Jump to content

താൾ:Ramarajabahadoor.djvu/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കാൻ ചെയ്ത യത്നം നിഷ്ഫലമായത് ആ സമഗ്രധീമാൻ ഗ്രഹിച്ചില്ല. തന്റെ സ്ഥാനത്തെയും പ്രായത്തെയും തൽക്കാലസ്ഥിതിയെയും പ്രമാണിക്കാതുള്ള ബീഭത്സഭാഷണത്തെ ശാസിപ്പാൻ മഹാരാജാവ് ആലോചിച്ചതിൽ 'ശ്ശേ!' എന്ന ആക്രോശം മാത്രം ഗളിതമായതും കാര്യക്കാരുടെ കർണ്ണചഷകത്തിൽ പതിച്ചില്ല. അദ്ദേഹം മിണ്ടാതെ നിൽക്കുന്നതു കണ്ട് മഹാരാജാവിന്റെ കോപം വർദ്ധിച്ചു. ആ തരുചർമ്മന്റെ മർമ്മാംശം ദിവാൻജിയോടുള്ള സ്നേഹപുടം ആണെന്നു ഗ്രഹിച്ചിരുന്ന മഹാരാജാവ് സ്വമന്ത്രിയുടെ അപ്രാഗല്ഭ്യംകൊണ്ടു സകല പരാജയവും ഉണ്ടായി എന്നു ഭർത്സിച്ചുതുടങ്ങി. ആകാശം പൊടുന്നനവെ ശൂന്യപ്രഭമായി. അരനിമിഷനേരത്തെ താമസംപോലുമില്ലാതെ ഒരു വന്മാരിയും ആരംഭിച്ചു. കാര്യക്കാർ നിലം നോക്കി ദത്തകർണ്ണനായി.

മഹാരാജാവ്: "അവൻ തൊട്ടതുകൊണ്ടാണ് ഈ അപകടമെല്ലാം വന്നത്."

കാര്യക്കാർ: "പരമ്പുകോട്ട തകർത്ത് അങ്ങു ചാടിക്കടക്കാനുള്ള പണിയല്ല ഇപ്പോഴത്തേത്. ശത്രു ദേവനാരായണൻതിരുമേനിയുമല്ല."

മഹാരാജാവ്: "ജാലം പ്രയോഗിച്ചും ജയം നേടണം. തിരിഞ്ഞോടിയത് ആരുടെ വീഴ്ച?"

കാര്യക്കാർ: "കരളറുത്തുവയ്ക്കുന്നവരുടെ ഗതി ഇങ്ങനെതന്നെ."

മഹാരാജാവ്: "അതു കളവാൻ ഒരുമ്പെട്ടാൽ ടിപ്പു ഒരടി മുന്നോട്ടു നീങ്ങുകയില്ലായിരുന്നു. ചിലവുകൊണ്ടു രാജ്യം മുടിഞ്ഞു; സാധുക്കൾ ചത്തൊടുങ്ങി. തിരിയുന്ന വഴിയെല്ലാം നാശം!"

കാര്യക്കാർ: "ഇങ്ങനെ കല്പിക്കരുത്. ഊട്ടിവളർത്തി പഠിപ്പിച്ച ശിഷ്യനെ ശപിക്കരുത്. അദ്ദേഹത്തിന്റെ നെഞ്ചുരുകുന്നത് ആരറിയുന്നു!"

മഹാരാജാവ്: "അതെയതേ! നെഞ്ചുരുകുന്നത് ആരുടേത്? ഒന്നും പറയണ്ട. കരുത്തരില്ലാഞ്ഞു കരയേണ്ടിവരുന്നു. ദോഷി പട നടത്തിയാൽ-"

കാര്യക്കാരുടെ മനക്ഷാന്തി നഷ്ടമായി. "കൊടുത്തത് ഒരു ഒടിയുന്ന വാളാണ്; വൈഷ്ണവധനുസ്സല്ല. ധരിപ്പിച്ചത് ഒരു വെള്ളപ്പഞ്ഞിക്കവണി; ബ്രഹ്മകൂർപ്പാസമല്ല." ഇങ്ങനെ പറഞ്ഞുംകൊണ്ട് ആ മാന്ത്രികൻ നിവർന്നുനിന്ന് ആ രാജമന്ദിരത്തെ അനുഗ്രഹിച്ച് എന്തോ മന്ത്രിച്ച് നെഞ്ഞത്തു ചേർത്തുള്ള ബദ്ധാഞ്ജലിയോടെ നടകൊണ്ടു. വന്മഴ നനഞ്ഞുതുടങ്ങിയ ദാസനെ ജാലകത്തിൽക്കൂടി നോക്കി മഹാരാജാവു വിളിച്ചിട്ടും സേവകപ്രധാനനെ നിയോഗിച്ചിട്ടും കാര്യക്കാരുടെ അണുമാത്രമാകട്ടെ ഛായയാകട്ടെ ആർക്കും കാണ്മാൻ കഴിഞ്ഞില്ല. സ്വമിത്രശ്രമങ്ങളെ വിജയകരമാക്കാൻ ആ സിദ്ധൻ ധൃതവല്ക്കലനായി സമീപസ്ഥങ്ങളായ ചിത്രകൂടങ്ങളെ അതിക്രമിച്ചു.

ദിവസം ഏഴെട്ടു കഴിഞ്ഞു. സൂര്യപ്രകാശം വർഷകാലമേഘങ്ങളുടെ വ്യാപൃതിക്കിടയിൽ മറഞ്ഞു. ഗോപാലബാലനോടു മത്സരിച്ചു ച്യുതാഹ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/393&oldid=168253" എന്ന താളിൽനിന്ന് ശേഖരിച്ചത്