രാമരാജാബഹദൂർ/അദ്ധ്യായം മുപ്പത്തിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മുപ്പത്തിമൂന്ന്
[ 390 ]
അദ്ധ്യായം മുപ്പത്തിമൂന്ന്

"നിവൃത്തനായാശു പുറപ്പെടുവാനായ്
സുവൃത്തവാൻ കല്പിച്ചിതു മുഹൂർത്തവും"


ഭുജപ്രതാപവാനായ ടിപ്പുവിന്റെ ജാനുക്ഷതം, പ്രതിഷ്ഠാശാസ്ത്രം അനുസരിച്ചുള്ള 'സാന്നിദ്ധ്യലോപത്വം' അദ്ദേഹത്തിനു സംഭവിപ്പിച്ചില്ല. പ്രത്യുത, ആ ശക്തിയുടെ നാരസിംഹത്വത്തെ പ്രതികാരാനുവർത്തനത്തിനു തീക്ഷ്ണതരമാക്കി. അഴിക്കോട്ടയിലെ വിജയസംഭവം തിരുവിതാംകൂറിലെ നാനാഖണ്ഡവാസികളെക്കൊണ്ടും മഹാരാജാവിന്റെ ഷഷ്ടിപൂർത്തിമഹത്തെ അതിശയിച്ചുള്ള ഉത്സവാഡംബരങ്ങൾകൊണ്ടാടിപ്പിച്ചു. ക്ഷേത്രങ്ങളും രാജ്യകാര്യാലയങ്ങളും സമരത്തോടു ശ്രോത്രബന്ധം മാത്രമുള്ള ഭാഗ്യവാന്മാരെയും ദീർഘബാഹുക്കളായ നിർല്ലജ്ജന്മാരെയും അന്നവസ്ത്രധനദാനംകൊണ്ടു പരിതുഷ്ടരാക്കി. വായുഭഗവാൻതന്നെ സംഗീതത്തിന്റെ നാദവാഹിയായി പ്രവർത്തിക്കുന്നതുപോലെ ജനതാശിരസ്സുകൾ 'അഹഹ'ഭാവത്തെ സപ്രസന്നം കൈക്കൊണ്ടു.

മാസം രണ്ടു കഴിഞ്ഞു. സന്തോഷങ്ങൾ ആകാശവിസ്തൃതിയിൽ അന്തർദ്ധാനം ചെയ്തു. പംഗുപാദനായ സുൽത്താൻതന്നെ തൃക്കയ്യാൽ മൺവെട്ടി ചാർത്തി, അയ്യപ്പൻമാർത്താണ്ഡപ്പിള്ളദളവയാൽ നിർമ്മിക്കപ്പെട്ട നെടുങ്കോട്ടയുടെ ധ്വംസനം ആരംഭിച്ചു. രാജ്യജീവിതത്തിലും വിധികല്പിതമായുള്ള നിമ്നോന്നതഭേദങ്ങൾ ഉണ്ടെന്നറിഞ്ഞ തിരുവിതാംകൂർഭരണക്കാരും ഭരണീയജനങ്ങളും ആലംബകേന്ദ്രം ഗിരിതടങ്ങൾതന്നെ എന്നു ചിന്തിച്ചുതുടങ്ങി. മാസം ഒന്നുരണ്ടു കഴിഞ്ഞപ്പോൾ, കോട്ട തകർന്ന് ടിപ്പുവിന്റെ വ്യാഘ്രനിര ആലങ്ങാട്, പറവൂർ എന്നീ സ്ഥലങ്ങളിൽ വ്യാപരിച്ചു. അവിടങ്ങളിലെ ക്ഷേത്രങ്ങളും ഗൃഹങ്ങളും ഗോശാലകളും ടിപ്പുവിന്റെ കോപാഗ്നിക്കും സൈന്യത്തിന്റെ ഉദരാഗ്നിക്കും അക്ഷൗഹിണീനിചയങ്ങളിലെ ചൗര്യവിദഗ്ദ്ധന്മാരുടെ ധനാഗ്രഹാഗ്നിക്കും ഭക്ഷ്യങ്ങളായി. കൊട്ടാരംമുതൽ പുലമാടംവരെയുള്ള വസതികളിൽ ഭയതിമിരം വ്യാപരിച്ചു. രാജ്യം സ്തബ്ധശബ്ദമായി; സഹോദരസഹോദരിമാർ, [ 391 ] ഭാഗിനേയഭാഗിനേയകൾ ഒന്നുചേർന്നു വനപ്രവാസത്തിനു ഭാണ്ഡങ്ങൾ മുറുക്കി. രത്നങ്ങളും ലോഹരൂപത്തിലുള്ള സമ്പത്തുകളും ജലകൂപങ്ങളിലും മലകൂപങ്ങളിലും നിക്ഷിപ്തങ്ങളായി. പലരും ഗിരിഗഹനരക്ഷയെത്തന്നെ ആശ്രയിച്ചു. ടിപ്പു ആക്രമിച്ചിട്ടുള്ള പ്രദേശങ്ങൾക്കു തെക്കോട്ടു നീങ്ങി, ജലതലസ്ഥലങ്ങളിൽ ഒരു നവപ്രാകാരത്തെയും പ്രതിരോധസജ്ജകളെയും ദിവാൻജി ഉറപ്പിക്കുന്നു എന്ന വാർത്ത, ജനങ്ങളിൽ ശൈഥില്യോന്മുഖങ്ങളായിത്തീർന്ന ആശാപുച്ഛങ്ങളെ വീണ്ടും ഒരുവിധം സജീവങ്ങളാക്കി. കുര്യാപ്പള്ളി, കൊടുങ്ങല്ലൂർ, മുനമ്പം എന്നീ സ്ഥലങ്ങളിലെ കോട്ടകളും ടിപ്പുവിന് അധീനങ്ങളായി. സമീപപ്രദേശങ്ങളിൽ പാളയം അടിച്ചിട്ടുള്ള ഇംഗ്ലീഷ് സൈന്യങ്ങളുടെ സഹായം തിരുവിതാംകൂറിനു ലബ്ധമാകുന്നില്ല. മദിരാശിയിലെ ഗവർണരായ ഹാളന്റ് സായ്പ് മഹാരാജാവിന്റെ സഹായാപേക്ഷകളെയും മറ്റും സൗജന്യവിഹീനമായുള്ള മറുവടികളാൽ അനാദരിച്ചുകളയുന്നു.

