താൾ:Ramarajabahadoor.djvu/261

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റിയുകയാൽ കൊടന്തആശാൻ ക്ഷതപ്പെടാത്ത ഭാഗം അണയിലെ ദന്തങ്ങളെ അമർത്തിക്കൊണ്ട് സംഭാഷണപദ്ധതിയെ അവശ്യവേഗത്തിൽ മാറ്റി "ഇവനെയിട്ട് ആ യജമാനൻ എന്തു കാഷായിപ്പിച്ചു? കൃമികീടമാണിവൻ എന്ന് ആ ഗർഭശ്രീമാൻ ഒത്തിരിയെങ്കിലും ഓർത്തില്ലല്ലോ. ചന്ദ്രഹാസം കറക്കി ദമിഷ്ട്രങ്ങൾ ഇരുവതും കടിച്ചു, തല വീശിക്കളയാഞ്ഞത്, പിതൃക്കടെ തീറ്റിബ്ഭാഗ്യംകൊണ്ടു. ചുരുക്കം ബോധിപ്പിച്ചേക്കാം. ആ ഏമാനും നമ്മുടെ ഒന്നുമറിയാക്കുഞ്ഞും സാധു മറ്റുള്ളവരും എല്ലാം ഒരു കയ്യ്."

ആ ശിഷ്യന്റെ 'മറ്റുള്ളവർ' ആരെന്നു ഗ്രഹിച്ച ഉണ്ണിത്താൻ, സംഹാരഖഡ്ഗം ഏന്തി കണ്ഠച്ഛേദനത്തിനുതന്നെ താൻ പുറപ്പെടുമ്പോൾ, തന്റെയും ആ നിർഭാഗ്യവതിയുടെയും ഭക്ഷണോച്ഛിഷ്ടംകൊണ്ടു പുലർന്നിട്ടുള്ള ശിഷ്യന്റെ ദൂഷണസൂചകത്താൽ ആ സാധ്വി മർദ്ദിക്കപ്പെടേണ്ടെന്നു നിശ്ചയിച്ച് കുടുംബവിഷയത്തെക്കുറിച്ചുള്ള സംഭാഷണത്തെ, അശ്വഗതിക്കു ത്വരകൂട്ടാൻ ഉണ്ടായ പുറംകാൽപ്രയോഗത്തിൽ അന്തർഭവിച്ച ക്രോധചേഷ്ടകൊണ്ട് അവസാനിപ്പിക്കാൻ നോക്കി. കൊടന്തആശാൻ ഇരാവാന്റെ ശിരസ്സിനെ കണ്ഠത്തിന്മേൽ വഹിക്കുന്ന ഒരു നാഗകന്യാസന്താനംതന്നെ ആയിരുന്നു. അതിനാൽ ആശാന്റെ പുരമ്പു തലയിന്മേൽത്തന്നെ പ്രഹരിച്ചു നിരോധിച്ചിട്ടം ശിഷ്യന്റെ അഭിപ്രായധാര അവസാനിച്ചില്ല - "അവിടെ ഒരു കുഞ്ഞിപ്ശാശുണ്ട്. ഭാരതവും രാമായണവും കെട്ടിച്ചമച്ച് ദൂതുംകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടും. കാര്യക്കാർ തമ്പ്രാക്കടെ മന്ത്രങ്ങൾ കുഞ്ഞിന്റടത്തുകൊണ്ടു പറ്റിച്ചത് അവൾ. പഴികൾ എവന്റെ മണ്ടയേലും."

ഉണ്ണിത്താൻ: "നീ അവളോടെന്തിന് ഇടപെടാൻ പോയി?"

കൊടന്തആശാൻ: "നന്ത്യയത്തുകാർക്കും നമ്മുടെ ഐശ്വര്യത്തിൽ ഇത്തിരീശ്ശ കിറുകിറുപ്പുണ്ട്."

ഉണ്ണിത്താൻ: "ശനിയാ! മിണ്ടാതെ നടക്ക്."

കൊടന്തആശാൻ: "എന്തിനാന്നാ? ഒരു ദിവസമേ ഇരുന്നുള്ളു എങ്കിലും, നേരു പറഞ്ഞോണ്ടു ചാവട്ടെ. അവിടൊണ്ടൊരു കരനാഥൻ, കുറുങ്ങോട്ടു കിട്ണമ്മാച്ചൻ - എവിടൊണ്ടു പതിനാറെന്ന് - "

ഉണ്ണിത്താൻ: "തല പൊളിയാനുള്ള വഴിയാണു ശുദ്ധൻ നീ നോക്കുന്നത്."

കൊടന്തആശാൻ: "തലയിൽ തേങ്ങാപൊതിപ്പും മറ്റുമൊക്കെ അങ്ങേര്ടെ ഇഷ്ടപ്പടി കഴിഞ്ഞേ. ഏറെ വന്നാൽ കൊല്ലത്തല്ലേ ഒള്ളു? എന്റെ പൊന്നുടയതേ! - അതുകൊണ്ടൊന്നും ഇവന് അല്ലലില്ലായേ. നൂറ്റിഇരുപത്തൊന്നും, അത്രയും മാസവും ദിവസവും നാഴികയും കല്പിച്ചിട്ടുണ്ടെങ്കിൽ അതഴിപ്പാൻ ഒരു കുറുങ്ങോട്ടെ വിരിഞ്ചനും കഴിയത്തില്ലേ."

ചിലമ്പിനഴിയത്തെ പടിവാതുക്കലോട്ടു തിരിയുന്നതുവരെ വക്താവും ശ്രോതാവും ഒഴികെ പ്രപഞ്ചാരംഭംമുതൽ അതുവരെയുള്ള മനുഷ്യപരമ്പരകൾ എല്ലാം കലിമലസങ്കലിതന്മാർ ആണെന്നുള്ള ആഖ്യാ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/261&oldid=168107" എന്ന താളിൽനിന്ന് ശേഖരിച്ചത്