Jump to content

താൾ:Ramarajabahadoor.djvu/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്കാരനായ ദേവേന്ദ്രൻ അവിടത്തെ കല്പനാനുസാരമെന്നപോലെ സ്വവാഹനങ്ങളെ ധ്വംസിച്ചു ചൊരിയുന്ന വർഷധാരകൾ സമസ്തജീവനിചയങ്ങളെയും അവരവരുടെ വിവിധ ചര്യകളിൽനിന്നും വിരമിപ്പിക്കുന്നു. കുലിശവലയങ്ങളുടെ ദ്രുതതരത്രസനങ്ങൾ അഗ്നിപ്രഭയോടുകൂടിയ സർപ്പകായങ്ങളെ ആകാശവീഥിയിൽ പ്രചലിപ്പിച്ചു സൃഷ്ടിവിധാനങ്ങളെ ഭസ്മീകരിക്കുന്നു. ജീമൂതനിരകളുടെ അനുസ്യൂതസംഘട്ടനങ്ങൾ ഭൂബന്ധത്തെ ഭിന്നമാക്കുംവണ്ണം അശ്രാന്തസംരംഭത്തോടെ മുഴങ്ങുന്നു. ഇന്ദ്രസചിവന്മാരുടെ ജലപ്രവർഷവും ഇന്ദ്രഖഡ്ഗങ്ങളുടെ പ്രചലനവും മേഘഡിണ്ഡിമങ്ങളുടെ കടുതരപ്രയോഗവും അക്ഷീണം നിർവഹിതമാകുന്നതിനിടയിൽ ശനിപീഡാപരിഹാരിയായ വിഷ്ണുശങ്കരശക്തികളുടെ സംയോജനമൂർത്തി എന്നപോലെ ഒരു സത്വം വാതഭയങ്കരതയെയും വർഷകാഠിന്യത്തെയും വിദ്യുന്നിപാതങ്ങളാലുണ്ടാകുന്ന ചരാചരഹതികളെയും കൂസാതെ ഗിരിപരമ്പരാരോഹം ചെയ്യുന്നു.

യുവജാംബവാന്റെ ആകാരശിഷ്ടത്തിൽ മനുഷ്യമുഖം സംഘടിച്ചുള്ള ഈ സ്വരൂപം ഒരു വമ്പിച്ച ഭാണ്ഡവും ചില ദണ്ഡനങ്ങളും ഒരു ഖഡ്ഗവും പേറി മനുഷ്യസമുദായത്തോടു വിദ്വേഷവാനായിത്തീർന്ന് സ്വകായത്തെ ഗിരിതടഗൃധ്രങ്ങൾക്കു ഭക്ഷ്യമാക്കാൻ പ്രതിജ്ഞചെയ്തവനെന്നപോലെ വലതും ഇടതും നോക്കാതെ, പാണ്ടസൈന്യം പാളയമടിച്ചിരുന്ന മഹാവനത്തെയും കടന്ന് കിഴക്കുവടക്കു തിരിഞ്ഞു മേല്പോട്ടു കയറുന്നു. വ്യാഘ്രശാർദൂലപരിസേവിതങ്ങളായ വനതലങ്ങളെ പൂങ്കാവുകളെന്നപോലെ ഹർഷത്തോടെ തരണംചെയ്യുന്നു. മുൾച്ചെടികളെ മൃണാളങ്ങളെന്നപോലെ ഭേദിച്ച് അവയ്ക്കിടയിൽ അവഗാഹനം ചെയ്ത് ജീവാവസാനം നേരിട്ടവണ്ണം അപ്രത്യക്ഷനായി ഒട്ടുകഴിയുമ്പോൾ വിവിക്തതലമായ ഒരു ഗിരിമകുടത്തിൽ ലോകവിജയിക്കു തുല്യം നിലകൊണ്ട് ദിക്ചക്രസൗന്ദര്യവിഭൂതിയെ മിഷ്ടാശനംചെയ്യുന്നു. ലോഹസൃഷ്ടകായനെന്നവണ്ണം വിടപീശാഖകളുടെ ജടിലതകളെ ഭേദിച്ച് വ്യാഘ്രിയുടെ സൂതികാഗൃഹസ്വാസ്ഥ്യത്തെയും ഭഞ്ജിച്ച് മൃത്യുജേതാവിനെപ്പോലെ ആ ധന്യയുടെ സന്താനശുശ്രൂഷണത്തെക്കണ്ടു സന്തുഷ്ടനായിട്ട് തരുനിബിഡച്ഛന്നമായ ഒരു അഗാധപ്രദേശത്തിലോട്ടു കല്പസേവിയുടെ അക്ഷീണതയോടെ പ്രവേശം ചെയ്യുന്നു. ഗജസംഹതിയുടെ സഞ്ചാരങ്ങൾ, ശശകിശോരങ്ങളുടെ വിഹാരങ്ങളെന്നവണ്ണം ആ ബലികർമ്മോദ്യുക്തന്റെ ഹൃദയത്തെ വിനോദിപ്പിക്കുന്നു. ആ നികുഞ്ജസങ്കേതത്തെ ഭേദിച്ചൊഴുകുന്ന കുല്യാതീരത്തിൽ വിശ്രമിച്ചു ഫലകന്ദങ്ങൾ സമ്പാദിച്ച് ഉദരപൂരണം സാധിച്ചും ജ്വരവിഷസമ്മിശ്രമായ ജലത്തെക്കൊണ്ടു ദാഹശങ്കതീർത്തും, ഹസ്തപ്രക്ഷാളനം കഴിച്ചും, ആ മഹാപ്രസ്ഥാനത്തെ തുടരുന്നു.

ഏതാനും നാഴിക നടന്നപ്പോൾ, മാർഗ്ഗവിലംഘിയായിക്കണ്ട തൂക്കായുള്ള ഒരു മഹാഗിരിയെ വാനരപ്രാഗല്ഭ്യത്തോടെ തരുമൂലപരമ്പരകൾ ഗ്രഹിച്ച് അധിരോഹണം ചെയ്ത് അതിന്റെ സാനുപ്രദേശത്തെത്തുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/394&oldid=168254" എന്ന താളിൽനിന്ന് ശേഖരിച്ചത്