തിരുമനസ്സുകൊണ്ട് ദശമുഖന്റെ വിമാനദർശനത്തിൽ ക്ഷീണനായ ദശരഥന്റെ അവസ്ഥയെത്തന്നെ പ്രാപിച്ചു. വ്യായാമസഞ്ചാരങ്ങളും വിനോദരസാനുഭവങ്ങളും ഭക്ഷണനിദ്രാദികളും തുലോം കുറയുകയും നാമമാത്രങ്ങളാവുകയും ചെയ്തു. ആ രാജർഷിയുടെ നേത്രങ്ങൾ കലുഷങ്ങളായി അശ്രുസേചിതമെന്നപോലെ നിതാന്തം തിളങ്ങി. തന്നാൽ ധൃതമായുള്ള ധർമ്മകവചവും രക്ഷാശക്തമാകുന്നില്ലല്ലോ എന്ന് അവിടുന്നു വിഷാദിച്ചു. മൃതന്മാരായ സേനാംഗങ്ങളുടെ അനന്തരഗാമികളെ രക്ഷിക്കേണ്ട കാര്യത്തിൽ വ്യാപൃതചിത്തനായി സർവദാ ശ്രീപത്മനാഭധ്യാനത്തിൽ ലീനചിത്തനായി രാജകലാപ്രകാശം ധൂസരമായി ആകർഷകചര്യയുടെ ഗാഢാനുഷ്ഠകനായി ആപന്നിവർത്തനത്തിനുള്ള മാർഗ്ഗത്തെക്കുറിച്ചു ചിന്താരതനായി, അനവരതക്ലേശത്താൽ ശുഷ്കിതശരീരനായി രാജ്യകുടുംബത്തിന്റെ ഭാരവാഹിത്വത്താൽ താന്തനായിത്തീർന്നിരിക്കുന്ന അവിടന്നർ പള്ളിയറയിൽ ബന്ധനസ്ഥനെന്നപോലെ സ്വമഞ്ചത്തെ വലംവച്ചുഴലുന്നു. കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ പള്ളിയറയിലെ ഒരു മൂലയിൽ ജടിലകേശത്തെ പറപ്പിച്ചും തുല്യാവസ്ഥയിലുള്ള വട്ടത്താടിയുടെ മധ്യത്തെ ഹസ്തത്താൽ ആച്ഛാദിച്ചും രാജ്യത്തിന്റെ സൂക്ഷ്മമായ ജന്മപത്രികാലിഖിതാവിന്റെ ഗാംഭീര്യത്തോടെ നില്ക്കുന്നു. പരമാനുഗ്രഹശക്തിയെ ധരിക്കുന്നുണ്ടെങ്കിലും നിർവൃതിദായകങ്ങളായ വാചികങ്ങളെ ഉച്ചരിക്കാത്ത പ്രതിഷ്ഠാബിംബമെന്നവണ്ണം മഹാരാജാവിന്റെ അരുളപ്പാടുകൾക്കു മൗനം അവലംബിച്ച് സമസ്തചുമതലകൾക്കും തൃപ്പാദത്തിൽ ഉത്തരവാദിയായുള്ള ദിവാൻജി മുഖം കാണിപ്പാൻ വരുന്നു എന്നു കേൾക്കുന്ന സ്ഥിതിക്കു താൻ എന്തറിയിക്കുന്നു എന്നുള്ള ഭാവത്തിൽത്തന്നെ, വർഷാരംഭലക്ഷണങ്ങളെ നോക്കി, കാര്യക്കാർ ചില മനക്കണക്കുകൾ ചെയ്യുന്നു.

മഹാരാജാവ്: "ആ സാവിത്രി എവിടെയുണ്ടെന്നു കണ്ട നിന്റെ കണ്ണ് ഇപ്പോൾ എങ്ങോട്ടുപോയി?" (കാര്യക്കാർ വടക്കേ ജാലകത്തിൽക്കൂടി [ 392 ] പുറത്തോട്ടു തലയിട്ട് ആകാശസ്ഥിതിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി). "ആലങ്ങാടും പറവൂരും നശിച്ചു നമുക്കു നഷ്ടമായല്ലോ!"

കാര്യക്കാർ: "അടിയൻ. ഒടുവിൽ കുരുത്തത് ആദ്യം കൊഴിഞ്ഞു."

മഹാരാജാവ്: "അപ്പോൾ ആദ്യത്തേത് വഴിയെ പൊയ്ക്കൊള്ളുമെന്നോ?"

കാര്യക്കാർ: "ഒന്നുരണ്ടിൽ ഉണ്ടായി, ഏഴെട്ടിൽ കൊഴിയുന്നത് ഉടനെ കുരുത്താണ് അടിയൻ കണ്ടിട്ടുള്ളത്."

മഹാരാജാവ്: "അങ്ങനെ കുരുപ്പു തികഞ്ഞവരല്ലേ അങ്ങോട്ടു പോയിരുന്നത്?"

കാര്യക്കാർ: "മമ്മട്ടി ഏന്തികളാണവര്, സാപ്പാടു പഴഞ്ചോറും വാഴത്തടയും. മറുതലയെക്കാൾ സംഖ്യയും ചെറുത്. അവിടം നിലംപേണി ഖജനാ നിറയ്ക്കാൻ വർഗ്ഗമൊന്ന്; പടനിരക്കാൻ വർഗ്ഗം വേറെയും. തീറ്റയോ വിദുരഗുരു പറഞ്ഞിട്ടുള്ളതുതന്നെ. കടൽക്കപ്പുറത്തുനിന്ന് ഒരു രാക്ഷസബലവുംകൂടെ ഉണ്ട്. മറ്റു കോട്ടയൊന്നും കെട്ടാതെ അവരുടെ പണമെല്ലാം പരിഷ്കാരത്തിലുള്ള ആയുധങ്ങൾ സമ്പാദിപ്പാൻ ഉപയോഗിക്കുന്നു."

മഹാരാജാവു തിരിഞ്ഞ് ഒരു പ്രദക്ഷിണംകൂടി വച്ചിട്ടു വീണ്ടും കാര്യക്കാരെ നോക്കി ഇങ്ങനെ അരുളിച്ചെയ്തു: "ആ ഇംഗ്ലീഷുപട്ടാളങ്ങൾ അടുത്തുകിടന്നിട്ടും സഹായിക്കുന്നില്ലല്ലോ."

കാര്യക്കാർ: "അത്രയും ലാഭം. ശ്രീപത്മനാഭൻ തനിച്ചു രക്ഷിച്ചു ജയിപ്പിക്കണം."

മഹാരാജാവ്: "ആ ദുരഹങ്കാരി ഇങ്ങോട്ടു നീങ്ങുന്നല്ലോ!"

കാര്യക്കാർ: "ഗ്രഹങ്ങൾ രാശിമാറിച്ചരിക്കും തിരുമേനീ."

മഹാരാജാവ്: "ചിലപ്പോൾ ഗ്രഹണങ്ങളുമുണ്ടാകും."

കാര്യക്കാർ: "അതു ക്ഷണനേരമാത്രകം."

മാഹാരാജാവ്: "ഭ്രാന്താ! ക്ഷേത്രങ്ങൾ നശിക്കുന്നല്ലോ?"

കാര്യക്കാർ: "അവനോന്റെ കുപ്പപ്പാടു രക്ഷിപ്പാൻ ശക്തിയില്ലാത്ത ദേവന്മാർ സ്വർഗ്ഗത്തു പാർക്കുകയാണു സുഖം."

