനെയും കഴിയട്ടെ" എന്നു കന്യകയുടെ ബോധക്ഷയത്തിനിടയിലുള്ള സംബോധന ന്യായബോധത്താൽ ദൈവസംഭൂതമെന്നും താൻ ഈശകൃപാവകാശിനിയായുള്ള പാവനാത്മികയാണെന്നും തങ്ങളുടെ ദുർവ്വിധിയിൽ അനുകമ്പ തോന്നി സ്ഥാനവിഭ്രംശം വരുത്തേണ്ടെന്നും ധ്വനിപ്പിച്ചുള്ള ലക്ഷ്മിഅമ്മയുടെ പ്രലപനം ആ മാന്ത്രികനെ ഒരു മഹാമന്ത്രത്താൽ എന്നപോലെ സ്തബ്ധസമസ്തേന്ദ്രിയനാക്കി. ബാലികയെ വാത്സല്യപൂർവ്വം പലവുരു തലോടി, അവളുടെ ശരീരത്തിന്മേൽ അശ്രുവർഷംചെയ്തപ്പോൾ പിതൃപരിചരണം ലബ്ധമാകുന്നു എന്നു ചിന്തിച്ച് ആ സംതൃപ്തചിത്ത സുഷുപ്തിയിൽ അമർന്നു. ഭൃത്യൻ വഹിച്ചിരുന്ന ചെല്ലം വരുത്തി, അതിൽനിന്ന് അഞ്ജലിസമ്പൂർണ്ണമായി കനകനാണയങ്ങൾ വാരിയെടുത്തു പുത്രിയുടെ ശയ്യയിന്മേൽ മൂന്നുരു സമർപ്പണം ചെയ്തതിന്റെ ശേഷം ആപൽക്കരമായ 'ശുദ്ധഗതി'നിമിത്തം ഹതഭാഗ്യനായിത്തീർന്ന നാഗന്തളിമനയ്ക്കൽ നരായണൻ നമ്പൂരിപ്പാട് ആശീർവ്വാദഹസ്തത്തെ ഉയർത്തി നെറ്റിത്തടത്തോടുചേർത്ത് അവിടെനിന്നു നടകൊണ്ടു. ആ സ്ത്രീകളുടെ ഭവനദേശാദികളെക്കുറിച്ച് അറിവാൻ ജിജ്ഞാസുവായിരുന്ന കല്ലറയ്ക്കൽപിള്ളയെ, [ 383 ] താൻ ദർശിച്ച ഭാവഭേദങ്ങളും മുക്തഹസ്തമായ ധനദാനവും ശ്രവിച്ച കോപസത്യാദിപ്രഭാഷണങ്ങളും ഒരു വിഷമസരണിയിൽ പതിപ്പിക്കുകയാൽ അനന്തരകരണീയത്തെക്കുറിച്ചു സ്ഫുടബോധം കൂടാതെ അദ്ദേഹം ബ്രാഹ്മണനെ അനുഗമിച്ച് ചില ചോദ്യങ്ങൾ തുടങ്ങി. എന്നാൽ ആ പ്രശ്നങ്ങൾക്ക് അതിനിർദ്ദയമായ മൗനം അവലംബിച്ച് ബ്രാഹ്മണൻ ആ ഗൃഹസ്ഥനെ അവമാനിക്കതന്നെ ചെയ്തു, ലക്ഷ്മിഅമ്മ വേരറ്റ മരം കണക്കെ നിലത്തുവീണു.
നാഗന്തളി നമ്പൂരിപ്പാടിന്റെ പുണ്യപൂരിതമായുള്ള കൈകൾക്കും അദ്ദേഹത്താൽ വർഷിതമായ കണ്ണുനീരിനും സ്വർഗ്ഗാമൃതത്തിന്റെ സഞ്ജീവശക്തിതന്നെ ഉണ്ടായിരുന്നു. ദൈവാഭിമതത്താൽ സംഭവിച്ച ആ ജനകപുത്രീസംഘടനയിൽ ജനകാർജ്ജിതമായുള്ള സുകൃതസഞ്ചയം പുത്രിക്കു ശുഭോദർക്കമാകുമാറ് ദാനം ചെയ്യപ്പെട്ടു. ലക്ഷ്മിഅമ്മ സ്മാർത്തവിചാരണയിൽ ശിക്ഷിക്കപ്പെട്ട അന്തർജ്ജനമാണെന്നും ആ ശിക്ഷാകാലത്ത് ആ പരമസാദ്ധ്വി ഗർഭാധാനം ചെയ്തിരുന്നു എന്നും ഗൃഹസമുദായങ്ങളിൽനിന്നു ഭ്രഷ്ടയാക്കപ്പെട്ടപ്പോൾ നിരാലംബയായി സഞ്ചരിച്ചു തസ്കരാക്രമണമുള്ള ഒരു കാട്ടുവഴിയിൽ വീണുപോയി എന്നും അക്കാലത്തു കവർച്ചക്കാരനായി ധനസമ്പാദനം ആരംഭിച്ചിരുന്ന പെരിഞ്ചക്കോടൻ ആ സൗന്ദര്യധാമത്തെ കണ്ട് എങ്ങാണ്ടോനിന്നു സമ്പാദിച്ച അന്നനീരങ്ങളാൽ മുക്തക്ഷീണയാക്കി എന്നും ഈ വസ്തുത സുബോധലബ്ധിയിൽ ഗ്രഹിച്ച അന്തർജ്ജനം ഭഗവന്മതത്തിനു വഴങ്ങി പെരിഞ്ചക്കോടന്റെ ഭാര്യയായി അയാളെ തുടർന്നു എന്നും വായനക്കാർ ഊഹിച്ചുകൊള്ളുമല്ലോ.
