താൾ:Ramarajabahadoor.djvu/399

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ അണുമാത്രദേഹിക്കു ശാശ്വതസ്വസ്തി നൽകട്ടെ!" കാര്യക്കാർ തന്റെ ജന്മപത്രികയെ സരസ്സിൽ നിക്ഷേപിച്ചു.

സരസ്സിലെ ജലം അല്പാല്പമായി വാർന്നൊഴുകി, സേതുഭൂമിയെ വിദ്രവിപ്പിച്ചു കീഴ്പോട്ടിഴിയിച്ചുതുടങ്ങി. അനന്തശയ്യ എന്നപോലെ പടുക്കുന്ന ആ ശിവലിംഗത്തിന്റെ അടിയിലോട്ട് അദ്ദേഹത്തിന്റെ ഇരുമ്പുപാരയെ കടത്തി. രാവണഹസ്തങ്ങളെ കൈലാസത്തിന്റെ അധോഭാഗത്തിലെന്നവണ്ണം ആ ലോഹഖണ്ഡത്തിന്റെ അഗ്രഭാഗം മുഴുവനെയും താഴ്ത്തി, ആ ശിലാകുട്ടിമത്തെ സരസ്സിലോട്ട് ആവേശിപ്പാൻ താൻ അഭ്യസിച്ചുള്ള യോഗസിദ്ധിയെ കാര്യക്കാർ പ്രയോഗിച്ചു. മുസലത്തിന്റെ ബഹിരന്തത്തെ മുഷ്ടികൾ ഗ്രഹിച്ചു. കാര്യക്കാരുടെ വക്ഷസ്സും സ്കന്ധങ്ങളും ജാനുക്കളും ജൃംഭിച്ചു. നാസാദലങ്ങളും ഇമകളും നിമീലനംചെയ്തു. മുഖബിംബം വികസിച്ചു കളായദ്യുതിയോടെ പ്രകാശിച്ചു. മുഷ്ടികൾ മുസലാന്തസഹിതം കീഴ്പോട്ടു രേഖാമാത്രക്രമത്തിൽ താണുതുടങ്ങി. ശ്വാസസംയമനം ആ യമിസമഗ്രന്റെ കായകുട്ടിമത്തെ പുഷ്കലീകരിച്ചു. ശിലാലിംഗത്തിന് ആ സേതുഭൂമിയോടുള്ള ബന്ധം വിച്ഛിന്നമായിത്തുടങ്ങി. കാര്യക്കാരുടെ ജംഘകളിലെയും ഹസ്തദണ്ഡങ്ങളിലെയും ജൃംഭിതങ്ങളായ പേശീബന്ധങ്ങൾ ഭൂഭ്രമണോർജ്ജിതത്തോടെ പുളഞ്ഞുതുടങ്ങി. മുസലവും മുഷ്ടിയും അംഗുലമാത്രം താണു. ശിലാപ്രതിബന്ധം സ്വസ്ഥാനത്തു സൂക്ഷ്മതരചലനം തുടങ്ങി. കാര്യക്കാരുടെ കണ്ഠം ശിരസ്പരിമിതിയോളം വീർത്തു. ലലാടാസ്ഥികൾ ഭേദിക്കുംവണ്ണം കപാലബന്ധങ്ങൾ ത്രസിച്ചു. ഊരുജംഘകൾ സംയോജിക്കുമാറ് ആകുഞ്ചിതങ്ങളായി. വക്ഷസ്തടം കോദണ്ഡാകൃതിയിൽ വക്രിച്ചു. മുഖകണ്ഠങ്ങൾ പൃഷ്ഠഭാഗത്തോടു നമ്രങ്ങളായി...

ആ സിദ്ധബലിഷ്ഠന്റെ മൂർദ്ധാവു ഹാ! തകരുന്നു. മുഷ്ടികൾ താഴുന്നു. പ്രതിബന്ധശിലാകൂടം തടാകത്തിൽ ആമജ്ജനം ചെയ്തു ബുൽബുദനിരകളെ പൊങ്ങിക്കുന്നു. ഒരു വജ്രകണിക ആ സ്വജീവഹോതാവിന്റെ ജടാവലയമദ്ധ്യത്തിൽ ഉദിതമാകുന്നു. ഒരു മർമ്മരധ്വനി- സിംഹാരവം- മേഘാരവം- ബ്രഹ്മാണ്ഡഭേദാനാരവം!

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/399&oldid=168259" എന്ന താളിൽനിന്ന് ശേഖരിച്ചത്