മഹാരാജാവ്: "കലികാലത്തു പാഷണ്ഡന്മാർ വർദ്ധിക്കും."

കാര്യക്കാർ: "കാമക്രോധങ്ങളെ സൃഷ്ടിച്ച ആൾ വരുംഫലം അറിയേണ്ടതായിരുന്നു."

മഹാരാജാവ്: "നീ എന്തോ പുലമ്പുന്നു. ഭ്രാന്തൻ!"

കാര്യക്കാർ: "അടിയൻ ഒരു അപൂർണ്ണസൃഷ്ടി. തൃപ്പാദം ശരിയായി സേവിപ്പാനുള്ള ചില അംശങ്ങൾ ചേർപ്പാൻ അവിടത്തേക്കു മറവിയായിപ്പോയി."

കോപാരംഭതരംഗതയാൽ മഹാരാജാവിന്റെ വൈഷ്ണവപ്രശാന്തത വാതഘർഷിതമായ ശുഭ്രമേഘമെന്നപോലെ നീങ്ങിത്തുടങ്ങി. എന്തോ ഒരു ചിന്തയിൽ ഏകാഗ്രമാക്കപ്പെട്ടിരുന്ന കാര്യക്കാരുടെ ബുദ്ധിയിൽ ഒരു അംശം, വിനോദപ്രകടനംകൊണ്ടു മഹാരാജാവിനെ [ 393 ] ലഘുമനസ്കനാക്കാൻ ചെയ്ത യത്നം നിഷ്ഫലമായത് ആ സമഗ്രധീമാൻ ഗ്രഹിച്ചില്ല. തന്റെ സ്ഥാനത്തെയും പ്രായത്തെയും തൽക്കാലസ്ഥിതിയെയും പ്രമാണിക്കാതുള്ള ബീഭത്സഭാഷണത്തെ ശാസിപ്പാൻ മഹാരാജാവ് ആലോചിച്ചതിൽ 'ശ്ശേ!' എന്ന ആക്രോശം മാത്രം ഗളിതമായതും കാര്യക്കാരുടെ കർണ്ണചഷകത്തിൽ പതിച്ചില്ല. അദ്ദേഹം മിണ്ടാതെ നിൽക്കുന്നതു കണ്ട് മഹാരാജാവിന്റെ കോപം വർദ്ധിച്ചു. ആ തരുചർമ്മന്റെ മർമ്മാംശം ദിവാൻജിയോടുള്ള സ്നേഹപുടം ആണെന്നു ഗ്രഹിച്ചിരുന്ന മഹാരാജാവ് സ്വമന്ത്രിയുടെ അപ്രാഗല്ഭ്യംകൊണ്ടു സകല പരാജയവും ഉണ്ടായി എന്നു ഭർത്സിച്ചുതുടങ്ങി. ആകാശം പൊടുന്നനവെ ശൂന്യപ്രഭമായി. അരനിമിഷനേരത്തെ താമസംപോലുമില്ലാതെ ഒരു വന്മാരിയും ആരംഭിച്ചു. കാര്യക്കാർ നിലം നോക്കി ദത്തകർണ്ണനായി.

മഹാരാജാവ്: "അവൻ തൊട്ടതുകൊണ്ടാണ് ഈ അപകടമെല്ലാം വന്നത്."

കാര്യക്കാർ: "പരമ്പുകോട്ട തകർത്ത് അങ്ങു ചാടിക്കടക്കാനുള്ള പണിയല്ല ഇപ്പോഴത്തേത്. ശത്രു ദേവനാരായണൻതിരുമേനിയുമല്ല."

മഹാരാജാവ്: "ജാലം പ്രയോഗിച്ചും ജയം നേടണം. തിരിഞ്ഞോടിയത് ആരുടെ വീഴ്ച?"

കാര്യക്കാർ: "കരളറുത്തുവയ്ക്കുന്നവരുടെ ഗതി ഇങ്ങനെതന്നെ."

മഹാരാജാവ്: "അതു കളവാൻ ഒരുമ്പെട്ടാൽ ടിപ്പു ഒരടി മുന്നോട്ടു നീങ്ങുകയില്ലായിരുന്നു. ചിലവുകൊണ്ടു രാജ്യം മുടിഞ്ഞു; സാധുക്കൾ ചത്തൊടുങ്ങി. തിരിയുന്ന വഴിയെല്ലാം നാശം!"

കാര്യക്കാർ: "ഇങ്ങനെ കല്പിക്കരുത്. ഊട്ടിവളർത്തി പഠിപ്പിച്ച ശിഷ്യനെ ശപിക്കരുത്. അദ്ദേഹത്തിന്റെ നെഞ്ചുരുകുന്നത് ആരറിയുന്നു!"

മഹാരാജാവ്: "അതെയതേ! നെഞ്ചുരുകുന്നത് ആരുടേത്? ഒന്നും പറയണ്ട. കരുത്തരില്ലാഞ്ഞു കരയേണ്ടിവരുന്നു. ദോഷി പട നടത്തിയാൽ-"

കാര്യക്കാരുടെ മനക്ഷാന്തി നഷ്ടമായി. "കൊടുത്തത് ഒരു ഒടിയുന്ന വാളാണ്; വൈഷ്ണവധനുസ്സല്ല. ധരിപ്പിച്ചത് ഒരു വെള്ളപ്പഞ്ഞിക്കവണി; ബ്രഹ്മകൂർപ്പാസമല്ല." ഇങ്ങനെ പറഞ്ഞുംകൊണ്ട് ആ മാന്ത്രികൻ നിവർന്നുനിന്ന് ആ രാജമന്ദിരത്തെ അനുഗ്രഹിച്ച് എന്തോ മന്ത്രിച്ച് നെഞ്ഞത്തു ചേർത്തുള്ള ബദ്ധാഞ്ജലിയോടെ നടകൊണ്ടു. വന്മഴ നനഞ്ഞുതുടങ്ങിയ ദാസനെ ജാലകത്തിൽക്കൂടി നോക്കി മഹാരാജാവു വിളിച്ചിട്ടും സേവകപ്രധാനനെ നിയോഗിച്ചിട്ടും കാര്യക്കാരുടെ അണുമാത്രമാകട്ടെ ഛായയാകട്ടെ ആർക്കും കാണ്മാൻ കഴിഞ്ഞില്ല. സ്വമിത്രശ്രമങ്ങളെ വിജയകരമാക്കാൻ ആ സിദ്ധൻ ധൃതവല്ക്കലനായി സമീപസ്ഥങ്ങളായ ചിത്രകൂടങ്ങളെ അതിക്രമിച്ചു.

