Jump to content

താൾ:Ramarajabahadoor.djvu/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പനത്തിൽ കൊടന്തആശാൻ വിഹരിച്ചു. ആ ദ്വാരപ്രദേശത്ത് എത്തിയപ്പോൾ, ഗുരുനാഥന്റെ വാസിഷ്ഠമായ മുഖപ്രസാദം ദുർവാസസ്സിന്റെ രൗദ്രതേജസ്സായി പരിണമിക്കുന്നു എന്നു കണ്ട് ആ വിഷപ്രവാഹി തന്റെ വ്യാപാരത്തിൽനിന്നു വിരമിച്ചു.

അനന്തരാത്രി തനിക്കു സ്വാഗതം അരുളുന്നുവോ എന്നൊരു വിഭ്രമം പ്രണയജവൈകല്യങ്ങളാൽ സങ്കീർണ്ണചിത്തനായിരുന്ന ആ ധർമ്മാനുരക്തനെ വ്യാകുലപ്പെടുത്തി. പ്രാരബ്ധസങ്കലിതമെങ്കിലും വിദ്വജ്ജനഹൃദയങ്ങൾക്ക് പ്രകൃതിവിലാസാനന്തതയാൽ അത്യഭിരമണീയമായുള്ള ഭുമണ്ഡലത്തിലെ സ്വസ്തി ഭംഗപ്പെട്ട് നിശ്വാസത്തെപ്പോലും പ്രതിബന്ധിക്കുന്നതായ തിമിരനിബിഡതയിലോട്ട് അധഃപതിക്കുന്നതായും അദ്ദേഹം വിഭ്രമിച്ചു. പ്രണയിനിയുടെ മുഖേന്ദുവാലോ ഒരു സന്താനവല്ലികയുടെ മന്ദഹാസചന്ദ്രികയാലോ സൽകൃതനാകാത്ത തന്റെ ദുർവ്വിധിപരിണാഹത്തെ ചിന്തിച്ചു ഹതപ്രജ്ഞനാകയാൽ, കേരളത്തിലെ ഐന്ദ്രവസതി അതിന്റെ നിസ്തുലവിലാസധാടിയോടെ തന്നെ എതിരേൽക്കുന്ന വസ്തുതയും അദ്ദേഹം സമീക്ഷിക്കുന്നില്ല.

ഗൃഹനായകന്റെ പ്രത്യാഗമനത്തെ കണ്ട് ഭൃത്യസംഘം പാഞ്ഞെത്തി ആ വൃത്താന്തത്തെ കുഞ്ഞിപ്പെണ്ണിനാൽ പരിസേവിതയായി പുത്രീഗുണങ്ങളും ഭഗവന്നാമങ്ങളും പുലമ്പിക്കൊണ്ടുകിടക്കുന്ന മീനാക്ഷിഅമ്മയെ ധരിപ്പിച്ചു. വൃദ്ധചന്ദ്രികയുടെ ക്ഷീണപ്രകാശവും സൂര്യാഗമനത്തിൽ പൊലിയുന്നതുപോലെ ആഗ്രഹാവേശത്താൽ തളർത്തപ്പെട്ട ആ വേദവതീമുഖം ദയനീയമാംവണ്ണം വിവർണ്ണമായി. ഭൃത്യജനത്തിന്റെ കണ്ണുകളിൽനിന്ന് അശ്രുകണങ്ങൾ പൊഴിഞ്ഞു. അകത്തോട്ടു പ്രവേശിച്ച നിർവ്വികാരമുഖത്തെ കണ്ടപ്പോൾ ഒരു പ്രണയസമരത്തിനായി രംഗം ഒഴിച്ച് ആ സംഘം തെരുതെരെ മണ്ടിപ്പിരിഞ്ഞു. ഏഷണദ്വന്ദ്വത്തെ ഹനിച്ചുള്ള ഉഗ്രപരിത്യാഗിയുടെ വീര്യത്തോടെ, ഭാര്യ കിടക്കുന്ന കട്ടിലിന്റെ മുമ്പിൽ എത്തിയ പ്രഭുവിന്റെ ആർഷരൗദ്രത ആ ഭവനാന്തർഭാഗത്തെ ആവരണം ചെയ്തിരുന്ന ദുരിതാണുക്കളെ ഭസ്മീകരിച്ചു. ആഹാരനിദ്രാദികൾ കൂടാതെ മരണത്തെ അനുക്ഷണം ക്ഷണിച്ച് ദശരഥമഹാരാജാവ് പുത്രനാമത്തെ എന്നപോലെ, "എന്റെ സാവിത്രീ! നീയും എന്നെ ചാകാൻ വിധിച്ചോ? എന്റെ തങ്കക്കുടമേ! എനിക്കെന്തു ഗതി!" എന്നും മറ്റും പേപറഞ്ഞുകൊണ്ടു കിടക്കുന്ന ഭാര്യയെ, ഭർത്സനശാപങ്ങളായുള്ള ആഗ്നേയാസ്ത്രങ്ങൾ പ്രയോഗിച്ചു സംഹരിക്കാനെന്നപോലെ ആപാദമസ്തകം നോക്കി അതിക്രൂരമായ നിശബ്ദതയോടെ ഉണ്ണിത്താൻ നിലകൊണ്ടു. തനിക്കു പ്രാണദാതാവാകുമെന്നു മോഹിച്ചിരുന്ന പ്രാണപ്രിയൻ കോപഫലത്തെയും നിരസപരശുവെയും ഏന്തിനിന്നിട്ടും ആ സാദ്ധ്വി ഭർത്തൃപാദം ധ്യാനിച്ചു ഹൃത്പ്രണാമംചെയ്ത് കമിഴ്ന്നുകിടന്നു കണ്ണുകളെ ഉപധാനത്തോടച്ചുകൊണ്ടു സ്വശർമ്മദന്റെ സാന്നിദ്ധ്യത്തെ അനുഗ്രഹപൂർണ്ണമായുള്ള ഒരു ദർശനമായി സ്മരിച്ചും സ്വാത്മസാന്ത്വനം സാധിച്ചു. ജീവന്മോഹത്തോടു തന്നെ ഇതുവരെയും ബന്ധിച്ചിരുന്ന പ്രണയത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/262&oldid=168108" എന്ന താളിൽനിന്ന് ശേഖരിച്ചത്