Jump to content

താൾ:Ramarajabahadoor.djvu/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭുഗർഭത്തിലോട്ടും താഴ്ത്തി കരിങ്കല്ലുകൾ പടുത്തുറപ്പിച്ചിട്ടുള്ള കല്ലറകളെ ധനാഷ്ടഗന്ധപൂരിതമാക്കി ഐശ്വര്യലക്ഷ്മിയെ പ്രതിഷ്ഠിച്ചിരുന്ന ആ ഭവനം ദൈവകോപനിപാതത്താൽ ഒരു അപമൃതിക്ഷേത്രം ആയിരിക്കുന്നു. ഭവനത്തിന്റെ ചുറ്റുപാടിലും അതിമൃദുതളിമങ്ങളാക്കി കെട്ടപ്പെട്ടിരുന്ന കൃഷ്ണശിലപ്പടികൾ ഇളകിത്തകർന്ന് അവയുടെ അധോഭാഗങ്ങൾ പലവിധം ജീവികളുടെ പാർപ്പിനുള്ള ശിലാമണ്ഡപങ്ങളായിരിക്കുന്നു. ചുറ്റും കാണുന്ന അസംഖ്യമായ അറകളുടെ വാതിലുകൾ, പിച്ചളക്കുമിളകളും ചന്ദ്രക്കലകളും ഓടാമ്പലുകളും പൂട്ടുകളും വഹിച്ച്, മഹാവിപത്തിന്റെ നിപാതാനന്തരം അഭർത്തൃകങ്ങളായി ആ സന്ധിയിലെ ബന്ധനിലയിൽത്തന്നെ നില്ക്കുന്നു എങ്കിലും അതുകളിലെ ലോഹാനുബന്ധങ്ങൾ പ്രകാശം ക്ഷയിച്ചു ശുഷ്കഗോമയത്തിന്റെ വർണ്ണത്തിൽ അപ്രാർത്ഥിതരായി എത്തുന്ന സഹതാപദാതാക്കളെ മണ്ടിപ്പാനുള്ള ശലാകകളായി സ്ഥിതിചെയ്യുന്നു. പാചകശാലയുടെ പുരോഭാഗത്തോടു ചേർന്നുള്ള കൂപത്തെ ദർശനീയമാക്കിയിരുന്ന കെട്ടുകൾ, 'ആഹാ!' വിലാപങ്ങളിലെ വക്ഷസ്താഡനങ്ങളാൽ എന്നപോലെ ഭിന്നങ്ങളായി പുറകോട്ടു വീണുപോകയാൽ, അതു പാതാളപ്രവേശനത്തിനുള്ള മഹാവിലമെന്നപോലെ, നിശാകാലങ്ങളിൽ അമ്ലജ്വാലകളെ ഉദ്വമിച്ച് ആ സങ്കേതത്തിന്റെ പൈശാചദാരുണതയെ പോഷിപ്പിക്കുന്നു. ഭവനത്തിന്റെ ഒരു ഭാഗത്തുനിന്നു കാളസർപ്പംപോലെ പൊങ്ങി, വിജൃംഭണംചെയ്ത് ആകാശവീഥിയിൽ ലയിക്കുന്ന ധൂമശിഖ മാത്രം, ധൂമകേതു പ്രപാതത്താൽ എന്നപോലെ നഷ്ടൈശ്വര്യമായിത്തീർന്നുള്ള ആ ഗൃഹാവശേഷം ഇന്നും മനുഷ്യവസതിയായി ഉപയോഗപ്പെടുന്നു എന്നു ലോകബോധനം ചെയ്യുന്നു. ഹൃദ്ഭേദകമായുള്ള നാശസ്ഥിതിയെ പ്രാപിച്ച്, ജ്യേഷ്ഠാംബികയുടെ ആദിമൂലനൈകൃഷ്ട്യസ്വതയിൽ അമരുന്നപോലെ നമ്മെ നമ്രമുഖന്മാരാക്കുന്ന ഈ ഗൃഹം രാജവസതികളെയും അസൂയപ്പെടുത്തുമാറുള്ള മതിൽക്കെട്ടുകളാൽ രക്ഷിക്കപ്പെട്ടും ഉദയാസ്തമയസന്ധ്യകൾക്കു പൂർവ്വമായുള്ള മാർജ്ജനകർമ്മങ്ങളാൽ ഗൃഹാങ്കണങ്ങൾക്കു മാന്മഥമഞ്ജുളതതന്നെ ചേർക്കപ്പെട്ടും ജഗന്മോഹിനികളുടെ മൃദുഭാഷണങ്ങളാലും ഗീതമാധുര്യത്താലും രതീവിലാസസൗഭാഗ്യം സംഘടിപ്പിക്കപ്പെട്ടും രസികഭൃംഗാവലിയെ കേതകീകുസുമസമാനം ആകർഷിച്ചു വിഭ്രമിപ്പിച്ചും മണ്ഡലാധിപപരിസേവ്യമായി ആഖണ്ഡലവിഭൂതിയെയും വിജയിച്ചു സ്ഥിതിചെയ്തിരുന്ന സാക്ഷാൽ മാങ്കാവുഭവനംതന്നെയാണ്.

പ്രാണനു തുല്യം ഗണിക്കപ്പെട്ടിരുന്ന പുത്രനെ കാണ്മാനില്ലെന്നു കേട്ടപ്പോൾ മാധവിഅമ്മയുടെ കണ്ണുകൾ മേല്പോട്ടു ചെരുകി; മുഖം വികൃതമായി; ദേഹം വിളറി വിയർത്തു വിറച്ചു; അകത്തെ നീറ്റൽകൊണ്ട് ശ്വാസത്തിന് ഊക്കു കൂടി, ഉദരം അമർന്നു തുടിച്ചു. ആകാശത്തിലോട്ട് അഭിമുഖമായി നിന്നുകൊണ്ട് ആ സ്ത്രീ ഭഗവൽപദത്തോടു കയർക്കുംവണ്ണം ദന്തങ്ങൾ തമ്മിൽ ഉരുമ്മി. ഈ അപസ്മാരചേഷ്ടകൾ കണ്ടു പരിചാരകവർഗ്ഗം കൂട്ടിയ മുറവിളികളാൽ ആനീതരായ സമീപവാസികൾ, സേവാർത്ഥികൾ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/271&oldid=168118" എന്ന താളിൽനിന്ന് ശേഖരിച്ചത്