ദിവസം ഏഴെട്ടു കഴിഞ്ഞു. സൂര്യപ്രകാശം വർഷകാലമേഘങ്ങളുടെ വ്യാപൃതിക്കിടയിൽ മറഞ്ഞു. ഗോപാലബാലനോടു മത്സരിച്ചു [ 394 ] ച്യുതാഹങ്കാരനായ ദേവേന്ദ്രൻ അവിടത്തെ കല്പനാനുസാരമെന്നപോലെ സ്വവാഹനങ്ങളെ ധ്വംസിച്ചു ചൊരിയുന്ന വർഷധാരകൾ സമസ്തജീവനിചയങ്ങളെയും അവരവരുടെ വിവിധ ചര്യകളിൽനിന്നും വിരമിപ്പിക്കുന്നു. കുലിശവലയങ്ങളുടെ ദ്രുതതരത്രസനങ്ങൾ അഗ്നിപ്രഭയോടുകൂടിയ സർപ്പകായങ്ങളെ ആകാശവീഥിയിൽ പ്രചലിപ്പിച്ചു സൃഷ്ടിവിധാനങ്ങളെ ഭസ്മീകരിക്കുന്നു. ജീമൂതനിരകളുടെ അനുസ്യൂതസംഘട്ടനങ്ങൾ ഭൂബന്ധത്തെ ഭിന്നമാക്കുംവണ്ണം അശ്രാന്തസംരംഭത്തോടെ മുഴങ്ങുന്നു. ഇന്ദ്രസചിവന്മാരുടെ ജലപ്രവർഷവും ഇന്ദ്രഖഡ്ഗങ്ങളുടെ പ്രചലനവും മേഘഡിണ്ഡിമങ്ങളുടെ കടുതരപ്രയോഗവും അക്ഷീണം നിർവഹിതമാകുന്നതിനിടയിൽ ശനിപീഡാപരിഹാരിയായ വിഷ്ണുശങ്കരശക്തികളുടെ സംയോജനമൂർത്തി എന്നപോലെ ഒരു സത്വം വാതഭയങ്കരതയെയും വർഷകാഠിന്യത്തെയും വിദ്യുന്നിപാതങ്ങളാലുണ്ടാകുന്ന ചരാചരഹതികളെയും കൂസാതെ ഗിരിപരമ്പരാരോഹം ചെയ്യുന്നു.

യുവജാംബവാന്റെ ആകാരശിഷ്ടത്തിൽ മനുഷ്യമുഖം സംഘടിച്ചുള്ള ഈ സ്വരൂപം ഒരു വമ്പിച്ച ഭാണ്ഡവും ചില ദണ്ഡനങ്ങളും ഒരു ഖഡ്ഗവും പേറി മനുഷ്യസമുദായത്തോടു വിദ്വേഷവാനായിത്തീർന്ന് സ്വകായത്തെ ഗിരിതടഗൃധ്രങ്ങൾക്കു ഭക്ഷ്യമാക്കാൻ പ്രതിജ്ഞചെയ്തവനെന്നപോലെ വലതും ഇടതും നോക്കാതെ, പാണ്ടസൈന്യം പാളയമടിച്ചിരുന്ന മഹാവനത്തെയും കടന്ന് കിഴക്കുവടക്കു തിരിഞ്ഞു മേല്പോട്ടു കയറുന്നു. വ്യാഘ്രശാർദൂലപരിസേവിതങ്ങളായ വനതലങ്ങളെ പൂങ്കാവുകളെന്നപോലെ ഹർഷത്തോടെ തരണംചെയ്യുന്നു. മുൾച്ചെടികളെ മൃണാളങ്ങളെന്നപോലെ ഭേദിച്ച് അവയ്ക്കിടയിൽ അവഗാഹനം ചെയ്ത് ജീവാവസാനം നേരിട്ടവണ്ണം അപ്രത്യക്ഷനായി ഒട്ടുകഴിയുമ്പോൾ വിവിക്തതലമായ ഒരു ഗിരിമകുടത്തിൽ ലോകവിജയിക്കു തുല്യം നിലകൊണ്ട് ദിക്ചക്രസൗന്ദര്യവിഭൂതിയെ മിഷ്ടാശനംചെയ്യുന്നു. ലോഹസൃഷ്ടകായനെന്നവണ്ണം വിടപീശാഖകളുടെ ജടിലതകളെ ഭേദിച്ച് വ്യാഘ്രിയുടെ സൂതികാഗൃഹസ്വാസ്ഥ്യത്തെയും ഭഞ്ജിച്ച് മൃത്യുജേതാവിനെപ്പോലെ ആ ധന്യയുടെ സന്താനശുശ്രൂഷണത്തെക്കണ്ടു സന്തുഷ്ടനായിട്ട് തരുനിബിഡച്ഛന്നമായ ഒരു അഗാധപ്രദേശത്തിലോട്ടു കല്പസേവിയുടെ അക്ഷീണതയോടെ പ്രവേശം ചെയ്യുന്നു. ഗജസംഹതിയുടെ സഞ്ചാരങ്ങൾ, ശശകിശോരങ്ങളുടെ വിഹാരങ്ങളെന്നവണ്ണം ആ ബലികർമ്മോദ്യുക്തന്റെ ഹൃദയത്തെ വിനോദിപ്പിക്കുന്നു. ആ നികുഞ്ജസങ്കേതത്തെ ഭേദിച്ചൊഴുകുന്ന കുല്യാതീരത്തിൽ വിശ്രമിച്ചു ഫലകന്ദങ്ങൾ സമ്പാദിച്ച് ഉദരപൂരണം സാധിച്ചും ജ്വരവിഷസമ്മിശ്രമായ ജലത്തെക്കൊണ്ടു ദാഹശങ്കതീർത്തും, ഹസ്തപ്രക്ഷാളനം കഴിച്ചും, ആ മഹാപ്രസ്ഥാനത്തെ തുടരുന്നു.

