താൾ:Ramarajabahadoor.djvu/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു'ശ്ശേ!' എന്ന് അപമാനദുസ്സഹതയോടെ ഉച്ചരിച്ചുള്ള ഒരു ശബ്ദം ആ ചാരിത്രവതിയുടെ നിയാമകശക്തിയെ ഭേദിച്ചു പുറപ്പെട്ടുപോയി. ഭർത്താവിനു ശണ്ഠകൂടാനുള്ള പ്രത്യക്ഷകാരണം കിട്ടുകയാൽ അദ്ദേഹം സ്ത്രീകളുടെ ധർമ്മങ്ങളെക്കുറിച്ചു പല ശ്ലോകങ്ങളും ചൊല്ലി. അതുകൾ എല്ലാറ്റിന്റെയും നിഷേധഭാവം സ്വരൂപിച്ചുള്ള ഗൃഹബാധയെയാണ് തനിക്കു കളത്രമായി കിട്ടിയതെന്ന് അഭിപ്രായപ്പെട്ട്, തന്നത്താൻ ഹസിച്ച് സ്വവിധിയെക്കുറിച്ചു ദുഃഖിച്ചു. കേതകീപുഷ്പത്തിലെ മധു ഭ്രമിച്ച് അതിലെ പരാഗത്തിൽ നിപാതം ചെയ്തുപോകുന്ന വണ്ടത്താൻ; സർപ്പവലയിതമായുള്ള ചന്ദനവൃക്ഷത്തിന്റെ തണലിനെ ആശ്രയിച്ചു മരിച്ച പാന്ഥൻ; കുസുമവല്ലികളാൽ ആച്ഛന്നമായുള്ള കൂപത്തിൽ പതിച്ചുപോയ സുദാമബാലൻ - എന്നിങ്ങനെ പല ഉപമകളും പ്രയോഗിച്ചു പല കഥാഖ്യാപനങ്ങളും തുടങ്ങി. മീനാക്ഷിഅമ്മയ്ക്ക് ആ പ്രസംഗശല്യങ്ങൾ സഹ്യങ്ങളല്ലാത്ത നിലയിൽ രൂക്ഷങ്ങളായപ്പോൾ, ഭർത്താവാൽ അവഭ്രഷ്ടവാസത്തിന് അനുവദിക്കപ്പെട്ട പടിഞ്ഞാറേക്കെട്ടിലേക്കു തിരിപ്പാൻ അവർ നിശ്ചയിച്ചു. വളരെ സാഹസപ്പെട്ടു പാദങ്ങളെ നിലത്തോട്ടു താഴ്ത്തി എഴുനേല്ക്കാൻ നോക്കിയപ്പോൾ ആ ക്രിയയ്ക്കു ശക്തയല്ലാതെ തീർന്നതിനാൽ, മേൽക്കട്ടിക്കാലിനെ ഗ്രഹിച്ചു നിലകൊണ്ടിട്ട് കാസകഷ്ടതയാൽ കിതച്ചുതുടങ്ങി.

മറ്റ് ആഭരണങ്ങളൊന്നും അപ്പോഴത്തെ ദുഃഖത്തിനിടയിൽ ധരിച്ചിട്ടില്ലാത്ത ആ നിർഭാഗ്യവതിയുടെ വിരലിൽ സൂര്യശകലംപൊലെ ബഹുവർണ്ണകിരണങ്ങളെ സ്ഫുരിപ്പിച്ചു തിളങ്ങുന്ന വജ്രമോതിരം, ഭാഷാദോഷങ്ങളിൽ എന്നപോലെ ഭാര്യാദോഷങ്ങളിലും കണികാമാത്രത്തെയും കാണാൻ സന്നദ്ധമായുള്ള ആ കോപിഷ്ഠനേത്രങ്ങളെ ആകർഷിച്ചു. അദ്ദേഹം പ്രസംഗവും ശാസനകളും നിറുത്തി. ആ അംഗുലീയം തന്റെ ഭവനത്തിലുള്ളതോ കഴക്കുട്ടം കുടുംബത്തിലെ നിധിയിൽ ചേർന്നതോ, തന്നാൽ ദത്തമായിട്ടുള്ളതോ തന്റെ അനുമതിയോടുകൂടി ഭാര്യ വിലയ്ക്കു വാങ്ങിയിട്ടുള്ളതോ അല്ലാഴികയാൽ അദ്ദേഹത്തിന്റെ ശ്വാസഗതിയും നിലച്ചു. അതിലെ രത്നത്തെ വലയംചെയ്യുന്ന വല്ലികാരൂപം നവരീതിയിൽ ഉള്ള ശില്പകർമ്മമാണെന്നു സ്പഷ്ടമായിരുന്നു. എന്നു മാത്രമോ? ദിവാൻജിയെ താൻ ഒടുവിൽ കണ്ട സന്ദർഭത്തിൽ, ഈ രത്നം അദ്ദേഹത്തിൻറെ അംഗുലിയെ അലങ്കരിച്ചുമിരുന്നു. ഇത്ര സൂക്ഷ്മമായുള്ള സാരൂപ്യത്തോടുകൂടി രണ്ടു രത്നങ്ങളുണ്ടായി, ഒന്നു ദിവാൻജിയും മറ്റേതു സ്വഭാര്യയും വാങ്ങുകയെന്നുള്ളതു തീരെ അസംഭാവ്യമാണെന്നു അദ്ദേഹം തീർച്ചയാക്കി. ത്രിവിക്രമൻ ദിവാൻജിയുടെ പ്രേമലക്ഷ്യമായുള്ള ഈ സമ്മാനത്തെ വഹിച്ചു തന്റെ പ്രണയിനിയുടെ കൈവിരലിൽ അണിയിക്കുന്ന 'മഹാപാതക'ത്തെ ആ അസ്ത്രപ്രജ്ഞൻ പരിപൂർണ്ണതന്മയത്വത്തോടെ ദർശിച്ചു.

പുരുഷലോകത്തിന്റെ ഖരപ്രകൃതം സഹ്യമായിത്തീരുന്നത് അവരിൽ മാതൃസ്വഭാവത്തിന്റെ മൃദുലാംശം ഏറെക്കുറെ സങ്കലനം ചെയ്യുന്ന

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/264&oldid=168110" എന്ന താളിൽനിന്ന് ശേഖരിച്ചത്