രാമരാജാബഹദൂർ/അദ്ധ്യായം ഇരുപത്തിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിമൂന്ന്
[ 257 ]
അദ്ധ്യായം ഇരുപത്തിമൂന്ന്


"എൻ കാന്തനെന്നോടുണ്ടോ വൈരം
ഇല്ലെന്നിരിക്കിൽ എന്തേ തുടങ്ങിയിപ്രകാരം?
എനിക്കു ഘോര വൻകാട്ടിലാരുപോൽ പരിവാരം!
ഏതു ചെയ്താലും വന്ദിപ്പതിനിങ്ങധികാരം"


ദിവാൻജിയിൽനിന്നു കിട്ടിയ ആജ്ഞ രാജകല്പനയായിത്തന്നെ ഉണ്ണിത്താനാൽ ആദരിക്കപ്പെട്ടു. അജ്ഞാതവാസത്തിനു പുറപ്പെട്ട പാണ്ഡവർക്ക് ശ്രീനാരദൻ ഉപദേശിച്ച രാജസേവാക്രമംതന്നെ ഉണ്ണിത്താന്റെ ഉദ്യോഗവ്യാപാരങ്ങളിൽ അദ്ദേഹത്തിനു മാർഗ്ഗദീപമായിരുന്നു. എങ്കിലും വിചാരിച്ചിരിക്കാതെ തന്റെ ക്രിയാപദ്ധതികളെ നിയന്ത്രിക്കുമാറുണ്ടായ ആജ്ഞയുടെ ശ്രവണത്തിൽ, ദാസ്യത്താൽ പൗരുഷത്തിനു നേരിടുന്ന ശൃംഖലാബന്ധത്തെ ചിന്തിച്ചു മാത്സര്യപ്രണോദനത്തിന് അരക്ഷണനേരം അദ്ദേഹം വശംവദനായിത്തീർന്നു. എന്നാൽ രാജവേതനം അംഗീകരിച്ചു പണയപ്പെട്ടുപോകുന്നവർ രാജ്യസമാധാനത്തിനും ക്ഷേമത്തിനും ഐശ്വര്യത്തിനും ആധാരസ്തംഭങ്ങളായി നിലകൊണ്ടു കൃതജ്ഞതയെയും കൃത്യത്തെയും പുലർത്തണമെങ്കിൽ ആജ്ഞാപാത്രങ്ങൾക്കു ശിരഃപ്രണാമം ചെയ്യാതെ ഗത്യന്തരമില്ലെന്നും അദ്ദേഹം സ്മരിച്ചു. ഹൃദയത്തിലെ വികാരവും ബുദ്ധിയുടെ നിയോഗവും ഇങ്ങനെ വിപരീതഗതികളിലായപ്പോൾ ആ സ്വാരസ്യധാമാവിന്റെ മുഖത്തിലെ പേശലപേശികൾ സ്വയമേ ഒരു വിചിത്രപേഷണം തുടങ്ങി. പൗരുഷവും ധർമ്മാചാര്യത്വവും ഭേദിച്ചുള്ള കൃത്യനിഷ്ഠാവരോഹം ആ മതിമാനെ അനുക്ഷണം സാവജ്ഞനാക്കി. ആ നിമിഷമാത്രത്തിലെ ദുഷ്കലിബാധയിൽനിന്നു മുക്തനായ അദ്ദേഹം തന്റെ മുഖത്തെ ഒരു ചിന്താഗൗരവത്താൽ ആവേഷ്ടനം ചെയ്തുകൊണ്ടും ഏതെങ്കിലും ഒരു അപനയത്താൽ പീഡിതനെന്നുള്ള ഭാവത്തെ വചനകർമ്മങ്ങളിൽ സ്ഫുരിപ്പിക്കാതെയും തന്റെ സംഭാരകാര്യാലയങ്ങളെ ചട്ടവര്യോലപ്രകാരം കൈയൊഴിഞ്ഞു. [ 258 ]

അക്കാലത്തെ പ്രഭുക്കൾ, പ്രമാണികൾ, സ്ഥാനമാനക്കാർ എന്നിവരുടെ സഞ്ചാരങ്ങളിൽ അഞ്ചെട്ടെങ്കിലും നായന്മാരുടെ പരിസേവനമില്ലെങ്കിൽ ഭൂഭ്രമണം നിലകൊണ്ടുപോകുമെന്നു സമുദായമതംതന്നെ സിദ്ധാന്തിച്ചിരുന്നു. ഉണ്ണിത്താൻ, കുലമഹത്വം, ഗൃഹസംഖ്യ, ധനപുഷ്ടി, വിദ്യാധനം എന്നിവ കണക്കാക്കുമ്പോൾ ഒന്നാം പന്തി പ്രഭുതന്നെയായിരുന്നതിനാൽ, അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്ക് കഴക്കൂട്ടം, കൊട്ടാരക്കര എന്നീ സ്ഥലനിവാസികളിൽ ഒരു വലിയ സംഘം അദ്ദേഹത്തോടു സഹഗമനം ചെയ്ത് പറവൂർപാളയത്തിൽ എത്തി പാർപ്പുറപ്പിച്ചിരുന്നു. തിരുവനന്തപുരത്തേക്കു തിരിക്കും മുമ്പ്, ഈ സംഘത്തിലെ ഒന്നുരണ്ടു ദീർഘപാദന്മാർ നന്തിയത്തേക്കും കുറുങ്ങോട്ടു കൃഷ്ണക്കുറുപ്പിനും എഴുതീട്ടുള്ള ലേഖനങ്ങളോടുകൂടി യാത്രയാക്കപ്പെട്ടു.

ഉണ്ണിത്താൻ ആജ്ഞാധിക്കാരത്തിനു സന്നദ്ധനാകുന്ന അല്പപ്രജ്ഞനോ ദുർബുദ്ധിയോ അല്ലെന്ന് ദിവാൻജിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. എങ്കിലും, ആ ഉദ്യോഗസ്ഥൻ പൂർവ്വോദ്യോഗത്തിലേക്കു നിയുക്തനായപ്പോൾ അനുക്ഷണംതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കു ഭാണ്ഡം മുറുക്കുന്നു എന്നു കേൾക്കയാൽ, ദിവാൻജി സ്വസ്നേഹിതന്റെ സൽപൗരുഷത്തെ അന്നും വിശിഷ്യ അഭിനന്ദിച്ചു. ആ മാനസാരാധനയ്ക്കിടയിൽ അദ്ദേഹത്തിൻറെ ഭൂയുഗ്മത്തിൽ ഒന്ന് അസ്ത്രമോചനവേളയിലെ ധനുസ്സുപോലെ ആകുഞ്ചിതമായി. ഈ ഭാവഭേദത്തോടു സമകാലീനമായുള്ള ചോതോവ്യാപാരത്തിന്റെ ഫലമായി, കൊടന്തയാശാനെ ബന്ധനത്തിൽനിന്ന് ഉടനെ മോചിപ്പിച്ചുകൊള്ളുവാനുള്ള ആജ്ഞ പുറപ്പെട്ടു. ഇതോടുകൂടി ദിവാൻജീയുടെ കർണ്ണനേത്രങ്ങളായി ആ പാളയസങ്കേതത്തിൽ പ്രവർത്തനം ചെയ്തുകൊണ്ടിരുന്ന ആ ചാരപ്രധാനൻ ആധധുനികസന്മന്ത്രീത്വവും അനുവദിച്ചുപോരുന്ന ഒരു ക്രിയയുടെ പരികർമ്മിയായി നിയോഗിക്കപ്പെടുകയും ചെയ്തു. ഈ നിർദേശമായുള്ള രാഘവബാണം ഏതു നിഷാദവിഷയങ്ങളെ അനിഷാദമാക്കുന്നു എന്നു വഴിയെ ഗ്രഹിക്കാവുന്നതാണ്.