മാസം ഒന്നുരണ്ടു കഴിഞ്ഞു. രോഗശയ്യയിൽനിന്ന് എഴുന്നേറ്റു ഗൃഹത്തിനുള്ളിൽ സഞ്ചരിക്കുന്നു എങ്കിലും രോഗകാലത്തു സന്ദർശിച്ചുപോയ സ്വസ്തിപൂർണ്ണമായ ലോകത്തോട് ആ കന്യകയ്ക്കുണ്ടായ ബന്ധം മുഴുവൻ ഖണ്ഡിക്കപ്പെട്ടിട്ടില്ല. അവളുടെ മുഖപ്രഭ പ്രണയത്തെ അല്ല, പ്രാണോന്മുഖമായ ഭക്തിയെ പ്രേക്ഷകരിൽ ഉത്പാദിപ്പിക്കുന്നു. നേത്രദ്യുതി, അരുന്ധതീതാരം ആ ആരാമാശ്രമത്തിൽ ദ്വിഗുണീഭവിച്ചതുപോലെ പരിശുദ്ധോജ്ജ്വലമായി മാതൃഹൃദയത്തെയും വാത്സല്യപ്രകടനങ്ങളിൽനിന്നു വിരമിപ്പിക്കുന്നു. അങ്കപ്രഭ ലക്ഷ്മീഹസ്തത്തിൽ പരിലസിക്കുന്ന കനകാംബുജത്തിന്റെ പ്രകാശത്തെത്തന്നെ വിതറുന്നു. അവളുടെ സഞ്ചാരദേശത്തിലെ ആകാശം ത്രിദിവലഘിമ ചേർന്നുള്ളതെന്നു തോന്നിക്കുമാറ് കേശം നിശ്ചഞ്ചലമായി ശിരസ്സോടു ചേർന്ന് അന്തഃപ്രശാന്തതയെ പ്രതിഫലിപ്പിക്കുന്നു. അവളുടെ ശ്വാസോച്ഛ്വാസങ്ങളിലും ലോകബന്ധപരിത്യാഗത്തിന്റെ നിശബ്ദതതന്നെ ശ്രാവ്യമാകുന്നു. ഹൃദയദർപ്പണത്തിൽ സ്വജന്മഹേതുകന്റെ രുപം ഒരു നവാകൃതിയിൽപതിഞ്ഞ് ദർശനേച്ഛയും പരിലാളനാഗ്രഹവും അസ്തമിച്ച് സാമാന്യമനുഷ്യലോകത്തിൽനിന്നു ബഹുദൂരോന്നതിയിലുള്ള ഒരു നിരയിൽ ആ [ 384 ] ശരീരവല്ലിയിൽ ആവാസംചെയ്യുന്ന ദേഹിയെ ആരോഹിപ്പിച്ചിരിക്കുന്നു. ആ കന്യകയുടെ ഹൃദയത്താൽ നിതാന്തസ്മൃതമാകുന്ന കമനവിഗ്രഹം ശ്രീമൽ ചിന്മയാകൃതിയും ആയിത്തീർന്നിരിക്കുന്നു.
കല്ലറയ്ക്കൽപിള്ള നമ്പൂരിയെ തുടർന്ന് തിരുവനന്തപുരത്തെത്തി കുഞ്ചൈക്കുട്ടിപ്പിള്ളക്കാര്യക്കാരെ കണ്ടു പ്രാണൻ ത്യജിച്ചുകളയുമെന്നു ഭീഷണി പറഞ്ഞ് ലക്ഷ്മിഅമ്മയുടെ പരമാർത്ഥത്തെ ഗ്രഹിച്ചു. തകർന്ന ഘടത്തിലെ ജലമെന്നപോലെ ആ കാമുകഹൃദയത്തിൽ ശേഷിച്ചിരുന്ന പ്രണയവും മണ്ണോടു ചേർന്നു. ആ കാലത്തെ ആചാരബന്ധങ്ങളുടെ ദാർഢ്യം നിമിത്തം ജാതിഭ്രഷ്ടർ ചണ്ഡാലരെന്നും പ്രതിലോമവിവാഹം നരകഹേതുകമെന്നും മറ്റുമുള്ള വിശ്വാസങ്ങൾക്കു വശംവദനായിരുന്ന അയാൾ പെരിഞ്ചക്കോട്ടുപ്രദേശത്തിലോട്ടുള്ള സഞ്ചാരംപോലും വർജ്ജിച്ചു. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ലക്ഷ്മിഅമ്മയ്ക്കും ദേവകിക്കും സുസ്ഥിരമതികളായ ബന്ധുക്കളുടെ സഹായാനുകൂല്യങ്ങൾ സമ്പ്രാപ്തമായി. തങ്ങളുടെ യജമാനന്റെ ആചാരഭ്രാന്തിനെ അപഹസിച്ചുകൊണ്ട് ആ സ്ത്രീകളുടെ ഗൃഹകാര്യങ്ങൾ അഴകൻപിള്ളയുടെ ജ്യേഷ്ഠന്മാരായ മൂന്നുപേരും സമുദായകോപത്തെ അലക്ഷ്യമാക്കി ഭരിച്ചുതുടങ്ങി.