ഏതാനും നാഴിക നടന്നപ്പോൾ, മാർഗ്ഗവിലംഘിയായിക്കണ്ട തൂക്കായുള്ള ഒരു മഹാഗിരിയെ വാനരപ്രാഗല്ഭ്യത്തോടെ തരുമൂലപരമ്പരകൾ ഗ്രഹിച്ച് അധിരോഹണം ചെയ്ത് അതിന്റെ സാനുപ്രദേശത്തെത്തുന്നു. [ 395 ] ഗിരിമൂർദ്ധാവിൽ നാമമാത്രമായി സംഘടിച്ചുനിന്നിരുന്ന ഒരു ശിലാപീഠത്തിന്മേൽ അധിഷ്ഠിതനായിരുന്ന ഒരു വ്യാഘ്രം മനുഷ്യദർശനത്തിൽ വാൽചുറ്റി എഴുന്നേറ്റ് കുതിച്ചുചാടിയപ്പോൾ ബൃഹത്തായ ആ ഉപലഖണ്ഡം ദുഃസ്ഥിതമായി, ബ്രഹ്മാണ്ഡാരവത്തോടെ തടാകസാനുവിൽ പതിച്ച് മേഘധ്വനികളോടെ കീഴ്പ്പെട്ടുരുണ്ട് ഗിരിപ്രതിരോധങ്ങളിൽ പ്രതിധ്വനിക്കെ, നിരവധി തരുനിരകളെയും ജീവിതതികളുടെയും ഹതിചേർത്തു. മൃഗങ്ങളുടെ രൂക്ഷാട്ടഹാസങ്ങൾ സ്വസന്താനങ്ങളുടെ വാത്സല്യോദ്ഘോഷണങ്ങളെന്നു പരിഗണിച്ച് അടുത്ത വനവേദിയിലോട്ട് അവരോഹണം ചെയ്തപ്പോൾ അതുവരെ കോപപ്രകടനം ചെയ്തലറിക്കൊണ്ടിരുന്നതിനെക്കാൾ ശക്തിയേറിയ ഒരു ചക്രവാതം ആരംഭിച്ചു. ജഗൽപ്രാണഭഗവാന്റെ ആ മുഷ്കരപ്രഭാവത്താൽ ഉദ്ധൂതമാക്കപ്പെട്ട വടവൃക്ഷങ്ങൾ തെരുതെരെ നിലംപതിച്ച് നമ്മുടെ പഥികന്റെ സ്വച്ഛന്ദപ്രയാണത്തെ പ്രതിബന്ധിച്ചു. വൃക്ഷനിപാതാരവങ്ങൾ മൃഗസമൂഹങ്ങളെ അവരവരുടെ ഗുഹവിലതരുകോടരാദിഗൃഹങ്ങളിൽനിന്നും ഇളക്കി ദിശാന്തരങ്ങളിലോട്ടു പായിക്കയും ചെയ്തു. ഈ വൃദ്ധതരുപ്രപാതങ്ങളെ ഒഴിഞ്ഞു സാവധാനഗമനം ചെയ്യുന്നതിനിടയിൽ, തന്റെ ബലിഷ്ഠതയ്ക്കുള്ള അഭിവാദനകർമ്മങ്ങളെന്നപോലെ മാത്രം കടാക്ഷദാനങ്ങളാൽ ആ പ്രണാമങ്ങളെ അദ്ദേഹം പ്രത്യുപചരിച്ചു യാത്ര തുടർന്ന് അടുത്ത നിശാകാലത്തെ ഒരു വൃക്ഷശിരസ്സിന്മേൽ നിദ്രകൂടാതെ കഴിച്ചുകൂട്ടി.

ഇങ്ങനെ ഗിരികളും നവജലപ്രവാഹികളായ നദികളും വൃക്ഷനിചയത്താൽ ദൃശ്യമല്ലാതുള്ള മലയിടുക്കുകളും ഘോരമൃഗസങ്കലിതമായുള്ള തടങ്ങളും അവിടവിടെവച്ചു തന്നെയും പരിസരാംബരത്തെയും ആകവചംചെയ്ത് ധൂമികാപ്രസരണങ്ങളും അക്ഷീണമായ വർഷപ്രപാതത്തിൽ തരണംചെയ്തും ഒന്നുരണ്ടു ദിവസത്തെ പ്രയാണംകൊണ്ടു 'ചന്ദ്രമണ്ഡലത്തോട് ഉരുമ്മി' സമീപവീക്ഷണത്തിനും നീലദ്യുതിയെ വിതറുന്നതായ ഒരു മഹാഗിരികൂടത്തിൽ എത്തി. സാമാന്യജനതയ്ക്കു ദുർലഭമായുള്ള ഒരു വിശ്വദർശനം, ഒരു ഗുപ്തപ്രതിജ്ഞയോടെ ഗിരിപ്രവേശംചെയ്തിരിക്കുന്ന കാര്യക്കാർക്ക് സംപ്രാപ്തമായി. മുമ്പും പിമ്പുമുള്ള ഗിരിമൂർദ്ധാവുകളുടെ അതിദീർഘതരംഗായിതങ്ങളും താൻ നിൽക്കുന്ന സ്ഥലത്തിന് കീഴ്ഭാഗത്തു വർത്തുളാകൃതിയിൽ കാണുന്ന പർവതപംക്തിയും അതിനു താഴത്തുള്ള മേഘനിരകളും അതുകളുടെ സംഘട്ടനങ്ങളിൽനിന്ന് ഉദ്ഭൂതങ്ങളാകുന്ന മിന്നൽപ്രകാശങ്ങളും വീക്ഷണത്തെ പ്രതിബന്ധിക്കുന്ന ജലധൂമയവനികയും ഇതരപാർശ്വത്തിലെ ഗിരിപരമ്പരയിലെ ഹരിതച്ഛവിയും തദനന്തരം വീക്ഷാശ്രമത്തെ ക്ഷീണിപ്പിക്കുന്നതായ കാഷായാംബരവർണ്ണത്തിലുള്ള വിസ്തൃതിയും ഈ പ്രദർശനസംയോഗത്തിലെ അഗണനീയകോടികളായ അണുക്കൾ ഓരോന്നും പ്രപഞ്ചകാരിയുടെ കല്പനാതിശയത്തെ പ്രഘോഷിക്കുന്നു. കാര്യക്കാർ ദിവംഗതനായതുപോലെ പരമാനന്ദവശനായി, ആ ദർശനമധുരിമയെ രോമകൂപസാകല്യത്താലും ആസ്വദിച്ച് പ്രാപഞ്ചികഭാരത്തിന്റെ [ 396 ] ബോധത്തിനിടയിലും സ്വർഗ്ഗനിർവൃതിയെ അനുഭവിച്ചു. തന്റെ ശ്രമഫലമായുണ്ടാകുന്ന ജീവനഷ്ടങ്ങളെയും ശാശ്വതസമാധാനത്തെയും യമിജനയോഗ്യമായുളള ആ ഏകാന്തതയിലും തുലാമാനം ചെയ്തു. സ്വരാജ്യൈശ്വര്യസംരക്ഷണത്തെ അനുഷ്ഠിപ്പാൻ അപ്പോഴത്തെ പരീക്ഷണവും ഈശ്വരനിദേശമെന്നപോലെ അദ്ദേഹത്തെ അനുശാസിക്കുകയാൽ ഗിരികൂടത്തിൽനിന്നു വർത്തുളാകൃതിയിൽ അനുബന്ധിച്ചുള്ള പർവ്വതനിരയിലോട്ടു നിശ്ചിതകർമ്മാനുഷ്ഠാനത്തിനായി പ്രവേശിച്ചു.

