താൾ:Ramarajabahadoor.djvu/385

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശിച്ചപ്പോൾ അവരുടെ പാദങ്ങൾ പുത്രിയുടെ ശരീരത്തിന്മേൽ തടയുകയാൽ അവരും തറയിൽ വീണു. ആ ജനനിയുടെ പ്രബോധലബ്ധിയിൽ ഉത്സംഗസ്ഥയാക്കപ്പെട്ട പുത്രിയെ മാറോടണച്ചുകൊണ്ട് ലക്ഷ്മിഅമ്മ എഴുന്നേറ്റു. രണ്ടുപേരും ശയ്യയെ അവലംബിച്ചു. ജനനീവക്ഷസ്സോടു ചേർന്ന കന്യക സ്വജന്മഹേതുകന്റെ കരത്താൽ തലോടപ്പെട്ട മുഹൂർത്തത്തിലെ ആഹ്ലാദത്തെ അപ്പോഴും അനുഭവിക്കുകയാൽ "അച്ഛാ! അച്ഛാ!" എന്നു സ്വയം താരാട്ടി സുഖനിദ്രയിൽ അമർന്നു.

നാഴിക രണ്ടു കഴിഞ്ഞില്ല. കല്ലറയ്ക്കൽപിള്ളയുടെ അറപ്പുരയിൽനിന്നു പടിഞ്ഞാറോട്ടുള്ള വാതിൽ അതിന്റെ ബന്ധങ്ങളിൽനിന്നു വേർപെട്ടത് മഴയുടെ മേഘാരാരവത്തിനിടയിൽ കൂർക്കംവലിച്ചുറങ്ങുന്ന ഗൃഹനായകൻ കേട്ടുമില്ല; അഞ്ചാറു കൃഷ്ണവിഗ്രഹങ്ങൾ അറപ്പുരക്കെട്ടിനകത്തോട്ടു പ്രവേശിച്ചതു ഗൃഹവാസികളും അറിഞ്ഞില്ല. ചൗര്യവ്യവഹാരത്തിൽ വിദഗ്ദ്ധന്മാരായ അവരുടെ ചാതുര്യത്താൽ കല്ലറയ്ക്കൽപിള്ളയിൽനിന്നു യാതൊരു ശബ്ദവും പുറപ്പെട്ടില്ല. അയാൾ ശവശരീരമെന്നപോലെ പുറമുറ്റത്തെ മഴയേറ്റുതുടങ്ങി. ആ ജഡവാഹകന്മാരായ കിങ്കരന്മാർ കയ്യാലകൾ ചാടി, ചെറുചെടികൾ ഞെരിച്ച് പടിഞ്ഞാറുള്ള കുറ്റിക്കാട്ടിലെത്തി കല്ലറയ്ക്കൽപിള്ളയെ പാദസ്ഥനാക്കി. ഒരു തമഃസ്വരൂപം ആ ഭീതന്റെ മുമ്പിൽ പ്രത്യക്ഷമായി. കാർമേഘങ്ങളുടെയും അപ്പോഴും ചൊരിയുന്ന വർഷത്തിന്റെയും അധിഷ്ഠാനമൂർത്തിയോ എന്നു ചിന്തിച്ച് കല്ലറയ്ക്കൽപിള്ള കൃപാലബ്ധി പ്രാർത്ഥിക്കുവാൻ കൈകൾ ഉയർത്തി. മിന്നൽക്കൊടിയുടെ ബഹുനിമിഷനേരത്തേക്കുള്ള ഉജ്ജ്വലനം ആ സത്വത്തിന്റെ സ്വരൂപത്തെ കല്ലറയ്ക്കൽപിള്ളയ്ക്കു പ്രകാശപ്പെടുത്തി: "ഹയ്യോടാ കൊടുമ്പാവി! നീ ഇങ്ങു കേറിയും കൈവച്ചോ?" എന്ന്ണ്ടായ കല്ലറയ്ക്കൽ പിള്ളയുടെ ആശ്ചര്യോൽഘോഷണത്തിന് "അഹാ! നേരുകെട്ട തമ്പ്രാക്കള്! അരുഞ്ചാക്കിനല്ലാ-കുഴിതോണ്ടിണാര്? തമ്പിരാ, പാണ്ടക്ക കുണ്ടുകുടി ആണുറവ് പിറപ്പിപ്പാര്" എന്ന് ഒരു കണ്ഠരടിതം ആ കാട്ടിൽ മുഴങ്ങി. രോഗസ്ഥിതിയിൽനിന്നു നിവൃത്തയായ ദേവകിയെ ഉപേക്ഷിച്ച് ആസന്നമൃത്യുവാക്കിയ തന്റെ കൃത്യത്തിനു ശിക്ഷയായി താൻ പിടിക്കപ്പെട്ടു എന്നും അപഹർത്താവിന്റെ വസതിയായ ഗർത്തത്തിൽ പാർത്ത് പുരുഷാനുയോജ്യമായ പ്രതിജ്ഞാസംരക്ഷണംകൊണ്ടു തന്റെ സ്വാതന്ത്ര്യലബ്ധി ഉണ്ടാകേണ്ടതാണെന്നും, പാണ്ടയായ ആ ജനസ്ഥാനാധിപൻ വിധിച്ചുപോയിരിക്കുന്ന സ്ഥിതിക്ക് തൽക്കാലം ആ വിധിനിപാതം സഹിക്കതന്നെ എന്നു നിശ്ചയിച്ച് കല്ലറയ്ക്കൽപിള്ള വീണ്ടും വാദത്തിനു മുതിരാതെ അടങ്ങിക്കൊണ്ടു. ചണമ്പുചാക്കുകൾ ഒന്നിച്ചു കുത്തിച്ചേർത്തുള്ള ഒരു മൂടുപടംകൊണ്ട് കല്ലറയ്ക്കൽപ്പിള്ളയുടെ ശരീരത്തെ ആപാദമസ്തകം ആച്ഛാദനംചെയ്ത് അയാളെ ഒരു പുൽക്കൊടിപോലെ എടുത്തുകൊണ്ടു കിങ്കരന്മാർ യാത്ര തുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/385&oldid=168244" എന്ന താളിൽനിന്ന് ശേഖരിച്ചത്