Jump to content

താൾ:Ramarajabahadoor.djvu/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നായികാനായകന്മാർ പ്രസിദ്ധ ഭിഷക്കുകളെ വരുത്തി അഹോരാത്രം കാത്തിരുന്ന് മാധവിഅമ്മയെ ചികിത്സിപ്പിച്ചുതുടങ്ങി. മാന്ത്രികന്മാരുടെ സാഹായ്യസാന്നിദ്ധ്യങ്ങൾകൊണ്ടു സാധിക്കാവുന്ന സമസ്തകർമ്മങ്ങളും ബഹുജനങ്ങളുടെ ഭൂതദയാപ്രാചുര്യത്താൽ നിർവ്വഹിക്കപ്പെട്ടു. ജനപരമ്പരകൾ 'സന്തതിപ്രവേശ'മായി ആ ഭവനത്തിന്മേൽ കുമിച്ചിരുന്ന ശാപങ്ങൾ ഏകീഭവിച്ചു മൂർത്തിധാരണം ചെയ്തതുപോലുള്ള ആ മഹാരോഗം, ശാപസംഘങ്ങളുടെ സന്തതികളാൽത്തന്നെ ഭൂതദയാപ്രകർഷത്താൽ ശുശ്രൂഷിക്കപ്പെട്ടു. മഹാമനസ്കരായ സമീപവാസികളാൽ പ്രക‌ടിപ്പിക്കപ്പെട്ട ഈ വിശ്വശാശ്വത്വികമായ ധർമ്മത്തിനു സമ്മാനമായി, ദൈവഗതി മാധവിഅമ്മയെ തൊണ്ണൂറം ദിവസം ശയ്യയിന്മേൽ എഴുന്നേൽപ്പിച്ചിരുത്തി; ഒട്ടു കഴിഞ്ഞപ്പോൾ സ്നാനാനുവർത്തനത്തിനും ശക്തയാക്കി. സമീപവാസികൾ തങ്ങളുടെ സുഹൃദ്കൃത്യത്തെ നിർവ്വഹിച്ചു എന്നുള്ള സന്തുഷ്ടിയോടെ, ആ ഗാന്ധർവ്വമണ്ഡലത്തിന്റെ അനന്തരപ്രവർത്തനങ്ങളിൽ ഉപദേഷ്ടാക്കളോ ഭാഗഭാക്കുകളോ ആകുവാൻ താത്പര്യപ്പെടാതെ ഓരോരുത്തരായി പിരിഞ്ഞു. അന്തകനോടുണ്ടായ സമരത്തിൽ വിജയിനിയായ മാധവിഅമ്മ തന്റെ ഉപകർത്താക്കളെ കൃതജ്ഞതാദ്യോതകമായ സൗജന്യസംഭാഷണങ്ങൾകൊണ്ട് ഉപചരിച്ചില്ല. എന്നാൽ വൈദ്യന്മാർ, മന്ത്രവാദികൾ, പരിചാരകജനം എന്നിവർ മഹാബലിയുടെ വിശ്രുതമായ ഔദാര്യത്തോടെതന്നെ സമ്മാനിതരായി. ഒരു വൃദ്ധകുബ്ജ ഒഴികെയുള്ള ഭൃത്യസമിതിയും ഭവനത്തിൽനിന്നു ബഹിഷ്കരിക്കപ്പെട്ട് ആ മന്ദിരവും പരിസരങ്ങളും ബഹിർല്ലോകത്തോടുള്ള വ്യാപാരങ്ങൾ സംബന്ധിച്ചിടത്തോളം ബ്രഹ്മാജ്ഞയുടെ ഊർജ്ജിതത്തോടെ ബദ്ധകവാടവുമായി. തന്റെയും വൃദ്ധപരിചാരികയുടെയും ജീവധാരണത്തിനു വേണ്ട മുതലിന്റെ യഥാകാലലബ്ധിക്കായി വേണ്ട വ്യവസ്ഥകൾ ചെയ്തുകൊണ്ട് തന്റെ വസതിയും പരിസരപ്രദേശങ്ങളും ഒഴിച്ചുള്ള ഭുമികളെല്ലാം ദരിദ്രലോകത്തിന്റെ തൽക്കാലാനുഭവത്തിനായി വിട്ടുകൊടുത്തു. മാങ്കാവിലെ യക്ഷീത്വം മറ്റൊരു വേഷത്തിൽ പുനർനൃത്തം ആരംഭിച്ചിരിക്കുന്നു എന്നുള്ള ചപലവാദം നാടെങ്ങും പരന്നു. എങ്കിലും നാട്ടുകാർ ദീനദയാലുതയാൽ ആ സങ്കേതത്തിന്റെ സ്വൈരതയെ ദുർമ്മദന്മാർ, തസ്കരന്മാർ എന്നിവരുടെ ദ്രോഹാക്രമണങ്ങളിൽനിന്നു സൽപൗരുഷവീര്യത്തോടെ രക്ഷിച്ചു.

അന്തകദണ്ഡത്താൽ ആയുസ്സിന്റെ ദൈർഘ്യമാനം ചെയ്യപ്പെട്ട മാധവിഅമ്മ ആ പരീക്ഷണപര്യങ്കത്തിൽനിന്ന് ഉത്ഥാനം ചെയ്തത് മൃകണ്ഡു പുത്രനെ അനുഗ്രഹിച്ച ശശ്വൽകൗമാരത്തോടെ അല്ലായിരുന്നു. അവരുടെ ശരീരപുഷ്ടിയുടെ ജഗദ്ധ്വംസകത്വം അന്തകശ്വാസത്തിന്റെ അത്യഗ്രാഗ്നേയതയാൽ ശുഷ്കിതം ആയിരിക്കുന്നു. പഞ്ചബാണന്റെ നീലപട്ടാംബരത്തഴയായി യുവമാനസഭ്രമണം ചെയ്യിച്ചുകൊണ്ടിരുന്ന കേശപടലം കൊഴിഞ്ഞു, സർവ്വദാ പുറകോട്ടുതന്നെ അനുബന്ധിതമായി കിടന്നു, ദുഃഖപതാകയുടെ കൃത്യത്തെ വഹിക്കുന്നു. മാംസളത നഷ്ടമായി

"https://ml.wikisource.org/w/index.php?title=താൾ:Ramarajabahadoor.djvu/273&oldid=168120" എന്ന താളിൽനിന്ന് ശേഖരിച്ചത്