താൾ:Ramarajabahadoor.djvu/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യായം ഇരുപത്തിനാല്
"ദൈവവിരോധമിതോ വരുത്തും,
അതു പറവതിനരുമം"


ചന്ദ്രക്കലാകൃതിയിലുള്ള ഒരു ചെറുദുർഗ്ഗനിരയുടെ സാനുപ്രദേശം മനുഷ്യരാൽ ഉപേക്ഷിക്കപ്പെട്ടു വൻകാടായിത്തീന്നിരിക്കുന്നു. അതിലെ വൃക്ഷങ്ങൾ പുഷ്ടശരീരങ്ങളായി, നിരവധി ശാഖകൾ വീശി വളർന്ന് ചിലതു പരസ്പരം ശൃംഖലിതശിരസ്കങ്ങളായും മറ്റുള്ളവ തങ്ങളിൽ ഉരുമ്മി നന്തുണിസ്വരങ്ങളെ ആലപിച്ചും രണ്ടു വർഗ്ഗക്കാരും വാതപ്രമോദത്തിനിടയിൽ പത്രനൃത്തത്തിന്റെ കിലുകിലാരവം ഘോഷിച്ചും വനഘോരതയെ പുലർത്തി ഒരു ദുർഗ്ഗാഭഗവതിയുടെ കദംബവാടിയായി വാഴ്ചകൊള്ളുന്നു. സൂര്യഭഗവാന്റെ ശുഭ്രകിരണങ്ങളെ മരതകച്ഛവികലർന്നുള്ള രേഖകളാക്കുന്ന ആ വിപിനത്തിന്റെ സ്വൈരതയെയും, ശിശിരതയെയും വനചരന്മാരുടെ ഭക്ഷണാന്വേഷണവും മൃഗയാപ്രസക്തന്മാരുടെ വിഹാരരസവും ബാധിക്കാതെ, സാന്ദ്രാനന്ദമായി ആസ്വദിപ്പാൻ അഗ്രഹാര നിർമ്മാണം ചെയ്തുകൂടിയ ദ്വിജസന്ദോഹത്തിന്റെ ബന്ധുരതയ്ക്കിടയിൽ, കൂമാദിവർഗ്യരായ ദുശ്ശകുനപ്രലാപികൾകൂടി സംക്രമിക്കുകയാൽ, ആ വനഖണ്ഡത്തിന്റെ ആസുരത സമീപപ്രദേശങ്ങളിലെ ജനതയിൽ ആ സ്ഥലം ദുർദ്ദേവതാസങ്കേതമാണെന്നുള്ള ഭയത്തെ ദൃഢരൂഢമാക്കി. വൃക്ഷസ്കന്ധങ്ങളിൽനിന്നു തകർന്നു വീഴുന്ന ശാഖകൾ തരുമൂലങ്ങളെ വലയംചെയ്തു ശിശിരതയെ വർദ്ധിപ്പിച്ചതിനാൽ, ആ പാദപമൂലങ്ങൾ ഉരഗരാജന്മാരുടെ പാർപ്പിനു ശുദ്ധികലശംചെയ്യപ്പെട്ടുള്ള ചിത്രകൂടങ്ങളായിത്തീർന്നു. സമീപസ്ഥങ്ങളായ ആമ്പാടികളിലെ ഗോവൃന്ദങ്ങൾ ഈ വനത്തിന്റെ ബഹിർഭാഗത്തുള്ള അധിത്യകയിലെ തൃണസമൃദ്ധിയാൽ ആകൃഷ്ടരായി ആ പ്രദേശത്തെ ഒരു വൃന്ദാവനമായി സേവിച്ചുപോന്നു. എന്നാൽ, ദ്രുതപ്രവൃദ്ധമായി വന്ന അവിടത്തെ വന്യതയെ പരിരക്ഷിപ്പാൻ സംക്രമിച്ചുതുടങ്ങിയ ശാർദ്ദൂലാദി ഹിംസ്രമൃഗങ്ങളെ, ആ തൃണാശികൾ പുഷ്ടശരീരികളാക്കിത്തുടങ്ങിയപ്പോൾ ഗോപവാടങ്ങളിലെ യശോദാപ്രഭൃ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/269&oldid=168115" എന്ന താളിൽനിന്ന് ശേഖരിച്ചത്