താൾ:Ramarajabahadoor.djvu/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുറത്തോട്ടു തലയിട്ട് ആകാശസ്ഥിതിയെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി). "ആലങ്ങാടും പറവൂരും നശിച്ചു നമുക്കു നഷ്ടമായല്ലോ!"

കാര്യക്കാർ: "അടിയൻ. ഒടുവിൽ കുരുത്തത് ആദ്യം കൊഴിഞ്ഞു."

മഹാരാജാവ്: "അപ്പോൾ ആദ്യത്തേത് വഴിയെ പൊയ്ക്കൊള്ളുമെന്നോ?"

കാര്യക്കാർ: "ഒന്നുരണ്ടിൽ ഉണ്ടായി, ഏഴെട്ടിൽ കൊഴിയുന്നത് ഉടനെ കുരുത്താണ് അടിയൻ കണ്ടിട്ടുള്ളത്."

മഹാരാജാവ്: "അങ്ങനെ കുരുപ്പു തികഞ്ഞവരല്ലേ അങ്ങോട്ടു പോയിരുന്നത്?"

കാര്യക്കാർ: "മമ്മട്ടി ഏന്തികളാണവര്, സാപ്പാടു പഴഞ്ചോറും വാഴത്തടയും. മറുതലയെക്കാൾ സംഖ്യയും ചെറുത്. അവിടം നിലംപേണി ഖജനാ നിറയ്ക്കാൻ വർഗ്ഗമൊന്ന്; പടനിരക്കാൻ വർഗ്ഗം വേറെയും. തീറ്റയോ വിദുരഗുരു പറഞ്ഞിട്ടുള്ളതുതന്നെ. കടൽക്കപ്പുറത്തുനിന്ന് ഒരു രാക്ഷസബലവുംകൂടെ ഉണ്ട്. മറ്റു കോട്ടയൊന്നും കെട്ടാതെ അവരുടെ പണമെല്ലാം പരിഷ്കാരത്തിലുള്ള ആയുധങ്ങൾ സമ്പാദിപ്പാൻ ഉപയോഗിക്കുന്നു."

മഹാരാജാവു തിരിഞ്ഞ് ഒരു പ്രദക്ഷിണംകൂടി വച്ചിട്ടു വീണ്ടും കാര്യക്കാരെ നോക്കി ഇങ്ങനെ അരുളിച്ചെയ്തു: "ആ ഇംഗ്ലീഷുപട്ടാളങ്ങൾ അടുത്തുകിടന്നിട്ടും സഹായിക്കുന്നില്ലല്ലോ."

കാര്യക്കാർ: "അത്രയും ലാഭം. ശ്രീപത്മനാഭൻ തനിച്ചു രക്ഷിച്ചു ജയിപ്പിക്കണം."

മഹാരാജാവ്: "ആ ദുരഹങ്കാരി ഇങ്ങോട്ടു നീങ്ങുന്നല്ലോ!"

കാര്യക്കാർ: "ഗ്രഹങ്ങൾ രാശിമാറിച്ചരിക്കും തിരുമേനീ."

മഹാരാജാവ്: "ചിലപ്പോൾ ഗ്രഹണങ്ങളുമുണ്ടാകും."

കാര്യക്കാർ: "അതു ക്ഷണനേരമാത്രകം."

മാഹാരാജാവ്: "ഭ്രാന്താ! ക്ഷേത്രങ്ങൾ നശിക്കുന്നല്ലോ?"

കാര്യക്കാർ: "അവനോന്റെ കുപ്പപ്പാടു രക്ഷിപ്പാൻ ശക്തിയില്ലാത്ത ദേവന്മാർ സ്വർഗ്ഗത്തു പാർക്കുകയാണു സുഖം."

മഹാരാജാവ്: "കലികാലത്തു പാഷണ്ഡന്മാർ വർദ്ധിക്കും."

കാര്യക്കാർ: "കാമക്രോധങ്ങളെ സൃഷ്ടിച്ച ആൾ വരുംഫലം അറിയേണ്ടതായിരുന്നു."

മഹാരാജാവ്: "നീ എന്തോ പുലമ്പുന്നു. ഭ്രാന്തൻ!"

കാര്യക്കാർ: "അടിയൻ ഒരു അപൂർണ്ണസൃഷ്ടി. തൃപ്പാദം ശരിയായി സേവിപ്പാനുള്ള ചില അംശങ്ങൾ ചേർപ്പാൻ അവിടത്തേക്കു മറവിയായിപ്പോയി."

കോപാരംഭതരംഗതയാൽ മഹാരാജാവിന്റെ വൈഷ്ണവപ്രശാന്തത വാതഘർഷിതമായ ശുഭ്രമേഘമെന്നപോലെ നീങ്ങിത്തുടങ്ങി. എന്തോ ഒരു ചിന്തയിൽ ഏകാഗ്രമാക്കപ്പെട്ടിരുന്ന കാര്യക്കാരുടെ ബുദ്ധിയിൽ ഒരു അംശം, വിനോദപ്രകടനംകൊണ്ടു മഹാരാജാവിനെ ലഘുമനസ്കനാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/392&oldid=168252" എന്ന താളിൽനിന്ന് ശേഖരിച്ചത്