പുനർലബ്ധി പുത്രീദർശനം എന്നപോലെതന്നെ അസാദ്ധ്യനിലയിൽ കാണുകയാൽ, മീനാക്ഷിഅമ്മയുടെ കായാവശേഷം ശയ്യാസ്പർശത്തിനും സുപ്രജ്ഞമല്ലാത്തവിധം തളർന്നു. ഉണ്ണിത്താന്റെ നിരസജീമൂതം തകർന്ന് ഒരു പ്രവാഹം തുടങ്ങി: "ഈ ഗോഷ്ടികൾ അധികം പ്രയോഗിക്കേണ്ട. മിണ്ടാതെ, അടുത്ത കെട്ടിലേക്കു മാറിക്കിടന്നുകൊള്ളുക. ശുഭം. എന്തായാലും ചോറ്റിനും മറ്റും മുട്ടുവരില്ല. വേണ്ടതുണ്ട്. ഏകനായികയായി വാഴാം."
മീനാക്ഷിഅമ്മ (കണ്ഠമിടറി, ഗദ്ഗദത്തോടെ): "അയ്യോ! ഇങ്ങനെ എല്ലാം പറവാനോ വന്നത്? ഇതെന്തു ദുരിതം ഭഗവാനേ! ഞങ്ങളെന്തു പിഴച്ചു എന്ന് ഒന്നു പറഞ്ഞിട്ടു കൊന്നുകളയണം. അങ്ങോട്ടയച്ച മകളെ - മഹാപുണ്യമുണ്ടിതാ - ഞാനൊന്നു കണ്ടോട്ടെ; വരുത്തി രക്ഷിക്കണം."
ഉണ്ണിത്താൻ: "എയ്, എയ്! അതിനൊക്കെ ഞാൻ ശക്തനല്ല. അമ്മയുടെ തോന്ന്യാസം മകളും പഠിച്ചു. മനുഷ്യരെ ദ്രോഹിച്ചതിന് ഇങ്ങനെ ഒക്കെത്തന്നെ അനുഭവം. കരഞ്ഞാൽ ഭഗവത്സന്നിധിയിൽ കേൾക്കണം. അങ്ങെത്താത്ത ഈ നിലവിളി വെറും കണ്ഠക്ഷോഭം!"
മീനാക്ഷിഅമ്മ (ക്ലേശാധിക്യത്താലുള്ള വിറയലോടെ): "അയ്യോ! അങ്ങനെ അവിടത്തെ നാക്കുകൊണ്ടു പറയരുതേ - ശപിക്കരുതേ - അവിടുന്നു പുണ്യശീലൻ. ദൈവകോപമുണ്ടാകുന്ന അപവാദം ഉച്ചരിക്കരുത്. ഏതു കാര്യത്തിലും അവിടുത്തെ ദ്വേഷവും ദേഷ്യവും എല്ലാം ഞാൻ ഇനിയും സഹിക്കാം. എന്നെങ്കിലും ഈശ്വരൻ പ്രസാദിക്കുന്നെങ്കിൽ അന്നു പരമാർത്ഥം അറിഞ്ഞുകൊള്ളാം."
ഉണ്ണിത്താൻ (തന്റെ സംശയം അനാസ്പദമെന്ന സൂചനയിൽ വർദ്ധിച്ച ഹാസത്തോടെ): "അതേയതെ ചാകാൻ ഒരുങ്ങുന്ന വട്ടത്തിൽ കിടക്കുന്നു എങ്കിലും, രാജ്യം ഭരിക്കാനുള്ള വാഗ്ദ്ധോരണി ഇന്നും ക്ഷയിച്ചിട്ടില്ല."
മീനാക്ഷിഅമ്മ ചെവിപൊത്തി മിണ്ടാതെ കിടന്നു.
ഉണ്ണിത്താൻ; "എന്തെന്ത്! മിണ്ടാതെ കിടന്നുകളയുന്നത്? - ആ വിക്രമകുമാരൻ ഇവിടെ വന്നില്ലയോ? അവന് എന്തു കാര്യമിവിടെ? എന്റെ ഹിതത്തിനു വിരോധമായി അവനെ സല്ക്കരിച്ചതെങ്ങനെ? നേരെന്ന് ഒന്നറിയാമെങ്കിൽ അതു പറയണം കേട്ടോ."
മീനാക്ഷിഅമ്മ: "വന്നു. സാവിത്രീടെ-"
ഉണ്ണിത്താൻ (തടഞ്ഞ്): "അവടെ മുണ്ടുകൊട എന്ന്? എവിടെവച്ച്? ഇനി പറഞ്ഞേക്കാം. സുമംഗലീത്വം എന്നതു കേട്ടിട്ടുണ്ടോ?"
മീനാക്ഷിഅമ്മ: "നാരായണ നാരായണാ!"
ഉണ്ണിത്താൻ: "വെറും ശുദ്ധഗതിക്കാരനാണെന്നു വിചാരിക്കേണ്ട. നേരു പറഞ്ഞു മുഴുനരകത്തിൽ വീഴാതെ സൂക്ഷിച്ചാൽ അത്രയ്ക്കും നന്ന്. അവന്റെ അച്ഛൻ തമ്പീടെ വീട്ടിൽവച്ച് ഗാന്ധർവ്വിക്കാൻപോയി എന്നു പറവാൻ എന്തിനു പേടിക്കുന്നു? ഞാൻ നിങ്ങൾക്ക് ആര്, എന്ത്? നിങ്ങൾക്കു ദിവാൻജിയുണ്ട് - സ്നേഹം കാട്ടേണ്ടടത്ത് അദ്ദേഹത്തിനു വലിയ കൂറുമാണ്."