താൾ:Ramarajabahadoor.djvu/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുകൊണ്ടാണ്. അവശ്യസന്ദർഭങ്ങളിലെ പൗരുഷപ്രകടനംകൊണ്ടു സ്ത്രീത്വം ആരാധനീയമാമുന്നു. പുരുഷത്വത്തിലെ മൃദുലാംശം ശുദ്ധഗതിത്വമായിത്തീരുന്ന അവസ്ഥ അനുകമ്പാർഹമാകുന്നു. എന്നാൽ സ്ത്രീത്വത്തിലെ പുരുഷസങ്കലനം സ്വൈരിണീത്വമായി പരിണമിക്കുന്നതു നരകപ്രവേശനത്തിനുള്ള കവാടഭേദനമായി പരിഗണിക്കപ്പെടുന്നു. അവലാത്വത്തിന്റെ മൃദുലത ചാരിത്രനിദാനകമാണെങ്കിൽ ആ സങ്കലനം അഭിജ്ഞലോകപൂജയെ സമാർജ്ജിക്കുന്നു.

ഉണ്ണിത്താൻ, പ്രണയിനിയുടെ ധർമ്മവിലോപത്തെ വിഭ്രാന്തനേത്രങ്ങളാൽ ദർശിൾച്ചപ്പോൾ ആ പാവനാത്മാവിന്റെ ഹൃദയകുണ്ഡത്തിൽനിന്നു തന്റെ ദാമ്പത്യബന്ധത്തെ ഖണ്ഡിക്കുവാനുള്ള ഒരു കൃത്യ സമുൽഭൂതയാകുന്നു എന്ന് അദ്ദേഹത്തിനുതന്നെ തോന്നി. സ്വജീവനാളാന്തസ്ഥമായുള്ള മനുഷ്യവിധാനാഗ്നി ഒരു അപമാനഹിമകൂടത്തിന്റെ നിപാതത്താൽ അണയുന്നു എന്നും അദ്ദേഹം വിഭ്രമിച്ചു. ഈ അനുഭവവൈപരീത്യത്താൽ ഉൽഭൂതമായ ശരീരപ്രകമ്പത്തോടും ദീർഘനിശ്വാസത്തോടും, "എല്ലാം അനുഭവിച്ചു സുഖമായിരിക്കുക. എന്നെ ഇനി കണ്ടെങ്കിലല്ലേ ഈ കഷ്ടത?-" എന്നു രുഷ്ടമായി ആരംഭിച്ചു നിശ്ശബ്ദമായി അവസാനിച്ച യാത്രാവാചകത്തോടും കേവലം മൃതശരീരമെന്നപോലെ അദ്ദേഹം പുറംകെട്ടിലേക്കു നീങ്ങി. ഭർത്താവിന്റെ കോപോക്തികൾ പെട്ടെന്നു നിലച്ചതും രൗദ്രത ശാന്തമായി മുഖശോണിമ വിളറിയതും, അദ്ദേഹത്തിനു തന്നോടുള്ള ചിത്തബന്ധത്തിനു പൂർവ്വാധികം ഭയങ്കരമായുള്ള ഒരു പരിവർത്തനം സംഭവിച്ചിരിക്കുന്നതിന്റെ ലക്ഷ്യങ്ങളാണെന്ന് ആ മഹതിക്കു ബോദ്ധ്യമായി. ഒരു അലംഘ്യമായ വിശ്വാസത്താൽ അദ്ദേഹം തന്നോട് അവസാനയാത്ര അരുളിയിരിക്കുന്നു എന്നു തോന്നി. വാസനാനുസാരമായി ആ മഹതിയുടെ ജഡഹസ്തങ്ങൾ സ്വഭർത്താവെയോ ലോകഭർത്താവെയോ തൊഴുതുനില്ക്കെ, കാലപാശാശ്ലിഷ്ട എന്നപോലെ ആ പാവനാത്മിക ഭർത്തൃപാദോന്മുഖമായി നിലത്തു പതിച്ചു.

ഉണ്ണിത്താൻ വാനപ്രസ്ഥനാകാനെന്ന വൈരാഗ്യത്തോടെ ചിലമ്പിനേത്തു താമസിക്കാതെ നേരെ തിരുവനന്തപുരത്തേക്കു തിരിച്ചു. കുലമഹത്ത്വം, വിദ്യാസമ്പത്ത്, ധാർമ്മികത്വം എന്നിവയെല്ലാം അദ്ദേഹത്തിനു നിരുപയോഗങ്ങളായ നിരർത്ഥശബ്ദങ്ങളായിത്തോന്നി. ഗൃഹസ്ഥാശ്രമം കണ്ടകമയമായുള്ള ഒരു ദുരിതഗർത്തവും അതിൽനിന്നു രണത്തിലോ വനത്തിലോ ജീവത്യാഗം ചെയ്യുന്നതു ശാസ്ത്രാനുസൃതമായ മുക്തിമാർഗ്ഗവും ആണെന്നു നിശ്ചയിച്ചു. തന്റെ അന്തർഗ്ഗതത്തെക്കുറിച്ചു ചിന്തനവും പുനശ്ചിന്തനവും ചെയ്തിട്ടും പ്രെമത്തിൽപ്പോലും വഞ്ചിതനായ താൻ തപോവൃത്തിക്കും മറ്റും ഒരുങ്ങാതെ ഉടൻ മരിക്കേണ്ടതാണെന്നും വീരസ്വർഗ്ഗത്തിന്റെ ദൃഢലബ്ധിക്ക് അവസരം കിട്ടിയിരിക്കുന്നതിനാൽ യുദ്ധരംഗത്തിലേക്കുതന്നെ തിരിക്കേണ്ടതാണെന്നും അവസാനമായി ഉറച്ചു. മഹാരാജാവിനെ മുഖം കാണിപ്പാൻ അനുമതി കിട്ടി, പള്ളിയറയിൽ പ്രവേശിച്ച് ആ കൃപാമൂർത്തിയെ തൊഴുതപ്പോൾ, യുവകാലകഥകളെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/265&oldid=168111" എന്ന താളിൽനിന്ന് ശേഖരിച്ചത്