അകാലപ്രവൃത്തമായ ഇടവപ്പാതിയുടെ പ്രചണ്ഡതയെ സഹിച്ചുകൂടാഞ്ഞ് ആ ഗൃഹാങ്കണത്തെ ആച്ഛാദിക്കുന്ന വൃക്ഷങ്ങൾ ഗൃഹകൂടത്തിന്മേൽ തലയറഞ്ഞു ക്ഷുബ്ധകണ്ഠമായി ഭയാക്രന്ദനം ചെയ്യുന്നു. സമുദ്രപ്രവാഹം ഉണ്ടാകുന്നതുപോലുള്ള ആരവത്തിൽ കാലവർഷം ചൊരിഞ്ഞു കർണ്ണപുടങ്ങളെ തകർക്കുന്നു. സഹകാരികളായ മിന്നലും ഇടിയും കൊടുങ്കാറ്റും ഭൂമിയുടെ ധ്വംസനത്തിനെന്നപോലെ കല്പാന്തസ്ഥിതിയുടെ ഒരു ഏകദേശരൂപത്തെ ലോകർക്കു ഗ്രഹിക്കുമാറാക്കുന്നു. ശയ്യാമുറിയുടെ തുറന്നുകിടക്കുന്ന വാതിൽവഴിയെ കൂർത്തുമൂർത്ത ശരാവലിപോലെ പ്രവേശിക്കുന്ന ശീതവാതം ദേവകിയായ ഋഷികന്യകയെ അവൾ ലയിച്ചിരുന്ന ആനന്ദമയസ്വപ്നത്തിൽനിന്നും ഉണർത്തി. ഒരു മധുരസ്വരം- അല്ല! ആഹാ! അവർണ്ണനീയമായ ഒരു വികാരത്തെ ഉല്പാദിപ്പിച്ച ഒരു ഭാഷണസ്വരം അവളുടെ കർണ്ണങ്ങളിൽ സമ്പതിച്ചു ഹൃദയപല്ലവത്തെ തളർത്തി; ഗാഢതിമിരത്തെ ഭേദിച്ചുള്ള വിദ്യുദ്ദ്യുതികൾ ഗൃഹത്തളത്തെ അനുക്ഷണം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു. ദേവകിയുടെ അന്തർഭൂതപഞ്ചകവും ഒരു ഭയാവേശാൽ ഇളകി നിശ്ചേഷ്ടങ്ങളായി. കണ്ണുകളും വക്ത്രവും ഏകതന്തുവാലെന്നപോലെ വിപാടിതങ്ങളായി. സൗദാമിനീധാരകൾ തളത്തെ ദീപാവലിലക്ഷങ്ങളെന്നപോലെ പ്രദ്യോതിപ്പിക്കുന്നു. രണ്ടു സുപരിചിതശരീരങ്ങൾ പരസ്പരഹസ്താവലംബികളായി നിലകൊള്ളുന്നതുപോലുള്ള ഒരു ദർശനം ദേവകിയുടെ ക്ഷീണചിത്തത്തെ വിഭ്രമിപ്പിക്കുന്നു. നിഷ്കൃപമായുള്ള വാതപ്രപാതവും വർഷഝരികാരവവും തളത്തിലെ പ്രണയബദ്ധരോട് അവളാൽ സംബുദ്ധമായ പ്രാർത്ഥനകൾക്ക് ഉത്തരമരുളി. കന്യക ബോധശൂന്യയായി എഴുന്നേറ്റ് അല്പനേരം വിറകൊണ്ടുനിന്നിട്ടു നിലത്തു വീണു. പുത്രിയുടെ സ്ഥിതി അറിവാനായി ലക്ഷ്മിഅമ്മ അല്പം കഴിഞ്ഞ് അറയിലോട്ടു [ 385 ] പ്രവേശിച്ചപ്പോൾ അവരുടെ പാദങ്ങൾ പുത്രിയുടെ ശരീരത്തിന്മേൽ തടയുകയാൽ അവരും തറയിൽ വീണു. ആ ജനനിയുടെ പ്രബോധലബ്ധിയിൽ ഉത്സംഗസ്ഥയാക്കപ്പെട്ട പുത്രിയെ മാറോടണച്ചുകൊണ്ട് ലക്ഷ്മിഅമ്മ എഴുന്നേറ്റു. രണ്ടുപേരും ശയ്യയെ അവലംബിച്ചു. ജനനീവക്ഷസ്സോടു ചേർന്ന കന്യക സ്വജന്മഹേതുകന്റെ കരത്താൽ തലോടപ്പെട്ട മുഹൂർത്തത്തിലെ ആഹ്ലാദത്തെ അപ്പോഴും അനുഭവിക്കുകയാൽ "അച്ഛാ! അച്ഛാ!" എന്നു സ്വയം താരാട്ടി സുഖനിദ്രയിൽ അമർന്നു.
