താൾ:Ramarajabahadoor.djvu/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തികൾ ആ പ്രദേശത്തിനു കാളിയവസതിയായ കാളിന്ദീതടം എന്നുതന്നെ നാമകരണം ചെയ്തു. ഈ വനത്തിന്റെ ഉത്തരസീമയിൽക്കൂടി ഭൂതരണംചെയ്യുന്ന നദിയുടെ ദക്ഷിണപ്രാന്തത്തിൽ കാണുന്ന ഒരു കടവിലെ കരിങ്കൽക്കെട്ടുകൾ ദുഃസ്ഥിതങ്ങളായി ജലപ്രവാഹത്തെ തടയുകയാൽ, ആ ഭാഗം നദീതടത്തെ തിളച്ചുപൊങ്ങുന്ന മജ്ജാകന്ദുകങ്ങൾ പൊതിഞ്ഞും ചുഴിക്കെട്ടുകൾ നിറഞ്ഞും ഉള്ള ഭയങ്കര കയപ്രദേശം ആക്കിയിരിക്കുന്നു. വഞ്ചികൾക്കും തരണം ചെയ്‌വാൻ അതിവിഷമമായുള്ള ഈ കയങ്ങളുടെ ദക്ഷിണപരിധിയായ ഭൂമി, തൂക്കായും വലുതായ ഉന്നതിയിലും മുൾച്ചെടികൾ പൊതിഞ്ഞും സ്ഥിതിചെയ്യുന്നതിനാൽ അതും ശിവശക്തികളാൽ രക്ഷിക്കപ്പെട്ട ബാണാസുരപ്രാകാരം എന്നപോലെ അഹിതപ്രവേശത്തെ നിരോധിക്കുന്നു. ആകപ്പാടെ ഈ വലയബന്ധത്തിന്റെ വിസ്തൃതിയും അധൃഷ്യതയും ആപൽക്കരതയും അതിനെ രാജാധികാരത്താൽ നിർമ്മിക്കപ്പെട്ടുള്ള നെടുംകോട്ടയെക്കാൾ അഭേദ്യതരമായുള്ള ഒരു പ്രാകാരമാക്കിത്തീർത്തിരിക്കുന്നു.

പ്രകൃതിസൃഷ്ടമായ ഈ രക്ഷോപകരണങ്ങൾ ആവരണം ചെയ്യുന്ന അന്തഃപ്രദേശം ഒരു നവഖാണ്ഡവമോ, സ്വയംപ്രഭാഗഹ്വരമോ എന്ന് ആരായുകതന്നെ. ആദ്യമായി കാണുന്നത്, ബഹുതരം ഉയർച്ചകളിൽ എത്തിയിട്ടുള്ള ചെടികളാൽ ആച്ഛന്നവും അതിനെ വലയംചെയ്യുന്ന ഒരു പ്രാകാരത്തിന്റെ ഹരിതച്ഛവിയെ ദ്വിഗുണമാക്കി പ്രതിഫലിപ്പിക്കുന്നതുമായ ഒരു മഹാമൈതാനമാണ്. ജീവിതമോഹാസ്തമയത്താൽ പ്രേരിതമായുള്ള നൈരാശ്യത്തിന്റെ പ്രവർത്തനഫലമായി ഛേദിക്കപ്പെട്ടുള്ള വന്മരങ്ങളുടെ സ്കന്ധങ്ങളും ശാഖകളും ഉണങ്ങി, ചർമ്മം പൊളിഞ്ഞ് രാക്ഷസാസ്ഥികൾപോലെ അവിടവിടെ കാണ്മാനുള്ളവ സംഹാരശൂലിയുടെ താണ്ഡവലക്ഷ്യങ്ങളായി കിടക്കുന്നു. ചുറ്റുമുള്ള വനനിരയിലെ മൃഗദുർമ്മദന്മാരെ പേടിച്ചുള്ള നകുലകൃകലാസാദി ജന്തുക്കളും ചെടിക്കെട്ടുകളുടെ ഇടയിൽ പ്രകാശിക്കുന്ന നേത്രങ്ങളുടെ ഉടമസ്ഥരായ കുറുനരികളും ആ ഭൂമിയുടെ നിർവ്വാന്തശൈത്യത്തിൽ സംഖ്യാതീതമായി പെരുകുന്ന മണ്ഡൂപങ്ങളും ആ മൃദുമാംസികളുടെ നിധനത്തിനായി വിദ്യുച്ചലനം ചെയ്തു തിരിയുന്ന ബഹുതരം ഭുജംഗങ്ങളും ആ രംഗത്തിൽ സ്ഥിതികൊള്ളുന്ന മന്ദിരാവശേഷത്തെ അതിന്റെ അവസാദദശയിലെ നിശ്ശബ്ദശംഖന്മാരായി പാരിഷദസേവനം ചെയ്യുന്നു. ഒരു മഹാസേനയ്ക്കു പടനിലമാകാൻ പോരുന്ന വിസ്താരത്തിലുള്ള ആ സമഭൂമിയുടെ ഈശാനഖണ്ഡം പല ഗംഭീരാലയങ്ങളും ഉപശാലകളും ചേർന്നുള്ള ഒരു ഭവനത്തിന്റെ രുദ്രഭൂമി ആയിത്തീർന്നിരിക്കുന്നു. ചിലമ്പിനഴിയത്തു ഭവനത്തെക്കാളും സാധനധാരാളതയെയും വിപുലശില്പവൈദഗ്ദ്ധ്യത്തെയും പ്രത്യക്ഷപ്പെടുത്തുന്ന ആ ഭവനത്തിന്റെ മഹാകൂടങ്ങൾ ഒരു അല്പഭാഗമൊഴിച്ച് മേച്ചിൽകൂടാതെ ഉപേക്ഷിക്കപ്പെട്ടും, മേൽക്കൂടങ്ങൾ ജീർണ്ണിച്ചും, നിരകൾ വിവർണ്ണമായും ആകമാനം വർഷാതപങ്ങൾ സഹിച്ചുള്ള ക്ഷയലക്ഷ്യങ്ങളോടെ കാണപ്പെടുന്നു. ഭവനോന്നതിക്കു സമാനം

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/270&oldid=168117" എന്ന താളിൽനിന്ന് ശേഖരിച്ചത്