ദക്ഷിണതിരുവിതാംകൂറിൽ ശിലാസ്തംഭങ്ങളും അടിസ്ഥാനക്കെട്ടുകളും ഇന്നും ശേഷിക്കുന്ന മാദ്വാൻലായങ്ങളിൽ പെൺകുതിരകളെ വളർത്തി അശ്വശാസ്ത്രാനുസാരം രാജാവശ്യങ്ങൾക്കു വേണ്ടിവന്ന അശ്വങ്ങളെ അക്കാലങ്ങളിൽ ഉല്പാദിപ്പിച്ചുവന്നു. അഴകേറും പെരുമാൾ, മയിലേറും പെരുമാൾ, സൗന്ദര പാണ്ഡപ്പെരുമാൾ എന്നു തുടങ്ങിയുള്ള കർണ്ണമധുരമായ ദ്രാവിഡനാമങ്ങൾ ധരിച്ചിരുന്ന നാഞ്ചിനാട്ടിലെ പൗരപ്രധാനികൾ സ്കന്ധാവാരനിരകളിലെ നായകത്വവും ഈ അശ്വവാടങ്ങളുടെ ഭരണവുംകൂടി വഹിച്ച് സചിവമണ്ഡലത്തിനു ധനജനങ്ങളുടെ സ്വാധീനത്താലുള്ള ബലത്തെ പരിപുഷ്ടമാക്കിയിരുന്നു. അക്കാലത്തെ രാജ്യാഭിമാനികളുടെയും സ്വാശ്രയശീലന്മാരുടെയും, മിതവ്യയേക്ഷയുടെ ഫലമായി പറവൂർ മുതൽ ദക്ഷിണപരിധിവരെ ഓരോ ഊഴങ്ങൾ നിശ്ചയിച്ച്, വൃത്താന്തവാഹികൾക്കും ഉദ്യോഗസ്ഥപ്രധാനന്മാർക്കും [ 259 ] ദ്രുതസഞ്ചാരം ചെയ്‌വാൻ തപാൽ കുതിരലായങ്ങൾ സ്ഥാപിക്കുന്നതിനു വേണ്ടുവോളം കുതിരകൾ തന്നാട്ടു ശ്രമങ്ങളാൽ സംഭരിക്കപ്പെട്ടിരുന്നു.

ഇപ്രകാരമുള്ള വ്യവസ്ഥയുടെ സാഹായ്യത്താൽ ത്രിവിക്രമകുമാരൻ പ്രണയവിരഹങ്ങളുടെ ദാരുണതയാകുന്ന ഏകചക്രരഥത്തിൽത്തന്നെ ആരൂഢനായി ഭൂമുഖവിവിധതകളെ തരണചെയ്തു രോഗശയ്യാവലംബിനിയായ ചിലമ്പിനഴിയത്തെ സാധ്വീനരത്നത്തെയും വ്യാജനിദ്ര അഭിനയിച്ചു കിടന്ന രാജമന്ദിരത്തളത്തിലെ നന്ദികേശ്വരമല്ലനെയും സന്ദർശിച്ചു. മഹാരാജാവിന്റെ ഘോഷയാത്രകളിലെ പരിസേവനത്തിനു മാത്രം തുരഗാരോഹം അഭ്യസിച്ചിരുന്ന ഉണ്ണിത്താൻ പ്രിയയെ സമാശ്വസിപ്പിപ്പാനോ പുത്രിയുടെ ദർശനത്തിനോ ഉഴറാതെ, തന്റെ യാത്രയ്ക്കു കിട്ടിയ ഉച്ചൈശ്രവസ്സിന്റെ ഹിതത്തെ തുടർന്നും പരിച്ഛദസംഘത്തെ വിഷമപ്പെടുത്താതെയും പ്രയാണം അനുവർത്തിച്ചു. വ്യാജവ്യാപാരങ്ങളിൽ വാസനാശൂന്യനായുള്ള അദ്ദേഹത്തിന്റെ അശ്വയാത്രയിൽ നമ്മുടെ കൊടന്തയാശാൻ അങ്കവടിവാറിന്റെ അവലംബകനായി ദാമഗ്രന്ഥിസ്ഥാനവും വാർത്താകഥനംകൊണ്ടു സഞ്ജയസ്ഥാനവും വഹിച്ചു. ഉണ്ണിത്താന്റെ കായച്ഛായയുടെ സഞ്ജീവകശക്തി ആശാൻറെ ദന്തനാശത്താലുള്ള വേദനകളെ ദുരീകരിച്ചു. ദിവാൻജിയുടെ ആജ്ഞകൾ പുല്ലു തിന്നട്ടെ എന്ന് ആ അഭിനവസുതൻ നിശ്ചയിച്ചു, പാണ്ടയെ സംബന്ധിച്ചുണ്ടായ ആ മഹാധികാരസ്ഥന്റെ അഭിലാഷോച്ചാരണത്തെ, സാവിത്രീപരിഗ്രഹണത്തിനുണ്ടായിരുന്ന അഭിനിവേശത്തിനു തുല്യം വിസ്മൃതികൂപത്തിൽ നിക്ഷേപിച്ചു.

അന്നത്തെ രാജപഥങ്ങൾ ഇക്കാലത്തെപ്പോലെ വാഹനോപയോഗത്തിനു യോഗ്യങ്ങളല്ലാതിരുന്നതിനാൽ ഉണ്ണിത്താന്റെ യാത്ര 'നാലുപാദ'ക്രമത്തിൽത്തന്നെ ആയിരുന്നു. ആയുധപാണികളും സാമാനവാഹികളും ആയുള്ള പരിചാരകന്മാരുടെ അകമ്പടി ഉണ്ടായിരുന്നു എങ്കിലും ജിഹ്വായുധക്കാരനായ കൊടന്തയാശാൻ മാത്രമേ ആ പണ്ഡിതരത്നത്തിന്റെ മാർഗ്ഗശ്രമങ്ങളെ ഭാഷണചാമരംകൊണ്ടുള്ള വീജനത്താൽ ലഘൂകരിച്ചുള്ളു. എന്നാൽ യാത്രാരംഭദിവസത്തിൽത്തന്നെ ഗർഭപാത്രോദിതമായ ആശാന്റെ കഥനകൗതുകം, ആ ദിനാന്തത്തിലെ ഭക്ഷണവും വിശ്രമവും കഴിഞ്ഞപ്പോഴേ പത്തു മാസം തികഞ്ഞു പ്രസവമുഹൂർത്തത്തിൽ എത്തിയുള്ളു. തന്റെ പാദത്തെ സ്പർശിച്ചുകൊണ്ടു ഗമനംചെയ്യുന്ന ശിഷ്യൻ പലതും ഞരങ്ങിത്തുടങ്ങിയപ്പോൾ "എന്താ കൊടന്തേ, എന്തെല്ലാമാണ്? വീട്ടിലെത്താൻ ധിറുതിയായോ?" എന്ന് ആശ്രിതവത്സലനായ ഉണ്ണിത്താൻ കേവലം സൗജന്യോദ്ദേശ്യത്തോടെ ചോദ്യം ചെയ്തു. ഈ കുശലാന്വേഷണം സൂതികാകർമ്മമായി ഫലിച്ച് കൊടന്തയാശാനിൽ ഗർഭിച്ചിരുന്ന വിഷസന്താനത്തെ ലഘുപ്രസവമായി ജാതം ചെയ്യിച്ചു.

കൊടന്തആശാൻ: (സ്വാധീനത്തിലുള്ള കണ്ണുനീർത്തുള്ളികൾ വീഴ്ത്തിച്ചും കണ്ഠംകൊണ്ടു ചില മണ്ഡൂകസ്വനങ്ങൾ ധ്വനിപ്പിച്ചും) "അതൊന്നുമല്ല പൊന്നാശാനേ! മറ്റൊള്ളവരുടെ കഷ്ടകാലം വിചാരിച്ചപ്പോൾ, ഒരേങ്ങൽ അങ്ങുവന്നു പോയേത് - അമർത്താൻ കഴിഞ്ഞില്ല." [ 260 ]

ഉണ്ണിത്താൻ: "ആ 'മറ്റി'ൽ ഉൾപ്പാടാത്തവർ ഇന്ന് ആരാടാ? പ്രപഞ്ചമല്ലേ ഇത്? ആധാരമൂർത്തികൾതന്നെ മൂന്നല്ലേ? ദേവസംഖ്യയോ മുപ്പത്തുമുക്കോടി."

കൊടന്തആശാൻ: "ഔവ്വേ! ദിവാന്യോമാൻതന്നെ അവറ്റേലുംവെച്ചു മികച്ച ഭാഗ്യപ്പുള്ളി. ഈ പാപത്താന്റെ ഗുരുനാഥൻ അങ്ങോട്ടുമിങ്ങോട്ടും അടിച്ചോണ്ടു നടക്കുന്നതു കാണുമ്പോൾ അകം നീറിപ്പോന്നേ. സ്വാമി ഭഗവാൻ സർവ്വസാക്ഷിതന്നെ രക്ഷത്."

