താൾ:Ramarajabahadoor.djvu/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


എന്നിങ്ങനെ പല കൂട്ടം സ്ത്രീപുരുഷന്മാർ അനുകമ്പയോടെ കാര്യാന്വേഷണങ്ങൾ തുടങ്ങി. പലരും പല വഴിക്കും പക്ഷിവേഗത്തിൽ പറന്നുതിരിഞ്ഞ് ആ ബാലഗതിയെ ശ്രദ്ധാവേശത്തോടെ ആരാഞ്ഞു. ഏകദേശം സന്ധ്യയോടടുക്കുന്നതുവരെ ഗൃഹത്തിന്റെ മുൻഭാഗത്തുള്ള മുറ്റത്തു വെയിലും കാറ്റുമേറ്റ്, അന്നത്തെ ദിനാനുഷ്ഠാനങ്ങളെ ഉപേക്ഷിച്ച് പ്രാർത്ഥനകൾക്കും ഉപദേശങ്ങൾക്കും നിർബന്ധങ്ങൾക്കും വഴങ്ങാതെ വിധിഗതിയോട് ഉച്ചത്തിൽ തുടങ്ങിയ പരിഭവാലാപങ്ങളോടെ, നിപാതോന്മുഖമായ വൃക്ഷത്തിനു തുല്യം ചാഞ്ചാടിനിന്നിരുന്ന മാധവിഅമ്മ തുടരെത്തുടരെ മടങ്ങി എത്തിക്കൊണ്ടിരുന്ന അന്വേഷണക്കാരുടെ മുഖവൈവർണ്ണ്യത്തിൽ ജീവിതാവസാനംവരെ അനുനിമിഷം സഹിക്കേണ്ടതായ ദുഃഖത്തിന്റെ ഘോരദാരുണതയെത്തന്നെ ദർശിച്ചു. നദീസ്നാനത്തിനുള്ള ശിലാസോപാനത്തിലെ ഒരു പടിയിൽ രണ്ടു ചെറുകാലുകൾ വഴുതീട്ടുള്ളതിന്റെ ലക്ഷ്യം കാണ്മാനുണ്ടെന്ന് ഒരു സൂക്ഷ്മനേത്രൻ ധരിപ്പിച്ചപ്പോൾ, ഇദംപ്രഥമമായി ലോകദുഃഖസ്വരൂപം ഗ്രഹിച്ച ആ മന്മഥവൈജയന്തിയുടെ ദേഹിയെ അവരുടെ ജഠരവൈശ്വാനരൻ നിഷ്കൃപമായി കബളീകരിച്ചു. പുത്രനെ ഭക്ഷിച്ച നദിഗ്രാഹത്തിന്റെ വക്ത്രത്തിൽ ചാടി ജീവാന്തം വരുത്തി വിധിമതം ലംഘിക്കാമെന്നുള്ള വിഭ്രാന്തിയോടെ പായുന്ന മാതാവിനെ അന്വേഷണസംഘവും അനുതാപികളായി എത്തിയിട്ടുള്ള അസംഖ്യം ജനങ്ങളും തുടർന്ന് ആത്മഹത്യാശ്രമത്തെ തടഞ്ഞു. തന്റെ 'പങ്കി'യുടെ ഓമൽപ്പാദങ്ങൾ, തന്നെക്കൂടി പിന്തുടരാൻ ക്ഷണിച്ചു പതിപ്പിച്ചിട്ടുള്ള ശ്രീവത്സങ്ങളാണെന്ന് ആ ജനനീകണ്ഠത്തിൽനിന്നു പൊങ്ങിയ ഉച്ചൈസ്തരപ്രലാപങ്ങൾ, വിധിപീഠമായുള്ള കമലത്തിന്റെ ദളകേസരങ്ങളെത്തന്നെ അത്ഭുതചലനം ചെയ്യിച്ചിരിക്കാം. വീണ്ടും വീണ്ടും ആവർത്തിച്ചുണ്ടായ മുറവിളികൾക്കിടയിൽ എത്രയോ ജനനീനേത്രങ്ങൾ അശ്രുക്കളാൽ കലുഷങ്ങളായി ആ നിർഭാഗ്യവതിയെ വലയംചെയ്ത് അവരുടെ സാഹസത്തെ നിരോധിപ്പാൻ ജാഗരൂകങ്ങളായി. മാധവിഅമ്മയുടെ രോദനശക്തി വേഗത്തിൽ ക്ഷയിച്ചു. നീലാഞ്ജനമണിഞ്ഞു മോഹിനീകടാക്ഷങ്ങളെ മോചിച്ചിരുന്ന നേത്രങ്ങൾ പുത്രപാദത്തിന്റെ ലാഞ്ഛനം അണിയുന്നു എന്നു ശങ്കിക്കപ്പെട്ട ശിലയിന്മേൽ അണച്ചുകിടക്കേ, ആ അപരാധിനിയുടെ ജീവാഗ്നി അനന്തതയിലോട്ടു പൊലിയുവാൻ ത്രസിച്ചു, സങ്കോചിച്ചു, പ്രഭമങ്ങി, നീലശിഖമാത്രം ശേഷിച്ചു. എന്നാൽ ആ മൃതിഗ്രസ്താവസ്ഥയിലും വിജയമോഹം സമുജ്ജ്വലിക്കയാൽ, നദീജലാലംബത്തിൽ ചേരാൻ അവർ എഴുന്നേറ്റു. പക്ഷേ ബോധശിഖ പൊലിഞ്ഞ് കൈകൾ വിടുർത്തി ആകാശത്തിൽ നഖക്ഷതങ്ങൾ ഏല്പിച്ചും രക്തധാരയെ നാസാദ്വാരങ്ങളിലൂടെ വമിച്ചും നിരാലംബമായി മാധവീജഡം സ്ത്രീവലയത്തിന്റെ വക്ഷോരക്ഷയിൽ അമർന്നു.

അപ്പോൾ ആരംഭിച്ച മഹാജ്വരവും ചിത്തവിഭ്രാന്തിയും മാധവി അമ്മയെ മൂന്നു മാസത്തോളം ഇഹപരങ്ങൾക്കു മദ്ധ്യസ്ഥയായി ശയിപ്പിച്ചു. ആ ഗൃഹത്തിന്റെ പൂർവ്വാപരാധങ്ങളെയും അതിനെപ്പറ്റി തങ്ങൾക്കിടയിൽ പ്രചരിച്ചുകൊണ്ടിരുന്ന ശാപഭർത്സനങ്ങളെയും മറന്ന് ചുറ്റുപാടുമുള്ള ഭവനങ്ങളിലെ

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/272&oldid=168119" എന്ന താളിൽനിന്ന് ശേഖരിച്ചത്