നാഴിക രണ്ടു കഴിഞ്ഞില്ല. കല്ലറയ്ക്കൽപിള്ളയുടെ അറപ്പുരയിൽനിന്നു പടിഞ്ഞാറോട്ടുള്ള വാതിൽ അതിന്റെ ബന്ധങ്ങളിൽനിന്നു വേർപെട്ടത് മഴയുടെ മേഘാരാരവത്തിനിടയിൽ കൂർക്കംവലിച്ചുറങ്ങുന്ന ഗൃഹനായകൻ കേട്ടുമില്ല; അഞ്ചാറു കൃഷ്ണവിഗ്രഹങ്ങൾ അറപ്പുരക്കെട്ടിനകത്തോട്ടു പ്രവേശിച്ചതു ഗൃഹവാസികളും അറിഞ്ഞില്ല. ചൗര്യവ്യവഹാരത്തിൽ വിദഗ്ദ്ധന്മാരായ അവരുടെ ചാതുര്യത്താൽ കല്ലറയ്ക്കൽപിള്ളയിൽനിന്നു യാതൊരു ശബ്ദവും പുറപ്പെട്ടില്ല. അയാൾ ശവശരീരമെന്നപോലെ പുറമുറ്റത്തെ മഴയേറ്റുതുടങ്ങി. ആ ജഡവാഹകന്മാരായ കിങ്കരന്മാർ കയ്യാലകൾ ചാടി, ചെറുചെടികൾ ഞെരിച്ച് പടിഞ്ഞാറുള്ള കുറ്റിക്കാട്ടിലെത്തി കല്ലറയ്ക്കൽപിള്ളയെ പാദസ്ഥനാക്കി. ഒരു തമഃസ്വരൂപം ആ ഭീതന്റെ മുമ്പിൽ പ്രത്യക്ഷമായി. കാർമേഘങ്ങളുടെയും അപ്പോഴും ചൊരിയുന്ന വർഷത്തിന്റെയും അധിഷ്ഠാനമൂർത്തിയോ എന്നു ചിന്തിച്ച് കല്ലറയ്ക്കൽപിള്ള കൃപാലബ്ധി പ്രാർത്ഥിക്കുവാൻ കൈകൾ ഉയർത്തി. മിന്നൽക്കൊടിയുടെ ബഹുനിമിഷനേരത്തേക്കുള്ള ഉജ്ജ്വലനം ആ സത്വത്തിന്റെ സ്വരൂപത്തെ കല്ലറയ്ക്കൽപിള്ളയ്ക്കു പ്രകാശപ്പെടുത്തി: "ഹയ്യോടാ കൊടുമ്പാവി! നീ ഇങ്ങു കേറിയും കൈവച്ചോ?" എന്ന്ണ്ടായ കല്ലറയ്ക്കൽ പിള്ളയുടെ ആശ്ചര്യോൽഘോഷണത്തിന് "അഹാ! നേരുകെട്ട തമ്പ്രാക്കള്! അരുഞ്ചാക്കിനല്ലാ-കുഴിതോണ്ടിണാര്? തമ്പിരാ, പാണ്ടക്ക കുണ്ടുകുടി ആണുറവ് പിറപ്പിപ്പാര്" എന്ന് ഒരു കണ്ഠരടിതം ആ കാട്ടിൽ മുഴങ്ങി. രോഗസ്ഥിതിയിൽനിന്നു നിവൃത്തയായ ദേവകിയെ ഉപേക്ഷിച്ച് ആസന്നമൃത്യുവാക്കിയ തന്റെ കൃത്യത്തിനു ശിക്ഷയായി താൻ പിടിക്കപ്പെട്ടു എന്നും അപഹർത്താവിന്റെ വസതിയായ ഗർത്തത്തിൽ പാർത്ത് പുരുഷാനുയോജ്യമായ പ്രതിജ്ഞാസംരക്ഷണംകൊണ്ടു തന്റെ സ്വാതന്ത്ര്യലബ്ധി ഉണ്ടാകേണ്ടതാണെന്നും, പാണ്ടയായ ആ ജനസ്ഥാനാധിപൻ വിധിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് തൽക്കാലം ആ വിധിനിപാതം സഹിക്കതന്നെ എന്നു നിശ്ചയിച്ച് കല്ലറയ്ക്കൽപിള്ള വീണ്ടും വാദത്തിനു മുതിരാതെ അടങ്ങിക്കൊണ്ടു. ചണമ്പുചാക്കുകൾ ഒന്നിച്ചു കുത്തിച്ചേർത്തുള്ള ഒരു മൂടുപടംകൊണ്ട് കല്ലറയ്ക്കൽപ്പിള്ളയുടെ ശരീരത്തെ ആപാദമസ്തകം ആച്ഛാദനംചെയ്ത് അയാളെ ഒരു പുൽക്കൊടിപോലെ എടുത്തുകൊണ്ടു കിങ്കരന്മാർ യാത്ര തുടങ്ങി. [ 386 ]