വീണ്ടും അവർണ്ണനീയമായുള്ള പ്രകൃതിസൗന്ദര്യമഹിമാവ്, ഭൂവാസത്തിനിടയിലും അദ്ദേഹത്തെ സ്വർഗ്ഗാനുഭൂതിമാനാക്കി. ഇന്ദ്രകാന്തസ്ഫടികത്താൽ ഒരു ദേശഖണ്ഡത്തിന്റെ വിസ്തൃതിയിൽ നിർമ്മിച്ച് ആകാശപർവ്വതങ്ങളുടെ നീലിമയെയും പുളിനസ്ഥങ്ങളായ വൃക്ഷങ്ങളുടെ മരതകപ്രകാശത്തെയും പ്രതിബിംബിക്കുന്ന മഹാതളിമംപോലുള്ള ഒരു തടാകം അദ്ദേഹത്തിന്റെ നേത്രങ്ങൾക്കു സാഫല്യം നൽകുന്നു. മലയിടുക്കുകളിലോട്ടും പല ശാഖകളിലായി തിരിഞ്ഞുള്ള ഈ സരസ്സ്, താപസോത്തംസന്മാരാൽ പരിസേവ്യമായിട്ടുള്ളതെന്നും തനിക്കു മഹാമന്ത്രോപദേശം ചെയ്തിട്ടുള്ള യമീന്ദ്രന്റെ അവസാനധ്യാനത്തിനും സമാധിക്കും സ്വീകൃതമായ തപസ്സങ്കേതമാണെന്നും കാര്യക്കാർ ഗ്രഹിച്ചിരുന്നു. അതിവിശാലമായുള്ള ജലത്തിന്റെ നീലച്ഛവി അതിദുരസ്ഥങ്ങളായി ആകാശചുംബികളായി സ്ഥിതിചെയ്യുന്ന ഗിരിനിരകളെയും നീലപട്ടാബരത്തിനു തുല്യം പ്രകാശമാനമാക്കുന്നു. ഗിരികളുടെ ആവരണത്താലുള്ള ഇന്ദ്രനീലദ്യുതി ആ മഹാസരസ്സിന് വൈഷ്ണവപ്രകാശത്തെ സന്ധാനം ചെയ്യുന്നു. കാര്യക്കാർ തരണംചെയ്ത വനതടിനികളിലെ ജലം കലങ്ങിച്ചുവന്നു പ്രവഹിച്ചുകൊണ്ടിരുന്നു എങ്കിലും ആ പ്രദേശങ്ങൾ മാരുതദേവന്റെ ചണ്ഡനൃത്തരംഗങ്ങളായിത്തന്നെ തന്നെയും അവശപ്പെടുത്തി എങ്കിലും നീലാഭ്രപ്രതിബിംബിയായും ഗിരിപ്രാകാരാവൃതമായും ഉള്ള സരസ്തടം മൃതസഞ്ജീവകവാതത്താലെന്നപോലെ സഞ്ചലിതമായി, ചെറുതരംഗങ്ങളിളക്കി സരളനടനം ചെയ്യുന്നു. പുളിനസ്ഥലികളിലെ ഗംഭീരതരുക്കൾ, ആ പ്രദേശത്തിലെ അനുസ്യൂതശീതളതയാൽ പുഷ്ടശരീരികളായി, സപ്രകാശലതകളെ വഹിക്കുന്ന ശാഖകൾ വീശി ഋഷിപംക്തികളെന്നപോലെ ആ സരസ്സിനെ വലയംചെയ്യുന്നു. തർപ്പണകർമ്മോദ്യുക്തരെന്നവണ്ണം ആ മഹാതരുക്കളിലെ നിരവധി ശാഖകൾ, സരസ്സിലോട്ടാഞ്ഞു, ജലതലത്തെ മഥനംചെയ്യുന്നു. ഈ ഹരിതപ്രാകാരത്തിന്റെ പ്രതിഫലനം, ബഹുനാഴികചതുരശ്രത്തിൽ പക്ഷേ, ആ പാതാളമായ അഗാധതയിൽ സ്ഥിതിചെയ്യുന്ന നീലദർപ്പണത്തെ ഒരു കൃഷ്ണാവരണം എന്നപോലെ രമണീയതരമാക്കുന്നു. അധിത്യകകളിൽനിന്ന് ആ സരസ്തീരത്തിലെ ശാഡ്വലങ്ങളാലും തരുലതാഭോജ്യങ്ങളാലും ആകൃഷ്ടരായി എത്തുന്ന ഗജകുലങ്ങൾ, വൃക്ഷകായങ്ങളിൽ സ്കന്ധങ്ങളുരച്ച് അതുകളെ ചാഞ്ചാടിക്കുന്നതും കൊമ്പുകളെ വലിച്ചൊടിച്ചു പാദങ്ങളിന്മേൽ തച്ചു പാകമാക്കിക്കൊണ്ടു സ്വൈര്യഭുക്തി കഴിക്കുന്നതും [ 397 ] കൂട്ടത്തിലെ യുവമദക്കാർ തമ്മിൽ വിഹാരമത്സരത്തിൽ ഇടഞ്ഞ്, ഒരു ചെറുകൊമ്പൻ ജലഗർഭത്തിൽ പതിച്ചു താണുപോകുമ്പോൾ സംഘത്തിൽനിന്നുണ്ടാകുന്ന ഭയങ്കരക്രന്ദങ്ങളും കണ്ട് ആ വനതലത്തിലും ഗൃഹപ്രാരബ്ധങ്ങൾ അനുവർത്തിതമാകുന്നു എന്നു കാര്യക്കാർ പുഞ്ചിരികൊള്ളുന്നു. ഇങ്ങനെയുള്ള ദുസ്സംഭവംകൂടാതെ പല ഗജകൂടുംബങ്ങളും പ്രാന്തങ്ങളിലെ പല ഭാഗങ്ങളിലും കാണ്മാനുണ്ട്. വ്യാഘ്രങ്ങളുടെ ചർമ്മകനകതയും ചെമ്പുലികരിമ്പുലികളുടെ ആകാരഭീഷണതകളും സരസ്തീരാടവിയിലെ പല ഭാഗങ്ങളിലും വർണ്ണവിപര്യയങ്ങളാൽ സ്ഫുടദർശിതങ്ങളാകുന്നു. മലഞ്ചരിവുകളിലെ തൃണാസ്തരിതപ്രദേശങ്ങളിൽ മാൻകൂട്ടങ്ങൾ കളിയാടുന്നതും ആ ഭൂഭൂഷാപ്രദർശനത്തെ രമണീയതരമാക്കുന്നു. ചെമ്പരുത്തിപ്രഭയെ പ്രദ്യോതിപ്പിക്കുന്ന മകുടങ്ങളോടുകൂടിയ പെരുമ്പാമ്പുകൾ മൃതതരുശിഷ്ടങ്ങളെ വലയംചെയ്ത് ആഹാരഗ്രസനാർത്ഥം അഫണശിരസ്സുകളെ നീട്ടി ചലിപ്പിക്കുന്ന ഭീഷണതയും, ലോകസഹജമായുള്ള സുഖാസുഖസമ്മിശ്രതയെ ആ വിജനസങ്കേതത്തിലും ദൃശ്യമാക്കുന്നു. കിഷ്കിന്ധാവാസികളുടെ ആകാരപരിമിതിയെ വഹിക്കുന്ന മുഖവാനരന്മാർ, മനുഷ്യപ്രവേശത്തെ സന്ദർശിച്ചു പല്ലുകൾ കിറിച്ചും പലതും ചിലച്ചും അപഹാസചേഷ്ടയായി ശിരസ്സുകളെ വെട്ടിത്തിരിച്ചും മരക്കൊമ്പുകൾ കുലുക്കി ഒരു തരുവിൽനിന്നു മറ്റൊന്നിലേക്ക് എന്നിങ്ങനെ അനുക്രമം ചാടി ദൂരത്തു വാങ്ങിക്കളയുന്നു. സരസ്സിൽ വീണു വായുവേഗത്താൽ നാനാഭാഗത്തോട്ടും സഞ്ചരിക്കുന്ന വിവിധ വർണ്ണകുസുമങ്ങൾക്കിടയിൽ, ജലസർപ്പങ്ങളുടെ ശിരസ്സുകളും ശൂലമുനകൾ എന്നപോലെ ജലഭേദനം ചെയ്തു ചാണ്ടിപ്പോകുന്നതും പ്രകൃതിവൈരുദ്ധ്യങ്ങളുടെ സഹവർത്തനത്തെ ദൃഷ്ടാന്തീകരിക്കുന്നു.

