താൾ:Ramarajabahadoor.djvu/267

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പുനസ്സംഘടനയ്ക്കു സംഗതി വരുത്തിയേക്കാമെന്ന് ആ രാജർഷിക്കു സംസിദ്ധമായുള്ള വൈഷ്ണവാക്ഷികൾ ദർശിച്ചു. എന്നാൽ ജനരഞ്ജകനായ രാജാവിന്റെ രക്ഷാനയമായി അവിടുന്ന് ഇങ്ങനെ മാത്രമേ അരുളിച്ചെയ്തുള്ളു: "ഇതാ - നിങ്ങളുടെ സ്വകാര്യശണ്ഠകൾ രാജ്യകാര്യങ്ങളുടെ ശരിയായ നിർവ്വഹണത്തെ മുടക്കരുത്. പരാക്രമികളായ പ്രജകളുടെ ഗൃഹമത്സരങ്ങൾ സിംഹാസനങ്ങളെ നഷ്ടപ്പെടുത്തീട്ടുണ്ട്. വാശിപിടിച്ച വീരന്മാർ, ബലവാന്മാർ പിണങ്ങാൻ തുടങ്ങിയാൽ അവർ അന്തംവിട്ടു വല്ലതും പ്രവർത്തിച്ചുപോകും. ദോഷം, അപമാനം - രാജ്യത്തെ കുഴിയിലാക്കിയേക്കാം."

ഉണ്ണിത്താൻ: "അങ്ങിനെ ഒന്നും വരാതിരിപ്പാൻതന്നെയാണ് അടിയൻ അഭിയുക്തഭാവത്തെ അംഗീകരിച്ചുകൊള്ളുന്നത്."

മുമ്പിലത്തെ സംശയങ്ങൾ ഇപ്പോൾ സ്ഥിരപ്പെട്ട ഭാവത്തിൽ ഉണ്ണിത്താൻ സംസാരിക്കുന്നു എന്നു മഹാരാജാവിനു സ്പഷ്ടമായി. എങ്കിലും അരുളിച്ചെയ്തത് ഇങ്ങനെ ആയിരുന്നു: "ഉണ്ണിത്താൻ യുദ്ധത്തിൽ ചേരാൻ ആയുധാഭ്യാസം ചെയ്തിട്ടില്ലല്ലോ?"

ഉണ്ണിത്താൻ: "തൃപ്പാദഭക്തി അടിയന്റെ അനഭ്യാസത്തെ പരിഹരിക്കും. അടിയൻ ജീവൻ കരുതാതെ നിൽക്കുമ്പോൾ, അത് എത്രപേരെ മുന്നിട്ടു നിലകൊള്ളാൻ പ്രേരിപ്പിക്കുമെന്ന് തിരുമനസ്സുകൊണ്ട് അല്പം ചിന്തിച്ചാൽ ബോദ്ധ്യമാവും. കുടിയാന്മാര് പാട്ടക്കാര് മുതലായി പലരും സഹായിപ്പാനും എത്തും."

മഹാരാജാവ് (ഇങ്ങിനെ ശഠിച്ചു വാദിക്കുന്ന ശുദ്ധൻ ഒന്നു തളർന്നുവരട്ടെ എന്നും, ചാകാതെ സൂക്ഷിച്ചുകൊള്ളുവാൻ ദിവാൻജിയോടു ചട്ടം കെട്ടാമെന്നും നിശ്ചയിച്ചുകൊണ്ടു): "നേരെ വിരോധിക്കുക ശുഭമല്ലെന്നു വിചാരിച്ചു മറ്റൊന്നു പറയുന്നില്ല. ഇഷ്ടംപോലെ ചെയ്യുക. രാജ്യത്തിലും പ്രജകൾക്കിടയിലും സമാധാനം കണ്ടുകൊണ്ട് ശ്രീപത്മനാഭപാദം ചേരാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളു. ഈ ആഗ്രഹത്തിന്റെ സ്വരൂപം ഉണ്ണിത്താനു ശരിയായി ഗ്രഹിക്കാൻ വേണ്ട അറിവുണ്ട്. അതുകൊണ്ട് - ഉള്ളിലുള്ളതു തുറന്നു പറഞ്ഞുകൊള്ളട്ടേ - ആരെയും വൃഥാ വ്യസനിപ്പിക്കരുത്. മായാനിബിഡമായുള്ള ഒരു ലോകത്തിൽ നാം വ്യാപരിക്കുന്നു. തത്ത്വഗ്രഹണത്തിനു നമ്മുടെ ബാഹ്യേന്ദ്രിയങ്ങളോ ആത്മേന്ദ്രിയങ്ങളോ പരിപൂർണ്ണശക്തി സമ്പാദിച്ചിട്ടില്ല. മഹായോഗികളുടെ ദർശനങ്ങൾക്കും ന്യൂനതകളുണ്ട്. അവസാനകാലത്ത്, പശചാത്താപത്തോടെ ജന്മമൊടുങ്ങിക്കാൻ സംഗതി വരുത്തരുത്. മകളെ കണ്ടുപിടിച്ച് ഇഷ്ടത്തിനൊത്ത ഭർത്താവിനോടു ചേർത്ത് ഒരു മുഖത്തിന്റെ ഭരണമേറ്റ്, നല്ല വയസ്സുകാലംവരെ സുഖമായി ഇരുന്നിട്ട് പിന്നീടു ഗൃഹത്തിൽചെന്നു പാർക്കാം. എല്ലാത്തിനും ശ്രീപത്മനാഭൻ സംഗതി വരുത്തട്ടെ! പിന്നെ, മനസ്സുപോലെ - എന്നാൽ - "

ഈ ഉപദേശങ്ങളും അർത്ഥനകളും പ്രത്യക്ഷദേവനായുള്ള തന്റെ രാജ്യരക്ഷിതാവിങ്കൽനിന്ന് പുറപ്പെടുന്നതിനിടയിൽ ഉണ്ണിത്താൻ ഉത്തര

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/267&oldid=168113" എന്ന താളിൽനിന്ന് ശേഖരിച്ചത്