താൾ:Ramarajabahadoor.djvu/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മൊന്നും അറിയിപ്പാൻ ശക്തനല്ലാതായി. എന്നാൽ ഒടുവിലത്തെ ആശീർവാദാനുജ്ഞ കേട്ടതിന്റെ ശേഷം സമാധാനവാദങ്ങൾ ഉണർത്തിക്കുന്നത് പ്രജായോഗ്യമായ കൃത്യമല്ലെന്നു ചിന്തിച്ചും തന്റെ യുദ്ധരംഗത്തിലേക്കുള്ള പ്രസ്ഥാനം ആ തൃപ്പാദങ്ങൾക്കും തനിക്കും ശ്രേയസ്കരമാകട്ടെ എന്നുള്ള ധ്യാനത്തോടും മുമ്പിൽ നില്ക്കുന്ന രാജസ്വരൂപം ജഗൽസ്വരൂപത്തിന്റെ പ്രത്യക്ഷപ്രതിമ എന്നു സങ്കല്പിച്ചുകൊണ്ട് ആ മഹൽഗുണസമ്പന്നൻ അസ്വാർത്ഥപരിശുദ്ധിയോടെ തൊഴുതു വിടവാങ്ങി.

ഉണ്ണിത്താൻ കേവലം ഗ്രന്ഥഭുക്കായുള്ള പാറ്റയോ രാമബാണമോ ആയിരുന്നില്ല; വിദ്യാഭ്യാസംകൊണ്ടു ബുദ്ധിക്കും മനോധർമ്മത്തിനും അതിയായ വികാസവും അതുകളെ നാനാമുഖവ്യാപാരങ്ങളിൽ പ്രയോഗിക്കാൻ വേണ്ട സംസ്കരണവും സിദ്ധിച്ചിട്ടുള്ള ഒരു പ്രതിഭാവാൻ ആയിരുന്നു. രണാങ്കണത്തിൽ ഭടജനസമന്വിതം സന്നിഹിതനാവാൻ എപ്പോൾ ബദ്ധപ്രതിജ്ഞനായോ, അപ്പോൾ അതിലേക്കു സമുചിതോപകരണങ്ങൾ സജ്ജീകരിപ്പാൻ അദ്ദേഹം ദത്തശ്രദ്ധനായി. ഭാര്യാദർശനം വർജ്ജിച്ച് ചിലമ്പിനഴിയത്തെ അറകൾ ഒന്നു തുറന്നോപ്പോൾ വിശ്വജിദ്യജ്ഞംതന്നെ നിർവ്വഹിപ്പാനുള്ള ആയുധധനധാന്യങ്ങൾ ഉണ്ണിത്താനു കരസ്ഥമായി. അല്പാല്പമായി കണ്ട് കുറവുകളെ തുറമുഖങ്ങളിലെ പാശ്ചാത്യവ്യാപാരികൾ നികത്തി. യഥേഷ്ടവ്യയത്തിനുള്ള നെല്ലും പണവും ചുമപ്പിച്ചു വില്ലന്മാർ, വാൾക്കാർ, തോക്കു ധരിച്ചുള്ള വേട്ടയാടികൾ എന്നിങ്ങനെ ആ പുരുഷരത്നത്തിനുവേണ്ടി ജീവദാനംചെയ്‌വാൻ സന്നദ്ധരായ ഒരു ചെറുസേനയോടുകൂടി അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരസംഘത്തിനു ദൃഷ്ടിദോഷപരിഹാരകമായ വിഗ്രഹത്തിന്റെ സ്ഥാനത്ത് കൊടന്തആശാനും മുടന്തിമുടന്തി നടതുടങ്ങി.

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/268&oldid=168114" എന്ന താളിൽനിന്ന് ശേഖരിച്ചത്