താൾ:Ramarajabahadoor.djvu/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഗിനേയകൾ ഒന്നുചേർന്നു വനപ്രവാസത്തിനു ഭാണ്ഡങ്ങൾ മുറുക്കി. രത്നങ്ങളും ലോഹരൂപത്തിലുള്ള സമ്പത്തുകളും ജലകൂപങ്ങളിലും മലകൂപങ്ങളിലും നിക്ഷിപ്തങ്ങളായി. പലരും ഗിരിഗഹനരക്ഷയെത്തന്നെ ആശ്രയിച്ചു. ടിപ്പു ആക്രമിച്ചിട്ടുള്ള പ്രദേശങ്ങൾക്കു തെക്കോട്ടു നീങ്ങി, ജലതലസ്ഥലങ്ങളിൽ ഒരു നവപ്രാകാരത്തെയും പ്രതിരോധസജ്ജകളെയും ദിവാൻജി ഉറപ്പിക്കുന്നു എന്ന വാർത്ത, ജനങ്ങളിൽ ശൈഥില്യോന്മുഖങ്ങളായിത്തീർന്ന ആശാപുച്ഛങ്ങളെ വീണ്ടും ഒരുവിധം സജീവങ്ങളാക്കി. കുര്യാപ്പള്ളി, കൊടുങ്ങല്ലൂർ, മുനമ്പം എന്നീ സ്ഥലങ്ങളിലെ കോട്ടകളും ടിപ്പുവിന് അധീനങ്ങളായി. സമീപപ്രദേശങ്ങളിൽ പാളയം അടിച്ചിട്ടുള്ള ഇംഗ്ലീഷ് സൈന്യങ്ങളുടെ സഹായം തിരുവിതാംകൂറിനു ലബ്ധമാകുന്നില്ല. മദിരാശിയിലെ ഗവർണരായ ഹാളന്റ് സായ്പ് മഹാരാജാവിന്റെ സഹായാപേക്ഷകളെയും മറ്റും സൗജന്യവിഹീനമായുള്ള മറുവടികളാൽ അനാദരിച്ചുകളയുന്നു.

തിരുമനസ്സുകൊണ്ട് ദശമുഖന്റെ വിമാനദർശനത്തിൽ ക്ഷീണനായ ദശരഥന്റെ അവസ്ഥയെത്തന്നെ പ്രാപിച്ചു. വ്യായാമസഞ്ചാരങ്ങളും വിനോദരസാനുഭവങ്ങളും ഭക്ഷണനിദ്രാദികളും തുലോം കുറയുകയും നാമമാത്രങ്ങളാവുകയും ചെയ്തു. ആ രാജർഷിയുടെ നേത്രങ്ങൾ കലുഷങ്ങളായി അശ്രുസേചിതമെന്നപോലെ നിതാന്തം തിളങ്ങി. തന്നാൽ ധൃതമായുള്ള ധർമ്മകവചവും രക്ഷാശക്തമാകുന്നില്ലല്ലോ എന്ന് അവിടുന്നു വിഷാദിച്ചു. മൃതന്മാരായ സേനാംഗങ്ങളുടെ അനന്തരഗാമികളെ രക്ഷിക്കേണ്ട കാര്യത്തിൽ വ്യാപൃതചിത്തനായി സർവദാ ശ്രീപത്മനാഭധ്യാനത്തിൽ ലീനചിത്തനായി രാജകലാപ്രകാശം ധൂസരമായി ആകർഷകചര്യയുടെ ഗാഢാനുഷ്ഠകനായി ആപന്നിവർത്തനത്തിനുള്ള മാർഗ്ഗത്തെക്കുറിച്ചു ചിന്താരതനായി, അനവരതക്ലേശത്താൽ ശുഷ്കിതശരീരനായി രാജ്യകുടുംബത്തിന്റെ ഭാരവാഹിത്വത്താൽ താന്തനായിത്തീർന്നിരിക്കുന്ന അവിടന്നർ പള്ളിയറയിൽ ബന്ധനസ്ഥനെന്നപോലെ സ്വമഞ്ചത്തെ വലംവച്ചുഴലുന്നു. കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ പള്ളിയറയിലെ ഒരു മൂലയിൽ ജടിലകേശത്തെ പറപ്പിച്ചും തുല്യാവസ്ഥയിലുള്ള വട്ടത്താടിയുടെ മധ്യത്തെ ഹസ്തത്താൽ ആച്ഛാദിച്ചും രാജ്യത്തിന്റെ സൂക്ഷ്മമായ ജന്മപത്രികാലിഖിതാവിന്റെ ഗാംഭീര്യത്തോടെ നില്ക്കുന്നു. പരമാനുഗ്രഹശക്തിയെ ധരിക്കുന്നുണ്ടെങ്കിലും നിർവൃതിദായകങ്ങളായ വാചികങ്ങളെ ഉച്ചരിക്കാത്ത പ്രതിഷ്ഠാബിംബമെന്നവണ്ണം മഹാരാജാവിന്റെ അരുളപ്പാടുകൾക്കു മൗനം അവലംബിച്ച് സമസ്തചുമതലകൾക്കും തൃപ്പാദത്തിൽ ഉത്തരവാദിയായുള്ള ദിവാൻജി മുഖം കാണിപ്പാൻ വരുന്നു എന്നു കേൾക്കുന്ന സ്ഥിതിക്കു താൻ എന്തറിയിക്കുന്നു എന്നുള്ള ഭാവത്തിൽത്തന്നെ, വർഷാരംഭലക്ഷണങ്ങളെ നോക്കി, കാര്യക്കാർ ചില മനക്കണക്കുകൾ ചെയ്യുന്നു.

മഹാരാജാവ്: "ആ സാവിത്രി എവിടെയുണ്ടെന്നു കണ്ട നിന്റെ കണ്ണ് ഇപ്പോൾ എങ്ങോട്ടുപോയി?" (കാര്യക്കാർ വടക്കേ ജാലകത്തിൽക്കൂടി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/391&oldid=168251" എന്ന താളിൽനിന്ന് ശേഖരിച്ചത്