ദമസ്തകപരിശോധനം ആരംഭിച്ചു. രണ്ടു പേരുടെയും ശരീരങ്ങൾ എന്തോ ഭൂതാവേശത്താൽ എന്നപോലെ വിറകൊണ്ടു തുടങ്ങി. ഈ ചേഷ്ടാവികാരങ്ങൾ കല്ലറയ്ക്കൽപിള്ളയുടെ ഹൃദന്തത്തിൽ ഒരു പരിഭ്രമം ഉളവാക്കുകയാൽ അയാൾ വക്ഷസ്തടത്തിൽ ചില മൃദുമർദ്ദനങ്ങൾ ഏല്പിച്ച് ഹൃദയചാഞ്ചല്യത്തെ ശമിപ്പിച്ചു. ബ്രാഹ്മണന്റെ ലാളിത്യം ക്രോധവശനായ ലക്ഷ്മണന്റെ നാഗേന്ദ്രസ്വഭാവത്തിലോട്ടു പരിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ നഖങ്ങൾ ഉപവീതത്തെ ഗ്രഹിച്ച് അതിൽ കഠിനക്ഷതങ്ങൾ ഏല്പിച്ചു. നേത്രങ്ങൾ ഉജ്ജ്വലിച്ചു; കണ്ഠകംബുവിലെ നാഡികൾ നീലിച്ചു ജൃംഭിച്ചു ചലിച്ചു; അംഗം വിയർക്കയും ചെയ്തു. ലക്ഷ്മിഅമ്മ നിരപരാധിയുടെ വിദ്വേഷരോഷത്താലോ ആ അപ്രതീക്ഷിതസമാഗമത്തിൽ ജാതമായുള്ള പൂർവ്വസ്മൃതികളാലോ ശാപകർമ്മോദ്യുക്തനായി സ്ഥിതിചെയ്യുന്ന ദുർവ്വാസസ്സിൽനിന്നു തന്റെ വീക്ഷണത്തെ ഉപസംഹരിച്ചു സ്വാന്തോൽഗളിതങ്ങളാകുന്ന ഭർത്സനങ്ങളെ പ്രക്ഷേപണം ചെയ്കയോ എന്നു ചിന്തിച്ചു നിന്നു. ദാമ്പത്യാരംഭത്തിൽ കിംവദന്തി നിമിത്തം അപനയാനുവർത്തനാക്കപ്പെട്ട് അനന്തരം ലോകഗതികളുടെ ഗ്രഹണത്തിൽ സംശയഗ്രസ്തനായി, താൻ അധീനനായിപ്പോയുള്ള വഞ്ചനയിലെ സന്ദർഭബന്ധങ്ങളെ സൂക്ഷ്മപരിശോധനം ചെയ്തപ്പോൾ, സ്വയം അപരാധബോധവാനായിത്തീർന്നിരുന്ന പരിശുദ്ധമനസ്കനായ സാധുദ്വിജൻ, പാതകാവർത്തനഭീതിയാൽ ശാന്തനായി എങ്കിലും ഒരു പ്രാഡ്വിപാകസദസ്സിനാൽ ആചാരരീത്യാ കല്പിക്കപ്പെട്ടുള്ള വിധിയുടെ സാധുതയെ ഒന്നു പുനഃപരിശോധനം ചെയ്തു മനസാക്ഷിയെ സാന്ത്വനപ്പെടുത്താൻ വേണ്ട പൗരുഷത്തെ അദ്ദേഹം സന്ധാനം ചെയ്തു. "നാരായണ! നാരായണ! ഞാൻ എന്തനർത്ഥത്തിൽ വന്നുചാടി! എന്താണിക്കാണുന്നത്? മരിച്ചുകൂടായിരുന്നോ? കഷ്ടേ! എന്താനങ്ങയതന്നല്ലേ!"
ഈ ന്യായാധിപപ്രശ്നത്തിനു പ്രതിഭാഷണം സമർപ്പിച്ചതു പ്രതിപാദ്യവിഷയത്തെക്കുറിച്ചു പരമാജ്ഞനായ കല്ലറയ്ക്കൽപിള്ള ആയിരുന്നു. "അല്ലേ, തിരുമനസ്സുകൊണ്ട് ഇത് പെരിഞ്ചക്കോട്ടങ്ങേരെ വീട്ടുകാരിയാണ്. പറഞ്ഞ നെയ്യും ശർക്കരയും ഒന്നുമല്ല. എവരെ മഹളുകൊച്ച് അഹത്തൊണ്ട്. അതിനെ ജിഗിത്സിപ്പിക്കാനാണു കാര്യക്കാരങ്ങുന്ന് ഇങ്ങോട്ടയച്ചത്."
നമ്പൂരി എഴുന്നേറ്റു. ലക്ഷ്മിഅമ്മയുടെ മുഖവിജൃംഭണം തകരുമ്പോൾ അസ്വൈരകരമായ വല്ല മർമ്മഭേദകവിമർശനങ്ങളും താൻ കേൾക്കേണ്ടിവരുമെന്നു സംശയിച്ചു എങ്കിലും ആ സ്ത്രീ ആരെന്നുള്ള തന്റെ ആശങ്ക നിരാസ്പദം അല്ലെന്ന് അദ്ദേഹത്തിനു ബോദ്ധ്യമായി. അപരാധിനിയോ അനുകമ്പനീയയോ എന്നു ഗ്രഹിപ്പാനുള്ള ഉത്ക്കണ്ഠ മൂർച്ഛിച്ചു എങ്കിലും അതിന്റെ നിവർത്തനം സാവധാനത്തിലായിക്കൊള്ളാമെന്നു കരുതിക്കൊണ്ടു ബ്രാഹ്മണൻ ഇങ്ങനെ പറഞ്ഞു: "കേട്വോ കള്ളർകോട്ടുപിള്ളേ, ഇത്ര ദൂരത്തെ നട നന്നേ ക്ഷീണിപ്പിച്ചു. രോഗിണി-?"