ഇനി മറ്റൊരു രുഗ്മിണിയുടെ വിരഹചര്യയിലോട്ടു പ്രവേശിക്കാം. ടിപ്പുസുൽത്താൻ തന്റെ അസിധാരാത്വത്തെ പ്രകാശിപ്പിക്കുന്നതിലും രുചിപ്പിക്കുന്നതിലും ഒരിക്കലും അലംഭാവംതോന്നാത്ത മഹാബലിയായിരുന്നു. എന്നാൽ, സാവിത്രിയുടെ ഗംഭീരമനോഹാരിത അദ്ദേഹത്തിന്റെ ഹൃദയത്തിലെ മൃദുലാംശങ്ങളെ ആകമാനം അപഹരിച്ചു. ബ്രഹ്മാസ്ത്രബന്ധനത്തിനു വിശല്യകരണി എന്നപോലെ അദ്ദേഹത്തിന്റെ കോപസംരംഭങ്ങളെ ഈ കന്യകയുടെ കുലപ്രഭാവജമായുള്ള സ്വാതന്ത്ര്യവിലാസം പ്രശാന്തമാക്കുമായിരുന്നു. ഇതിനു മുമ്പിൽ വർണ്ണിക്കപ്പെട്ട സംഗീതസദസ്സിൽ അവിടത്തെ വേത്രവതികൾ ഒരു വഞ്ചിരാജ്യപ്രഭുവാൽ ടിപ്പുസുൽത്താൻ ബഹദൂർ ധിക്കൃതനാകുന്നു എന്നും അയാൾ ചിലമ്പിനേത്തു ചന്ത്രക്കാറൻ എന്ന സമ്പന്നനാണെന്നും കേട്ടപ്പോൾ ആ സദസ്സിൽ ഉണ്ടായിരുന്ന സാവിത്രി സ്വരാജ്യാഭിമാനത്താൽ എഴുന്നേറ്റ് ടിപ്പുവിന്റെ മന്ത്രസഭയിലോട്ടു പുറപ്പെടാൻ ധൈര്യപ്പെട്ടു. വിധിവേദിക്കു മുമ്പിലെത്തി താൻ നന്തിയത്തുമഠത്തിൽവച്ചു കണ്ടിട്ടുള്ള യാചകവേഷക്കാരനെ കണ്ട് ആ വേഷത്തിലുള്ള സഞ്ചാരവും തന്റെ അച്ഛനോടുള്ള സ്നേഹത്താലാണെന്നു ധരിച്ച സാവിത്രി, ശങ്കാരഹിതം വൃദ്ധനെ താണുതൊഴുതു. അവൾ സദസ്യർ കേൾക്കെ സവിനയം ചെയ്ത അപേക്ഷ, തന്റെ പൂർവ്വവാഗ്ദാനം അനുസരിച്ച് അതിന്റെ സമർപ്പണമുഹൂർത്തത്തിൽത്തന്നെ ടിപ്പുസുൽത്താനാൽ അനുമതിക്കപ്പെട്ടു. ആ സേനാസങ്കേതം വിടുന്നത് തന്റെ അനന്തരതിരുവുള്ളം അനുസരിച്ചല്ലാതെ പാടില്ലെന്നുള്ള നിഷ്കർഷയിന്മേൽ ചന്ത്രക്കാറനെയും അജിതസിംഹന്റെ പാളയത്തിൽ പാർപ്പുകാരനാക്കി സുൽത്താന്റെ കല്പന പുറപ്പെട്ടു.
അജിതസിംഹന്റെ പട്ടമഹിഷി അനസൂയാപ്രഭാവയായി ദാമ്പത്യജീവിതത്തിൽ അദ്ദേഹത്തെ മഹാഭാഗ്യോത്തംസമാക്കിയിരുന്നതിനാൽ സാവിത്രി മാതൃവിയോഗദുഃഖം അനുഭവിക്കാതെ ഒരു നവജനനിയുടെ സംരക്ഷണത്തിൽ സന്തോഷവതിയായി വർത്തിച്ചു.