ഉണ്ണിത്താൻ: "ഛ! അക്കഥ കളഞ്ഞേക്ക്. നിന്നെ ശിവലിംഗമായി സൃഷ്ടിച്ചില്ലല്ലോ! നിമ്നോന്നതങ്ങൾ - മനസിസിലായോ? - സൃഷ്ടിയുടെ ഒരു അനിവാര്യാംശമാണ്. സൗന്ദര്യത്തിനും മറ്റും നിദാനം അതുതന്നല്ലേ?"

കൊടന്തആശാൻ: "അതേതെ. എല്ലാരും പല്ലക്കു കേറിയാൽ ചുമക്കാനും വല്ലോരും വേണ്ടയോ? അതുകൊണ്ടു ശരിതന്നെയാന്നേ വചനം-"

ഉണ്ണിത്താൻ: (കഴിയുന്നത്ര കുനിഞ്ഞ്) "എടാ, ആ പെണ്ണിനെ - സാവിത്രിയെ, തമ്പുരാൻതന്നല്ലേ കൊണ്ടുപോയത്?"

അഭിലഷിച്ച സംഭാഷണദ്വാരത്തെ ഉണ്ണിത്താൻതന്നെ തുറക്കുകയാൽ, ആശാൻ തന്റെ തലയൊന്നുയർത്തി, ദന്തസമ്പാതത്താലുണ്ടായിട്ടുള്ള കവിൾത്തടവീർപ്പിന്റെ വേദനയെ കൈത്തലത്താൽ ചികിത്സിച്ചും മറുഭാഗത്തോട്ടു ചുണ്ടുകളെ വക്രിപ്പിച്ചു വിടുർത്തിയും അപഹരണകഥാപ്രസംഗം ആരംഭിച്ചു: "ഗണനാഥാ! ഒന്നും ബോധിപ്പിപ്പാനില്ല. തമ്പുരാൻ നിഷധനളൻ. പോക്രിത്തരത്തിനു വട്ടംകൂട്ടത്തില്ലെന്ന് ഏതു നടയ്ക്കലും സത്യംചെയ്യാം. അവിടത്തെ കാര്യംപിടിത്തക്കാരൻ എന്ന മന്നൻ - അയാന്റെ കയ്യ് ആ കാര്യത്തിൽ കടന്നെന്നു പടിഞ്ഞാറ്റേലെ കുരുട്ടുകണ്ണീം പറയും. നന്തിയത്തുന്ന് ഒരു ജീവപ്രാണി ആവശ്യപ്പെടാണ്ടല്യോ, അങ്ങേര് ഒരു മഞ്ചലും ശേവുകരെയും അയച്ച് എങ്ങോണ്ടോ വച്ചു മുഖം കാണിച്ച് എഴുന്നള്ളിച്ചുട്ടത്! രാത്രി എങ്ങാണ്ടോ കൊണ്ടുപോയി കൈകടത്തിക്കളഞ്ഞില്ലേ എന്നു വേണം ഇനി അറിവാൻ."

ഉണ്ണിത്താൻ ഇതു കേട്ട് അല്പനേരം ചിന്തിച്ചിട്ട്, ആശ്വാസനിശ്വാത്തോടെ ഇങ്ങനെ പറഞ്ഞു: "അബദ്ധക്കൈ ഒന്നും നടന്നിരിക്കല്ല. കാര്യക്കാർ തിരുമുമ്പിൽ ഉത്തരം പറവാനുള്ളവനാണ്. അതു പോട്ടെ, ഒന്നിപ്പോൾ തീർച്ചയല്ലേടാ? അവടെ മുണ്ടുകൊട തോന്നിയ മുഹൂർത്തത്തിൽ ഇന്നിന്നലെ നടത്തീട്ടുണ്ട്. അതിനാണ് ആ വിക്രമനെ അങ്ങോട്ടു പറത്തിയത്. നാം ദീപോത്സവത്തിൽ കഴിയട്ടെ. കെട്ടുപാടിലൊക്കെ നമുക്കെന്തു ബന്ധം? കേശവമതം ഉഗ്രസേന മഹാരാജാവിനും ഹിതമായിരുന്നു."

കൊടന്തആശാൻ: "ഒവ്വെല്ലൊ! അധികാരപ്പാരക്കോല് എന്തും മറിക്കും - മുറിക്കും - മുടിക്കും. ഇക്കാലത്ത് ദിവാൻതിരുവടി ഇട്ടതെല്ലാം ചട്ടം. ചാദിപ്പാനുള്ളവര് -" (കടിഞ്ഞാണിന്റെ അറ്റംകൊണ്ടു തന്റെ തലയിന്മേൽ ഒരു പ്രഹരസമ്മാനത്തെ ഗുരുനാഥഹസ്തം അർപ്പിക്കുന്നു [ 261 ] എന്നറിയുകയാൽ കൊടന്തആശാൻ ക്ഷതപ്പെടാത്ത ഭാഗം അണയിലെ ദന്തങ്ങളെ അമർത്തിക്കൊണ്ട് സംഭാഷണപദ്ധതിയെ അവശ്യവേഗത്തിൽ മാറ്റി "ഇവനെയിട്ട് ആ യജമാനൻ എന്തു കാഷായിപ്പിച്ചു? കൃമികീടമാണിവൻ എന്ന് ആ ഗർഭശ്രീമാൻ ഒത്തിരിയെങ്കിലും ഓർത്തില്ലല്ലോ. ചന്ദ്രഹാസം കറക്കി ദമിഷ്ട്രങ്ങൾ ഇരുവതും കടിച്ചു, തല വീശിക്കളയാഞ്ഞത്, പിതൃക്കടെ തീറ്റിബ്ഭാഗ്യംകൊണ്ടു. ചുരുക്കം ബോധിപ്പിച്ചേക്കാം. ആ ഏമാനും നമ്മുടെ ഒന്നുമറിയാക്കുഞ്ഞും സാധു മറ്റുള്ളവരും എല്ലാം ഒരു കയ്യ്."

ആ ശിഷ്യന്റെ 'മറ്റുള്ളവർ' ആരെന്നു ഗ്രഹിച്ച ഉണ്ണിത്താൻ, സംഹാരഖഡ്ഗം ഏന്തി കണ്ഠച്ഛേദനത്തിനുതന്നെ താൻ പുറപ്പെടുമ്പോൾ, തന്റെയും ആ നിർഭാഗ്യവതിയുടെയും ഭക്ഷണോച്ഛിഷ്ടംകൊണ്ടു പുലർന്നിട്ടുള്ള ശിഷ്യന്റെ ദൂഷണസൂചകത്താൽ ആ സാധ്വി മർദ്ദിക്കപ്പെടേണ്ടെന്നു നിശ്ചയിച്ച് കുടുംബവിഷയത്തെക്കുറിച്ചുള്ള സംഭാഷണത്തെ, അശ്വഗതിക്കു ത്വരകൂട്ടാൻ ഉണ്ടായ പുറംകാൽപ്രയോഗത്തിൽ അന്തർഭവിച്ച ക്രോധചേഷ്ടകൊണ്ട് അവസാനിപ്പിക്കാൻ നോക്കി. കൊടന്തആശാൻ ഇരാവാന്റെ ശിരസ്സിനെ കണ്ഠത്തിന്മേൽ വഹിക്കുന്ന ഒരു നാഗകന്യാസന്താനംതന്നെ ആയിരുന്നു. അതിനാൽ ആശാന്റെ പുരമ്പു തലയിന്മേൽത്തന്നെ പ്രഹരിച്ചു നിരോധിച്ചിട്ടം ശിഷ്യന്റെ അഭിപ്രായധാര അവസാനിച്ചില്ല - "അവിടെ ഒരു കുഞ്ഞിപ്ശാശുണ്ട്. ഭാരതവും രാമായണവും കെട്ടിച്ചമച്ച് ദൂതുംകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടും. കാര്യക്കാർ തമ്പ്രാക്കടെ മന്ത്രങ്ങൾ കുഞ്ഞിന്റടത്തുകൊണ്ടു പറ്റിച്ചത് അവൾ. പഴികൾ എവന്റെ മണ്ടയേലും."

