താൾ:Ramarajabahadoor.djvu/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല്ലറയ്ക്കൽപിള്ള ചാടി തളത്തിൽ കയറി വഴികാട്ടുകയാൽ, നമ്പൂരി അറയ്ക്കുള്ളിലോട്ടു പ്രവേശിച്ചു. രോഗിണി അർദ്ധോന്മീലിതനേത്രങ്ങളോടെ അതിമൃദുലസ്വരത്തിൽ "അച്ഛാ രക്ഷിക്കണേ, അയ്യോ! അയ്യോ! എന്തു ദുരിതമിത്! ജന്മമിങ്ങനെയായല്ലോ. സഹിച്ചുകൂടെന്റെ പരമശിവനേ!" എന്നു ഹസ്തങ്ങളെ ശയ്യയിൽ വീഴ്ത്തി വിലപിച്ചു.

കന്യകയുടെ മോഹനരുചിരതയും ശരീരലാവണ്യവും മുഖത്തിന്റെ സ്വരൂപണവിധവും നില്ക്കട്ടെ; ഹാ, ആ സ്വരമാധുര്യവും 'പരമശിവാ' എന്നുള്ള ഈശസംബോധനയും തന്റെ കർണ്ണങ്ങൾക്ക് അതിപരിചിതങ്ങളാണ്. നമ്പൂതിരിയുടെ ശരീരത്തിൽ ആഗ്നേയസ്വേദം സ്ഫുരിച്ചുതുടങ്ങി. ഒരു അഗ്നിശിഖ ആനാഭിമൂർദ്ധം കത്തിക്കാളി അന്തരിന്ദ്രിയങ്ങളെ ദഹിപ്പിച്ചുതുടങ്ങി. ബ്രാഹ്മണൻ ധൈര്യസമാർജ്ജനം ചെയ്തു കന്യകയുടെ ഹസ്തത്തെ ഗ്രഹിച്ചു നാഡിപരിശോധനത്തിന് ആരംഭിച്ചപ്പോൾ ആന്തരാഗ്നിയെ സ്തംഭിപ്പിക്കുന്ന ഒരു കളഭസേചനാനുഭൂതി അദ്ദേഹത്തെ ബ്രാഹ്മാനന്ദവിവശനാക്കി. "അച്ഛാ, നീങ്ങി അടുത്തിരിക്കണം. കണ്ടു കണ്ണു കുളുർന്നു പരമപദം ചേരട്ടെ. അച്ഛന്റെ മകളല്ലേ ഞാൻ?-" കന്യക ഇങ്ങനെ പുലമ്പിയതു പുറത്തും കേൾക്കാമായിരുന്നു. ഈ ദീനാലാപങ്ങൾ, ബ്രാഹ്മണനെ തന്റെ ദാമ്പത്യജീവിതത്തിലെ അവസാനഘട്ടത്തെ സ്മരിപ്പിച്ച് അവസ്ഥാഭ്രമവശനാക്കി നെഞ്ചു തടവിച്ചു. ലക്ഷ്മിഅമ്മ ചിത്തവികാരങ്ങളെ അമർത്താൻ ശക്തയല്ലാതെ വാവിട്ടു കരഞ്ഞു. "പെരുംതൃക്കോവിലപ്പൻ സാക്ഷി! പരമശിവൻ വിധിച്ചതു സഹിക്കുന്നു. അതിനെ തൊട്ടനുഗ്രഹിച്ചിട്ടു പോവുക. ദേവി ഭട്ടാര്യമ്മ ശുഭം തരട്ടെ! ഞങ്ങളുടെ ഗതി ഇങ്ങനെയും കഴിയട്ടെ" എന്നു കന്യകയുടെ ബോധക്ഷയത്തിനിടയിലുള്ള സംബോധന ന്യായബോധത്താൽ ദൈവസംഭൂതമെന്നും താൻ ഈശകൃപാവകാശിനിയായുള്ള പാവനാത്മികയാണെന്നും തങ്ങളുടെ ദുർവ്വിധിയിൽ അനുകമ്പ തോന്നി സ്ഥാനവിഭ്രംശം വരുത്തേണ്ടെന്നും ധ്വനിപ്പിച്ചുള്ള ലക്ഷ്മിഅമ്മയുടെ പ്രലപനം ആ മാന്ത്രികനെ ഒരു മഹാമന്ത്രത്താൽ എന്നപോലെ സ്തബ്ധസമസ്തേന്ദ്രിയനാക്കി. ബാലികയെ വാത്സല്യപൂർവ്വം പലവുരു തലോടി, അവളുടെ ശരീരത്തിന്മേൽ അശ്രുവർഷംചെയ്തപ്പോൾ പിതൃപരിചരണം ലബ്ധമാകുന്നു എന്നു ചിന്തിച്ച് ആ സംതൃപ്തചിത്ത സുഷുപ്തിയിൽ അമർന്നു. ഭൃത്യൻ വഹിച്ചിരുന്ന ചെല്ലം വരുത്തി, അതിൽനിന്ന് അഞ്ജലിസമ്പൂർണ്ണമായി കനകനാണയങ്ങൾ വാരിയെടുത്തു പുത്രിയുടെ ശയ്യയിന്മേൽ മൂന്നുരു സമർപ്പണം ചെയ്തതിന്റെ ശേഷം ആപൽക്കരമായ 'ശുദ്ധഗതി'നിമിത്തം ഹതഭാഗ്യനായിത്തീർന്ന നാഗന്തളിമനയ്ക്കൽ നരായണൻ നമ്പൂരിപ്പാട് ആശീർവ്വാദഹസ്തത്തെ ഉയർത്തി നെറ്റിത്തടത്തോടുചേർത്ത് അവിടെനിന്നു നടകൊണ്ടു. ആ സ്ത്രീകളുടെ ഭവനദേശാദികളെക്കുറിച്ച് അറിവാൻ ജിജ്ഞാസുവായിരുന്ന കല്ലറയ്ക്കൽപിള്ളയെ,

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/382&oldid=168241" എന്ന താളിൽനിന്ന് ശേഖരിച്ചത്