'അമ്മേ! അമ്മേ!' എന്നുള്ള ദയനീയമായ വിളികൾ ലക്ഷ്മിഅമ്മയുടെ ഭൂതകാലോന്മുഖമായ മനോവീക്ഷണത്തെ വിഘാതപ്പെടുത്തി. ദേഹക്ഷീണം നിമിത്തം ഝടിതിയിൽ എഴുനേല്പാനും പാഞ്ഞെത്താനും കഴിയാത്തതിനാൽ മരഭിത്തിയുടെ സഹായത്താൽ പാദസ്ഥയായി അലഘുവായുള്ള വിധിഭാരത്താൽ വക്രിതമായ ശരീരത്തിനു സാധ്യമായ ത്വരയോടെ താങ്ങുവാൻ പാടില്ലാത്ത കാഴ്ചയുടെ വേദന സഹിപ്പാൻ അവർ പടിഞ്ഞാറേ അറയിലോട്ടു കടന്നു. "അമ്മേ, അച്ഛൻ--എന്റച്ഛൻ വന്നോ?" എന്ന് അന്നത്തെ അരുണോദയാനന്തരം ബഹുതരം ആവർത്തിക്കപ്പെട്ട ആ ചോദ്യം പിന്നെയും കേട്ട് ലക്ഷ്മിഅമ്മ മുൻപോലെ തളർന്നു. "എന്തിനമ്മ! എനിക്കാരും വേണ്ട--അന്നു വന്ന അദ്ദേഹത്തിന്റെ സ്ഥാനമാനം-ഉദ്യോഗം, എല്ലാം അങ്ങിരിക്കട്ടെ. എനിക്ക് എന്റച്ഛൻ മതി. എന്റച്ഛൻ മതിയമ്മേ. (അക്ഷമയോടെ) മതി--അച്ഛൻ കണ്ണിലിരിക്കുന്നു. അമ്മ വിളിക്കണം, മുമ്പിൽ വരും."
ലക്ഷ്മിഅമ്മ: "എന്റെ മകളേ, നീ ഇങ്ങനെ ശാഠ്യം തുടങ്ങിയാൽ എന്തുചെയ്യും? അദ്ദേഹത്തിനു തോന്നുമ്പോൾ വരും. ഞാൻ വിളിച്ചാൽ എത്തുന്നടത്തല്ല അദ്ദേഹം. പടയ്ക്കു പോയി."
ദേവകി: "പടയോ? എന്തുപട? അതൊന്നും പറയണ്ട; ഇങ്ങു വിളിക്കണം. എനിക്കുവേണ്ടി ഒന്നിനും പട വെട്ടണ്ട. വെട്ടണ്ടമ്മേ--വെട്ടണ്ടാ. അയ്യോ! അമ്മേ! ശിവശങ്കരാ!"
ലക്ഷ്മിഅമ്മ: "നിലവിളിച്ചു തളരാതെ ദേവകീ. ജ്വരമില്ല, ശൈത്യമില്ല. ദേഹം ക്ഷയിച്ചു ക്ഷയിച്ചു വരുന്നതേയുള്ളു. സാഹസപ്പെട്ടാൽ-- (കണ്ണുനീരോടും ഗദ്ഗദത്തോടും) എന്നെ തനിച്ചാക്കാതെ--മഹാപാപമാണ്."
ദേവകി: "തനിച്ചോ? അച്ഛൻ വരും--അമ്മേടെ തല മാടിത്തരും, കണ്ണെഴുതും. വരിക്കുറി--(ക്ഷീണത്തോടെ ചിരിച്ചിട്ട്) ഞാൻ കണ്ടിട്ടുണ്ട്. പനങ്കിളികൾപോലെ ഇരുന്നു നിങ്ങൾക്കു രസിക്കാം--ഞാൻ ആർക്ക്?--"
ലക്ഷ്മിഅമ്മ അതിദീർഘമായി നിശ്വസിച്ചു. മരണത്തോട് അടുത്തിരിക്കുന്ന പുത്രിയുടെ അനുഗ്രഹം കിട്ടുകപോലും ദുസ്സാധം! താൻ ആ പരമശുദ്ധയെ മുഹൂർത്തംപ്രതി വഞ്ചിക്കുന്നില്ലേ? രാജധാനിവാർത്ത നഗരത്തിൽ പരന്ന് കല്ലറയ്ക്കൽ എത്തി താനും ഗ്രഹിച്ചു. സൂക്ഷ്മം ആരാഞ്ഞുവരുവാൻ മല്ലൻപിള്ളയെ അയച്ചതിൽ, സംഗതി പരമാർത്ഥംതന്നെ എന്ന് അയാളും അറിയിച്ചിരിക്കുന്നു. പുത്രിയുടെ സന്നിധിയിൽനിന്നു പിരിഞ്ഞ് മരക്കാവിനുള്ളിൽ പ്രവേശിച്ച് കിട്ടുന്ന അവസരത്തിലെല്ലാം കണ്ണുനീർകൊണ്ട് ആ വിടപീമൂലങ്ങളെ താൻ നനച്ചിട്ടുണ്ട്. പുത്രിയോടു പരമാർത്ഥം പറക എന്നുവച്ചാൽ അതു കേൾക്കുന്ന ഉടൻ അവളുടെ ജീവാന്തം സംഭവിക്കും. ഈ സ്ഥിതികളിൽ, തന്നെ ഏകാകിനി ആക്കരുതെന്നു പുത്രിയോടു പ്രാർത്ഥിച്ചുപോയ ബുദ്ധിജാള്യത്തെക്കുറിച്ച് ആ സാധ്വി പശ്ചാത്തപിച്ചു. ക്ലേശിച്ചു, സ്വയം ശപിച്ചു.