സാവിത്രിയോടുള്ള സഹവാസം ചന്ത്രക്കാറനെ മനുഷ്യജീവിതത്തിനു സംസ്കരണംചെയ്തു. തന്റെ ഭാഗിനേയകഥാവർണ്ണനകൾ, ഗൃഹവിശേഷപ്രശംസകൾ എന്നിവകൊണ്ടും കന്യകയുടെ കുടുംബചരിത്രകഥനംകൊണ്ടും അയാൾ അവളെ വിനോദിപ്പിച്ചുവന്നു. സ്വപുത്രിയെ പാചകശാലാസ്‌ഥൂണമായി തള്ളിയിരുന്ന ആ ശിലാഹൃദയൻ സാവിത്രിയുടെ മധുരഭാഷണങ്ങൾക്കു സംഗീതാകൃഷ്ടനായ സർപ്പമെന്നപോലെ ആടിത്തുടങ്ങി. തന്റെ ഘാതകചര്യകളെ സ്മരിച്ച് അയാൾ പശ്ചാത്തപിച്ചു. രണ്ടാം ബാല്യത്തിലെ പിച്ചക്കളികളും കൊഞ്ചിക്കൊഴച്ചിലുംകൊണ്ട് ഈ കഥാരംഭത്തിലെ കൃത്രിമഭട്ടൻ ദിവസങ്ങളെ നയിച്ചു.
സാവിത്രീസംസംർഗ്ഗത്താൽ ലബ്ധമായ ഈ നവശൈശവത്തിനിടയിൽ അഴിക്കോട്ടയുടെ മുമ്പിൽവച്ച് ടിപ്പുവിനു നേരിട്ട ക്ഷതസംഭവവാർത്ത ആ കൂടാരത്തിലെത്തി. അജിതസിംഹരാജാവും വാഗ്ഭടോപമന്മാരായ ഹാക്കിംവർഗ്ഗങ്ങളും അശ്വാരുഢന്മാരായി സുൽത്താന്റെ [ 387 ] വസതിയിലെത്തി. അടുത്ത ദിവസംമുതൽ നാം കണ്ടിട്ടുള്ള മഹാദേവപ്രാകാരത്തിലെ രാജസങ്കേതം ഒരു രാജകീയാതുരശാലയായി. നഗരാഘോഷങ്ങൾ, കാഹളമേളിപ്പുകൾ തുടങ്ങിയുള്ള ഉപദ്രവകരചലനങ്ങളും മർദ്ദനങ്ങളും എന്നല്ല ശബ്ദോച്ചാരണങ്ങളും പ്രതിബന്ധിക്കപ്പെട്ടു. സിംഹത്തിന്റെ ശരീരഘടനയാലും പരിപൂർണ്ണാരോഗ്യശക്തിയാലും അനുഗ്രഹിക്കപ്പെട്ടുള്ള സുൽത്താന്റെ മുറിവ് ചികിത്സാപ്രയോഗങ്ങൾക്കു ശീഘ്രതരം വശപ്പെട്ടു. വൈദ്യകല്പിതമായ സ്വസ്ഥശയനത്തിൽനിന്ന് അദ്ദേഹം എഴുന്നേറ്റു മന്ത്രസഭയെ പ്രകാശിപ്പിച്ചുതുടങ്ങി. നെടുങ്കോട്ടമർദ്ദനത്തിനുള്ള സേനാപ്രസ്ഥാനവും ഇതിനിടയിലുള്ള ദോഷസംരംഭങ്ങൾക്കിടയിൽ കഴിഞ്ഞു. അജിതസിംഹപ്രഭൃതികൾ ആ പ്രാകാരത്തിലെ ഓരോ ഖണ്ഡത്തിന്റെ നിരോധനത്തിനു നിയുക്തന്മാരായി പീരങ്കികൾ, അശ്വങ്ങൾ, ഒട്ടകങ്ങൾ എന്നീ ഖണ്ഡങ്ങളിലെ ഭൂരിഭാഗവും തിരുവിതാംകൂറിന്റെ ഉത്തരപരിധിയിലെ ഗൃഹങ്ങളിലും ശാഡ്വലങ്ങളിലും അഷ്ടിഗ്രാസാശനം തുടങ്ങി. പ്രധാന സേനാസങ്കേതമായുള്ള മഹാദേവാരാമം അമരാവതീപരിസരമായ നന്ദനത്തിനു തുല്യം ഒരു പ്രശാന്തവാടിയായിത്തീർന്നു.