ഉണ്ണിത്താൻ: "നീ അവളോടെന്തിന് ഇടപെടാൻ പോയി?"

കൊടന്തആശാൻ: "നന്ത്യയത്തുകാർക്കും നമ്മുടെ ഐശ്വര്യത്തിൽ ഇത്തിരീശ്ശ കിറുകിറുപ്പുണ്ട്."

ഉണ്ണിത്താൻ: "ശനിയാ! മിണ്ടാതെ നടക്ക്."

കൊടന്തആശാൻ: "എന്തിനാന്നാ? ഒരു ദിവസമേ ഇരുന്നുള്ളു എങ്കിലും, നേരു പറഞ്ഞോണ്ടു ചാവട്ടെ. അവിടൊണ്ടൊരു കരനാഥൻ, കുറുങ്ങോട്ടു കിട്ണമ്മാച്ചൻ - എവിടൊണ്ടു പതിനാറെന്ന് - "

ഉണ്ണിത്താൻ: "തല പൊളിയാനുള്ള വഴിയാണു ശുദ്ധൻ നീ നോക്കുന്നത്."

കൊടന്തആശാൻ: "തലയിൽ തേങ്ങാപൊതിപ്പും മറ്റുമൊക്കെ അങ്ങേര്ടെ ഇഷ്ടപ്പടി കഴിഞ്ഞേ. ഏറെ വന്നാൽ കൊല്ലത്തല്ലേ ഒള്ളു? എന്റെ പൊന്നുടയതേ! - അതുകൊണ്ടൊന്നും ഇവന് അല്ലലില്ലായേ. നൂറ്റിഇരുപത്തൊന്നും, അത്രയും മാസവും ദിവസവും നാഴികയും കല്പിച്ചിട്ടുണ്ടെങ്കിൽ അതഴിപ്പാൻ ഒരു കുറുങ്ങോട്ടെ വിരിഞ്ചനും കഴിയത്തില്ലേ."

ചിലമ്പിനഴിയത്തെ പടിവാതുക്കലോട്ടു തിരിയുന്നതുവരെ വക്താവും ശ്രോതാവും ഒഴികെ പ്രപഞ്ചാരംഭംമുതൽ അതുവരെയുള്ള മനുഷ്യപരമ്പരകൾ എല്ലാം കലിമലസങ്കലിതന്മാർ ആണെന്നുള്ള [ 262 ] ആഖ്യാപനത്തിൽ കൊടന്തആശാൻ വിഹരിച്ചു. ആ ദ്വാരപ്രദേശത്ത് എത്തിയപ്പോൾ, ഗുരുനാഥന്റെ വാസിഷ്ഠമായ മുഖപ്രസാദം ദുർവാസസ്സിന്റെ രൗദ്രതേജസ്സായി പരിണമിക്കുന്നു എന്നു കണ്ട് ആ വിഷപ്രവാഹി തന്റെ വ്യാപാരത്തിൽനിന്നു വിരമിച്ചു.

അനന്തരാത്രി തനിക്കു സ്വാഗതം അരുളുന്നുവോ എന്നൊരു വിഭ്രമം പ്രണയജവൈകല്യങ്ങളാൽ സങ്കീർണ്ണചിത്തനായിരുന്ന ആ ധർമ്മാനുരക്തനെ വ്യാകുലപ്പെടുത്തി. പ്രാരബ്ധസങ്കലിതമെങ്കിലും വിദ്വജ്ജനഹൃദയങ്ങൾക്ക് പ്രകൃതിവിലാസാനന്തതയാൽ അത്യഭിരമണീയമായുള്ള ഭുമണ്ഡലത്തിലെ സ്വസ്തി ഭംഗപ്പെട്ട് നിശ്വാസത്തെപ്പോലും പ്രതിബന്ധിക്കുന്നതായ തിമിരനിബിഡതയിലോട്ട് അധഃപതിക്കുന്നതായും അദ്ദേഹം വിഭ്രമിച്ചു. പ്രണയിനിയുടെ മുഖേന്ദുവാലോ ഒരു സന്താനവല്ലികയുടെ മന്ദഹാസചന്ദ്രികയാലോ സൽകൃതനാകാത്ത തന്റെ ദുർവ്വിധിപരിണാഹത്തെ ചിന്തിച്ചു ഹതപ്രജ്ഞനാകയാൽ, കേരളത്തിലെ ഐന്ദ്രവസതി അതിന്റെ നിസ്തുലവിലാസധാടിയോടെ തന്നെ എതിരേൽക്കുന്ന വസ്തുതയും അദ്ദേഹം സമീക്ഷിക്കുന്നില്ല.

ഗൃഹനായകന്റെ പ്രത്യാഗമനത്തെ കണ്ട് ഭൃത്യസംഘം പാഞ്ഞെത്തി ആ വൃത്താന്തത്തെ കുഞ്ഞിപ്പെണ്ണിനാൽ പരിസേവിതയായി പുത്രീഗുണങ്ങളും ഭഗവന്നാമങ്ങളും പുലമ്പിക്കൊണ്ടുകിടക്കുന്ന മീനാക്ഷിഅമ്മയെ ധരിപ്പിച്ചു. വൃദ്ധചന്ദ്രികയുടെ ക്ഷീണപ്രകാശവും സൂര്യാഗമനത്തിൽ പൊലിയുന്നതുപോലെ ആഗ്രഹാവേശത്താൽ തളർത്തപ്പെട്ട ആ വേദവതീമുഖം ദയനീയമാംവണ്ണം വിവർണ്ണമായി. ഭൃത്യജനത്തിന്റെ കണ്ണുകളിൽനിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞു. അകത്തോട്ടു പ്രവേശിച്ച നിർവ്വികാരമുഖത്തെ കണ്ടപ്പോൾ ഒരു പ്രണയസമരത്തിനായി രംഗം ഒഴിച്ച് ആ സംഘം തെരുതെരെ മണ്ടിപ്പിരിഞ്ഞു. ഏഷണദ്വന്ദ്വത്തെ ഹനിച്ചുള്ള ഉഗ്രപരിത്യാഗിയുടെ വീര്യത്തോടെ, ഭാര്യ കിടക്കുന്ന കട്ടിലിന്റെ മുമ്പിൽ എത്തിയ പ്രഭുവിന്റെ ആർഷരൗദ്രത ആ ഭവനാന്തർഭാഗത്തെ ആവരണം ചെയ്തിരുന്ന ദുരിതാണുക്കളെ ഭസ്മീകരിച്ചു. ആഹാരനിദ്രാദികൾ കൂടാതെ മരണത്തെ അനുക്ഷണം ക്ഷണിച്ച് ദശരഥമഹാരാജാവ് പുത്രനാമത്തെ എന്നപോലെ, "എന്റെ സാവിത്രീ! നീയും എന്നെ ചാകാൻ വിധിച്ചോ? എന്റെ തങ്കക്കുടമേ! എനിക്കെന്തു ഗതി!" എന്നും മറ്റും പേപറഞ്ഞുകൊണ്ടു കിടക്കുന്ന ഭാര്യയെ, ഭർത്സനശാപങ്ങളായുള്ള ആഗ്നേയാസ്ത്രങ്ങൾ പ്രയോഗിച്ചു സംഹരിക്കാനെന്നപോലെ ആപാദമസ്തകം നോക്കി അതിക്രൂരമായ നിശബ്ദതയോടെ ഉണ്ണിത്താൻ നിലകൊണ്ടു. തനിക്കു പ്രാണദാതാവാകുമെന്നു മോഹിച്ചിരുന്ന പ്രാണപ്രിയൻ കോപഫലത്തെയും നിരസപരശുവെയും ഏന്തിനിന്നിട്ടും ആ സാദ്ധ്വി ഭർത്തൃപാദം ധ്യാനിച്ചു ഹൃത്പ്രണാമംചെയ്ത് കമിഴ്ന്നുകിടന്നു കണ്ണുകളെ ഉപധാനത്തോടച്ചുകൊണ്ടു സ്വശർമ്മദന്റെ സാന്നിദ്ധ്യത്തെ അനുഗ്രഹപൂർണ്ണമായുള്ള ഒരു ദർശനമായി സ്മരിച്ചും സ്വാത്മസാന്ത്വനം സാധിച്ചു. ജീവന്മോഹത്തോടു തന്നെ ഇതുവരെയും ബന്ധിച്ചിരുന്ന പ്രണയത്തിന്റെ [ 263 ] പുനർലബ്ധി പുത്രീദർശനം എന്നപോലെതന്നെ അസാദ്ധ്യനിലയിൽ കാണുകയാൽ, മീനാക്ഷിഅമ്മയുടെ കായാവശേഷം ശയ്യാസ്പർശത്തിനും സുപ്രജ്ഞമല്ലാത്തവിധം തളർന്നു. ഉണ്ണിത്താന്റെ നിരസജീമൂതം തകർന്ന് ഒരു പ്രവാഹം തുടങ്ങി: "ഈ ഗോഷ്ടികൾ അധികം പ്രയോഗിക്കേണ്ട. മിണ്ടാതെ, അടുത്ത കെട്ടിലേക്കു മാറിക്കിടന്നുകൊള്ളുക. ശുഭം. എന്തായാലും ചോറ്റിനും മറ്റും മുട്ടുവരില്ല. വേണ്ടതുണ്ട്. ഏകനായികയായി വാഴാം."

