താൾ:Ramarajabahadoor.djvu/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

താൻ ദർശിച്ച ഭാവഭേദങ്ങളും മുക്തഹസ്തമായ ധനദാനവും ശ്രവിച്ച കോപസത്യാദിപ്രഭാഷണങ്ങളും ഒരു വിഷമസരണിയിൽ പതിപ്പിക്കുകയാൽ അനന്തരകരണീയത്തെക്കുറിച്ചു സ്ഫുടബോധം കൂടാതെ അദ്ദേഹം ബ്രാഹ്മണനെ അനുഗമിച്ച് ചില ചോദ്യങ്ങൾ തുടങ്ങി. എന്നാൽ ആ പ്രശ്നങ്ങൾക്ക് അതിനിർദ്ദയമായ മൗനം അവലംബിച്ച് ബ്രാഹ്മണൻ ആ ഗൃഹസ്ഥനെ അവമാനിക്കതന്നെ ചെയ്തു, ലക്ഷ്മിഅമ്മ വേരറ്റ മരം കണക്കെ നിലത്തുവീണു.

നാഗന്തളി നമ്പൂരിപ്പാടിന്റെ പുണ്യപൂരിതമായുള്ള കൈകൾക്കും അദ്ദേഹത്താൽ വർഷിതമായ കണ്ണുനീരിനും സ്വർഗ്ഗാമൃതത്തിന്റെ സഞ്ജീവശക്തിതന്നെ ഉണ്ടായിരുന്നു. ദൈവാഭിമതത്താൽ സംഭവിച്ച ആ ജനകപുത്രീസംഘടനയിൽ ജനകാർജ്ജിതമായുള്ള സുകൃതസഞ്ചയം പുത്രിക്കു ശുഭോദർക്കമാകുമാറ് ദാനം ചെയ്യപ്പെട്ടു. ലക്ഷ്മിഅമ്മ സ്മാർത്തവിചാരണയിൽ ശിക്ഷിക്കപ്പെട്ട അന്തർജ്ജനമാണെന്നും ആ ശിക്ഷാകാലത്ത് ആ പരമസാദ്ധ്വി ഗർഭാധാനം ചെയ്തിരുന്നു എന്നും ഗൃഹസമുദായങ്ങളിൽനിന്നു ഭ്രഷ്ടയാക്കപ്പെട്ടപ്പോൾ നിരാലംബയായി സഞ്ചരിച്ചു തസ്കരാക്രമണമുള്ള ഒരു കാട്ടുവഴിയിൽ വീണുപോയി എന്നും അക്കാലത്തു കവർച്ചക്കാരനായി ധനസമ്പാദനം ആരംഭിച്ചിരുന്ന പെരിഞ്ചക്കോടൻ ആ സൗന്ദര്യധാമത്തെ കണ്ട് എങ്ങാണ്ടോനിന്നു സമ്പാദിച്ച അന്നനീരങ്ങളാൽ മുക്തക്ഷീണയാക്കി എന്നും ഈ വസ്തുത സുബോധലബ്ധിയിൽ ഗ്രഹിച്ച അന്തർജ്ജനം ഭഗവന്മതത്തിനു വഴങ്ങി പെരിഞ്ചക്കോടന്റെ ഭാര്യയായി അയാളെ തുടർന്നു എന്നും വായനക്കാർ ഊഹിച്ചുകൊള്ളുമല്ലോ.

മാസം ഒന്നുരണ്ടു കഴിഞ്ഞു. രോഗശയ്യയിൽനിന്ന് എഴുന്നേറ്റു ഗൃഹത്തിനുള്ളിൽ സഞ്ചരിക്കുന്നു എങ്കിലും രോഗകാലത്തു സന്ദർശിച്ചുപോയ സ്വസ്തിപൂർണ്ണമായ ലോകത്തോട് ആ കന്യകയ്ക്കുണ്ടായ ബന്ധം മുഴുവൻ ഖണ്ഡിക്കപ്പെട്ടിട്ടില്ല. അവളുടെ മുഖപ്രഭ പ്രണയത്തെ അല്ല, പ്രാണോന്മുഖമായ ഭക്തിയെ പ്രേക്ഷകരിൽ ഉത്പാദിപ്പിക്കുന്നു. നേത്രദ്യുതി, അരുന്ധതീതാരം ആ ആരാമാശ്രമത്തിൽ ദ്വിഗുണീഭവിച്ചതുപോലെ പരിശുദ്ധോജ്ജ്വലമായി മാതൃഹൃദയത്തെയും വാത്സല്യപ്രകടനങ്ങളിൽനിന്നു വിരമിപ്പിക്കുന്നു. അങ്കപ്രഭ ലക്ഷ്മീഹസ്തത്തിൽ പരിലസിക്കുന്ന കനകാംബുജത്തിന്റെ പ്രകാശത്തെത്തന്നെ വിതറുന്നു. അവളുടെ സഞ്ചാരദേശത്തിലെ ആകാശം ത്രിദിവലഘിമ ചേർന്നുള്ളതെന്നു തോന്നിക്കുമാറ് കേശം നിശ്ചഞ്ചലമായി ശിരസ്സോടു ചേർന്ന് അന്തഃപ്രശാന്തതയെ പ്രതിഫലിപ്പിക്കുന്നു. അവളുടെ ശ്വാസോച്ഛ്വാസങ്ങളിലും ലോകബന്ധപരിത്യാഗത്തിന്റെ നിശബ്ദതതന്നെ ശ്രാവ്യമാകുന്നു. ഹൃദയദർപ്പണത്തിൽ സ്വജന്മഹേതുകന്റെ രുപം ഒരു നവാകൃതിയിൽപതിഞ്ഞ് ദർശനേച്ഛയും പരിലാളനാഗ്രഹവും അസ്തമിച്ച് സാമാന്യമനുഷ്യലോകത്തിൽനിന്നു ബഹുദൂരോന്നതിയിലുള്ള ഒരു നിരയിൽ ആ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/383&oldid=168242" എന്ന താളിൽനിന്ന് ശേഖരിച്ചത്