താൾ:Ramarajabahadoor.djvu/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗിരിമൂർദ്ധാവിൽ നാമമാത്രമായി സംഘടിച്ചുനിന്നിരുന്ന ഒരു ശിലാപീഠത്തിന്മേൽ അധിഷ്ഠിതനായിരുന്ന ഒരു വ്യാഘ്രം മനുഷ്യദർശനത്തിൽ വാൽചുറ്റി എഴുന്നേറ്റ് കുതിച്ചുചാടിയപ്പോൾ ബൃഹത്തായ ആ ഉപലഖണ്ഡം ദുഃസ്ഥിതമായി, ബ്രഹ്മാണ്ഡാരവത്തോടെ തടാകസാനുവിൽ പതിച്ച് മേഘധ്വനികളോടെ കീഴ്പ്പെട്ടുരുണ്ട് ഗിരിപ്രതിരോധങ്ങളിൽ പ്രതിധ്വനിക്കെ, നിരവധി തരുനിരകളെയും ജീവിതതികളുടെയും ഹതിചേർത്തു. മൃഗങ്ങളുടെ രൂക്ഷാട്ടഹാസങ്ങൾ സ്വസന്താനങ്ങളുടെ വാത്സല്യോദ്ഘോഷണങ്ങളെന്നു പരിഗണിച്ച് അടുത്ത വനവേദിയിലോട്ട് അവരോഹണം ചെയ്തപ്പോൾ അതുവരെ കോപപ്രകടനം ചെയ്തലറിക്കൊണ്ടിരുന്നതിനെക്കാൾ ശക്തിയേറിയ ഒരു ചക്രവാതം ആരംഭിച്ചു. ജഗൽപ്രാണഭഗവാന്റെ ആ മുഷ്കരപ്രഭാവത്താൽ ഉദ്ധൂതമാക്കപ്പെട്ട വടവൃക്ഷങ്ങൾ തെരുതെരെ നിലംപതിച്ച് നമ്മുടെ പഥികന്റെ സ്വച്ഛന്ദപ്രയാണത്തെ പ്രതിബന്ധിച്ചു. വൃക്ഷനിപാതാരവങ്ങൾ മൃഗസമൂഹങ്ങളെ അവരവരുടെ ഗുഹവിലതരുകോടരാദിഗൃഹങ്ങളിൽനിന്നും ഇളക്കി ദിശാന്തരങ്ങളിലോട്ടു പായിക്കയും ചെയ്തു. ഈ വൃദ്ധതരുപ്രപാതങ്ങളെ ഒഴിഞ്ഞു സാവധാനഗമനം ചെയ്യുന്നതിനിടയിൽ, തന്റെ ബലിഷ്ഠതയ്ക്കുള്ള അഭിവാദനകർമ്മങ്ങളെന്നപോലെ മാത്രം കടാക്ഷദാനങ്ങളാൽ ആ പ്രണാമങ്ങളെ അദ്ദേഹം പ്രത്യുപചരിച്ചു യാത്ര തുടർന്ന് അടുത്ത നിശാകാലത്തെ ഒരു വൃക്ഷശിരസ്സിന്മേൽ നിദ്രകൂടാതെ കഴിച്ചുകൂട്ടി.

ഇങ്ങനെ ഗിരികളും നവജലപ്രവാഹികളായ നദികളും വൃക്ഷനിചയത്താൽ ദൃശ്യമല്ലാതുള്ള മലയിടുക്കുകളും ഘോരമൃഗസങ്കലിതമായുള്ള തടങ്ങളും അവിടവിടെവച്ചു തന്നെയും പരിസരാംബരത്തെയും ആകവചംചെയ്ത് ധൂമികാപ്രസരണങ്ങളും അക്ഷീണമായ വർഷപ്രപാതത്തിൽ തരണംചെയ്തും ഒന്നുരണ്ടു ദിവസത്തെ പ്രയാണംകൊണ്ടു 'ചന്ദ്രമണ്ഡലത്തോട് ഉരുമ്മി' സമീപവീക്ഷണത്തിനും നീലദ്യുതിയെ വിതറുന്നതായ ഒരു മഹാഗിരികൂടത്തിൽ എത്തി. സാമാന്യജനതയ്ക്കു ദുർലഭമായുള്ള ഒരു വിശ്വദർശനം, ഒരു ഗുപ്തപ്രതിജ്ഞയോടെ ഗിരിപ്രവേശംചെയ്തിരിക്കുന്ന കാര്യക്കാർക്ക് സംപ്രാപ്തമായി. മുമ്പും പിമ്പുമുള്ള ഗിരിമൂർദ്ധാവുകളുടെ അതിദീർഘതരംഗായിതങ്ങളും താൻ നിൽക്കുന്ന സ്ഥലത്തിന് കീഴ്ഭാഗത്തു വർത്തുളാകൃതിയിൽ കാണുന്ന പർവതപംക്തിയും അതിനു താഴത്തുള്ള മേഘനിരകളും അതുകളുടെ സംഘട്ടനങ്ങളിൽനിന്ന് ഉദ്ഭൂതങ്ങളാകുന്ന മിന്നൽപ്രകാശങ്ങളും വീക്ഷണത്തെ പ്രതിബന്ധിക്കുന്ന ജലധൂമയവനികയും ഇതരപാർശ്വത്തിലെ ഗിരിപരമ്പരയിലെ ഹരിതച്ഛവിയും തദനന്തരം വീക്ഷാശ്രമത്തെ ക്ഷീണിപ്പിക്കുന്നതായ കാഷായാംബരവർണ്ണത്തിലുള്ള വിസ്തൃതിയും ഈ പ്രദർശനസംയോഗത്തിലെ അഗണനീയകോടികളായ അണുക്കൾ ഓരോന്നും പ്രപഞ്ചകാരിയുടെ കല്പനാതിശയത്തെ പ്രഘോഷിക്കുന്നു. കാര്യക്കാർ ദിവംഗതനായതുപോലെ പരമാനന്ദവശനായി, ആ ദർശനമധുരിമയെ രോമകൂപസാകല്യത്താലും ആസ്വദിച്ച് പ്രാപഞ്ചികഭാരത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/395&oldid=168255" എന്ന താളിൽനിന്ന് ശേഖരിച്ചത്