മീനാക്ഷിഅമ്മ (കണ്ഠമിടറി, ഗദ്ഗദത്തോടെ): "അയ്യോ! ഇങ്ങനെ എല്ലാം പറവാനോ വന്നത്? ഇതെന്തു ദുരിതം ഭഗവാനേ! ഞങ്ങളെന്തു പിഴച്ചു എന്ന് ഒന്നു പറഞ്ഞിട്ടു കൊന്നുകളയണം. അങ്ങോട്ടയച്ച മകളെ - മഹാപുണ്യമുണ്ടിതാ - ഞാനൊന്നു കണ്ടോട്ടെ; വരുത്തി രക്ഷിക്കണം."

ഉണ്ണിത്താൻ: "എയ്, എയ്! അതിനൊക്കെ ഞാൻ ശക്തനല്ല. അമ്മയുടെ തോന്ന്യാസം മകളും പഠിച്ചു. മനുഷ്യരെ ദ്രോഹിച്ചതിന് ഇങ്ങനെ ഒക്കെത്തന്നെ അനുഭവം. കരഞ്ഞാൽ ഭഗവത്സന്നിധിയിൽ കേൾക്കണം. അങ്ങെത്താത്ത ഈ നിലവിളി വെറും കണ്ഠക്ഷോഭം!"

മീനാക്ഷിഅമ്മ (ക്ലേശാധിക്യത്താലുള്ള വിറയലോടെ): "അയ്യോ! അങ്ങനെ അവിടത്തെ നാക്കുകൊണ്ടു പറയരുതേ - ശപിക്കരുതേ - അവിടുന്നു പുണ്യശീലൻ. ദൈവകോപമുണ്ടാകുന്ന അപവാദം ഉച്ചരിക്കരുത്. ഏതു കാര്യത്തിലും അവിടുത്തെ ദ്വേഷവും ദേഷ്യവും എല്ലാം ഞാൻ ഇനിയും സഹിക്കാം. എന്നെങ്കിലും ഈശ്വരൻ പ്രസാദിക്കുന്നെങ്കിൽ അന്നു പരമാർത്ഥം അറിഞ്ഞുകൊള്ളാം."

ഉണ്ണിത്താൻ (തന്റെ സംശയം അനാസ്പദമെന്ന സൂചനയിൽ വർദ്ധിച്ച ഹാസത്തോടെ): "അതേയതെ ചാകാൻ ഒരുങ്ങുന്ന വട്ടത്തിൽ കിടക്കുന്നു എങ്കിലും, രാജ്യം ഭരിക്കാനുള്ള വാഗ്ദ്ധോരണി ഇന്നും ക്ഷയിച്ചിട്ടില്ല."

മീനാക്ഷിഅമ്മ ചെവിപൊത്തി മിണ്ടാതെ കിടന്നു.

ഉണ്ണിത്താൻ; "എന്തെന്ത്! മിണ്ടാതെ കിടന്നുകളയുന്നത്? - ആ വിക്രമകുമാരൻ ഇവിടെ വന്നില്ലയോ? അവന് എന്തു കാര്യമിവിടെ? എന്റെ ഹിതത്തിനു വിരോധമായി അവനെ സല്ക്കരിച്ചതെങ്ങനെ? നേരെന്ന് ഒന്നറിയാമെങ്കിൽ അതു പറയണം കേട്ടോ."

മീനാക്ഷിഅമ്മ: "വന്നു. സാവിത്രീടെ-"

ഉണ്ണിത്താൻ (തടഞ്ഞ്): "അവടെ മുണ്ടുകൊട എന്ന്? എവിടെവച്ച്? ഇനി പറഞ്ഞേക്കാം. സുമംഗലീത്വം എന്നതു കേട്ടിട്ടുണ്ടോ?"

മീനാക്ഷിഅമ്മ: "നാരായണ നാരായണാ!"

ഉണ്ണിത്താൻ: "വെറും ശുദ്ധഗതിക്കാരനാണെന്നു വിചാരിക്കേണ്ട. നേരു പറഞ്ഞു മുഴുനരകത്തിൽ വീഴാതെ സൂക്ഷിച്ചാൽ അത്രയ്ക്കും നന്ന്. അവന്റെ അച്ഛൻ തമ്പീടെ വീട്ടിൽവച്ച് ഗാന്ധർവ്വിക്കാൻപോയി എന്നു പറവാൻ എന്തിനു പേടിക്കുന്നു? ഞാൻ നിങ്ങൾക്ക് ആര്, എന്ത്? നിങ്ങൾക്കു ദിവാൻജിയുണ്ട് - സ്നേഹം കാട്ടേണ്ടടത്ത് അദ്ദേഹത്തിനു വലിയ കൂറുമാണ്." [ 264 ]

'ശ്ശേ!' എന്ന് അപമാനദുസ്സഹതയോടെ ഉച്ചരിച്ചുള്ള ഒരു ശബ്ദം ആ ചാരിത്രവതിയുടെ നിയാമകശക്തിയെ ഭേദിച്ചു പുറപ്പെട്ടുപോയി. ഭർത്താവിനു ശണ്ഠകൂടാനുള്ള പ്രത്യക്ഷകാരണം കിട്ടുകയാൽ അദ്ദേഹം സ്ത്രീകളുടെ ധർമ്മങ്ങളെക്കുറിച്ചു പല ശ്ലോകങ്ങളും ചൊല്ലി. അതുകൾ എല്ലാറ്റിന്റെയും നിഷേധഭാവം സ്വരൂപിച്ചുള്ള ഗൃഹബാധയെയാണ് തനിക്കു കളത്രമായി കിട്ടിയതെന്ന് അഭിപ്രായപ്പെട്ട്, തന്നത്താൻ ഹസിച്ച് സ്വവിധിയെക്കുറിച്ചു ദുഃഖിച്ചു. കേതകീപുഷ്പത്തിലെ മധു ഭ്രമിച്ച് അതിലെ പരാഗത്തിൽ നിപാതം ചെയ്തുപോകുന്ന വണ്ടത്താൻ; സർപ്പവലയിതമായുള്ള ചന്ദനവൃക്ഷത്തിന്റെ തണലിനെ ആശ്രയിച്ചു മരിച്ച പാന്ഥൻ; കുസുമവല്ലികളാൽ ആച്ഛന്നമായുള്ള കൂപത്തിൽ പതിച്ചുപോയ സുദാമബാലൻ - എന്നിങ്ങനെ പല ഉപമകളും പ്രയോഗിച്ചു പല കഥാഖ്യാപനങ്ങളും തുടങ്ങി. മീനാക്ഷിഅമ്മയ്ക്ക് ആ പ്രസംഗശല്യങ്ങൾ സഹ്യങ്ങളല്ലാത്ത നിലയിൽ രൂക്ഷങ്ങളായപ്പോൾ, ഭർത്താവാൽ അവഭ്രഷ്ടവാസത്തിന് അനുവദിക്കപ്പെട്ട പടിഞ്ഞാറേക്കെട്ടിലേക്കു തിരിപ്പാൻ അവർ നിശ്ചയിച്ചു. വളരെ സാഹസപ്പെട്ടു പാദങ്ങളെ നിലത്തോട്ടു താഴ്ത്തി എഴുനേല്ക്കാൻ നോക്കിയപ്പോൾ ആ ക്രിയയ്ക്കു ശക്തയല്ലാതെ തീർന്നതിനാൽ, മേൽക്കട്ടിക്കാലിനെ ഗ്രഹിച്ചു നിലകൊണ്ടിട്ട് കാസകഷ്ടതയാൽ കിതച്ചുതുടങ്ങി.