ഈ ഗിരിവനസംയോഗത്തിലുള്ള പ്രകൃതിവിലാസശ്രേണി കണ്ടു കാര്യക്കാർ വിസ്മയഭരിതനായി. ധൃതവല്ക്കലനായി, നിസ്സംഗനായി, വിമുക്തപ്രാരബ്ധനായി അവിടത്തെ പ്രശാന്താനന്ദനത്തിൽ സന്ന്യാസാശ്രമത്തെ അവലംബിക്കുകയോ എന്ന് അദ്ദേഹം ചിന്തിച്ചു. എന്നാൽ താൻ കൊണ്ടുപോന്നിട്ടുള്ള ഒരു താളിയോലച്ചെറുഗ്രന്ഥത്തെയും ആ ദുർഘടയാത്രയ്ക്കു തന്നെ പ്രേരിപ്പിച്ച ഉദ്ദേശ്യത്തെയും പ്രത്യേകിച്ചു സ്മരിച്ചപ്പോൾ ലോകവ്യാപാരകനായി മുക്തി സമ്പാദിപ്പാൻതന്നെ അദ്ദേഹം തീർച്ചയാക്കി. സരസ്സിന്റെ പശ്ചിമതടംവഴിയേ പ്രദക്ഷിണമാരംഭിച്ച് ഒരു സുഖകേന്ദ്രത്തിൽ എത്തി ചില ഔഷധതരുക്കൾ കണ്ട് അതിന്റെ പത്രഫലങ്ങളെ സംഭരിച്ചർ അശനകർമ്മം നിർവ്വഹിച്ചു. പിന്നെയും ഒട്ടുദൂരം ചെന്നപ്പോൾ, ഗുരുപാദരാൽ വർണ്ണിതമായുള്ള ഗിരിവക്ത്രം ദൃശ്യമായി. ആ സരസ്തടത്തെ വലയംചെയ്യുന്ന ഗിരിനിരകൾ ഭിന്നിച്ചുള്ള ഒരു മലയിടുക്കും അവിടെനിന്നു കീഴ്പോട്ടേക്ക് ഒരു വൻചരിവും കണ്ടു തന്റെ വനതലപ്രയാണം സഫലമാകുമെന്നു കാര്യക്കാർ സന്തോഷിച്ചു. ആ ഭാഗം സരഃപ്രാന്തം അവിശാലമായുള്ള ഒരു സേതുവാൽ [ 398 ] രക്ഷിക്കപ്പെട്ടിരുന്നു. തന്റെ ഭാണ്ഡക്കെട്ടുകൾ ഇറക്കി ദണ്ഡത്തിന്മേൽ തൂമ്പായുറപ്പിച്ചുകൊണ്ടു, സേതുവിന്റെ ബഹിർഭാഗത്ത് ഒരു കൂപനിർമ്മാണത്തിനു വട്ടം കൂട്ടി. ഖഡ്ഗമുനയാൽ സ്വാംഗുലത്തെ ഛേദിച്ച് അതിൽനിന്നു പ്രസ്രവിച്ച രക്തകണങ്ങളെക്കൊണ്ടു വാരുണീസമാരാധനം ചെയ്തിട്ട് അദ്ദേഹം തന്റെ ഇരുമ്പുമുസലത്തെ ചിറയിൽ ഊന്നി ക്ഷണനേരം ധ്യാനത്തോടും മന്ത്രജപത്തോടും നിന്നു.

അനന്തരം കൂപനിർമ്മാണകർമ്മത്തിന് അദ്ദേഹം ഗാഢോത്സാഹത്തോടെ ഉദ്യുക്തനായി കീഴ്പോട്ടു പത്തായിരം അടിയോളം താണുള്ള ചരിവിന്റെ മൂർദ്ധാവോടടുത്തായിരുന്നതിനാൽ, ആ കർമ്മം അപ്രയാസസാദ്ധ്യമായിരുന്നു. എങ്കിലും രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടേ ജലം അല്പാല്പം വാർന്നുതുടങ്ങിയുള്ളു. പിന്നെയും ഒന്നുരണ്ടു ദിവസത്തെ ഭഗീരഥയത്നംകൊണ്ട് ഏകദേശം രണ്ടടി വീതിയിൽ കൂപം മുതൽ സരസ്സോടു സംഘടിക്കുന്നതായ ഒരു ശിലാബിംബംവരേക്കുള്ള ഒരു കുല്യാനിർമ്മാണം സാധിച്ചു. മുകളിലത്തെ മണ്ണുനീങ്ങി ശിലാപ്രതിബന്ധമുണെന്നു കാണുകയും അതിന്റെ പരിമിതി എത്രത്തോളം ഉണ്ടെന്നറിവാൻ കഴിവില്ലാതാവുകയും ചെയ്തപ്പോൾ, കാര്യക്കരുടെ വീരഹൃദയം ഒന്നു മൃദുപല്ലവതുല്യം ചലിച്ചു; തന്റെ കൈക്കലുള്ള താളിയോലഗ്രന്ഥത്തെ ഒന്നുകൂടി പരിശോധിച്ചു. വിദ്വന്നേത്രങ്ങൾക്കു ദൃശ്യമായ ഭഗവന്മതം സംഭവ്യമത്രേ എന്നു നിശ്ചയിച്ച് അന്നത്തെ നിദ്രയും ഒരു വൃക്ഷശിരസ്സിൽ സാധിച്ചു.

