Jump to content

താൾ:Ramarajabahadoor.djvu/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിനിടയിൽ പെരിഞ്ചക്കോടന്റെ മരണവൃത്താന്തം ആ പരാക്രമപ്പെരുമാളുടെ ആരാമത്തിൽ പാർപ്പുകാരായ സ്തീയുഗ്മത്തിന്റെ കഷ്ടവിധിയെക്കുറിച്ചുള്ള സഹതാപത്താൽ, കാര്യക്കാരായ അപരിജ്ഞേയഹൃദയനെ ചിന്താകുലനാക്കിയിരുന്നു. തൽക്കാലം നിരാധാരയായിരിക്കുന്ന കന്യകയെ വേട്ടുകൊള്ളുന്നതിനു കല്പനാനുമതി വാങ്ങിക്കിട്ടണമെന്നു കല്ലറയ്ക്കൽപിള്ളയുടെ എഴുത്തുകൾ പലതും വന്നു. അഴകൻപിള്ള ഈ സംഗതി ഏറ്റുകൊണ്ടു പോയിട്ട് അയാൾ ഏതു ബ്രഹ്മലോകത്തിലോട്ടോ അന്തർദ്ധാനംചെയ്തിരിക്കുന്നു. കാര്യക്കാരുടെ കൃപയുണ്ടാകേണ്ടത് പെരിഞ്ചക്കോടനായ രാജദ്രോഹിയുടെ പുത്രിയെ ഗൃഹിണീസ്ഥാനത്തിൽ സ്വീകരിക്കുന്നതിനെ ഒരു അപരാധമായി പരിഗണിക്കാതിരിക്കുവാൻ ആണെന്നും അയാൾ മരിച്ചിരിക്കുന്നതുകൊണ്ട് തിരുവുള്ളക്കേടിന് ഒരു വഴിയും ഇല്ലെന്നും ആ ലേഖനത്തിൽ വിവരിച്ചിരുന്നു. അഴകൻപിള്ളയുടെ അഭിപ്രായപ്രകാരമുള്ള ആ ദേവാംഗനാരത്നത്തെ തന്റെ പ്രജകളിൽ ആരെങ്കിലും വരിച്ചു ഭാഗ്യവനായിക്കൊള്ളട്ടെ എന്നുണ്ടായ തിരുവുള്ളം കല്ലറയ്ക്കൽപിള്ളയെ കാര്യക്കാർ ധരിപ്പിച്ചു. ഇതുകഴിഞ്ഞ് ഏതാനും ദിവസം ചെന്നപ്പോൾ കന്യക അത്യാപൽക്കരമായ രോഗത്തിൽ കിടപ്പാണെന്നും അവളുടെ അവസ്ഥ ശരീരവ്യാധിയോ, മനോവ്യാധിയോ, വല്ല പൂർവ്വജന്മദുരിതമോ, ക്ഷുദ്രപ്രയോഗഫലമായ വിപത്തോ ആയിരിക്കാമെന്നും അതിനാൽ മാന്ത്രികനും വൈദ്യനും ആയ ഒരു വിദഗ്ദ്ധനെ അയച്ചുകിട്ടിയാൽ വലിയ അനുഗ്രഹമാകുമെന്നും, പിന്നെയും ഒരു അപേക്ഷ കല്ലറയ്ക്കൽപിള്ളയിൽനിന്ന് കാര്യക്കാർക്കു കിട്ടി.

ടിപ്പുവിന്റെ ആക്രമണത്തെ ഭയപ്പെട്ട് തിരുവനന്തപുരത്തു പ്രവാസം അനുഷ്ടിക്കുന്ന ഒരു വിശ്രുതദ്വിജൻ ഇതിനിടയിൽ കാര്യക്കാരുടെ ഒരു ബന്ധുവായിത്തീർന്നിരുന്നു. നാല്പത്തിഅഞ്ചു കഴിഞ്ഞുള്ള ആ പ്രായത്തിലും മദനസൗന്ദര്യം ശോഭിക്കുന്ന ആ ബ്രാഹ്മണൻ, ഒരു ദുഷ്കർമ്മനിപാതാനന്തരം അനുവർത്തിച്ച ബ്രഹ്മചാരിത്വത്തിനിടയിൽ ചികിത്സ, മന്ത്രവാദം, ജോത്സ്യം എന്നീ കലകളിൽ അപാരവൈദുഷ്യം സമ്പാദിച്ച് ബഹുജനോപകാരം ചെയ്ത് ഒരു ധാർമ്മികാഗ്രേസരനെന്ന വിശ്രുതിയെ സമ്പാദിച്ചിരുന്നു. കാര്യക്കാർ കല്ലറയ്ക്കൽപിള്ളയുടെ അപേക്ഷയെ ധരിപ്പിച്ച മാത്രയിൽത്തന്നെ അത്യുദാരമതിയായ വിപ്രമാന്ത്രികൻ 'അങ്ങനെ പോയ്‌വരാം' എന്നു സ്വകൃത്യമെന്നപോലെ സമ്മതിച്ച് കല്ലറയ്ക്കലേക്ക് അഥവാ പെരിഞ്ചക്കോട്ടെ കന്യാഗൃഹത്തിലേക്കു പരിചാരകസമേതം പുറപ്പെട്ടു.

കാടു വരട്ടുന്നതും കിളുർപ്പിക്കുന്നതും ആയ കുംഭമാസത്തിലെ മഴകൾ രണ്ടും യഥാകാലം പെയ്തുകഴിഞ്ഞു. പെരിഞ്ചക്കോട്ടെ വൃക്ഷവാടി ജലബിന്ദുക്കളെ ഇറ്റിറ്റു വീഴ്ത്തുന്നു. കുരരികൾ മേഘച്ഛന്നമായ ഉദയാകാശം കണ്ടു നീരസത്താൽ തലകൾ ചെരിച്ച് ഭൂസ്ഥിതി എങ്കിലും സഞ്ചാരാനുകൂലമോ എന്നു നോക്കുന്നു. ശൃംഗാരികളായ കപോതമിഥു

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/377&oldid=168235" എന്ന താളിൽനിന്ന് ശേഖരിച്ചത്