മറ്റ് ആഭരണങ്ങളൊന്നും അപ്പോഴത്തെ ദുഃഖത്തിനിടയിൽ ധരിച്ചിട്ടില്ലാത്ത ആ നിർഭാഗ്യവതിയുടെ വിരലിൽ സൂര്യശകലംപൊലെ ബഹുവർണ്ണകിരണങ്ങളെ സ്ഫുരിപ്പിച്ചു തിളങ്ങുന്ന വജ്രമോതിരം, ഭാഷാദോഷങ്ങളിൽ എന്നപോലെ ഭാര്യാദോഷങ്ങളിലും കണികാമാത്രത്തെയും കാണാൻ സന്നദ്ധമായുള്ള ആ കോപിഷ്ഠനേത്രങ്ങളെ ആകർഷിച്ചു. അദ്ദേഹം പ്രസംഗവും ശാസനകളും നിറുത്തി. ആ അംഗുലീയം തന്റെ ഭവനത്തിലുള്ളതോ കഴക്കുട്ടം കുടുംബത്തിലെ നിധിയിൽ ചേർന്നതോ, തന്നാൽ ദത്തമായിട്ടുള്ളതോ തന്റെ അനുമതിയോടുകൂടി ഭാര്യ വിലയ്ക്കു വാങ്ങിയിട്ടുള്ളതോ അല്ലാഴികയാൽ അദ്ദേഹത്തിന്റെ ശ്വാസഗതിയും നിലച്ചു. അതിലെ രത്നത്തെ വലയംചെയ്യുന്ന വല്ലികാരൂപം നവരീതിയിൽ ഉള്ള ശില്പകർമ്മമാണെന്നു സ്പഷ്ടമായിരുന്നു. എന്നു മാത്രമോ? ദിവാൻജിയെ താൻ ഒടുവിൽ കണ്ട സന്ദർഭത്തിൽ, ഈ രത്നം അദ്ദേഹത്തിൻറെ അംഗുലിയെ അലങ്കരിച്ചുമിരുന്നു. ഇത്ര സൂക്ഷ്മമായുള്ള സാരൂപ്യത്തോടുകൂടി രണ്ടു രത്നങ്ങളുണ്ടായി, ഒന്നു ദിവാൻജിയും മറ്റേതു സ്വഭാര്യയും വാങ്ങുകയെന്നുള്ളതു തീരെ അസംഭാവ്യമാണെന്നു അദ്ദേഹം തീർച്ചയാക്കി. ത്രിവിക്രമൻ ദിവാൻജിയുടെ പ്രേമലക്ഷ്യമായുള്ള ഈ സമ്മാനത്തെ വഹിച്ചു തന്റെ പ്രണയിനിയുടെ കൈവിരലിൽ അണിയിക്കുന്ന 'മഹാപാതക'ത്തെ ആ അസ്ത്രപ്രജ്ഞൻ പരിപൂർണ്ണതന്മയത്വത്തോടെ ദർശിച്ചു.

പുരുഷലോകത്തിന്റെ ഖരപ്രകൃതം സഹ്യമായിത്തീരുന്നത് അവരിൽ മാതൃസ്വഭാവത്തിന്റെ മൃദുലാംശം ഏറെക്കുറെ സങ്കലനം [ 265 ] ചെയ്യുന്നതുകൊണ്ടാണ്. അവശ്യസന്ദർഭങ്ങളിലെ പൗരുഷപ്രകടനംകൊണ്ടു സ്ത്രീത്വം ആരാധനീയമാമുന്നു. പുരുഷത്വത്തിലെ മൃദുലാംശം ശുദ്ധഗതിത്വമായിത്തീരുന്ന അവസ്ഥ അനുകമ്പാർഹമാകുന്നു. എന്നാൽ സ്ത്രീത്വത്തിലെ പുരുഷസങ്കലനം സ്വൈരിണീത്വമായി പരിണമിക്കുന്നതു നരകപ്രവേശനത്തിനുള്ള കവാടഭേദനമായി പരിഗണിക്കപ്പെടുന്നു. അവലാത്വത്തിന്റെ മൃദുലത ചാരിത്രനിദാനകമാണെങ്കിൽ ആ സങ്കലനം അഭിജ്ഞലോകപൂജയെ സമാർജ്ജിക്കുന്നു.

ഉണ്ണിത്താൻ, പ്രണയിനിയുടെ ധർമ്മവിലോപത്തെ വിഭ്രാന്തനേത്രങ്ങളാൽ ദർശിൾച്ചപ്പോൾ ആ പാവനാത്മാവിന്റെ ഹൃദയകുണ്ഡത്തിൽനിന്നു തന്റെ ദാമ്പത്യബന്ധത്തെ ഖണ്ഡിക്കുവാനുള്ള ഒരു കൃത്യ സമുൽഭൂതയാകുന്നു എന്ന് അദ്ദേഹത്തിനുതന്നെ തോന്നി. സ്വജീവനാളാന്തസ്ഥമായുള്ള മനുഷ്യവിധാനാഗ്നി ഒരു അപമാനഹിമകൂടത്തിന്റെ നിപാതത്താൽ അണയുന്നു എന്നും അദ്ദേഹം വിഭ്രമിച്ചു. ഈ അനുഭവവൈപരീത്യത്താൽ ഉൽഭൂതമായ ശരീരപ്രകമ്പത്തോടും ദീർഘനിശ്വാസത്തോടും, "എല്ലാം അനുഭവിച്ചു സുഖമായിരിക്കുക. എന്നെ ഇനി കണ്ടെങ്കിലല്ലേ ഈ കഷ്ടത?-" എന്നു രുഷ്ടമായി ആരംഭിച്ചു നിശ്ശബ്ദമായി അവസാനിച്ച യാത്രാവാചകത്തോടും കേവലം മൃതശരീരമെന്നപോലെ അദ്ദേഹം പുറംകെട്ടിലേക്കു നീങ്ങി. ഭർത്താവിന്റെ കോപോക്തികൾ പെട്ടെന്നു നിലച്ചതും രൗദ്രത ശാന്തമായി മുഖശോണിമ വിളറിയതും, അദ്ദേഹത്തിനു തന്നോടുള്ള ചിത്തബന്ധത്തിനു പൂർവ്വാധികം ഭയങ്കരമായുള്ള ഒരു പരിവർത്തനം സംഭവിച്ചിരിക്കുന്നതിന്റെ ലക്ഷ്യങ്ങളാണെന്ന് ആ മഹതിക്കു ബോദ്ധ്യമായി. ഒരു അലംഘ്യമായ വിശ്വാസത്താൽ അദ്ദേഹം തന്നോട് അവസാനയാത്ര അരുളിയിരിക്കുന്നു എന്നു തോന്നി. വാസനാനുസാരമായി ആ മഹതിയുടെ ജഡഹസ്തങ്ങൾ സ്വഭർത്താവെയോ ലോകഭർത്താവെയോ തൊഴുതുനില്ക്കെ, കാലപാശാശ്ലിഷ്ട എന്നപോലെ ആ പാവനാത്മിക ഭർത്തൃപാദോന്മുഖമായി നിലത്തു പതിച്ചു.

