താൾ:Ramarajabahadoor.djvu/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ബോധത്തിനിടയിലും സ്വർഗ്ഗനിർവൃതിയെ അനുഭവിച്ചു. തന്റെ ശ്രമഫലമായുണ്ടാകുന്ന ജീവനഷ്ടങ്ങളെയും ശാശ്വതസമാധാനത്തെയും യമിജനയോഗ്യമായുളള ആ ഏകാന്തതയിലും തുലാമാനം ചെയ്തു. സ്വരാജ്യൈശ്വര്യസംരക്ഷണത്തെ അനുഷ്ഠിപ്പാൻ അപ്പോഴത്തെ പരീക്ഷണവും ഈശ്വരനിദേശമെന്നപോലെ അദ്ദേഹത്തെ അനുശാസിക്കുകയാൽ ഗിരികൂടത്തിൽനിന്നു വർത്തുളാകൃതിയിൽ അനുബന്ധിച്ചുള്ള പർവ്വതനിരയിലോട്ടു നിശ്ചിതകർമ്മാനുഷ്ഠാനത്തിനായി പ്രവേശിച്ചു.

വീണ്ടും അവർണ്ണനീയമായുള്ള പ്രകൃതിസൗന്ദര്യമഹിമാവ്, ഭൂവാസത്തിനിടയിലും അദ്ദേഹത്തെ സ്വർഗ്ഗാനുഭൂതിമാനാക്കി. ഇന്ദ്രകാന്തസ്ഫടികത്താൽ ഒരു ദേശഖണ്ഡത്തിന്റെ വിസ്തൃതിയിൽ നിർമ്മിച്ച് ആകാശപർവ്വതങ്ങളുടെ നീലിമയെയും പുളിനസ്ഥങ്ങളായ വൃക്ഷങ്ങളുടെ മരതകപ്രകാശത്തെയും പ്രതിബിംബിക്കുന്ന മഹാതളിമംപോലുള്ള ഒരു തടാകം അദ്ദേഹത്തിന്റെ നേത്രങ്ങൾക്കു സാഫല്യം നൽകുന്നു. മലയിടുക്കുകളിലോട്ടും പല ശാഖകളിലായി തിരിഞ്ഞുള്ള ഈ സരസ്സ്, താപസോത്തംസന്മാരാൽ പരിസേവ്യമായിട്ടുള്ളതെന്നും തനിക്കു മഹാമന്ത്രോപദേശം ചെയ്തിട്ടുള്ള യമീന്ദ്രന്റെ അവസാനധ്യാനത്തിനും സമാധിക്കും സ്വീകൃതമായ തപസ്സങ്കേതമാണെന്നും കാര്യക്കാർ ഗ്രഹിച്ചിരുന്നു. അതിവിശാലമായുള്ള ജലത്തിന്റെ നീലച്ഛവി അതിദുരസ്ഥങ്ങളായി ആകാശചുംബികളായി സ്ഥിതിചെയ്യുന്ന ഗിരിനിരകളെയും നീലപട്ടാബരത്തിനു തുല്യം പ്രകാശമാനമാക്കുന്നു. ഗിരികളുടെ ആവരണത്താലുള്ള ഇന്ദ്രനീലദ്യുതി ആ മഹാസരസ്സിന് വൈഷ്ണവപ്രകാശത്തെ സന്ധാനം ചെയ്യുന്നു. കാര്യക്കാർ തരണംചെയ്ത വനതടിനികളിലെ ജലം കലങ്ങിച്ചുവന്നു പ്രവഹിച്ചുകൊണ്ടിരുന്നു എങ്കിലും ആ പ്രദേശങ്ങൾ മാരുതദേവന്റെ ചണ്ഡനൃത്തരംഗങ്ങളായിത്തന്നെ തന്നെയും അവശപ്പെടുത്തി എങ്കിലും നീലാഭ്രപ്രതിബിംബിയായും ഗിരിപ്രാകാരാവൃതമായും ഉള്ള സരസ്തടം മൃതസഞ്ജീവകവാതത്താലെന്നപോലെ സഞ്ചലിതമായി, ചെറുതരംഗങ്ങളിളക്കി സരളനടനം ചെയ്യുന്നു. പുളിനസ്ഥലികളിലെ ഗംഭീരതരുക്കൾ, ആ പ്രദേശത്തിലെ അനുസ്യൂതശീതളതയാൽ പുഷ്ടശരീരികളായി, സപ്രകാശലതകളെ വഹിക്കുന്ന ശാഖകൾ വീശി ഋഷിപംക്തികളെന്നപോലെ ആ സരസ്സിനെ വലയംചെയ്യുന്നു. തർപ്പണകർമ്മോദ്യുക്തരെന്നവണ്ണം ആ മഹാതരുക്കളിലെ നിരവധി ശാഖകൾ, സരസ്സിലോട്ടാഞ്ഞു, ജലതലത്തെ മഥനംചെയ്യുന്നു. ഈ ഹരിതപ്രാകാരത്തിന്റെ പ്രതിഫലനം, ബഹുനാഴികചതുരശ്രത്തിൽ പക്ഷേ, ആ പാതാളമായ അഗാധതയിൽ സ്ഥിതിചെയ്യുന്ന നീലദർപ്പണത്തെ ഒരു കൃഷ്ണാവരണം എന്നപോലെ രമണീയതരമാക്കുന്നു. അധിത്യകകളിൽനിന്ന് ആ സരസ്തീരത്തിലെ ശാഡ്വലങ്ങളാലും തരുലതാഭോജ്യങ്ങളാലും ആകൃഷ്ടരായി എത്തുന്ന ഗജകുലങ്ങൾ, വൃക്ഷകായങ്ങളിൽ സ്കന്ധങ്ങളുരച്ച് അതുകളെ ചാഞ്ചാടിക്കുന്നതും കൊമ്പുകളെ വലിച്ചൊടിച്ചു പാദങ്ങളിന്മേൽ തച്ചു പാകമാക്കിക്കൊണ്ടു സ്വൈര്യഭുക്തി കഴിക്കുന്നതും കൂട്ട

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/396&oldid=168256" എന്ന താളിൽനിന്ന് ശേഖരിച്ചത്