അടുത്ത സൂര്യോദയത്തിൽ ആ ലോഹശരീരൻ തടാകജലത്താൽ മുഖഹസ്തപാദങ്ങളെ പ്രക്ഷാളനം ചെയ്തു. ഉടുത്തിരുന്നതായ വസ്ത്രത്തെ ചല്ലടം ആക്കി ധരിച്ച്, താൻ കൊണ്ടുപോന്നിരുന്ന കരിമ്പടത്തെ കീറി പാശമാക്കി അരയിൽ ദൃഢബന്ധനം ചെയ്തുകൊണ്ടൻ ലോഹമുസലവും ഏന്തി, കുല്യാഗർത്തത്തിലോട്ടു ചാടി. ഉദയഭാസ്കരൻ സരസ്സിന്റെ മറുകരയിലുള്ള ഗിരിയുടെ മൂർദ്ധാവിൽ പ്രകാശിച്ചപ്പോൾ കാര്യക്കാർ ഏകദേശം രണ്ടു നാഴികയോളം ബദ്ധാഞ്ജലിയായി, ബദ്ധപഞ്ചേന്ദ്രിയനായി, ധ്യാനനിഷ്ഠനായി നിലകൊണ്ടു. അരക്കച്ചയിൽ തിരുകിയിരുന്ന തന്റെ ജാതകത്തിലെ അവസാനഭാഗത്തെ നോക്കിയിട്ടു ഭാസ്കരബിംബത്തെ കണ്ണഞ്ചാതെ വീക്ഷിച്ച് "അല്ലയോ ഭഗവൻ, ശ്രീസൂര്യാദിസർവഗ്രഹേഭ്യോ നമഃ" എന്നു തുടങ്ങി ഒരു പ്രബുദ്ധൻ എഴുതീട്ടുള്ള ഗ്രന്ഥത്തെ ഇവൻ മിഥ്യാകഥനമാക്കുന്നില്ല. എനിക്കായിട്ടു ഞാൻ പ്രാർത്ഥിക്കുന്നില്ല. പാവനാത്മാവായിട്ടുള്ള ശ്രീരാമവർമ്മമഹാരാജാവ് സുഖശരീരനായി, പ്രവൃദ്ധൈശ്വര്യവാനായി, അനശ്വരവിശ്രുതിമാനായി വർത്തിക്കട്ടെ! യഥാധർമ്മം നിർവഹിതമാകുന്ന പ്രാപഞ്ചികത്വവും മോക്ഷദായകംതന്നെ എന്ന് ഇവനെ അനുശാസിച്ച ഗുരുനാഥനായ മന്ത്രിശ്രേഷ്ഠൻ വിജയിക്കട്ടെ! ഹാ! ഹേ, കാലമായ മഹാകാളീ! സാദ്ധ്യമെങ്കിൽ അദ്ദേഹത്തെ ദുരന്താപമാനങ്ങളിൽനിന്നു രക്ഷിക്കുക. പക്ഷേ, ഹാ! ജളഗർവത്തിന്റെ ദുർന്നയവിജയം അനിവാര്യം. നിഷ്കളബ്രഹ്മം [ 399 ] ഈ അണുമാത്രദേഹിക്കു ശാശ്വതസ്വസ്തി നൽകട്ടെ!" കാര്യക്കാർ തന്റെ ജന്മപത്രികയെ സരസ്സിൽ നിക്ഷേപിച്ചു.

സരസ്സിലെ ജലം അല്പാല്പമായി വാർന്നൊഴുകി, സേതുഭൂമിയെ വിദ്രവിപ്പിച്ചു കീഴ്പോട്ടിഴിയിച്ചുതുടങ്ങി. അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ട് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി. രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തിലെന്നവണ്ണം ആ ലോഹഖണ്ഡത്തിന്റെ അഗ്രഭാഗം മുഴുവനെയും താഴ്ത്തി, ആ ശിലാകുട്ടിമത്തെ സരസ്സിലോട്ട് ആവേശിപ്പാൻ താൻ അഭ്യസിച്ചുള്ള യോഗസിദ്ധിയെ കാര്യക്കാർ പ്രയോഗിച്ചു. മുസലത്തിന്റെ ബഹിരന്തത്തെ മുഷ്ടികൾ ഗ്രഹിച്ചു. കാര്യക്കാരുടെ വക്ഷസ്സും സ്കന്ധങ്ങളും ജാനുക്കളും ജൃംഭിച്ചു. നാസാദലങ്ങളും ഇമകളും നിമീലനംചെയ്തു. മുഖബിംബം വികസിച്ചു കളായദ്യുതിയോടെ പ്രകാശിച്ചു. മുഷ്ടികൾ മുസലാന്തസഹിതം കീഴ്പോട്ടു രേഖാമാത്രക്രമത്തിൽ താണുതുടങ്ങി. ശ്വാസസംയമനം ആ യമിസമഗ്രന്റെ കായകുട്ടിമത്തെ പുഷ്കലീകരിച്ചു. ശിലാലിംഗത്തിന് ആ സേതുഭൂമിയോടുള്ള ബന്ധം വിച്ഛിന്നമായിത്തുടങ്ങി. കാര്യക്കാരുടെ ജംഘകളിലെയും ഹസ്തദണ്ഡങ്ങളിലെയും ജൃംഭിതങ്ങളായ പേശീബന്ധങ്ങൾ ഭൂഭ്രമണോർജ്ജിതത്തോടെ പുളഞ്ഞുതുടങ്ങി. മുസലവും മുഷ്ടിയും അംഗുലമാത്രം താണു. ശിലാപ്രതിബന്ധം സ്വസ്ഥാനത്തു സൂക്ഷ്മതരചലനം തുടങ്ങി. കാര്യക്കാരുടെ കണ്ഠം ശിരസ്പരിമിതിയോളം വീർത്തു. ലലാടാസ്ഥികൾ ഭേദിക്കുംവണ്ണം കപാലബന്ധങ്ങൾ ത്രസിച്ചു. ഊരുജംഘകൾ സംയോജിക്കുമാറ് ആകുഞ്ചിതങ്ങളായി. വക്ഷസ്തടം കോദണ്ഡാകൃതിയിൽ വക്രിച്ചു. മുഖകണ്ഠങ്ങൾ പൃഷ്ഠഭാഗത്തോടു നമ്രങ്ങളായി...

ആ സിദ്ധബലിഷ്ഠന്റെ മൂർദ്ധാവു ഹാ! തകരുന്നു. മുഷ്ടികൾ താഴുന്നു. പ്രതിബന്ധശിലാകൂടം തടാകത്തിൽ ആമജ്ജനം ചെയ്തു ബുൽബുദനിരകളെ പൊങ്ങിക്കുന്നു. ഒരു വജ്രകണിക ആ സ്വജീവഹോതാവിന്റെ ജടാവലയമദ്ധ്യത്തിൽ ഉദിതമാകുന്നു. ഒരു മർമ്മരധ്വനി- സിംഹാരവം- മേഘാരവം- ബ്രഹ്മാണ്ഡഭേദാനാരവം!