ഒരു അസ്തമയസന്ധ്യാകാലത്ത് സാവിത്രി മഹാദേവക്ഷേത്രത്തിന്റെ പ്രാകാരത്തിനു ബഹിസ്തടത്തിൽ പ്രദക്ഷിണംവയ്പാൻ പുറപ്പെട്ടു. ആ ഉന്നതഭൂമിയിലെ മൃദുവാതവും പ്രകൃതിയുടെ മഹദ്വിഭവവും അവളുടെ ഹൃദയത്തെ ഭഗവന്മഹിമയെക്കുറിച്ചുള്ള ഉത്കൃഷ്ടചിന്തകളിൽ ലയിപ്പിച്ചു. ഈ ധ്യാനത്തോടെ സഞ്ചരിക്കുന്നതിനിടയിൽ ഒരു ഭാസ്വൽകരം സ്വഹസ്തഗ്രഹനത്തെ വാഞ്‌ഛിച്ച് മാർഗ്ഗനിരോധനത്തിന് ഉദ്യുക്തമാകുന്നതു കണ്ടു. കനകപ്രകാശത്തെ പ്രസരിപ്പിച്ച ഒരു യുവകളേബരം ജാനുക്കളിന്മേൽ നമസ്കരിച്ച് ഇതരഹസ്തത്തെ നെഞ്ചോടുചേർത്തുകൊണ്ടു നർത്തകധാടിയോടെ പ്രണയവൈവശ്യത്തെ അഭിനയിച്ചു. കീചകൻ സൈരന്ധ്രിയോടെന്നപോലെ തന്റെ അഭിലാഷസിദ്ധിയെയും പ്രാർത്ഥിച്ചു. സൗന്ദര്യവൈശിഷ്ട്യത്താൽ ഹതവിവേകനായിത്തീർന്നിട്ടുള്ള ഫ്ട്ടിഹൈദരുടെ ഗോഷ്ടി കണ്ട് സാവിത്രി, ഹരിണചേഷ്ടയോടല്ല, ഹരികിശോരികയുടെ സമുജ്ജ്വലരൗദ്രതയോടെ നിലകൊണ്ടു. "അച്ഛന്റെ പ്രതിജ്ഞയെ രക്ഷിക്കാത്ത പുത്രൻ ആരാൽ ശപിക്കപ്പെടുമെന്ന് രാജകുമാരൻ അറിയുന്നോ?" എന്നുള്ള ചോദ്യത്തിനു "ഭവതിയുടെ ഭാര്യാസ്ഥാനസ്വീകാരത്താൽ അനുഗൃഹീതനാവാനത്രേ ഈ വിനീതൻ പ്രാർത്ഥിക്കുന്നത്" എന്നു രാജകുമാരൻ മറുപടി പറഞ്ഞു.
സാവിത്രി: "അച്ഛന്റെ തിരുമുമ്പിൽ ഇക്ഷണം ഈ അക്രമത്തെ ഞാൻ ധരിപ്പിക്കും."
ഫ്ട്ടിഹൈദർ: "കന്യകാദാനാർത്ഥിയായി ഞാൻ അച്ഛന്റെ പാദങ്ങളിൽ നമിക്കും. മൈസൂർരാജ്യത്തിനു ഭാവിയിൽ ഒരു പട്ടമഹിഷി വേണ്ടെന്ന് അച്ഛൻ വിധിക്കുന്നു എങ്കിൽ ഞാൻ ഫക്കീർ ആയിക്കൊള്ളാം." [ 388 ]
സാവിത്രി: "അങ്ങേ സഹോദരിയാക്കി സുൽത്താൻ തിരുമനസ്സുകൊണ്ട് എന്നെ ഇവിടെ പാർപ്പിച്ചിരിക്കുന്നു."
ഫ്ട്ടിഫൈദർ: "ഹോഹോ! എന്തു ശുചിത്വം! മനുഷ്യരെല്ലാം സഹോദര സഹോദരികൾ! എന്നല്ലാ, കല്പനകളിൽ ലിംഗഭേദം എന്ന ഉപാധി എന്നുമുതൽ? നമ്മുടെ മഹിഷീസ്ഥാനം നിങ്ങടെ രാജ്യത്തിന്റെ രാജ്ഞിത്വമാണെന്നുകൂടി അറിയുക."
സാവിത്രി: "ആ സ്ഥാനം ആഗ്രഹിപ്പാൻ എനിക്കവകാശമില്ല. ഞാൻ മറ്റൊരുവന്റെ കളത്രമായി ഹൃദയത്താൽ അർപ്പിക്കപ്പെട്ടുപോയി."
ഫ്ട്ടിഹൈദർ: "ഛട്ട് ടിപ്പുസുൽത്താൻ ബഹദൂറിന്റെ പുത്രൻ വിവാഹത്തിന് അപേഷിക്കുമ്പോൾ മത്സരക്കാരനായി ഒരന്യന്റെ പേർ പറയുന്നതു ദുര!"
സാവിത്രി: "അല്ല. അന്യനെന്നു പറഞ്ഞാൽ പോരാ, നിബികാലം മുതൽ മഹത്ത്വംകൊണ്ട് ഉന്നതസ്ഥാനമാർന്ന ഒരു കുടുംബത്തിലെ അംഗമാണ്. ഒരു പ്രസിദ്ധന്റെ രണ്ടാം തലമുറക്കാരൻ മാത്രമല്ല."
ഫ്ട്ടിഹൈദർ: "എന്തു പറയുന്നു? രാജസന്താനങ്ങളുടെ തലമുറ കണക്കാക്കുന്നതു മറുതലയാണ്. തല പോക്കിക്കുന്ന രാജദ്രോഹം!"
സാവിത്രി: (പുഞ്ചിരിയോട്) "ഞാൻ രാജദ്രോഹത്തിനു ശിക്ഷിക്കപ്പെട്ട ഒരു വംശത്തിലെ അവശിഷ്ടസന്താനമാണ്."