ഉണ്ണിത്താൻ വാനപ്രസ്ഥനാകാനെന്ന വൈരാഗ്യത്തോടെ ചിലമ്പിനേത്തു താമസിക്കാതെ നേരെ തിരുവനന്തപുരത്തേക്കു തിരിച്ചു. കുലമഹത്ത്വം, വിദ്യാസമ്പത്ത്, ധാർമ്മികത്വം എന്നിവയെല്ലാം അദ്ദേഹത്തിനു നിരുപയോഗങ്ങളായ നിരർത്ഥശബ്ദങ്ങളായിത്തോന്നി. ഗൃഹസ്ഥാശ്രമം കണ്ടകമയമായുള്ള ഒരു ദുരിതഗർത്തവും അതിൽനിന്നു രണത്തിലോ വനത്തിലോ ജീവത്യാഗം ചെയ്യുന്നതു ശാസ്ത്രാനുസൃതമായ മുക്തിമാർഗ്ഗവും ആണെന്നു നിശ്ചയിച്ചു. തന്റെ അന്തർഗ്ഗതത്തെക്കുറിച്ചു ചിന്തനവും പുനശ്ചിന്തനവും ചെയ്തിട്ടും പ്രെമത്തിൽപ്പോലും വഞ്ചിതനായ താൻ തപോവൃത്തിക്കും മറ്റും ഒരുങ്ങാതെ ഉടൻ മരിക്കേണ്ടതാണെന്നും വീരസ്വർഗ്ഗത്തിന്റെ ദൃഢലബ്ധിക്ക് അവസരം കിട്ടിയിരിക്കുന്നതിനാൽ യുദ്ധരംഗത്തിലേക്കുതന്നെ തിരിക്കേണ്ടതാണെന്നും അവസാനമായി ഉറച്ചു. മഹാരാജാവിനെ മുഖം കാണിപ്പാൻ അനുമതി കിട്ടി, പള്ളിയറയിൽ പ്രവേശിച്ച് ആ കൃപാമൂർത്തിയെ തൊഴുതപ്പോൾ, യുവകാലകഥകളെ [ 266 ] സ്മരിച്ച് ഉണ്ണിത്താന്റെ വൈരാഗ്യം ഒന്നുകൂടി ഊർജ്ജസ്വലമായി. മഹാരാജാവും ആ ഭക്ത്യാഢ്യനെ യുവപ്രായത്തിൽ വരുത്തി ഒരു ബ്രഹ്മഹത്യാകാര്യത്തിൽ വിചാരണചെയ്ത സന്ദർഭത്തെ സ്മരിച്ചു പരമാർദ്രനായി. അന്നത്തെ യുവകോമളാംഗൻ തന്റെ ഭൃത്യപരമ്പരയിൽ ഒരു മകുടരത്നമായി. പ്രഭുത്വത്തിനും ധർമ്മനിഷ്ഠയ്ക്കും മാതൃകാപുരുഷനായിരുന്നതു പോയിട്ട് ഇപ്പോൾ 'സന്താനഗോപാല' ബ്രാഹ്മണനെപ്പോലെ ആതുരനായും ദിക്കും കാലവും അവസ്ഥകളും ഗ്രഹിക്കുവാൻ കഴിയാത്ത വികൃതചിത്തനെപ്പോലെയും കാണപ്പെട്ടതിനാൽ, കുശലം തുടങ്ങേണ്ടത് എന്തു പ്രശ്നത്താൽ എന്നു ചിന്തിച്ചു തിരുവുള്ളം വിഷമിച്ചു. നിയമവിരുദ്ധമായി ഉണ്ണിത്താൻതന്നെ ആ പള്ളിയറയിലെ നിശ്ശബ്ദതയെ ഭിന്നമാക്കി തന്റെ സങ്കടാർത്ഥനത്തെ രാജപാദത്തിൽ സമർപ്പിച്ചു: "അടിയനെ ദിവാൻ അവർകൾ ഇങ്ങോട്ടു വിടകൊള്ളിച്ചു. അതു തൃപ്പാദം കണ്ടു തൊഴാനുള്ള ഭാഗ്യം തന്നു. എന്നാൽ, അടിയന് ഒരു അഭിലാഷമുണ്ട്."

മഹാരാജാവ്: "പറയാമല്ലോ. സംശയിക്കേണ്ട. പണ്ടു പറഞ്ഞതുപോലെ ഇന്നും തുറന്നു പറഞ്ഞേക്കുക."

ഉണ്ണിത്താൻ: "ഈ ഭണ്ഡാരകാര്യത്തിലും നിന്ന് അടിയനെ ഒഴിച്ച് യുദ്ധരംഗത്തിലോട്ടു വിടകൊള്ളുന്നതിനു കല്പനയുണ്ടായി രക്ഷിപ്പാറാകണം. എങ്കിലേ ഇപ്പോഴത്തെ സ്ഥിതികളിൽ അടിയനൊരു ഗതിയുള്ളു."

മഹാരാജാവ്: "ഹയ്! മകൾ കുട്ടിയെ ആരോ അപഹരിച്ചുകൊണ്ടുപോയില്ലേ? അത് അന്വേഷിച്ചു പിടിക്കുവാൻ ദിവാൻജി സാവകാശം തന്നിരിക്കയാണ്. അവളെ കണ്ടിട്ട് പിന്നെ എങ്ങോട്ടെങ്കിലും പുറപ്പെടാം."

ഉണ്ണിത്താൻ: (തൊണ്ടയിടറി) "അടിയന് ഇനി തൃപ്പാദം സേവിക്കുക മാത്രമേ കഴിയൂ; അതും അടിയന്റെ നിലയ്ക്കും സ്വാതന്ത്ര്യത്തിനും ചേരുന്ന വിധത്തിൽ."

തന്റെ ഭൃത്യനായ സംസ്കൃതബുദ്ധി പൗരുഷം വെടിഞ്ഞു ജീവഹത്യയ്ക്കു സന്നദ്ധവാദം ചെയ്യുന്നതു കേട്ടപ്പോൾ മഹാരാജാവ് അയാളെ പീഡിപ്പിക്കുന്ന വ്യസനത്തിന്റെ നിർഭരത ഉന്മാദത്തിലോട്ടു തിരിയുന്നു എന്നു ശങ്കിച്ചു. പ്രജകളെ സംബന്ധിച്ചിടത്തോളം അഷ്ടദിക്‌പാലസമുച്ചയം ഏകമൂർത്തിധാരണം ചെയ്തുള്ള ആ പുണ്യശ്ലോകൻ, കാര്യഗ്രഹണത്തിൽ വായുവും കൃപാവിഷയത്തിൽ വരുണനും ആയിരുന്നു. ഉണ്ണിത്താന്റെ ദാമ്പത്യാകാശത്തെ കളങ്കാങ്കിതമാക്കിയ അവസ്ഥയെക്കുറിച്ച് അവിടത്തേക്കു സൂക്ഷ്മജ്ഞാനമുണ്ടായിരുന്നു. അവിടത്തെ മന്ത്രിപ്രധാനൻ അപരാധിയല്ലെന്നും മുമ്പിൽ നില്ക്കുന്ന ഭക്തന്റെ ശുദ്ധമനസ്കതയാൽ സങ്കല്പിതങ്ങളായ ദുരവസ്ഥകൾ അയാളെ ദുരിതാബ്ധിയിൽ തള്ളിയിരിക്കുന്നു എന്നും ആദിമുതൽക്ക് അവിടുന്നു ചെയ്തിട്ടുള്ള ബഹുപരീക്ഷകൾകൊണ്ടു തിരുമനസ്സിൽ ഗ്രഹിച്ചിരുന്നു. കേവലം ബ്രാഹ്മണ്യത്തിന് അഭ്യസ്തനായുള്ള ഈ പ്രഭുസന്താനത്തെ യുദ്ധരംഗത്തിൽ അയയ്ക്കുന്നത് അനുചിതമെന്നും അവിടുന്നു ഗ്രഹിച്ചു; എങ്കിലും, അപ്പോഴത്തെ പ്രാർത്ഥനയുടെ അനുമതിദാനം രണ്ട് ഉത്തമസുഹൃത്തുക്കളുടെ [ 267 ] പുനസ്സംഘടനയ്ക്കു സംഗതി വരുത്തിയേക്കാമെന്ന് ആ രാജർഷിക്കു സംസിദ്ധമായുള്ള വൈഷ്ണവാക്ഷികൾ ദർശിച്ചു. എന്നാൽ ജനരഞ്ജകനായ രാജാവിന്റെ രക്ഷാനയമായി അവിടുന്ന് ഇങ്ങനെ മാത്രമേ അരുളിച്ചെയ്തുള്ളു: "ഇതാ - നിങ്ങളുടെ സ്വകാര്യശണ്ഠകൾ രാജ്യകാര്യങ്ങളുടെ ശരിയായ നിർവ്വഹണത്തെ മുടക്കരുത്. പരാക്രമികളായ പ്രജകളുടെ ഗൃഹമത്സരങ്ങൾ സിംഹാസനങ്ങളെ നഷ്ടപ്പെടുത്തീട്ടുണ്ട്. വാശിപിടിച്ച വീരന്മാർ, ബലവാന്മാർ പിണങ്ങാൻ തുടങ്ങിയാൽ അവർ അന്തംവിട്ടു വല്ലതും പ്രവർത്തിച്ചുപോകും. ദോഷം, അപമാനം - രാജ്യത്തെ കുഴിയിലാക്കിയേക്കാം."

