Jump to content

താൾ:Ramarajabahadoor.djvu/266

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്മരിച്ച് ഉണ്ണിത്താന്റെ വൈരാഗ്യം ഒന്നുകൂടി ഊർജ്ജസ്വലമായി. മഹാരാജാവും ആ ഭക്ത്യാഢ്യനെ യുവപ്രായത്തിൽ വരുത്തി ഒരു ബ്രഹ്മഹത്യാകാര്യത്തിൽ വിചാരണചെയ്ത സന്ദർഭത്തെ സ്മരിച്ചു പരമാർദ്രനായി. അന്നത്തെ യുവകോമളാംഗൻ തന്റെ ഭൃത്യപരമ്പരയിൽ ഒരു മകുടരത്നമായി. പ്രഭുത്വത്തിനും ധർമ്മനിഷ്ഠയ്ക്കും മാതൃകാപുരുഷനായിരുന്നതു പോയിട്ട് ഇപ്പോൾ 'സന്താനഗോപാല' ബ്രാഹ്മണനെപ്പോലെ ആതുരനായും ദിക്കും കാലവും അവസ്ഥകളും ഗ്രഹിക്കുവാൻ കഴിയാത്ത വികൃതചിത്തനെപ്പോലെയും കാണപ്പെട്ടതിനാൽ, കുശലം തുടങ്ങേണ്ടത് എന്തു പ്രശ്നത്താൽ എന്നു ചിന്തിച്ചു തിരുവുള്ളം വിഷമിച്ചു. നിയമവിരുദ്ധമായി ഉണ്ണിത്താൻതന്നെ ആ പള്ളിയറയിലെ നിശ്ശബ്ദതയെ ഭിന്നമാക്കി തന്റെ സങ്കടാർത്ഥനത്തെ രാജപാദത്തിൽ സമർപ്പിച്ചു: "അടിയനെ ദിവാൻ അവർകൾ ഇങ്ങോട്ടു വിടകൊള്ളിച്ചു. അതു തൃപ്പാദം കണ്ടു തൊഴാനുള്ള ഭാഗ്യം തന്നു. എന്നാൽ, അടിയന് ഒരു അഭിലാഷമുണ്ട്."

മഹാരാജാവ്: "പറയാമല്ലോ. സംശയിക്കേണ്ട. പണ്ടു പറഞ്ഞതുപോലെ ഇന്നും തുറന്നു പറഞ്ഞേക്കുക."

ഉണ്ണിത്താൻ: "ഈ ഭണ്ഡാരകാര്യത്തിലും നിന്ന് അടിയനെ ഒഴിച്ച് യുദ്ധരംഗത്തിലോട്ടു വിടകൊള്ളുന്നതിനു കല്പനയുണ്ടായി രക്ഷിപ്പാറാകണം. എങ്കിലേ ഇപ്പോഴത്തെ സ്ഥിതികളിൽ അടിയനൊരു ഗതിയുള്ളു."

മഹാരാജാവ്: "ഹയ്! മകൾ കുട്ടിയെ ആരോ അപഹരിച്ചുകൊണ്ടുപോയില്ലേ? അത് അന്വേഷിച്ചു പിടിക്കുവാൻ ദിവാൻജി സാവകാശം തന്നിരിക്കയാണ്. അവളെ കണ്ടിട്ട് പിന്നെ എങ്ങോട്ടെങ്കിലും പുറപ്പെടാം."

ഉണ്ണിത്താൻ: (തൊണ്ടയിടറി) "അടിയന് ഇനി തൃപ്പാദം സേവിക്കുക മാത്രമേ കഴിയൂ; അതും അടിയന്റെ നിലയ്ക്കും സ്വാതന്ത്ര്യത്തിനും ചേരുന്ന വിധത്തിൽ."

തന്റെ ഭൃത്യനായ സംസ്കൃതബുദ്ധി പൗരുഷം വെടിഞ്ഞു ജീവഹത്യയ്ക്കു സന്നദ്ധവാദം ചെയ്യുന്നതു കേട്ടപ്പോൾ മഹാരാജാവ് അയാളെ പീഡിപ്പിക്കുന്ന വ്യസനത്തിന്റെ നിർഭരത ഉന്മാദത്തിലോട്ടു തിരിയുന്നു എന്നു ശങ്കിച്ചു. പ്രജകളെ സംബന്ധിച്ചിടത്തോളം അഷ്ടദിക്‌പാലസമുച്ചയം ഏകമൂർത്തിധാരണം ചെയ്തുള്ള ആ പുണ്യശ്ലോകൻ, കാര്യഗ്രഹണത്തിൽ വായുവും കൃപാവിഷയത്തിൽ വരുണനും ആയിരുന്നു. ഉണ്ണിത്താന്റെ ദാമ്പത്യാകാശത്തെ കളങ്കാങ്കിതമാക്കിയ അവസ്ഥയെക്കുറിച്ച് അവിടത്തേക്കു സൂക്ഷ്മജ്ഞാനമുണ്ടായിരുന്നു. അവിടത്തെ മന്ത്രിപ്രധാനൻ അപരാധിയല്ലെന്നും മുമ്പിൽ നില്ക്കുന്ന ഭക്തന്റെ ശുദ്ധമനസ്കതയാൽ സങ്കല്പിതങ്ങളായ ദുരവസ്ഥകൾ അയാളെ ദുരിതാബ്ധിയിൽ തള്ളിയിരിക്കുന്നു എന്നും ആദിമുതൽക്ക് അവിടുന്നു ചെയ്തിട്ടുള്ള ബഹുപരീക്ഷകൾകൊണ്ടു തിരുമനസ്സിൽ ഗ്രഹിച്ചിരുന്നു. കേവലം ബ്രാഹ്മണ്യത്തിന് അഭ്യസ്തനായുള്ള ഈ പ്രഭുസന്താനത്തെ യുദ്ധരംഗത്തിൽ അയയ്ക്കുന്നത് അനുചിതമെന്നും അവിടുന്നു ഗ്രഹിച്ചു; എങ്കിലും, അപ്പോഴത്തെ പ്രാർത്ഥനയുടെ അനുമതിദാനം രണ്ട് ഉത്തമസുഹൃത്തുക്കളുടെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/266&oldid=168112" എന്ന താളിൽനിന്ന് ശേഖരിച്ചത്