ഫ്ട്ടിഹൈദരുടെ കഠാര അതിന്റെ ഉറയിൽനിന്നു പുറത്തായി. അതു കണ്ടു പല്ലുകൾ കാട്ടിത്തന്നെ ചിരിച്ചുതുടങ്ങിയ സാവിത്രിയുടെ മുഷ്ടിയിൽ അതിലും ഭയങ്കരതരമായുള്ള ഒരു കഠാര ആ സന്ധ്യാസമയത്തും ഒരു വജ്രശലാക എന്നപോലെ തിളങ്ങി.
ഫ്ട്ടിഹൈദർ: "ആഹാ! സ്വൈരിണീ! നീ ഈ ആയുധം മോഷ്ടിച്ചതല്ലേ? അതു നിന്റെ മനോഹരാംഗുലികളെ വിരൂപമാക്കും. ദൂരത്തെറിയുക."
സാവിത്രി: "ധർമ്മനിഷ്ഠനായ മഹാപ്രഭു അജിതസിംഹരാജാവ് ഈ ആയുധം ധരിച്ചുകൊള്ളുവാൻ എന്നോടുപദേശിച്ചുതന്നതാണ്. രാജകുമാരാ, ആ 'സ്വൈരിണീ' പദം അങ്ങേ പുരുഷത്വത്തെ എത്രത്തോളം താഴ്ത്തുന്നു എന്നറിയുന്നോ? നീചമായുള്ള ഭർത്സനം ഭർത്സകനെ നീചനിലയിലാക്കും. അങ്ങ് അങ്ങേടെ വേദഗ്രന്ഥം നല്ലവണ്ണം അധ്യയനം ചെയ്യുക. അപ്പോൾ ചില സൽപാഠങ്ങൾ സിദ്ധമാകും."
രാജകുമാരൻ കഠാരയോടുകൂടി പരിഭവക്ഷോഭത്തിന്റെ ശാന്തിക്കായി പുരോഗമനം ആരംഭിച്ചു.
സാവിത്രി: "രാജകുമാരാ, ക്ഷമിച്ചു കേൾക്കുക. അങ്ങ് ആയുധവിദഗ്ദ്ധൻ. ഞാൻ സമാന്യബാലിക എന്നു ഭ്രമിച്ചു നേർക്കരുത്. എന്റെ ദത്തുമാതുലൻ വഞ്ചിരാജ്യസേനാനിയായിരുന്നു. അച്ഛന്റെ പൂർവ്വികപരമ്പരകളും ഒരു രാജകുടുംബത്തെ ആശ്രയിച്ചു തത്തുല്യസ്ഥാനങ്ങൾ വഹിച്ചിരുന്നു. എന്റെ ബാല്യവിഹാരം ആയുധക്കളരിയിൽ. ഇങ്ങോട്ടു താക്കിയാൽ അങ്ങോട്ടു കൊണ്ടുപോയേക്കും. അസ്ത്രീത്വം എന്ന് ഇതിനെ [ 389 ] പരിഹസിക്കരുത്. അങ്ങേ അമ്മയായ ബീഗംസാഹിബ് ഈ വിധമല്ലാതെ പ്രവർത്തിച്ചാൽ-"
പെട്ടെന്നുണ്ടായ ഒരു പൊട്ടിച്ചിരി ഈ ചോദ്യത്തിന്റെ പരിപൂരണത്തെ വിഘാതപ്പെടുത്തി. "യുദ്ധരംഗത്തിലേക്ക് ഈ മാത്രയിൽ!" എന്നുണ്ടായ ആജ്ഞകൾ ഫ്ട്ടിഹൈദരെ രംഗത്തിൽനിന്നു ശലഭതുല്യം പറപ്പിച്ചു. വടി ഊന്നി അതിവിഷമതയോടെ സഞ്ചാരത്തെ വീണ്ടും പരിശീലിക്കുന്നതിനിടയ്ക്ക് ആ സന്ധിയിൽ എത്തിയ ടിപ്പുസുൽത്താൻ കന്യകയുടെ സമീപത്തണഞ്ഞ് കോപലാഞ്‌ഛനം ഒന്നും കൂടാതെ, സസ്മേരം മൃദുലവചനങ്ങളാൽ ഇങ്ങനെ ഒരു സാന്ത്വനാമൃതത്തെ വർഷിച്ചു. "അപരന്റെ അക്രമത്തിൽ ഫ്ട്ടിഹൈദരുടെ മാതാവ്, മഹാൾ സാവിത്രികന്യകയുടെ വീര്യശുദ്ധിയോടെ പ്രവർത്തിച്ചില്ലെങ്കിൽ ആ ക്ഷണത്തിൽ അവളുടെ കണ്ഠം നമ്മുടെ കഠാരിയാൽ നികൃത്തമാകും. മിത്രമായ അജിതസിംഹപ്രഭു തന്ന ഈ ആയുധത്തെ നമ്മുടെ അനുഗ്രത്തോടുകൂടി ചാരിത്രത്തിന്റെ രക്ഷായുധമായി ധരിച്ചുകൊൾക." അനന്തരം സുൽത്താൻ വിനോദഭാഷണത്തിനു നില്ക്കാതെ നടന്നു.