ഉണ്ണിത്താൻ: "അങ്ങിനെ ഒന്നും വരാതിരിപ്പാൻതന്നെയാണ് അടിയൻ അഭിയുക്തഭാവത്തെ അംഗീകരിച്ചുകൊള്ളുന്നത്."

മുമ്പിലത്തെ സംശയങ്ങൾ ഇപ്പോൾ സ്ഥിരപ്പെട്ട ഭാവത്തിൽ ഉണ്ണിത്താൻ സംസാരിക്കുന്നു എന്നു മഹാരാജാവിനു സ്പഷ്ടമായി. എങ്കിലും അരുളിച്ചെയ്തത് ഇങ്ങനെ ആയിരുന്നു: "ഉണ്ണിത്താൻ യുദ്ധത്തിൽ ചേരാൻ ആയുധാഭ്യാസം ചെയ്തിട്ടില്ലല്ലോ?"

ഉണ്ണിത്താൻ: "തൃപ്പാദഭക്തി അടിയന്റെ അനഭ്യാസത്തെ പരിഹരിക്കും. അടിയൻ ജീവൻ കരുതാതെ നിൽക്കുമ്പോൾ, അത് എത്രപേരെ മുന്നിട്ടു നിലകൊള്ളാൻ പ്രേരിപ്പിക്കുമെന്ന് തിരുമനസ്സുകൊണ്ട് അല്പം ചിന്തിച്ചാൽ ബോദ്ധ്യമാവും. കുടിയാന്മാര് പാട്ടക്കാര് മുതലായി പലരും സഹായിപ്പാനും എത്തും."

മഹാരാജാവ് (ഇങ്ങിനെ ശഠിച്ചു വാദിക്കുന്ന ശുദ്ധൻ ഒന്നു തളർന്നുവരട്ടെ എന്നും, ചാകാതെ സൂക്ഷിച്ചുകൊള്ളുവാൻ ദിവാൻജിയോടു ചട്ടം കെട്ടാമെന്നും നിശ്ചയിച്ചുകൊണ്ടു): "നേരെ വിരോധിക്കുക ശുഭമല്ലെന്നു വിചാരിച്ചു മറ്റൊന്നു പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. രാജ്യത്തിലും പ്രജകൾക്കിടയിലും സമാധാനം കണ്ടുകൊണ്ട് ശ്രീപത്മനാഭപാദം ചേരാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ഈ ആഗ്രഹത്തിന്റെ സ്വരൂപം ഉണ്ണിത്താനു ശരിയായി ഗ്രഹിക്കാൻ വേണ്ട അറിവുണ്ട്. അതുകൊണ്ട് - ഉള്ളിലുള്ളതു തുറന്നു പറഞ്ഞുകൊള്ളട്ടേ - ആരെയും വൃഥാ വ്യസനിപ്പിക്കരുത്. മായാനിബിഡമായുള്ള ഒരു ലോകത്തിൽ നാം വ്യാപരിക്കുന്നു. തത്ത്വഗ്രഹണത്തിനു നമ്മുടെ ബാഹ്യേന്ദ്രിയങ്ങളോ ആത്മേന്ദ്രിയങ്ങളോ പരിപൂർണ്ണശക്തി സമ്പാദിച്ചിട്ടില്ല. മഹായോഗികളുടെ ദർശനങ്ങൾക്കും ന്യൂനതകളുണ്ട്. അവസാനകാലത്ത്, പശചാത്താപത്തോടെ ജന്മമൊടുങ്ങിക്കാൻ സംഗതി വരുത്തരുത്. മകളെ കണ്ടുപിടിച്ച് ഇഷ്ടത്തിനൊത്ത ഭർത്താവിനോടു ചേർത്ത് ഒരു മുഖത്തിന്റെ ഭരണമേറ്റ്, നല്ല വയസ്സുകാലംവരെ സുഖമായി ഇരുന്നിട്ട് പിന്നീടു ഗൃഹത്തിൽചെന്നു പാർക്കാം. എല്ലാത്തിനും ശ്രീപത്മനാഭൻ സംഗതി വരുത്തട്ടെ! പിന്നെ, മനസ്സുപോലെ - എന്നാൽ - "

ഈ ഉപദേശങ്ങളും അർത്ഥനകളും പ്രത്യക്ഷദേവനായുള്ള തന്റെ രാജ്യരക്ഷിതാവിങ്കൽനിന്ന് പുറപ്പെടുന്നതിനിടയിൽ ഉണ്ണിത്താൻ [ 268 ] ഉത്തരമൊന്നും അറിയിപ്പാൻ ശക്തനല്ലാതായി. എന്നാൽ ഒടുവിലത്തെ ആശീർവാദാനുജ്ഞ കേട്ടതിന്റെ ശേഷം സമാധാനവാദങ്ങൾ ഉണർത്തിക്കുന്നത് പ്രജായോഗ്യമായ കൃത്യമല്ലെന്നു ചിന്തിച്ചും തന്റെ യുദ്ധരംഗത്തിലേക്കുള്ള പ്രസ്ഥാനം ആ തൃപ്പാദങ്ങൾക്കും തനിക്കും ശ്രേയസ്കരമാകട്ടെ എന്നുള്ള ധ്യാനത്തോടും മുമ്പിൽ നില്ക്കുന്ന രാജസ്വരൂപം ജഗൽസ്വരൂപത്തിന്റെ പ്രത്യക്ഷപ്രതിമ എന്നു സങ്കല്പിച്ചുകൊണ്ട് ആ മഹൽഗുണസമ്പന്നൻ അസ്വാർത്ഥപരിശുദ്ധിയോടെ തൊഴുതു വിടവാങ്ങി.

ഉണ്ണിത്താൻ കേവലം ഗ്രന്ഥഭുക്കായുള്ള പാറ്റയോ രാമബാണമോ ആയിരുന്നില്ല; വിദ്യാഭ്യാസംകൊണ്ടു ബുദ്ധിക്കും മനോധർമ്മത്തിനും അതിയായ വികാസവും അതുകളെ നാനാമുഖവ്യാപാരങ്ങളിൽ പ്രയോഗിക്കാൻ വേണ്ട സംസ്കരണവും സിദ്ധിച്ചിട്ടുള്ള ഒരു പ്രതിഭാവാൻ ആയിരുന്നു. രണാങ്കണത്തിൽ ഭടജനസമന്വിതം സന്നിഹിതനാവാൻ എപ്പോൾ ബദ്ധപ്രതിജ്ഞനായോ, അപ്പോൾ അതിലേക്കു സമുചിതോപകരണങ്ങൾ സജ്ജീകരിപ്പാൻ അദ്ദേഹം ദത്തശ്രദ്ധനായി. ഭാര്യാദർശനം വർജ്ജിച്ച് ചിലമ്പിനഴിയത്തെ അറകൾ ഒന്നു തുറന്നോപ്പോൾ വിശ്വജിദ്യജ്ഞംതന്നെ നിർവ്വഹിപ്പാനുള്ള ആയുധധനധാന്യങ്ങൾ ഉണ്ണിത്താനു കരസ്ഥമായി. അല്പാല്പമായി കണ്ട് കുറവുകളെ തുറമുഖങ്ങളിലെ പാശ്ചാത്യവ്യാപാരികൾ നികത്തി. യഥേഷ്ടവ്യയത്തിനുള്ള നെല്ലും പണവും ചുമപ്പിച്ചു വില്ലന്മാർ, വാൾക്കാർ, തോക്കു ധരിച്ചുള്ള വേട്ടയാടികൾ എന്നിങ്ങനെ ആ പുരുഷരത്നത്തിനുവേണ്ടി ജീവദാനംചെയ്‌വാൻ സന്നദ്ധരായ ഒരു ചെറുസേനയോടുകൂടി അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരസംഘത്തിനു ദൃഷ്ടിദോഷപരിഹാരകമായ വിഗ്രഹത്തിന്റെ സ്ഥാനത്ത് കൊടന്തആശാനും മുടന്തിമുടന്തി നടതുടങ്ങി.